കുമ്പസാരക്കൂട്: മഹാദൈവകരുണയുടെ ഭൗമിക സിംഹാസനം (On Confession and its Nuances)
“അവിടുന്നു പ്രകാശത്തിലായിരിക്കുന്നതുപോലെ, നമ്മളും പ്രകാശത്തില്‍ സഞ്ചരിക്കുന്നെങ്കില്‍ നമുക്കു പരസ്‌പരം കൂട്ടായ്‌മയുണ്ടാകും. അവിടുത്തെ പുത്രനായ യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലും നിന്നു നമ്മെ ശുദ്ധീകരിക്കുന്നു.
നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്‌മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.
എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്‌തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്‌ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്‌ധീകരിക്കുകയും ചെയ്യും.”
(1 യോഹന്നാന്‍ 1 : 7-9)
പരിശുദ്ധകുമ്പസാരം എന്ന കരുണയുടെ കൂദാശ ഒരുവനെ മാമോദീസയുടെ ആദ്യസ്നേഹത്തിലേയ്ക്ക് നയിക്കുന്നു. പാപഭാരത്തെ കുറിച്ചുള്ള രക്ഷാകരമായ ആന്തരികവ്യാകുലത്തിൽ മുഴുകി കുമ്പസാരിക്കണം എന്ന് ഹൃദയത്തിൽ തോന്നുന്ന നിമിഷം പരിശുദ്ധാത്മാവിന്റെ അഭിഷേകം ആ വ്യക്തിയിൽ ഉണ്ടാകുന്നു. ഒരുക്കത്തോടെ കുമ്പസാരിക്കാൻ പരിശുദ്ധാത്മാവ് ഒരുവനെ സഹായിക്കുന്നു.
അനുതാപത്തോടെയുള്ള കുമ്പസാരത്തിൽ ദൈവപിതാവിന്റെ സ്നേഹത്തിലേയ്ക്കും നിത്യജീവനിലേയ്ക്കും തിരികെ നടക്കുന്ന ആത്മാവിനെ വെടിപ്പാക്കിയ മാമോദീസ വസ്ത്രം തിരികെ ഇടുവിക്കുന്നു. മാമോദീസ നൽകുന്ന സ്വർഗീയ അവകാശങ്ങൾ തിരികെ നൽകുന്നു. ഈശോയുടെ യോഗ്യതകളാൽ പാപം പൂർണമായി ക്ഷമിക്കപ്പെട്ടു ദൈവകരുണയാൽ സ്വർഗത്തിൽ പ്രവേശിക്കത്തക്ക ആന്തരിക പരിശുദ്ധിയിൽ ആത്മാവ് നീതീകരിക്കപ്പെടുന്നു.
“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”
(യോഹന്നാന്‍ 8 : 32)
“പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?”
(യോഹന്നാന്‍ 18 : 38)
അത് ഈശോയാണ്.
“യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്”.
(യോഹന്നാന്‍ 14 : 6)
സത്യത്തിലേയ്ക്കുള്ള ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു തിരിച്ചു നടക്കൽ ആണ് കുമ്പസാരം.
പാപം തന്നെ വലിയൊരു നുണയാണ്. പിശാചിനാൽ നുണകളിൽ നിന്നും നുണകളിലേയ്ക്കും നിത്യമരണത്തിലേക്കും നയിക്കപ്പെടുന്നതാണ്.
“അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചു തന്നെയാണ് അവന്‍ സംസാരിക്കുന്നത്. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്.”
(യോഹന്നാന്‍ 8 : 44)
പാപത്തിൽ ആയിരിക്കുമ്പോൾ തന്റെ കുരിശുമരണവും പീഡസഹനവും കൊണ്ട് ഈശോ നേടിത്തന്ന ദൈവമക്കളുടെ സ്ഥാനത്തു നിന്നു മരണത്തിന്റെ താഴ്‌വരയിലേയ്ക്ക് നാം വഴി മാറി സഞ്ചരിക്കുന്നു.
പാപജീവിതം ശക്തിയും സുഖവും സമ്പത്തുമൊക്കെ തരുന്നു എന്നും വൃഥാ തോന്നും. എന്നാൽ യാഥാർഥ്യം നേരെ മറിച്ചാണ്.
നമ്മുടെ ശരീരത്തിൽ രക്തപര്യയന വ്യവസ്ഥയുണ്ട്. ഹൃദയം പമ്പ് ചെയ്യുന്ന ഓക്സിജൻ കലർന്ന ശുദ്ധരക്തം ധമനികൾ വഴി ശരീരത്തിന്റെ നാനാഭാഗങ്ങളിലും മറ്റ് പോഷണങ്ങളും ഏന്തി എത്തുന്നു. അതാതു ഭാഗത്തെ മാലിന്യങ്ങൾ ശേഖരിച്ചു രക്തം സിരകളിൽ കൂടി തിരിച്ചൊഴുകി ഹൃദയത്തിൽ എത്തി ശ്വാസകോശങ്ങളിൽ നിന്നും ഓക്സിജൻ സ്വീകരിച്ചു ശുദ്ധീകരിക്കപ്പെട്ടു ശ്വാസകോശസിര വഴി ഹൃദയത്തിൽ എത്തി വീണ്ടും രക്തപര്യയനം തുടരുന്നു.
ഇത് പോലെ മനുഷ്യശരീരത്തിൽ ദൈവിക കൃപകളുടെ പോഷണം എല്ലായിടത്തും എത്തിച്ചു ഒരുവനെ എല്ലായ്‌പോഴും ആത്മീയമായി പരിപോഷിപ്പിക്കുന്ന സ്നേഹപര്യയന വ്യവസ്ഥയും ഉണ്ടല്ലോ ഞാൻ ഓർക്കാറുണ്ട്.
മാമോദീസ വഴി പരിശുദ്ധ കുർബാനയിൽ അവിടുത്തെ സ്വീകരിക്കുന്ന നാം മിശിഹായെ ധരിച്ചു മിശിഹായുടേത് ആയി അവിടുന്നു ആദ്യമനുഷ്യനെ സൃഷ്ടിച്ച സമയത്തെക്കാളും കൃപയിലും സ്നേഹത്തിലും ആയിരിക്കുന്നു. പരിശുദ്ധ കുർബാന ഒരാൾ സ്വീകരിക്കുമ്പോൾ വിമലഹൃദയപ്രതിഷ്‌ഠയിൽ എന്നത് പോലെ പരിപൂർണമായ ഒരു ഹൃദയകൈമാറ്റം നടക്കുന്നു.
പിന്നെ ആ മനുഷ്യ ശരീരത്തിൽ ഒഴുകുന്നത് ഈശോയുടെ തിരുരക്തമാണ്.
ഏറ്റവും ഉന്നതമായ ശുദ്ധീകരിക്കുന്ന ദൈവസ്നേഹ പ്രവാഹം.
പ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കുമ്പോൾ ദൈവമക്കളുടെ പ്രകാശിതമായ അവസ്ഥയിൽ നിത്യ സൂര്യനായ ഈശോയുമായി മുഴുവനായും ഒന്നായി ഒരുവൻ അനുദിനവ്യാപാരങ്ങളിൽ മുഴുകുന്നു.
ഓ! ആഴമായ ദിവ്യകാരുണ്യത്തിന്റെ സ്നേഹാനുഭവം!
സൃഷ്ടാവായ ദൈവവുമായി ഒന്നായ അവസ്ഥ!
ഇതിനെ കുറിച്ച് ആര് ധ്യാനിക്കുന്നു!
ഈ ഒരു ദിവ്യകാരുണ്യത്തിന്റെ അനുഭവത്തിൽ നിന്നു അശ്രദ്ധമായോ മനഃപൂർവമോ ചെയ്യുന്ന പാപത്തിന് അല്ലാതെ ഒരുവനെ വേർപിരിക്കാൻ സാധ്യമല്ല എന്നിരിക്കെ നാം പരിശുദ്ധ കുർബാന സ്വീകരണം കഴിഞ്ഞു എത്രയോ ശ്രദ്ധാലുവായി നടക്കണം.
എന്താണ് പാപം?
ദൈവത്തിന്റെ സ്നേഹം നിരസിക്കുന്നതാണ് പാപം എന്ന് നാം പണ്ട് പഠിച്ചിട്ടുണ്ട്
എങ്ങനെയാണ് ദൈവത്തിന്റെ സ്നേഹം നാം നിരസിക്കുന്നത്?
ഏറ്റവും സ്നേഹവാനായ ഈശോ നമ്മുടെ ആത്മാവിൽ നമ്മുടെ ഉടമസ്ഥനും യജമാനനും സ്നേഹിതനും പ്രാണനും ദിവ്യകാരുണ്യവുമായി പരിശുദ്ധ കുർബാനയ്ക്കൊടുവിൽ നമ്മിൽ എഴുന്നള്ളി വന്നതിനു ശേഷം എത്ര നേരം നാം അവിടുത്തെ അതേ പ്രാധാന്യത്തിലും സ്നേഹത്തിലും ഓർക്കുന്നുണ്ട്!
