Rev. Fr George Karintholil MCBS (1953-2024)

Fr George Karintholil MCBS

റവ. ഫാ. ജോർജ് കരിന്തോളിൽ എം. സി. ബി. എസ്.

ധ്യാനങ്ങളിലൂടെയും കൗൺസിലിങ്ങിലൂടെയും പതിനായിരക്കണക്കിന് ആളുകളെ പുതുജീവിതത്തിലേക്കു നയിച്ച ഫാ. ജോർജ് കരിന്തോളിൽ വിടവാങ്ങിയിട്ട് നാളെ (സെപ്റ്റംബർ 18) ഒരു വർഷം തികയുന്നു . ബൈബിൾ മനഃപാഠമായിരുന്ന കരിന്തോളിലച്ചൻ, ദൈവവചനത്തിന്റെ മനോഹാരിതയും ശക്തിയും ആളുകളിലേക്കെത്തിച്ച വചനത്തിന്റെ പുരോഹിതനായിരുന്നു. അലിവിന്റെയും കരുണയുടെയും ആത്മീയതയുടെയും ആചാര്യനായിരുന്ന കരിന്തോളിലച്ചൻ്റെ ജീവിത രേഖ.

കുടുംബം 

കരിന്തോളിൽ വർക്കി – ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1953 ഫെബ്രുവരി മൂന്നിനായിരുന്നു അച്ചന്റെ ജനനം. കോതമംഗലം രൂപതയിലെ കൊടുവേലി ഇടവകയാണ് കരിന്തോളിലച്ചന്റെ സ്വദേശം. മൂന്നു സഹോദരന്മാരും മൂന്നു സഹോദരിമാരുമാണ് അച്ചനുള്ളത്.

എം. സി. ബി. എസ്. സമൂഹത്തിലേക്ക് 

1969 ജൂൺ ഒന്നിനായിരുന്നു എം. സി. ബി. എസ്. സഭയിൽ ചേർന്നത്. 1972 മെയ് മാസം 17-ാം തീയതി ആദ്യവ്രതവാഗ്ദാനവും 1977 മെയ് മാസം 17-ാം തീയതി നിത്യവ്രതവാഗ്ദാനവും നടത്തി. 1978 ഡിസംബർ രണ്ടിന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ട് പിതാവിൽനിന്നും പൗരോഹിത്യം സ്വീകരിച്ചു.

പ്രവർത്തനമേഖലകൾ 

പുതുക്കാട് ഇടവകയിലെ അസിസ്റ്റന്റ് വികാരി, കൊല്ലാട് മൈനർ സെമിനാരിയിലെ പ്രൊക്കുറേറ്റർ, ആലുവ എം. സി. ബി. എസ്. സ്റ്റഡി ഹൌസിലെ ആത്മീയപിതാവ്, ഇല്ലിത്തോട് സന്നിധാന ആശ്രമത്തിന്റെ ഡയറക്ടർ, അതിരമ്പുഴ ലിസ്യു മൈനർ സെമിനാരിയിലെ ആത്മീയപിതാവ്, പിന്നീട് റെക്ടർ, കടുവക്കുളം ലിറ്റിൽ ഫ്ലവർ ഇടവക വികാരി, എം. സി. ബി. എസ്. സഭയുടെ യൂക്കരിസ്റ്റിക് ഡിപ്പാർട്ട്മെന്റിന്റെ കൗൺസിലർ, സുപ്പീരിയർ ജനറൽ, കരിമ്പാനി ആശ്രമത്തിലെ സുപ്പീരിയർ, കരിമ്പാനി ഇടവകയിലെ വികാരി, കാലടി ദിവ്യകാരുണ്യ ആശ്രമത്തിന്റെ ഡയറക്ടർ, ധ്യാനഗുരു എന്നീ നിലകളിൽ കരിന്തോളിലച്ചൻ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

2002-’08-കാലഘട്ടത്തിലായിരുന്നു ദിവ്യകാരുണ്യ മിഷനറി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനനറലായി അദ്ദേഹം ശുശ്രൂഷ ചെയ്തത്. സമൂഹത്തിന്റെ ആത്മീയവളർച്ചയുടെ കാലമായിരുന്നു അത്. നിയമങ്ങൾക്കപ്പുറം കരുണയുടെ സുവിശേഷമായിരുന്നു അദ്ദേഹം തന്റെ സമൂഹാംഗങ്ങൾക്കു പകർന്നുനൽകിയത്.

