ഒക്ടോബർ 24 | കൊരട്ടിമുത്തി
കേരളത്തിലെ എറണാകുളം-അങ്കമാലി അതിരൂപതയിലെ സീറോമലബാർ സഭയിൽ പെട്ട അതിപുരാതനവും പ്രശസ്തവുമായ പരിശുദ്ധ അമ്മയുടെ നാമത്തിലുള്ള ദേവാലയമാണ് കൊരട്ടിപള്ളി, പൂവൻകുല മാതാവ്, കൊരട്ടി മുത്തി എന്നീ പേരുകളിലും പരിശുദ്ധ അമ്മ അറിയപ്പെടുന്നു. പരിശുദ്ധ കന്യകാമറിയത്തെ മുത്തിയെന്നും, മുത്തിയമ്മയെന്നും വിളിക്കുന്നത്, മുക്തി പ്രാപിച്ച വ്യക്തി അഥാ വിശുദ്ധ എന്ന അർഥത്തിലാണ്. അത് അമ്മയോടുള്ള ഹൃദ്യമായ ബന്ധത്തെ അനുസ്മരിപ്പിക്കുന്നു. കേരളത്തിലെ ലൂർദ് എന്നും ഈ ദേവാലയത്തെ വിശേഷിപ്പിക്കാറുണ്ട്. ജീവിതത്തിലെ വിവിധ ആവശ്യങ്ങളും ആകുലതകളുമായി കടന്നുവരുന്ന ഓരോരുത്തർക്കും കൊരട്ടിമുത്തി ആശ്രയവും പ്രതീക്ഷയും ആശ്വാസവുമാണ്.
1381 ൽ സ്ഥാപിതമായ ഈ ദേവാലയത്തിന്റെ പ്രശസ്തി ശക്തൻ തമ്പുരാന്റെ (1775-1790) കാലഘട്ടം മുതലാണ് ഉയർന്നുവന്നത്. ചരിത്രവും ഐതീഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന ഒരുപിടി കഥകൾ കൊരട്ടിമുത്തിയുടെ ദേവാലയത്തിനുണ്ട്. കൊച്ചി രാജ്യത്തിലെ പ്രഭുക്കൻമാരായിരുന്ന കൊരട്ടി കൈമളും, കോടശ്ശേരി കർത്താവും തമ്മിലുള്ള മത്സരവും യുദ്ധവുമെല്ലാം പള്ളിയുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൊരട്ടി കൈമളിന്റെ വിശ്വസ്ത സൈനികരിൽ ഭൂരിപക്ഷവും ക്രിസ്ത്യാനികളായിരുന്നു. കർത്താവിന്റെ പടനായകർ നായൻന്മാരുമായിരുന്നു. അധികാരഗർവും ഭരണസ്വാധീനവും ഉറപ്പിക്കാനുള്ള ഇരുവരുടെയും ശ്രമങ്ങൾ പലപ്പോഴും യുദ്ധത്തിൽ കലാശിച്ചു. ഒരിക്കലുണ്ടായ യുദ്ധത്തിൽ കൈമളിന്റെ ബുദ്ധിമാനായ സേനാനായകൻ കൊച്ചുവറീതിന്റെ തന്ത്രപരമായ നീക്കത്തിലൂടെ കർത്താവിന്റെ സൈന്യത്തെ പരാജയപ്പെടുത്തി, വിജയഭേരി മുഴക്കി ഘോഷയാത്രയായി കൊരട്ടിയിലേയ്ക്ക് വരുന്നതിനിടെ കൊച്ചുവറീത്, കർത്താവിന്റെ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. കൊരട്ടി സ്വരൂപത്തിന്റെ ഭരണാധികാരിയായ തമ്പുരാട്ടിയെ ഈ സംഭവം ഏറെ ദുഃഖത്തിലാഴ്ത്തി. തമ്പുരാട്ടിയുടെ കൽപന അനുസരിച്ച് കൊച്ചു വറീതിന്റെ മൃതദേഹം സൈനിക ബഹുമതിയോടെ സംസ്കരിക്കാനായി അമ്പഴക്കാട് പള്ളിയിലേയ്ക്ക് കൊണ്ടുപോയി. അമ്പഴക്കാട് പള്ളി കോടശ്ശേരി കർത്താവിന്റെ അധീനതയിലായിരുന്നതിനാൽ ശവമടക്കാൻ അനുവദിക്കില്ലെന്ന് കർത്താവ് പറഞ്ഞു. തുടർന്ന് മൃതദേഹം കൊരട്ടിയിലേയ്ക്ക് കൊണ്ടുവന്നു. പള്ളിയുടെ മുൻപിൽ, ഇന്ന് കരിങ്കൽ കുരിശ് നിൽക്കുന്നതിനു സമീപം ശവമഞ്ചം ഇറക്കി. പിന്നീട്, ശവമഞ്ചം മാറ്റാൻ ശ്രമിച്ചപ്പോൾ അനങ്ങിയില്ല എന്നതാണ് ഐതീഹ്യം. വിവരമറിഞ്ഞ തമ്പുരാട്ടി മൃതദേഹം അവിടെ തന്നെ മറവുചെയ്യാൻ കൽപന പുറപ്പെടുവിച്ചു. കൊച്ചുവറീതിനെ സംസ്കരിച്ചതിനു സമീപത്തായി തമ്പുരാട്ടി ദേവാലയം നിർമിക്കാൻ തീരുമാനിച്ചു. 1382 സെപ്റ്റംബർ 8 ന് നിർമാണം പൂർത്തിയാക്കി ദേവാലയത്തിന്റെ പ്രതിഷ്ഠ നടത്തി. പിന്നീട് 1987-ൽ ഈ പള്ളി പുതുക്കിപ്പണിതു. ഇതാണ് ഇന്നത്തെ കൊരട്ടി ഫൊറോന പള്ളി.