നമ്മുടെ വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാൾ വീട്ടുകാരനായി താമസിക്കാൻ വന്നാൽ ആ വ്യക്തി നമ്മുടെ വീട്ടിൽ ഉണ്ടെന്നുള്ള ബോധം നമുക്ക് എപ്പോഴും ഉണ്ടാകും.
ആ വ്യക്തിയെ സ്വീകരിക്കാൻ നേരം നാം എടുത്ത തയാറെടുപ്പുകൾ ഒന്നും മാറ്റിക്കളയാതെ കൂടുതൽ നന്നായി വീട് വൃത്തിയാക്കി അലങ്കരിക്കാനും നമുക്കാവും വിധം കൂടുതൽ വിഭവങ്ങൾ സജ്ജമാക്കാനും എപ്പോഴും ആ വ്യക്തിയുടെ ആവശ്യങ്ങൾക്ക് വേണ്ടി അവിടെത്തന്നെ ഉണ്ടാവാനും നാം ശ്രദ്ധിക്കും.
ഒരാളെ വീട്ടിൽ സ്വീകരിക്കുമ്പോൾ നാം നമുക്കിഷ്‌ടമുള്ളത് തയ്യാറാക്കുന്നു. അയാൾ വീട്ടിൽ താമസിക്കുമ്പോൾ അയാളുടെ ഇഷ്ടം നാം പരിഗണിക്കുന്നു.
ഇത് പോലെ ഒരുക്കത്തോടെയുള്ള ദിവ്യകാരുണ്യ സ്വീകരണത്തിൽ ഈശോ പരിശുദ്ധ കുർബാനയായി യഥാർത്ഥ വ്യക്തിയായി നമ്മിൽ വരുന്ന നിമിഷം മുതൽ നമ്മിൽ അവിടുത്തെ സ്നേഹപര്യയനം പുനരാരംഭിക്കുന്നു.
ദിവ്യകാരുണ്യ ഈശോ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായി മാറുന്നു.
പരിശുദ്ധ കുർബാന കഴിഞ്ഞു ദൈവാലയത്തിൽ നിന്നിറങ്ങുമ്പോൾ മുതൽ ഈശോ ഹൃദയത്തിൽ ഉണ്ടെന്നു ഓർക്കാനുള്ള എളുപ്പ വഴി അവിടുത്തോട് സംസാരിച്ചു തുടങ്ങുക എന്നതാണ്.
നമ്മുടെ എല്ലാകാര്യങ്ങളും അവിടുത്തേയ്ക്ക് അറിവുള്ള കാര്യം ആണെങ്കിലും മനസിൽ വരുന്നതൊക്കെയും അവിടുത്തോട് ഹൃദയത്തിൽ സംസാരിക്കണം.
ഓരോ പരിശുദ്ധ കുർബാനസ്വീകരണത്തിലും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കായി പ്രാർത്ഥിക്കണം, കാരണം ഈ ഒന്നാകലിന് ആണ് അവർ നിശ്ചിത സമയത്തോളം കാത്തിരിക്കുന്നത്.
ഒരു വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളിൽ വരനോട് വധു എന്താവശ്യപ്പെട്ടാലും അത് സാധിച്ചു കിട്ടുമല്ലോ.
അപ്പോൾ നിത്യ വരനായ ഈശോയോട് ദിവ്യകാരുണ്യത്തിന്റെ ഒന്നാകലിന്റെ നിമിഷങ്ങളിലും അത് കഴിഞ്ഞും വധുവായ ആത്മാവ് എന്താവശ്യപ്പെട്ടാലും അവിടുന്ന് സ്നേഹത്തോടെ അത് സാധിച്ചു തരുമല്ലോ.
നമ്മുടെ കാര്യങ്ങൾ പൂർണമായും അവിടുന്ന് നോക്കുമെന്നതിനാൽ ആ സ്നേഹത്തിന്റെ ഉറപ്പിന്മേൽ മറ്റുള്ളവർക്കായി നാം പ്രാർത്ഥിക്കണം
ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കായി, പ്രത്യേകിച്ച് ആരും പ്രാർത്ഥിക്കാൻ ഇല്ലാത്തവർക്കായി
വീട്ടിൽ ഉള്ളവർക്കായി, പ്രത്യേകിച്ച് ദൈവസ്നേഹത്തിന്റെ ബോധ്യം ഇല്ലാത്തവർക്കായി
ദേശത്തു ഉള്ളവർക്കായി, ഒന്നാകലിന്റെ ഐക്യവും സഹോദര്യവും ഇല്ലാത്തവർക്കായി
വസിക്കുന്ന രാജ്യത്തിനായി
ഭൂമുഖം മുഴുവനും ദിവ്യകാരുണ്യത്തിന്റെ സ്നേഹതീജ്വാലകൾ ഉയർന്ന് എല്ലാവരും അവിടുത്തെ സ്നേഹത്തിൽ വസിക്കുവാൻ വേണ്ടി.
