Angel of God, My guardian dear….
കാവൽ മാലാഖയുടെ സഹായം അനുഭവിച്ച ഒരു വൈദികന്റെ ഓർമ്മകുറിപ്പ്.
“ഒക്ടോബർ 2, കാവൽമാലാഖമാരുടെ തിരുന്നാളാണല്ലോ, ദൈവം നമ്മെ ഓരോരുത്തരെയും ഏൽപ്പിച്ചിരിക്കുന്ന ആ സുന്ദര, ആത്മീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ .. അവരോട് നമ്മൾ പ്രാർത്ഥിക്കാറുള്ളത് ഇങ്ങനല്ലേ?
ദൈവത്തിന്റെ മാലാഖയേ, എന്റെ പ്രിയപ്പെട്ട കാവൽക്കാരാ, നിനക്കാണല്ലോ ദൈവം എന്നെ കരുണയോടെ ഭരമേൽപ്പിച്ചിരിക്കുന്നത്. എന്നെ പ്രകാശിപ്പിക്കാനും കാത്തുസൂക്ഷിക്കാനും നയിക്കാനും ഭരിക്കാനുമായി ഇന്നേ ദിവസം മുഴുവൻ എന്റെ കൂടെതന്നെ ഉണ്ടാകണമേ…
നില്ല്. ഈ പ്രാർത്ഥനക്ക് ഒരു രണ്ടാം ഭാഗം കൂടി ഉണ്ട്. അത് നമ്മൾ ഓർക്കാറുണ്ടോ? ചൊല്ലാറുണ്ടോ?
പാപക്കറ പുരളാതെ എന്നെ കാക്കണമേ. എന്റെ മരണനേരത്ത് എന്റെ സഹായകനായി കൂടെ ഉണ്ടായിരിക്കണേ…
ഒരു ദിവസം ഓക്ക്ലഹോമയിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിലേക്ക് എന്നെ വിളിപ്പിച്ചു. കോമയിൽ ആയിരിക്കുന്ന തന്റെ ഭർത്താവിന്റെ അടുത്തേക്ക് ആകെ വിഷമത്തിലുള്ള ഒരു സ്ത്രീ ആണ് എന്നെ വിളിച്ചത്. അവൾ പറഞ്ഞു, “ഫാദർ, എന്റെ ഭർത്താവ് മരിക്കാൻ പോവാണ്, ആൾടെ ആത്മാവ് നഷ്ടപ്പെടും ന്ന് എനിക്ക് നല്ല പേടിണ്ട്. ആളിപ്പോ കോമയിലാണ്. പള്ളിയിൽ പോവാതായിട്ട് കുറേ വർഷങ്ങളായി. മരിക്കും മുൻപ് ഒന്ന് കുമ്പസാരിച്ചേ പറ്റുള്ളൂ. ഫാദർന് ഇവ്ടെ വരെ വന്ന് ആളെ ഒന്ന് കാണാൻ പറ്റോ?”
ഞാൻ പറഞ്ഞു, “എനിക്ക് വരാൻ സന്തോഷേള്ളൂ. പക്ഷേ, ആളിപ്പോ കോമേൽ ആണെങ്കിൽ പിന്നെ, ഞാൻ എങ്ങനെ കുമ്പസാരിപ്പിക്കും ? എന്തായാലും ഞാൻ അവിടെ വരെ വരാം. വേണ്ടുന്നത് കൊടുക്കാം”. പക്ഷേ അവൾ പറഞ്ഞു കൊണ്ടിരുന്നു, “അയ്യോ ഫാദർ, ആൾക്ക് എങ്ങനേലും ഒന്ന് കുമ്പസാരിക്കാൻ പറ്റ്യെങ്കി..” എനിക്ക് അവർ രണ്ടുപേരോടും അലിവ് തോന്നി. ഹോസ്പിറ്റലിലേക്ക് പോകുന്ന വഴിക്ക് നന്മരണ മധ്യസ്ഥനായ യൗസേപ്പിതാവിനോട് ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ഹോസ്പിറ്റലിൽ എത്തിയ ഉടനെ ഞാൻ ആളുടെ റൂമിലേക്ക് തിടുക്കത്തിൽ ഓടി. കയറാനൊരുങ്ങിയപ്പോൾ ഒരു നഴ്‌സ് എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു, “എക്സ്ക്യൂസ് മി, അങ്ങോട്ട് പോവാൻ പറ്റില്ല. ആൾക്ക് മയങ്ങാനുള്ള ഹെവി ഡോസ് മരുന്ന് കൊടുത്തിട്ടുണ്ട്. ഫാദർന് ആളെ ഇപ്പോൾ എണീപ്പിക്കാൻ പറ്റില്ല “. ഞാൻ പറഞ്ഞു, “നന്ദി സിസ്റ്റർ, ഞാനൊരു കത്തോലിക്ക പുരോഹിതനാണ്. ആൾക്ക് അന്ത്യകൂദാശകൾ കൊടുക്കാൻ ഒന്ന് പറ്റിയാരുന്നെങ്കിൽ.. “ പക്ഷേ എന്നെ റൂമിൽ കയറ്റില്ലെന്ന് ആ നഴ്സ് തീർത്തുപറഞ്ഞു.