പ്രാത്ഥനയുടെ വൈദികൻ 

കരിന്തോളിലച്ചൻ ഓരോ ദിവസവും ദീർഘനേരം പ്രാർത്ഥിക്കുമായിരുന്നു. പകൽ ഒരിക്കലും അദ്ദേഹം വിശ്രമിച്ചിട്ടില്ല. വിശ്രമ സമയം അദ്ദേഹം പരിശുദ്ധ കുർബാനയുടെ മുൻപിലായിരുന്നു. രാത്രി ഏറെ വൈകിയാലും അച്ചൻ വ്യക്തിപരമായ പ്രാർത്ഥന മുടക്കിയിട്ടില്ല. അച്ചന്റെ പ്രാർത്ഥന കണ്ട്, സെമിനാരിക്കാർ, “ഞങ്ങൾക്ക് കരിന്തോളിലച്ചനെപ്പോലെയുള്ള ഒരച്ചനാകണം” എന്നു പറയുമായിരുന്നു. വൈദികാർത്ഥികളെ ഭാവാത്മകമായി അത്രമാത്രം സ്വാധീനിച്ച വൈദികർ ചുരുക്കമാണ്. ആരെയും അകാരണമായി സെമിനാരിയിൽ നിന്നും പറഞ്ഞുവിടാൻ അച്ചൻ ആഗ്രഹിച്ചില്ല. ഓരോ ദൈവവിളിയും അമൂല്യമായി അച്ചൻ കരുതി. കരിന്തോളിലച്ചൻ ആരോടും അരിശപ്പെടുന്നതായി കണ്ടിട്ടില്ലെന്ന് കൂടെ ജീവിച്ച വൈദികർ സാക്ഷ്യപ്പെടുത്തുന്നു .

ധ്യാന പ്രസംഗങ്ങൾ 

ദൈവവചനത്തിൽ അധിഷ്ഠിതമായിരുന്നു കരിന്തോളിലച്ചന്റെ ധ്യാന പ്രസംഗങ്ങൾ. കേൾക്കുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും തന്റെ ധ്യാനങ്ങളിലൂടെ അച്ചൻ നൽകിയിരുന്നു. ബിഷപ്പുമാരെയും വൈദികരെയും സന്യാസിനിമാരെയും അല്മയരെയും ധ്യാനിപ്പിക്കാൻ അച്ചൻ സമയം കണ്ടെത്തിയിരുന്നു. അച്ചന്റെ ധ്യാനം കൂടി ദൈവവചനത്തോടുള്ള ആഭിമുഖ്യം വന്ന അനവധി ആളുകളുണ്ട്. തന്റെ കൈയിൽ നിന്നും പണം മുടക്കി മറ്റു ധ്യാനകേന്ദ്രങ്ങളിലേയ്ക്ക് ആളുകളെ അദ്ദേഹം പറഞ്ഞു വിടുകളും ചെയ്തിരുന്നു. അത്രമാത്രം ആളുകളുടെ നന്മയിലും വളർച്ചയിലും അച്ചനു താല്പര്യമുണ്ടായിരുന്നു. ‘കോട്ടയം കരിസ്മാറ്റിക് മൂവ്മെന്റിന്റെ’ തുടക്കം മുതലുള്ള വളർച്ചയിൽ കരിന്തോളിലച്ചന്റെ പങ്ക് വളരെ വലുതാണ്.

കൗൺസിലിങ് 

കരിന്തോളിലച്ചന്റെ അടുത്തു കൗൺസിലിങ്ങിനു വന്നവരുടെ എണ്ണം തിട്ടപ്പെടുത്താനാവില്ല. അത്രയധികം ആളുകൾ അച്ചന്റെ അടുത്തുവന്നു സംസാരിച്ചു ജീവിത നവീകരണത്തിലേയ്ക്കു കടന്നു വന്നിട്ടുണ്ട്. അച്ചൻ ഏത് ആശ്രമത്തിൽ, എന്തൊക്കെ ശുശ്രൂഷകളിൽ ഏർപ്പെട്ടാലും കൗൺസിലിങ്ങിനു സമയം ചെലവഴിച്ചിരുന്നു. അത് രാവിലെ കാപ്പികുടിക്കുന്നതിന് മുൻപേ തുടങ്ങി ചില ദിവസങ്ങളിൽ പാതിരാത്രി വരെ നീണ്ടിരുന്നു. കൗൺസിലിങ്ങിനു വന്നവരെ കാണുന്നതുമൂലം അദ്ദേഹത്തിന്റെ ഭക്ഷണം ഇപ്പോഴും വൈകിയിരുന്നു. പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നുമില്ല.

