വിശുദ്ധ പാദ്രേ പിയോയുടെ അടുത്ത് ധാരാളം ശുദ്ധീകരണാത്മാക്കൾ തങ്ങൾക്ക് വേണ്ടി വിശുദ്ധ കുർബ്ബാന അർപ്പിക്കണമേ എന്നാവശ്യപ്പെട്ട് വന്നിട്ടുള്ള സംഭവങ്ങൾ നമുക്കറിയാം. പണ്ടെന്നോ വായിച്ചു വിട്ട അതുപോലൊരു സംഭവം ഈയിടെ ഞാൻ വീണ്ടും വായിക്കാനിടയായി. നമ്മൾ കുറേ പേരൊക്കെ ശ്രദ്ധയില്ലാതെ ചെയ്യുന്ന ചില കാര്യങ്ങൾ!! അതിന്റെ impact!
ഒരു ദിവസം വിശുദ്ധൻ തനിയെ ചാപ്പലിൽ ഇരുന്നു പ്രാർത്ഥിക്കുമ്പോൾ ചില ശബ്ദങ്ങൾ കേട്ട് കണ്ണ് തുറന്നു നോക്കി. ഒരു യുവസന്യാസസഹോദരൻ അൾത്താരയിലെ മെഴുതിരിക്കാലുകൾ തുടക്കുന്നു, ഫ്ലവർ വേസ് ശരിക്ക് വെക്കുന്നു, വിശുദ്ധ കുർബ്ബാനയുടെ മുമ്പിൽ താണ് കുമ്പിട്ടു വണങ്ങുന്നു. അപ്പുറത്തെ സൈഡിലും ഇതേ പോലെ ചെയ്യുന്നു. ആചാരം ചെയ്ത് ഇങ്ങോട്ട് വരുന്നു. ഇത് തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
അത് പാദ്രേ ലിയോൺ ആണെന്ന് വിചാരിച്ചു പാദ്രേ പിയോ പറഞ്ഞു, “പാദ്രേ ലിയോൺ, പോയി അത്താഴം കഴിക്കൂ. ഇതല്ലല്ലോ ഇവിടം ക്‌ളീൻ ചെയ്യാനുള്ള സമയം”.
പക്ഷേ അയാൾ പറഞ്ഞു താൻ പാദ്രേ ലിയോൺ അല്ലെന്നും മുൻപ് അവിടെ നൊവീഷ്യേറ്റിൽ ഉണ്ടായിരുന്ന ഒരു സഹോദരൻ ആണെന്നും. നൊവീഷ്യേറ്റിൽ ആയിരുന്നപ്പോൾ അൾത്താര ക്രമീകരിക്കാനുള്ള ഡ്യൂട്ടി കിട്ടിയിരുന്ന ആ സഹോദരൻ, ഒട്ടും ആദരവില്ലാതെയാണ് സക്രാരിയിൽ ഈശോ എഴുന്നേള്ളി ഇരിക്കുന്നതിന്റെ മുൻപിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോയിരുന്നത്. സ്നേഹത്തോടെ നോക്കുകയോ വേണ്ടപോലെ വണങ്ങുകയോ ചെയ്തില്ല. ആ ശ്രദ്ധകുറവിന് അയാൾ ഇപ്പോൾ ശുദ്ധീകരണ സ്ഥലത്താണ്. കർത്താവ് തന്റെ അനന്തദയയാൽ അദ്ദേഹത്തിന്റെ സ്വർഗ്ഗപ്രാപ്തി ഒന്ന് വേഗത്തിലാക്കി തരാനായി വിശുദ്ധനോട് ചെന്ന് പറയാൻ അനുവദിച്ചതാണ്. പാദ്രേ പിയോ വിശുദ്ധ കുർബ്ബാനകൾ ചൊല്ലി ആ സഹോദരനെ ശുദ്ധീകരണ സ്ഥലത്തു നിന്ന് മോചിപ്പിക്കുകയുണ്ടായി.
ഇത് വായിച്ചപ്പോൾ എന്റെ ഉള്ളിൽ തോന്നിയ കാര്യം, നമ്മളെല്ലാം സക്രാരിയിൽ അല്ലെങ്കിൽ അരുളിക്കയിൽ എഴുന്നെള്ളിയിരിക്കുന്ന ഈശോക്ക് എത്ര ആദരവും സ്നേഹവും കൊടുക്കുന്നുണ്ട് എന്നുള്ളതാണ്. കടമ എന്നുള്ള പോലെ നമ്മൾ ചിലപ്പോൾ ഈശോക്ക് മുൻപിൽ ഇരിക്കുന്നുണ്ടാവും, ആചാരം ചെയ്യുന്നുണ്ടാവും, പക്ഷേ സ്നേഹത്തോടെ, അവൻ സത്യമായും മുൻപിൽ ഇരിക്കുന്നു എന്ന വ്യക്തമായ ബോധത്തോടെ ചെയ്യുന്നുണ്ടോ?
ദിവ്യബലി അർപ്പണത്തിനിടയിൽ, പ്രസംഗത്തിന്റെ സമയത്തായിക്കോട്ടേ, ഏതുമായിക്കോട്ടെ, ആരെങ്കിലും കൈ കെട്ടി നിൽക്കുന്ന കണ്ടാൽ എനിക്ക് ചെറിയ അസ്വസ്ഥതയാണ്. ഇത്രയും മാലാഖമാരാൽ, വിശുദ്ധരാൽ, സ്വർഗ്ഗവാസികളാൽ ചുറ്റപ്പെട്ട്, സ്തുതിക്കപ്പെട്ട്, പരിസേവിതനായി, തന്റെ അനന്തകാരുണ്യത്താൽ മനുഷ്യമക്കൾക്ക് മുന്നിൽ എഴുന്നേള്ളിയിരിക്കുന്ന, അപ്പത്തിന്റെ രൂപത്തിൽ സന്നിഹിതനായിരിക്കുന്ന, സർവ്വശക്തദൈവത്തിന് മുൻപിൽ കൈകെട്ടി നിൽക്കേണ്ടവരാണോ നമ്മൾ?
പരിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനായി പള്ളിയകത്തേക്ക് കയറുമ്പോഴേ, വാതിൽക്കൽ നിന്നെതന്നെ കാത്തുനിൽക്കുന്ന ഈശോയെ ഒരു സെക്കന്റ് കുമ്പിട്ടു നന്ദി പറയണം, ഗ്രീറ്റ് ചെയ്യണം, എന്ന് ഒരാത്മാവിനോട് ഈശോ വെളിപ്പെടുത്തിയിരുന്നു ( ചിലപ്പോൾ തിരക്കിൽ ഞാൻ മറക്കാറുണ്ട് ). കടമ എന്നതിന്റെ പേരിലാണ് നമ്മൾ തിരക്കിട്ട് ആചാരം ചെയ്യാറുള്ളതെങ്കിൽ, ഇനി സ്നേഹബഹുമാനത്തിന്റെ പേരിലാവാം അൾത്താരക്ക് മുൻപിലുള്ള വണങ്ങൽ. നമ്മെ അത്രയും സ്നേഹിക്കുന്ന ഒരാൾ അല്ലേ അവിടെ ഇരിക്കുന്നത്.
‘കൂടെ’ എന്ന സിനിമയിൽ നസ്രിയയുടെ ഒരു ഡയലോഗില്ലേ? നമ്മൾ എന്ത് ചെയ്യുന്നതും ഒന്നുകിൽ ഡ്യൂട്ടി, അല്ലെങ്കിൽ സ്നേഹം കൊണ്ട്. ചെയ്യണമല്ലോ എന്ന് വിചാരിച്ച് ചെയ്യുമ്പോൾ, അത് കടമ. പിന്നെ, അതിനോടുള്ള ഇഷ്ടോണ്ട്. ഇഷ്ടം കൊണ്ടാണെങ്കിൽ എല്ലാം സിംപിൾ ആണ്
….
അതിൽ സഹനമോ പിറുപിറുപ്പോ ബുദ്ധിമുട്ടോ പിന്നെ ഉണ്ടാവില്ല…. സ്നേഹം മാത്രം ![]()
ജിൽസ ജോയ് ![]()


Leave a comment