ഒന്നരനൂറ്റാണ്ടുമുമ്പ് മേലൂരിൽ നിന്ന് ഒരു കർഷകൻ ഒരു കുല പൂവൻപഴവുമായി പള്ളിയിലേയ്ക്ക് വരുമ്പോൾ മുരിങ്ങൂരിൽ വച്ച് ഒരു കർഷക പ്രമാണി ബലം പ്രയോഗിച്ച് പഴമെടുത്തു ഭക്ഷിച്ചു. തുടർന്ന് അയാൾ രോഗിയായി മാറി. തന്റെ തെറ്റ് മനസ്സിലാക്കിയ ഇദ്ദേഹം 40 ഏക്കറോളം കൃഷിയിടവും സ്വർണപൂവൻകുലയും പള്ളിക്കു സമർപ്പിച്ചു. ഇതോടെയാണ് പൂവൻകുലനേർച്ച ആരംഭിച്ചതെന്ന് വിശ്വസിക്കുന്നു. കൊരട്ടി റെയിൽവേ സ്റ്റേഷനും പരിശുദ്ധമാതാവിന്റെ ഇടപെടലുകളെ കുറിച്ചു പറയുവാനുണ്ട്. കൊരട്ടി സ്റ്റേഷനിൽ സാധാരണ നിറുത്താൻ അനുമതിയില്ലാത്ത ട്രെയിൻ തിരുനാൾ ദിനത്തിൽ സാങ്കേതികമായി യാതൊരു തകരാറുമില്ലാതെ യാദൃശ്ചികമായി നിൽക്കുകയും ജനങ്ങൾ ഇറങ്ങി തിരുനാളിൽ സംബന്ധിച്ച് തിരിച്ചു ചെന്നപ്പോൾ ട്രെയിൻ ഓടിത്തുടങ്ങുകയും ചെയ്തു. ഇതിലെ ദൈവീകമായ ഇടപെടൽ തിരിച്ചറിഞ്ഞ റെയിൽവേ അധികാരികൾ ഉടനെ ആ ട്രെയിന് അവിടെ നിറുത്താനുള്ള അനുമതി നൽകി. ഇവിടെ മാതാവിന്റെ തിരുനാൾ ആഘോഷിക്കുക ഒക്ടോബർ 10 കഴിഞ്ഞുവരുന്ന ശനി, ഞായർ ദിനങ്ങളിലാണ്. എട്ടാമിടവും വളരെ ആഘോഷമായി നടത്തിവരുന്നു. ഇവിടുത്തെ ഭക്തമുറകൾ പ്രധാനമായും പരിശുദ്ധ അമ്മയുടെ അടുക്കൽ ഭജനയിരിക്കലും പൂവൻകുലയുടെ തുലാഭാരവും മുട്ടിന്മേൽ നീന്തലുമാണ്.
നമുക്കു പ്രാർഥിക്കാം
എല്ലാ നന്മകളുടെയും നിറവായ പരിശുദ്ധ അമ്മേ, കരുണയുടെ മാതാവേ, കൊരട്ടിമുത്തി, ഞങ്ങളുടെ ആത്മാക്കളെയും ശരീരത്തെയും വചനചിത്ത പ്രവൃത്തികളെയും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിച്ച് അങ്ങയെ ഞങ്ങൾ വണങ്ങുന്നു. സാത്താന്റെ എല്ലാവിധ കെണികളിൽ നിന്നും സംരക്ഷണം നൽകുവാൻ അമ്മയുടെ കാപ്പയിൽ പൊതിഞ്ഞ് ഞങ്ങളെ സൂക്ഷിക്കണമേ. എല്ലാത്തിലുമുപരി യേശുവിനെ സ്നേഹിച്ച് ജീവിക്കുവാൻ വേണ്ട ദൈവസ്നേഹം ഞങ്ങളിൽ ഉണർത്തണമേ. ഞങ്ങളുടെ കൊരട്ടി മുത്തിയേ, ദൈവമാതാവേ, ഞങ്ങൾക്കാവശ്യമായ എല്ലാ അനുഗഹങ്ങളും പ്രത്യേകിച്ച്… (ആവശ്യം പറയുക) യേശുവിൽ നിന്നും വാങ്ങിത്തരണമേ. ആമ്മേൻ.
സുകൃതജപം: പരിശുദ്ധ അമ്മേ, കൊരട്ടി മുത്തി ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ.



Leave a comment