“കാണാൻ വന്നവരോട് പിന്നീടു സംസാരിക്കാം, അച്ചൻ വന്ന് ഭക്ഷണം കഴിക്ക്” എന്ന് സമൂഹത്തിലുള്ളവർ അച്ചനോട് പലപ്പോഴും പറയുമായിരുന്നു.

“അവർ ഒത്തിരി ദൂരെനിന്നും കഷ്ടപ്പട്ടു വന്നവരല്ലേ. ആദ്യം അവരോടു സംസാരിക്കാം. ഞാൻ പിന്നീട് കഴിച്ചോളാം,” എന്നതായിരുന്നു അച്ചന്റെ എപ്പോഴത്തെയും മറുപടി.

വിദേശങ്ങളിൽ ഉള്ളവർക്ക് ഫോണിലൂടെയും അച്ചൻ കൗൺസിലിങ് നൽകിയിരുന്നു. ഒരിക്കൽ വന്നവർ, അദ്ദേഹത്തെ മറന്നിരുന്നില്ല. ഹൃദ്യമായ സംസാരവും ആത്മാർത്ഥത നിറഞ്ഞ പെരുമാറ്റവുമായിരുന്നു അച്ചന്റേത്.

ആരും അറിയാതെ അനേകരെ സഹായിച്ച വൈദികൻ 

കരിന്തോളിലച്ചൻ സാമ്പത്തികമായി സഹായിച്ചിട്ടുള്ളവരുടെയും കണക്കെടുക്കാനാവില്ല. എവിടെയൊക്കെ ശുശ്രൂഷ ചെയ്തിട്ടുണ്ടോ, അവിടെയെല്ലാം ആളുകളെ സാമ്പത്തികമായും സഹായിച്ചിട്ടുണ്ട്. അച്ചൻ ഫീസു കൊടുത്തു പഠിപ്പിച്ചു, ജോലി വാങ്ങി നൽകിയവർ കേരളത്തിൽ ഉടനീളെ കാണും. പക്ഷേ, സഹായിച്ചവരുടെ കണക്കെടുക്കുകയോ, അതിനെപ്പറ്റി മറ്റെവിടെയെങ്കിലും പറയുകയോ, പ്രസിദ്ധിയാഗ്രഹിക്കുകയോ ഒരിക്കലും ചെയ്തിട്ടില്ല. പാവപ്പെട്ടവർക്ക് വീട് വയ്ക്കുന്നതിനും കുടുംബച്ചിലവുകൾ നടത്തുന്നതിനും അദ്ദേഹം പണം നൽകിയിരുന്നു. പക്ഷേ, ഒരു രൂപ പോലും സ്വന്തം കാര്യത്തിനായി അദ്ദേഹം ഉപയോഗിച്ചില്ല.

രോഗം, മരണം 

2017 മുതൽ കരൾസംബന്ധമായ അസുഖം അദ്ദേഹത്തെ അലട്ടിയിരുന്നു. എങ്കിലും തന്റെ ആത്മീയശുശ്രൂഷകൾക്ക് അദ്ദേഹം മുടക്കം വരുത്തിയില്ല. ആശുപത്രിക്കിടക്കയിൽവച്ചു പോലും തന്റെ രോഗം പരിഗണിക്കാതെ അടുത്തെത്തിയിരുന്നവർക്ക് അദ്ദേഹം ആശ്വാസം പകർന്നിരുന്നു.

രോഗവും അസ്വസ്ഥതയും വർധിച്ചതിനാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം ആലുവ രാജഗിരി ആശുപത്രിയിലായിരുന്നു. അവിടെവച്ച്, 2024 സെപ്റ്റംബർ മാസം 18-ാം തീയതി പുലർച്ചെ, 5.15-ന് അദ്ദേഹത്തിന്റെ മരണം സംഭവിച്ചു.

എം. സി. ബി. എസ്. സന്യാസ സമൂഹത്തിന്റെ ആത്മീയതയുടെ മുഖമായിരുന്നു ഫാ. ജോർജ് കരിന്തോളിൽ. കരുണയും മനുഷ്യത്വവും അദ്ദേഹത്തിൽ നിറഞ്ഞുനിന്നിരുന്നു. തന്റെ അടുത്തു വന്നരെയെല്ലാം അദ്ദേഹം ആത്മീയമായി ചേർത്തണച്ചു; ആരെയും അദ്ദേഹം അകറ്റിനിർത്തിയില്ല. സമ്പന്നനെന്നോ, ദരിദ്രനെന്നോ ഉള്ള വേർതിരിവ് അദ്ദേഹം ഒരിക്കലും കാണിച്ചില്ല.

ബഹുമാനപ്പെട്ട കരിന്തോളിലച്ചന്റെ മരണം അനേകരെ ഈ ഭൂമിയിൽ അനാഥരാക്കുന്നു എന്നത് യാഥാർഥ്യമാണ്.

കരുണയുടെ ആത്മീയാചാര്യന് പ്രണാമം!

കടപ്പാട്: ജി . കടൂപ്പാറയിൽ mcbs

Fr George Karintholil MCBS

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “Rev. Fr George Karintholil MCBS (1953-2024)”

  1. eaglechieff0b333c8b4 Avatar
    eaglechieff0b333c8b4

    പ്രിയപ്പെട്ട ജോർജ് അച്ഛാ,

    എന്റെ ആത്മീയ ജീവിതത്തിന്റെ അടിത്തറ അച്ഛനായിരുന്നു. ഒരു വിശുദ്ധനായ അച്ഛനെ പരിചയപ്പെടാനും, 2006 മുതൽ ഈ നിമിഷം വരെ അച്ഛനെ എന്റെ spiritual father ആയി കിട്ടാനും, എനിക്ക് ലഭിച്ച ഭാഗ്യം ഓർക്കുമ്പോൾ ഞാൻ കൃതജ്ഞത നിറഞ്ഞവളാണ്. ഞങ്ങളുടെ ഇടവക, ഭദ്രാവതിയിൽ ഒരു 1 day ധ്യാനം നടത്താൻ അച്ഛൻ വന്നപ്പോഴാണ് ആദ്യമായി നമ്മൾ കണ്ടത്. ദൈവം നമ്മളെ അത്ഭുതകരമായി കൂട്ടിമുട്ടിക്കുകയായിരുന്നു. അന്നുമുതൽ ഞങ്ങളുടെ ജീവിതത്തിലുണ്ടായ തടസ്സങ്ങളെ പ്രാത്ഥനയിലൂടെ മാറ്റിക്കളയുകയും ദൈവവചനമുപയോഗിച്ചു തടസ്സങ്ങളെ നേരിടാൻ എന്നെ പഠിപ്പിക്കുകയും ചെയ്തു. അച്ഛൻ പ്രാത്ഥനയിലൂടെ വിസ തടസങ്ങൾ മാറ്റി , രോഗശാന്തി, സാമ്പത്തിക ഭദ്രത, പുതിയ ഭവനം എല്ലാം അച്ചന്റെ പ്രാർത്ഥനയിലൂടെ ഞങ്ങൾക്കു ലഭിച്ചു.

    അച്ഛന്റെ വേർപാട് വേദനാജനകമാണെങ്കിലും സ്വർഗത്തിൽ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്ന ഒരു സ്വർഗീയ വിശുദ്ധനെ മുന്നിൽ കാണുന്നു. അച്ഛന്റെ വേർപാടിൽ ദുഃഖിക്കുകയും, പ്രാത്ഥിക്കുകയും ചെയ്യുന്ന എല്ലാവരെയും, അച്ഛന്റെ മധ്യസ്ഥതയാൽ ദൈവം അനുഗ്രഹ്ക്കുകയും, ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    സ്നേഹത്തോടെ
    വിൻസി സോണി
    ന്യൂസ്‌ലാൻഡ്

    Liked by 1 person

    1. അനേകരുടെ ആത്മീയ ജീവിതത്തിന്റെ അടിത്തറ പാകിയ ജോർജച്ചൻ സ്വർഗ്ഗത്തിലും തന്റെ ജോലി തുടരട്ടേ…

      Liked by 1 person

Leave a reply to Nelson MCBS Cancel reply