സെപ്റ്റംബർ 24 | കാരുണ്യമാതാവ്
ദൈവകാരുണ്യത്തിന്റെ കൈവഴിയായി, മനുഷ്യ മക്കൾക്ക് മദ്ധ്യസ്ഥയായി കാരുണ്യ മാതാവ് സഭയിൽ നിലകൊള്ളുന്നു. വി. ബർണാർദ് പറയുന്നു: “മറിയത്തെ ഭക്തിയോടെ വിളിച്ചപേക്ഷിക്കുക, നിങ്ങളുടെ ആവശ്യങ്ങളിൽ അവൾ ശ്രദ്ധിക്കാതിരിക്കുകയില്ല. കാരണം അവൾ കാരുണ്യപൂർണയാണ്. യഥാർഥത്തിൽ കാരുണ്യത്തിന്റെ അമ്മയാണ്. ചരിത്രത്തിലെ രണ്ടു വലിയ സംഭവങ്ങളുടെ മഹത്തായ സ്മരണകളാണ് സെപ്റ്റംബർ 24 നമുക്ക് നല്കുന്നത്. സത്യദൈവത്തിലുള്ള തങ്ങളുടെ വിശ്വാസത്തെ നിരസിക്കുവാൻ കടൽക്കൊള്ള ക്കാരായ മൂറന്മാരാൽ നിരന്തരം പീഡിപ്പിക്കപ്പെട്ട് സ്പെയിനിലും ആഫ്രിക്കൻ ജയിലുകളിലും കഴിഞ്ഞിരുന്ന അടിമകളെ രക്ഷിക്കുവാൻ വേണ്ടി ഒരു സന്യാസസഭ ആരംഭിക്കുവാൻ വി. പീറ്റർ നാളായ്ക്ക് ആത്മീയ പ്രചോദനമുണ്ടായി. 1218 ആഗസ്റ്റ് 1 ന് പീറ്ററിനും അദ്ദേഹത്തിന്റെ ആത്മീയ പിതാവും കുമ്പസാരക്കാരനുമായ റെയ്മണ്ട് പെനാഫോർട്ടിനും ഒരേ സമയം പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടു. ഇവരുടെ സാക്ഷ്യത്താൽ ആകൃഷ്ടനായ ആരഗോണിലെ രാജാവ്, ജെയിംസ് ഇവരോട് ചേർന്ന് സഭാസ്ഥാപനത്തിന് പിന്തുണ നല്കി. അങ്ങനെ കാരുണ്യ മാതാവിന്റെ സഭയിലൂടെ വലിയൊരു കാരുണ്യത്തിന്റെ പ്രവൃത്തി തുടങ്ങുവാൻ കാരണമായി. തങ്ങളെത്തന്നെ അടിമകളാക്കി, തടവിലാക്കപ്പെട്ടിരുന്ന ക്രിസ്ത്യാനികളെ രക്ഷിക്കുവാൻ അവരും അവരുടെ അനുയായികളും സന്നദ്ധരായി.

1218 സെപ്റ്റംബർ 24-ന് പരിശുദ്ധ കന്യക വീണ്ടും പീറ്ററിന് പ്രത്യക്ഷപ്പെട്ട് സഭാംഗങ്ങൾ ധരിക്കേണ്ട വെള്ള വസ്ത്രം കാണിച്ചുകൊടുത്തു. ഇതിനുള്ള പ്രതിനന്ദിയായി സെപ്റ്റംബർ 24 കാരുണ്യമാതാവിന്റെ തിരുനാളായി കൊണ്ടാടുന്നു. 1233 ഓഗസ്റ്റ് 10 ന് ആരഗോൺ രാജാവായിരുന്ന ജയിംസ് ഒന്നാമൻ കാരുണ്യമാതാവിന്റെ ഈ സഭയെ നിയമപരമായി അനുകൂലിക്കുകയും 1235 ജനുവരി 15 ന് 9-ാം ഗ്രിഗോറിയോസ് മാർപാപ്പ ഔദ്യോഗികമായ അംഗീകാരം നല്കുകയും ചെയ്തു. 22-ാം ഇന്നസെന്റ് മാർപാപ്പ കാരുണ്യമാതാവിന്റെ സഭയുടെ വലിയ തിരുനാൾ ആദ്യം ഈ സഭയിലും ആഗോളസഭയിലും ആഘോഷിക്കുവാൻ ഉത്തരവിട്ടു. സ്പെയിനിലെ കൊളോണിയലിസത്തിന്റെയും കത്തോലിക്കാസഭയുടെയും ചരിത്രത്തിൽ ഡൊമിനിക്കൻ സഭയുടെ സംരക്ഷകയായ കാരുണ്യമാതാവിന്റെ തിരുനാൾ പ്രത്യേക സ്വാധീനം ചെലുത്തുകയുണ്ടായി. 1495ൽ കാരുണ്യ മാതാവ് പ്രത്യക്ഷപ്പെട്ട സ്പെയിനും ടെയിനോ ഇന്ത്യക്കാരും തമ്മിലുണ്ടായ യുദ്ധത്തിൽ ചിതറിപ്പോയ ഇന്ത്യാക്കാരെ തന്നോട് ചേർത്ത് നിർത്തുകയും യൂറോപ്പിന്റെ വിജയത്തിനു കാരണമാകുകയും ചെയ്തു. തുടർന്ന് പരിശുദ്ധ കന്യക ഈ സ്ഥലത്ത് നല്കിയ ദർശനങ്ങൾ, മേരിമേജർ എന്ന ദേവാലയം പണിയുവാനും വലിയൊരു തീർഥാടന കേന്ദ്രമായി മാറുവാനും ഇടയാക്കി. പിന്നീട് ഈ ദേവാലയം ബസിലിക്കയായി ഉയർത്തപ്പെട്ടു.
നമുക്ക് പ്രാർത്ഥിക്കാം
ദൈവകാരുണ്യത്തിന്റെ വറ്റാത്ത ഉറവിടമായ പരിശുദ്ധ അമ്മേ പാപത്തിന്റെയും ബന്ധനത്തിന്റെയും പിടിയിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കുന്നതിനായി ഞങ്ങൾ അങ്ങേ പക്കലണയുന്നു. ദിവ്യകാരുണ്യത്തിന്റെ നാഥേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. ബലഹീനമായ ഈ മക്കൾ നിരന്തരം ദിവ്യകാരുണ്യാനുഭവത്തിൽ ജീവിക്കുവാനും വളരുവാനും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമെ. ഞങ്ങൾ നിരന്തരം അനുഭവിക്കുന്ന കാരുണ്യത്തിന്റെ സ്പർശനം ഞങ്ങളുടെ സഹോദരങ്ങളുമായി പങ്കുവയ്ക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമെ. ഇന്നും തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുവാനായി പീഡനം അനുഭവിക്കുന്നവരുടെ പക്കൽ നീ കൂട്ടായ് ഉണ്ടാകണമെ, അവരുടെ വേദനകളിൽ അവർക്ക് ആശ്വാസവും ധൈര്യവും പകർന്ന് നല്കി അങ്ങേ ദിവ്യപുത്രനോട് ചേർത്ത് നിർത്തണമെ. ദൈവകരുണയുടെ മാതാവേ, കാരുണ്യം എന്ന പുണ്യം ഞങ്ങളിലും നിറയ്ക്കണമേ. ആമ്മേൻ.
സുകൃതജപം: കരുണയുടെ രാജ്ഞി, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.



Leave a comment