പ്രാർത്ഥിക്കുന്ന അമ്മ

നിങ്ങക്കറിയാം …ന്നാലും ഞാൻ പറയാം. മ്മടെ എവുപ്രാസ്യമ്മേടെ ജപമാലഭക്തിയെക്കുറിച്ചും അമ്മയുടെ ജപമാല പ്രാർത്ഥന മറ്റൊരു സിസ്റ്ററിന്റെ സമർപ്പിതജീവിതം തകരാതെ കാത്ത സംഭവത്തെ പറ്റിയും.

എവുപ്രാസ്യമ്മ ഒല്ലൂർ കോൺവെന്റ് ചാപ്പലിന്റെ ഒരു മൂലക്ക്, ഈശോയുടെ തിരുഹൃദയരൂപത്തിന്റെ മുൻപിൽ ഇങ്ങനെ ഇരിക്കുമ്പോൾ, മിക്കപ്പോഴും കയ്യിൽ നൂറ്റി അൻപത്തിമൂന്ന് മണി ജപമാലയുടെ മണികൾ ഉരുണ്ടുകൊണ്ടിരിക്കുന്നുണ്ടാവും. ഒരു മടുപ്പുമില്ലാതെ എത്ര നേരം വേണമെങ്കിലും കൊന്ത ചൊല്ലുന്ന അമ്മ, ആരെങ്കിലും അരികിലൂടെ പോയാൽ അവരെയും വിളിക്കും ‘വാ മോളേ കൊന്ത ചൊല്ലാം’ എന്നും പറഞ്ഞ്. പരിശുദ്ധ അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുന്ന പോലെയാകും ചിരിച്ചു കൊണ്ട് അമ്മയുടെ രൂപത്തിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നത്. എവുപ്രാസ്യമ്മയുടെ മുഖം അപ്പോൾ വളരെയേറെ പ്രകാശിച്ചിരുന്നു. മേനാച്ചേരി പിതാവിന് അമ്മ അനുസരണത്തെ പ്രതി എഴുതികൊടുത്ത കുറിപ്പുകളിൽ നിന്ന് നമുക്കറിയാമല്ലോ പിശാചുക്കളുടെ ഉപദ്രവങ്ങൾക്കും തീവ്രസഹനങ്ങൾക്കും ശേഷം പരിശുദ്ധ അമ്മ വന്ന് എവുപ്രാസ്യമ്മക്ക് വീശിക്കൊടുത്തിരുന്നെന്നും എത്ര ആശ്വസിപ്പിച്ചിരുന്നെന്നുമൊക്കെ. ശുദ്ധീകരണസ്ഥലത്തു നിന്ന് ആത്മാക്കളെ മോചിപ്പിക്കാനും, പാപികളുടെ അനുതാപത്തിനും ആത്മരക്ഷക്കും സഭക്ക് വേണ്ടി പ്രാർത്ഥിക്കാനും എല്ലാം അമ്മയുടെ ശക്തമായ ആയുധമായിരുന്നു ജപമാല.

ജപമാല പ്രാർത്ഥനയിലൂടെ നടന്ന അത്ഭുതം

എവുപ്രാസ്യമ്മ ഒരു ദിവസം ചാപ്പലിൽ ഒരു ചെറിയ ബെഞ്ചിൽ ഇരുന്ന് പതിവ് പോലെ പ്രാർത്ഥിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കരച്ചിൽ കേട്ടത്. നോക്കിയപ്പോൾ, അമ്മ മേൽനോട്ടം വഹിക്കുന്ന പുതുകന്യാസ്ത്രീകളിലൊരാൾ കയ്യിൽ കുറച്ചു തുണികളുമായി ഓടിവരുന്നു. അമ്മ സ്നേഹത്തോടെ അടുത്തുവിളിച്ചു കാര്യം ചോദിച്ചു. കയ്യിലെ വസ്ത്രം കാണിച്ച് കരച്ചിലിനിടയിലൂടെ അവൾ എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു, അവളോട് മഠത്തിൽ നിന്ന് പൊയ്ക്കോളാൻ പറഞ്ഞെന്നും ഉടുപ്പ് മാറ്റി ആ സാദാ വസ്ത്രം ധരിച്ച് പോകാൻ ആണ് പറഞ്ഞിരിക്കുന്നതെന്നും. അവൾക്കത് സഹിക്കാൻ പറ്റുന്നില്ല. വീട്ടിൽ നിന്ന് ആങ്ങളക്കൊപ്പം ഡോക്ടറും എത്തിയിട്ടുണ്ട്. അസുഖം മാറുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാത്തതിനാൽ ആണ് പറഞ്ഞു വിടുന്നത്.

അന്നനാളം ചുരുങ്ങുന്ന അവസ്ഥയായിരുന്നു സിസ്റ്റർ ഗാസ്പറിന്. ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നില്ല. ദ്രാവകരൂപത്തിലുള്ളത് മാത്രമേ കഴിക്കുന്നുള്ളു, അതും നന്നായി കഷ്ടപ്പെട്ട്. വീട്ടിൽ നിന്നും, മഠം വഴിയും ധാരാളം ചികിൽസിച്ചെങ്കിലും ഒട്ടും കുറയുന്നില്ല. ഒടുവിലാണ് മഠത്തിൽ നിന്ന് പറഞ്ഞുവിടാനുള്ള ഈ തീരുമാനം. ഈശോയോടും എവുപ്രാസ്യമ്മയോടും സങ്കടം പറയാനായി ഓടി വന്നതാണ് സിസ്റ്റർ.

“അമ്മേ, എന്നെ ഒന്ന് സഹായിക്കൂ, എനിക്ക് മഠത്തീന്ന് പോണ്ടാ “ അവൾ നിന്ന് കരഞ്ഞു. എവുപ്രാസ്യമ്മ പറഞ്ഞു, “തൽക്കാലത്തേക്ക് നീ ഒരു കാര്യം ചെയ്യ് മോളേ, പോയി സുപ്പീരിയേഴ്സിന് മുന്നിൽ മുട്ടുകുത്തി നിന്ന് പറയുക, ‘മദർ, ഒൻപത് ദിവസം കൂടി മഠത്തിൽ കഴിയാൻ എനിക്ക് അനുവാദം തരണേ. അത് കഴിഞ്ഞിട്ടും എനിക്ക് സുഖമായില്ലെങ്കിൽ, ഞാൻ വീട്ടിൽ നിന്ന് ആളെ വരുത്തി പൊയ്ക്കോളാം’. ചെല്ല് മോളേ”.

ഉത്കണ്ഠയുടെ നിമിഷങ്ങൾ. എവുപ്രാസ്യമ്മയുടെ കയ്യിൽ ജപമാലമണികൾ ഉരുണ്ടുകൊണ്ടിരുന്നു. അവിടെ എല്ലാവരും സിസ്റ്റർ ഗാസ്പർ പോകുന്നത് നോക്കി കാത്തുനിൽക്കുന്നു. ചിന്തിക്കാൻ സമയമില്ല. തനിയെ പോയി പറയാൻ ധൈര്യമില്ലാത്തത് കൊണ്ട് ആ പുതുകന്യാസ്ത്രീ കുമ്പസാരക്കൂട്ടിലേക്കോടി. അവിടെ കുമ്പസാരിപ്പിച്ചിരുന്ന ഫാദർ ലൂയിസ് CMI യോട് കാര്യങ്ങൾ പറഞ്ഞ് അച്ചനെക്കൊണ്ട് അവളുടെ മേലധികാരികളോട് പറയിച്ചു. അത്ര സ്വീകാര്യമായിരുന്നില്ലെങ്കിലും, ഒൻപത് ദിവസത്തേക്ക് കൂടി നോക്കാമെന്ന് അവർ ഒരുവിധത്തിൽ സമ്മതിച്ചു. അങ്ങനെ അവളുടെ ആങ്ങളയും മറ്റുള്ളവരും തിരിച്ചുപോയി.

എവുപ്രാസ്യമ്മയുടെ അടുത്തേക്ക് ആ നോവിസ് തിരിച്ചുപോയി. അവൾക്ക് അമ്മ ഒരു ഒറ്റമൂലി നിർദ്ദേശിച്ചു. “മോളേ, ഒൻപത് ദിവസം നീ ഒൻപത് ജപമാല വീതം ചൊല്ലണം. ഒരെണ്ണം ഞാനും നിന്റെ കൂടെ ഇവിടെ ചാപ്പലിൽ ചൊല്ലാം. പരിശുദ്ധ അമ്മയോട് മുട്ടിപ്പായി പ്രാർത്ഥിക്കുക. നിന്റെ അസുഖം ഭേദാവും. മരണം വരെ നീ ദൈവത്തെ മഹത്വപ്പെടുത്തി, കുഞ്ഞു കുഞ്ഞു ജോലികൾ ചെയ്ത്, ഈ കോൺവെന്റിൽ തന്നെ കഴിയും. കേട്ടോ“.

അമ്മ പറഞ്ഞത് പോലെ സിസ്റ്റർ ഗാസ്പർ ചെയ്തു. ഓരോ ദിവസവും എവുപ്രാസ്യമ്മ അവളോട് കാര്യങ്ങൾ അന്വേഷിച്ചു. നാലാം ദിവസം അവൾക്ക് കുഴപ്പമില്ലാതെ കഞ്ഞി കുടിക്കാൻ പറ്റി. അടുത്ത ദിവസം മുതൽ ചോറും കറികളും കൂട്ടി കഴിച്ചു. എട്ടാം ദിവസം ആയപ്പോഴേക്കും പൂർണ്ണ സുഖമായി. ഒൻപതാം ദിവസം ഡോക്ടറെ കൂട്ടി വീട്ടിൽ നിന്ന് ആള് വന്നു. പരിശോധിച്ച ഡോക്ടർ പറഞ്ഞു അസുഖത്തിന്റെ യാതൊരു ഭക്ഷണവും ഇപ്പോഴില്ലെന്ന്. എല്ലാവർക്കും സന്തോഷമായി.

‘പ്രാർത്ഥിക്കുന്ന അമ്മ’ എന്ന് വിളിപ്പേരുണ്ടായിരുന്ന എവുപ്രാസ്യമ്മയുടെ മാതൃകയും ജീവിതത്തിലെ ഈ ഏടും ഈ ജപമാല മാസത്തിൽ നമുക്ക് ഒരു ചൂണ്ടുപലക ആവട്ടെ. ദൈവസ്നേഹത്തിലും വിശുദ്ധിയിലും എപ്പോഴും ആയിരിക്കാൻ അമ്മ ഉപയോഗിച്ചിരുന്ന ആയുധങ്ങളിൽ ഒന്നായ ആ ജപമണികൾ നമ്മുടേയും സന്തതസഹചാരി ആവട്ടെ.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment