സെപ്റ്റംബർ 24 | വല്ലാർപാടത്തമ്മ | വിമോചന മാതാവ്
കേരളത്തിലെ എറണാകുളം ജില്ലയിലെ വല്ലാർപാടം ദ്വീപിലുള്ള പ്രശസ്തമായ ഒരു ക്രിസ്തീയദേവാലയമാണ് വല്ലാർപാടം ബസിലിക്ക, 1524 ലാണ് പോർച്ചുഗീസുകാരയ മിഷനറിമാർ വല്ലാർപാടത്ത് പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള ഏഷ്യയിലെ ആദ്യദേവാലയം സ്ഥാപിച്ചത്. എന്നാൽ 1676 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ പള്ളി പൂർണമായും തകരുകയും അൾത്താരമുകളിൽ സ്ഥാപിച്ചിരുന്ന വിമോചന നാഥയുടെ ചിത്രം ഒഴുകിപ്പോകുകയും ചെയ്തു. അന്ന് കൊച്ചി ദിവാനായിരുന്ന പാലിയത്ത് രാമൻ വലിയച്ചൻ ചേന്ദമംഗലത്തേക്കുള്ള ബോട്ടുയാത്രക്കിടയിൽ ഈ ചിത്രം കായലിൽനിന്ന് വീണ്ടെടുത്ത് പള്ളി അധികാരികളെ ഏൽപ്പിച്ചു. പുതിയ പള്ളി പണിയുന്നതിനായി സ്ഥലവും ദിവാൻ ദാനമായി നൽകി. തുടർന്ന് വിമോചനനാഥയുടെ നാമത്തിൽ പുതിയ ദേവാലയം സ്ഥാപിക്കുകയും, വീണ്ടെടുത്ത മാതാവിന്റെ ചിത്രം അതിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ദേവാലയത്തിന്റെ ആശീർവാദത്തിൽ സംബന്ധിച്ച് ദിവാൻ ദേവാലയത്തിലേയ്ക്ക് ഒരു കെടാവിളക്ക് ദാനമായി നൽകുകയും അതിൽ ഒഴിക്കുവാനുള്ള എണ്ണ കൊട്ടാരത്തിൽനിന്ന് നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കാലാന്തരത്തിൽ ഈ പതിവ് മുടങ്ങി പോയി. എന്നാൽ, 1994 മുതൽ പാലിയം കൊട്ടരത്തിൽനിന്ന് എണ്ണ കൊണ്ടു വരുന്ന ചടങ്ങ് പുനരാരംഭിച്ചു.
ഈ ദേവാലയത്തെക്കുറിച്ച് ധാരളം കഥകൾ പ്രചരിച്ചിട്ടുണ്ട്. അതിലേറ്റവും പ്രധാനമായത് 1752ൽ നായർ സമുദായത്തിൽപെട്ട പള്ളിവീട്ടിലെ മീനാക്ഷിയമ്മയേയും മകനെയും സംബന്ധിച്ചുള്ളതാണ്. മട്ടാഞ്ചേരിയിലേക്കുള്ള അവരുടെ യാത്രക്കിടയിൽ ഉണ്ടായ കൊടുങ്കാറ്റുമൂലം വഞ്ചി മറിഞ്ഞ് അവർ വെള്ളത്തിന്റെ ആഴത്തിലേയ്ക്ക് മുങ്ങിപ്പോയി. മൂന്നു ദിവസത്തേയ്ക്ക് അവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. വെള്ളത്തിനടിയിൽ കിടന്ന് മീനാക്ഷിയമ്മ മാതാവിനോടു ഇങ്ങനെ പ്രാർഥിച്ചു, “എനിക്കും കുഞ്ഞിനും ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടാൽ ജീവിതകാലം മുഴുവനും ഞങ്ങൾ നിന്റെ അടിമകളായിരുന്നുകൊള്ളാം”. ആ സമയം ഇടവക വികാരിക്ക് ലഭിച്ച സ്വപ്നമനുസരിച്ച് ഒരു മുക്കുവന്റെ സഹായത്താൽ കായലിൽ വലയെറിഞ്ഞ് മീനാക്ഷിയമ്മയേയും കുഞ്ഞിനേയും വെള്ളത്തിൽനിന്നും വീണ്ടെടുത്തു. രക്ഷപ്പെട്ട മീനാക്ഷിയമ്മയും കുഞ്ഞും പരിശുദ്ധ അമ്മയോടു ചെയ്ത വാക്കുപാലിച്ചു. നാളുകൾ കഴിഞ്ഞ് മാമോദീസയിലൂടെ മേരിയെന്നും യേശുദാസ് എന്നും യഥാക്രമം പേരു സ്വീകരിച്ച് ക്രിസ്ത്യാനികളായിതീർന്ന ഇവർ മരണംവരെ ഈ ദേവാലയത്തിനോടു ചേർന്ന് ജീവിക്കുകയും ആരാധനയിലും പള്ളി ശുശ്രൂഷയിലും പങ്കുചേരുകയും ചെയ്തു. അതിനുശേഷമാണ് ഈ ദേവാലയം ഒരു തീർഥാടന കേന്ദ്രമായി മാറിയത്. ഇന്നും കടൽ യാത്രക്കാരുടെ പ്രത്യേക മദ്ധ്യസ്ഥയായി മറിയം നിലകൊള്ളുന്നു.
