ഒക്ടോബർ 7 | ജപമാല രാജ്ഞി
കത്തോലിക്കാ സഭയിൽ ഒക്ടോബർ 7 ജപമാല രാജ്ഞിയുടെ തിരുനാളായി ആഘോഷിക്കുന്നു. വിജയമാതാവിന്റെ തിരുനാൾ’ എന്നും നൂറ്റാണ്ടുകളായി ഈ തിരുനാൾ അറിയപ്പെട്ടിരുന്നു. കാരണം, 16-ാം നൂറ്റാണ്ടിൽ യൂറോപ്പും, തുർക്കികളുമായുള്ള യുദ്ധത്തിൽ ജപമാല ചൊല്ലി വിജയം വരിച്ചതിന്റെ ഓർമയ്ക്കായിട്ടാണ് ഈ തിരുനാൾ സ്ഥാപിച്ചത്.
1208-ൽ ഫ്രാൻസിലെ പ്രൊവില്ലായിൽ വെച്ച് വി. ഡൊമനിക് അൽബിജിയൻസിനെ മാനസാന്തരപ്പെടുത്താൻ ഉദ്യമിക്കുകയായിരുന്നു. എന്നാൽ ഫലം വളരെ നിരാശാജനകമായിരുന്നു. ഒരു ദിവസം പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ട് പാഷണ്ഡതയ്ക്ക് എതിരായുള്ള ആയുധമായി ജപമാല നല്കി. പരിശുദ്ധ കന്യക ഡൊമനിക്കിനോട് പറഞ്ഞു: “ഒരു ദിനം ജപമാലയിലൂടെയും വെന്തിങ്ങയിലൂടെയും ഞാൻ ലോകത്തെ രക്ഷിക്കും. വീണ്ടും വി. ഡൊമനിക്കിന് നൽകിയ സന്ദേശത്തിൽ പറയുന്നു, “എന്റെ മകനേ, പ്രാർഥനയും പ്രായശ്ചിത്തവുമാണ് പാപികളെ തിരികെ കൊണ്ടുവരുവാനുള്ള ഏക മാർഗം. എന്റെ സങ്കീർത്തനങ്ങൾ പ്രാർഥിക്കുക. അതു പ്രാർഥിക്കുവാൻ മറ്റുള്ളവരെ പഠിപ്പിക്കുക. ഈ പ്രാർഥന ഒരിക്കലും നിന്നെ വീഴ്ത്തില്ല”. വി. ഡൊമനിക്ക് ഇടവേളകളിലും യാത്രകളിലുമൊക്കെ സങ്കീർത്തനങ്ങൾ ഉരുവിടുകയും നന്മ നിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലകയും ചെയ്തിരുന്നു. പാരമ്പര്യമനുസരിച്ച് പരിശുദ്ധ അമ്മ തന്നെയാണ് വി. ഡൊമനിക്കിനെ ജപമാല രഹസ്യം പഠിപ്പിച്ചത്. “വിശ്വാസത്തിന്റെ നിഗൂഢസത്യങ്ങളെ സാധാരണക്കാർക്ക് വെളിപ്പെടുത്തുകയാണ് ഈ രഹസ്യങ്ങൾ. ഇതിലൂടെ എന്റെ മകന്റെ ജീവിതരഹസ്യങ്ങളെ ക്രമമായി ദർശിക്കുകയത്രേ. ജീവിതയാത്രയിൽ ജീവിത യാഥാർഥ്യങ്ങളെ ഞാൻ കണ്ടതുപോലെ കാണുവാനും സർവവും സ്രഷ്ടാവിനു സമർപ്പിച്ചുകൊണ്ട് ജീവിക്കുവാനും അവരെ പഠിപ്പിക്കുക. അങ്ങനെയാണ് ജപമാല ഭക്തി പ്രചരിച്ചത്.