അങ്ങനെ ഞാൻ ആ റൂമിന് പുറത്തു നിന്നു, ആ നഴ്‌സ് അവിടെ നിന്ന് പോയിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു എന്നോർത്തുകൊണ്ട്. പെട്ടെന്ന് ഞാൻ പ്ലാൻ മാറ്റി. മരിക്കാറായ ആ മനുഷ്യന്റെ കാവൽ മാലാഖയോട് പ്രാർത്ഥിക്കാമെന്ന് വെച്ചു. ഞാൻ കാവൽ മാലാഖയോട് ഇങ്ങനെ പറഞ്ഞു, “ഈ മനുഷ്യനെ ഒന്നുണർത്തി തരുമോ? എങ്കിൽ എനിക്കൊന്ന് കുമ്പസാരിപ്പിക്കാമായിരുന്നു“. ആത്മീയ യുദ്ധങ്ങളിൽ തുണക്കായി നമ്മൾ പ്രാർത്ഥിക്കുന്ന മുഖ്യദൂതനായ മിഖായേൽ മാലാഖയോടും ഞാൻ കാര്യം പറഞ്ഞു, നമ്മുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ടു ചുറ്റിനടക്കുവാണല്ലോ.
മിഖായേൽ മാലാഖയോടുള്ള പ്രാർത്ഥന കൂടി കഴിഞ്ഞപ്പോൾ, ആ മനുഷ്യൻ ചുമക്കാനും ആഞ്ഞു ശ്വസിക്കാനും തുടങ്ങി. ഞാൻ നഴ്സിനോട് പറഞ്ഞു, “സിസ്റ്റർ, അയാൾ മയക്കത്തിൽ നിന്ന് എണീറ്റെന്ന് തോന്നുന്നു”. അവൾ പറഞ്ഞു, “അങ്ങനെ വരാൻ ഒരു സാധ്യതയുമില്ല. അത്ര ഡോസുള്ള മരുന്നാണ് കയറ്റിയിരിക്കുന്നത്”. അവൾ റൂമിലേക്ക് ഓടിക്കയറി അയാൾ ചുമക്കുന്നത് കണ്ടു. ഞാൻ ചോദിച്ചു, “ഞാൻ ഒന്ന് കയറികണ്ടോട്ടെ,?” “കയറിക്കോളൂ ഫാദർ” അങ്ങനെ പറഞ്ഞിട്ട് അവൾ റൂം വിട്ട് പുറത്തിറങ്ങി.
ചുമക്കുന്നതിനിടയിൽ അയാൾ കണ്ണ് തുറന്നു. എന്റെ റോമൻ കോളർ കണ്ടപ്പോൾ അയാളുടെ കണ്ണുകൾ വിടർന്നു. ഞാൻ പറഞ്ഞു, “ സർ, നിങ്ങളുടെ ഭാര്യയാണ് എന്നെ ഇങ്ങോട്ട് വിളിച്ചത്. താങ്കൾക്ക് ഒന്ന് കുമ്പസാരിക്കണമെന്ന് അവൾ പറഞ്ഞു”. ഞാൻ ക്രൂശിതരൂപം കാണിച്ചു കൊണ്ട് ആളെ ധൈര്യപ്പെടുത്തി. അയാൾ നല്ല ഒരു കുമ്പസാരം കഴിച്ച്, മനസ്താപപ്രകരണം ചൊല്ലി. അയാൾക്ക് പാപമോചനാശിർവ്വാദം കൊടുത്തിട്ട് ദിവ്യകാരുണ്യത്തിന്റെ ചെറിയൊരു ഭാഗം ഞാൻ വായിൽ വെച്ചു കൊടുത്തു. അയാൾ അത് സ്വീകരിച്ചു. അതെല്ലാം കഴിഞ്ഞതും പെട്ടെന്ന് തന്നെ അയാൾ വീണ്ടും കോമയിലേക്ക് പോയി. പിറ്റേ ദിവസം മരിക്കുകയും ചെയ്തു.
Angel of God, My guardian dear….”
എഴുതിയത്: Fr. ജോൺ റിസ്സോ
വിവർത്തനം: ജിൽസ ജോയ്


Leave a comment