മീനാക്ഷിയമ്മയെ അനുകരിച്ച് വല്ലാർപാടത്തമ്മയ്ക്ക് അടിമവയ്ക്കുക എന്നത് വലിയൊരു ഭക്തമുറയാണ്. കുമ്പസാരിച്ച് കുർബാന സ്വീകരിച്ച് ആത്മശുദ്ധി വരുത്തി തന്നെത്തന്നെ മാതാവിന്റെ സംരക്ഷണത്തിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി വൈദീകൻ ആ വ്യക്തിയുടെ തലയിൽ കൈവച്ച് പ്രത്യേകം പ്രാർഥന ചൊല്ലി ഹന്നാൻ വെള്ളം തളിച്ച് വിശുദ്ധീകരിക്കുന്നു. അതുവഴി ആ വ്യക്തിക്ക് പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണവും അനുഗ്രഹങ്ങളും ലഭിക്കുന്നു. ഈ ദേവാലയത്തിൽ പരിശുദ്ധ അമ്മയുടെ തിരുനാൾ ആചരിക്കുന്നത് സെപ്റ്റംബർ 16 മുതൽ 24 വരെയുള്ള ദിനങ്ങളിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ജാതിമതഭേദമെന്യേ അനേകായിരങ്ങൾ ജീവിതത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി അനുദിനം ഇവിടെ വന്നുചേരുന്നു. 1888 സെപ്റ്റംബർ 23 ന് 13-ാം ലെയോ മാർപാപ്പ ദേവാലയത്തിന് Altare Previlegiatum in Perpetuum Consessum എന്ന പദവിനൽകി ആദരിച്ചു. തൻമൂലം ഇവിടെ ദിവ്യബലിയിൽ സംബന്ധിച്ച് പ്രാർഥിക്കുന്നവർക്ക് പൂർണദണ്ഡവിമോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 1951 ൽ ഭാരത സർക്കാർ വല്ലാർപാടം പള്ളിയെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും 2002-ൽ കേരള സർക്കാർ ഈ പള്ളിയെ വിനോദ സഞ്ചാര കേന്ദ്രമായി ഉയർത്തുകയും ചെയ്തു. 2004 സെപ്റ്റംബർ 12-ന് വല്ലാർപാടം പള്ളിയെ ഒരു ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ആ വർഷം തന്നെ ജോൺപോൾ രണ്ടാമൻ മാർപാപ്പാ ഈ പള്ളിയെ ബസിലിക്ക എന്ന പദവി നൽകി ആദരിച്ചു. വിശ്വാസികൾക്ക് ഭക്തിപൂർവം പ്രാർഥിക്കുന്നതിനായി ദേവാലയത്തിനോട് ചേർന്ന് ജപമാലയിലെ 20 രഹസ്യങ്ങളുടെയും രൂപങ്ങൾ സ്ഥാപിച്ച് റോസറി പാർക്ക് ക്രമീകരിച്ചിട്ടുണ്ട്. അവിടുത്തെ നിത്യരാധന കേന്ദ്രം ദൈവജനത്തിന്റെ ആശ്വാസത്തിന്റെ സ്രോതസ്സായി മാറിയിരിക്കുന്നു.
നമുക്കു പ്രാർഥിക്കാം
പരിശുദ്ധ മാതാവേ, വിമോചന നാഥേ, ഞങ്ങൾ അങ്ങേ സന്നിധിയിൽ അണയുന്നു. കന്യകയായ ദൈവമാതാവേ, സൂര്യചന്ദ്രന്മാരേക്കാൾ ശോഭയുള്ളവളേ, യാചനയുടെ കൈക്കുമ്പിളുമായി നിന്റെ അടുക്കൽ വരുന്നവരെ അനുഗ്രഹങ്ങളാൽ നിറയ്ക്കുന്ന അമ്മേ, ഞങ്ങൾ ഒന്നുചേർന്ന് അങ്ങയെ സ്തുതിക്കുന്നു. ശക്തനായവൻ നിനക്കായി വൻകാര്യങ്ങൾ ചെയ്യുന്നതായും സ്വർഗത്തിലും ഭൂമിയിലും സർവശക്തിയും നിനക്കു നൽകിയിരിക്കുന്നതായും ഞങ്ങൾ വിശ്വസിക്കുന്നു. നിരാശരർക്ക് പ്രത്യാശയും തളർന്നവർക്ക് ബലവും മുറിവേറ്റവർക്ക് സൗഖ്യവും നൽകുന്നവളേ, ഞങ്ങളെ അനുഗ്രഹിക്കണമേ. സർവസൃഷ്ടികൾക്കും ഉപരി പ്രതിഷ്ഠിക്കപ്പെട്ടവളും സകലത്തിന്റെയും നാഥനെ ഉദരത്തിൽ വഹിച്ചവളുമായ അമ്മേ, എല്ലാ വിധത്തിലുമുള്ള നന്മകളാലും നിറച്ച് യഥാർഥ സ്വാതന്ത്ര്യത്തിലേയ്ക്ക് ഞങ്ങളെ കൈപിടിച്ച് നടത്തണമേ. ആമ്മേൻ.
സുകൃതജപം: വിമോചനത്തിന്റെ നാഥയായ അമ്മേ, സകല തിന്മകളിൽ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ.



Leave a comment