1568 ൽ പീയൂസ് 5-ാമൻ മാർപാപ്പയാണ് ഇന്നു നാം ഉപയോഗിക്കുന്ന വിധത്തിലുള്ള ജപമാലയ്ക്ക് രൂപം കൊടുത്തത്. 1571 ൽ പീയൂസ് 5-ാമൻ മാർപാപ്പ ലെപ്പാന്റോ ഉൾക്കടലിൽ വെച്ചുണ്ടായ യുദ്ധത്തിൽ വിജയിച്ചതിനു നന്ദിയായി മാർപാപ്പയുടെ നേതൃത്വത്തിൽ വി. പത്രോസിന്റെ ചത്വരത്തിൽ ജപമാല പ്രദക്ഷിണം നടത്തി വിജയമാതാവിന്റെ തിരുനാൾ കൊണ്ടാടി. 1573 ൽ ഗ്രിഗറി 11-ാം മാർപാപ്പ വിജയമാതാവിന്റെ തിരുനാൾ ജപമാല രാജ്ഞിയുടെ തിരുനാളായി നാമകരണം ചെയ്തു. 1716 ൽ ക്ലെമന്റ് മാർപാപ്പ ഈ തിരുനാൾ ആഗോള സഭയിൽ പ്രാബല്യത്തിൽ വരുത്തി. അതേ തുടർന്ന് ജപമാല ഭക്തി ശക്തി പ്രാപിച്ചു. 1917 ഒക്ടോബർ 13-ന് ഫാത്തിമായിലെ കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട അമ്മ പറഞ്ഞു, “ഞാൻ ജപമാല രാജ്ഞിയാണ്”. ജപമാലയിലൂടെ നാം മറിയത്തിന്റെ മാദ്ധ്യസ്ഥ്യം തേടുന്നു. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പറയുന്നു: “മറിയത്തിന്റെ മാദ്ധ്യസ്ഥ്യം യേശുവിന്റെ മാദ്ധ്യസ്ഥ്യത്തിൽ നിലനിൽക്കും. ജപമാല എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രാർഥനയാണ്. അതിൽ മേരിയോട് ചേർന്ന് ദിവ്യരഹസ്യങ്ങളെക്കുറിച്ച് നാം ധ്യാനിക്കുന്നു. അത് അവിടുത്തെ മാദ്ധ്യസ്ഥ്യത്തോട് പൂർണമായും ആശ്രയിച്ചു നിൽക്കുന്നു. ജപമാല ഒരു സുവിശേഷധ്യാനമാണ്. വാഴ്ത്തപ്പെട്ട ചാവറ പിതാവ് പറഞ്ഞു: “മാലയിൽ കൊരുത്ത സുവിശേഷമാണ് ജപമാല. ഒക്ടോബർ മാസം മുഴുവനും ജപമാല ഭക്തിയ്ക്കായി പ്രതിഷ്ഠിച്ചിരിക്കുന്നു. “ദിനംപ്രതി ജപമാല ചൊല്ലുന്നവർ ഒരിക്കലും വഴിതെറ്റി പോകയില്ല. ഈ പ്രസ്താവന എന്റെ രക്തംകൊണ്ട് തന്നെ എഴുതി ഒപ്പിടാൻ എനിക്ക് സന്തോഷമേയുള്ളൂ എന്ന് വി. ളൂയി മോണ്ട് ഫോർട്ട് കുറിച്ചിരിക്കുന്നു. ഭക്തിപൂർവം മറിയത്തെക്കുറിച്ച് ധ്യാനിക്കുകയും, മനുഷ്യാവതാരം ചെയ്ത ദൈവവചനത്തോടു ബന്ധപ്പെടുത്തി അവളെക്കുറിച്ച് പരിചിന്തിക്കുകയും ചെയ്യുമ്പോൾ സഭ ബഹുമാനപുരസ്സരം മനുഷ്യാവതാരമെന്ന മഹാരഹസ്യത്തിലേയ്ക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങി ചെല്ലുകയും തന്റെ ദിവ്യവരനോട് ഉത്തരോത്തരം അനുരൂപപ്പെടുകയുമാണ് ചെയ്യുന്നത്. (തിരുസഭ 65). പരിശുദ്ധ കുർബാന കഴിഞ്ഞാൽ സഭയിൽനിന്നും ഉയരുന്ന മനോഹരമായ ആരാധനയാണ് ജപമാല എന്ന് വാഴ്ത്തപ്പെട്ട അലൻ ഡി. ലാരോച്ചെ അഭിപ്രായപ്പെടുന്നു. “എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും” (ലൂക്ക 1:48) എന്ന മാതാവിന്റെ പ്രവചനം, ഓരോ നന്മനിറഞ്ഞ മറിയം എന്ന ജപം ചൊല്ലുമ്പോഴും നാം പൂർത്തികരിച്ചുകൊണ്ടിരിക്കുന്നു. ജപമാലയിൽ നാം ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രാർഥിക്കുന്നു. വി. ഗ്രന്ഥത്തിലെ യേശുവിന്റെ ജീവിതരഹസ്യങ്ങൾ മനസ്സിൽ ധ്യാനിക്കുന്നു. യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും സാന്നിദ്ധ്യം ആത്മാവിൽ അനുഭവിച്ച് അധരങ്ങളിലൂടെ ഈ സത്യം ഏറ്റു പറയുന്നു. ത്യാഗപൂർവം മുട്ടിന്മേൽ നിന്ന്, കൈവിരലുകളിലൂടെ കൊന്തമണികൾ ഉരുളുമ്പോൾ ശരീരവും പ്രാർഥനയിൽ ഉൾച്ചേരുന്നു. ഇങ്ങനെ ആത്മശരീരമാനസങ്ങൾ ഒന്നായി പ്രാർഥിക്കുമ്പോൾ ആറ്റംബോംബിനെപ്പോലും തകർക്കാൻ ശക്തിയുള്ള വിശ്വാസ ബോംബായി അത് മാറും. സർപ്പത്തിന്റെ തല തകർത്ത് പരിശുദ്ധ അമ്മയുടെ കയ്യിലേക്ക് സമർപ്പിക്കുന്ന ഓരോ ജപമാലയും മനുഷ്യകുലത്തെ തകർക്കാൻ പദ്ധതിയിട്ടിരിക്കുന്ന സാത്താനെതിരായ ശക്തമായ കോട്ടയായി മാറും. അത് പാപികളുടെ മാനസാന്തരത്തിനും ദൈവഹിതം നിറവേറ്റുന്നതിനും, യേശുവിനോട് ഒന്നുചേരുന്നതിനും നമ്മെ സഹായിക്കും.
നമുക്കു പ്രാർഥിക്കാം
ജപമാലരാജ്ഞീ, ഞങ്ങളുടെ അമ്മേ, അനുദിനം ജപമാല കൈകളിലേന്തി അമ്മയുടെ രൂപത്തിന്റെ മുമ്പിൽ മുട്ടുമടക്കുമ്പോൾ അവിടന്ന് ഞങ്ങളെ വീക്ഷിക്കുകയും ഞങ്ങളോടൊപ്പം പ്രാർഥിക്കുകയും ചെയ്യുന്നു എന്ന് ഞങ്ങൾ അറിയുന്നു. പരിശുദ്ധ മറിയമേ, അങ്ങ് ഭൂമിയിൽ തീർഥാടനം ചെയ്യുന്ന ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും അടയാളമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന ദിവ്യതേജസ്സാണ് എന്ന് ഏറ്റ് പറഞ്ഞ് അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു. കുടുംബമൊന്നിച്ച്, സമൂഹമൊന്നിച്ച് ദിവസവും അങ്ങേ പക്കലണയാൻ അനുഗ്രഹിക്കണമെ. പരിശുദ്ധ അമ്മേ, അങ്ങയോടൊന്നിച്ച് അങ്ങേ ഭവനത്തിൽ വസിക്കുന്നവരാകുവാൻ, ഞങ്ങളെ യോഗ്യരാക്കണമേ. ആമ്മേൻ.
സുകൃതജപം: പരിശുദ്ധ ജപമാലരാജ്ഞീ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.



Leave a comment