ഏതോ കാലഘട്ടത്തിൽ നടന്ന ഒരു ത്യാഗമല്ല, ദൈവസ്നേഹം…
രോഗം മാറുമ്പോഴും, ജോലി കിട്ടുമ്പോഴും, വിസ അടിച്ചു കിട്ടുമ്പോഴും, വീട് പണി കഴിയുമ്പോഴും മാത്രം നടക്കുന്ന ഒന്നാണ് പലർക്കും, ദൈവസ്നേഹം എന്നത്…അപ്പോഴാണ്, ദൈവം നമ്മെ സ്നേഹിക്കുന്നുണ്ടെന്ന് ചിലരെങ്കിലും ഓർക്കുന്നത്….
എന്നാൽ, ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ്, ഇതൊന്നുമല്ല….
ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവ് കാണണമെങ്കിൽ ദേവാലയത്തിലേക്ക് വരണം…അവിടെ നമ്മെപ്പോലെ സാധാരണക്കാരനായ ഒരു വൈദിക കരങ്ങളിൽ, ഉയർത്തി പിടിക്കുന്ന വെളുത്ത ഒരപ്പമുണ്ട്….
ആ അപ്പമാകാൻ, ദൈവപുത്രൻ എടുത്ത ത്യാഗത്തിന്റെ പേരാണ്, ദൈവസ്നേഹം..
അയോഗ്യരായിരുന്നിട്ടും , നമുക്ക് വേണ്ടി ജീവൻ ബലിയർപ്പിച്ച ഈശോയുടെ പ്രവർത്തിയെ പറയുന്ന പേരാണ് ദൈവസ്നേഹം…
നന്ദിഹീനരായിട്ടും, തന്റെ സൃഷ്ടിയായ മനുഷ്യന്റെ ജീവൻ രക്ഷിക്കുവാൻ, തന്റെ ഏക മകനെ, മരണത്തിനായി വിട്ടുകൊടുത്ത ഒരു അപ്പന്റെ ത്യാഗത്തെ, പറയുന്ന പേരാണ് ദൈവസ്നേഹം…
ഈ ദൈവസ്നേഹത്തിന്റെ ചുരുക്കപേരാണ്, ദിവ്യകാരുണ്യം…
വിശുദ്ധ കുർബാനയെ നഷ്ടപ്പെടുത്തുന്നവരും, ഈശോയേ സ്വീകരിക്കാതെ മാറിനിൽക്കുന്നവരും, വേണ്ടെന്ന് വെക്കുന്നത്, ദൈവത്തിന്റെ സ്നേഹമാണ്….ഈശോയേയാണ്….സ്വർഗ്ഗത്തെയാണ്….
ഓരോ തവണയും , വിശുദ്ധ കുർബാനയിലൂടെ ഈശോയേ സ്വീകരിക്കുന്നവർ, ദൈവം എന്നെ സ്നേഹിച്ചു എന്നതിന്റെ തെളിവാണ്, ശരീരത്തിൽ വഹിക്കുന്നത്….
ഈശോയേ , വഹിക്കുവാൻ ഭാഗ്യം കിട്ടിയ മറിയത്തെ പോലെ, നമുക്കും ഈശോയേ കൊണ്ടുനടക്കാം…അൽപ സമയമെങ്കിലും…
ഒരു സക്രാരി പോലെ….


Leave a comment