തിരുസഭയ്ക്ക് വേണ്ടി…
പരിശുദ്ധ കുർബാനയിൽ ദിവ്യകാരുണ്യം സ്നേഹത്തോടെയും പരിപൂർണ വിശ്വാസത്തോടെയും ഉയർത്തുവാനും അവിടുത്തെ മാറിൽ ചാരിയിരുന്നു യോഹന്നാനെ പോലെ സ്നേഹിക്കുവാനും അനേകം വൈദികരുണ്ടാകുന്നതിനു അനേകം ദൈവവിളികൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കാം
കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെഅറിയുന്നില്ല; കാരണം, അത് അവിടുത്തെ അറിഞ്ഞിട്ടില്ല.
1 യോഹന്നാന്‍ 3 : 1
ദൈവവിളിയുടെ മഹോന്നതമായ അവസ്ഥ ലോകത്തിനു അറിയില്ല.
ലോകം മുഴുവനും ക്രിസ്തുവിനെ പ്രതി ഉപേക്ഷിക്കുന്നതിന്റെ മനോഹാരിത മരണത്തിനപ്പുറം കാഴ്ച എത്താത്ത ലോകത്തിനു എങ്ങനെ മനസിലാകും.?
ഈശോയുടെ രാജ്യം ഐഹികമല്ലല്ലോ.
കുടുംബങ്ങൾ ദൈവസ്നേഹത്തിൽ വേര് പാകാൻ വേണ്ടി പ്രാർത്ഥിക്കാം
കൂട്ടുകാർക്ക്, പ്രിയപ്പെട്ടവർക്ക്, നമ്മുടെ മുന്നിൽ ഓരോ ദിവസവും വരുന്ന വാർത്തയിലെ ആളുകൾക്ക് ഒക്കെയും വേണ്ടി ഈശോയോട് സംസാരിക്കാം.
അവയിൽ ഒക്കെ ഇടപെടണമേ ഈശോയെ എന്ന്.
ശരിക്കും പരിശുദ്ധ കുർബാന സ്വീകരിച്ചു കഴിഞ്ഞാൽ ഈശോയോട് ഈ വിധത്തിൽ ഹൃദയത്തിൽ സംസാരിക്കുന്നതിൽ നിന്നു ആർക്ക് നമ്മെ തടയുവാൻ കഴിയും?
പറഞ്ഞു വന്നത് ആത്മാവിന്റെ സ്നേഹപര്യയനത്തെ കുറിച്ച് ആയിരുന്നു.
ആത്മാവിന്റെ ഓരോ കോണിലും നിർബാധം ഒഴുകുന്ന ദൈവസ്നേഹത്തിന്റെ നിറവിൽ ഒരാത്മാവ് പൂരിതമായിരിക്കുന്ന അവസ്ഥയാണ് പ്രസാദവരം.
ദിവ്യകാരുണ്യ സ്വീകരണ നിമിഷം മുതൽ ഈശോയുടെ നിരന്തര സാന്നിധ്യത്തെ കുറിച്ചും യഥാർത്ഥമായ സൗഹൃദത്തെ കുറിച്ചും നമ്മോടുള്ള ഇടപെടലിനെ കുറിച്ചും പരിശുദ്ധാത്മാവു തന്നെ ആത്മാവിൽ ബോധ്യം നൽകുകയും നിരന്തരം ഓർമപ്പെടുത്തുകയും ചെയ്തില്ലെങ്കിൽ നിസാരരായ നമ്മൾ പെട്ടെന്ന് തന്നെ അവിടുത്തെ മറന്നു പോകും
ദൈവാലയത്തിൽ നിന്നും ലോകത്തിലേയ്ക്ക് തിരിച്ചു പോകുമ്പോൾ പുതിയ കാര്യങ്ങളും പുതിയ പ്രശ്നങ്ങളും നാമറിയാതെ ഹൃദയത്തിലേയ്ക്ക് വരികയും ഹൃദയത്തിൽ വാഴുന്ന ഈശോയെക്കുറിച്ചുള്ള ഓർമ്മ പതിയെ മങ്ങി പോവുകയും അറിയാതെ ഹൃദയത്തിൽ ലോകകാര്യങ്ങൾ നിറയുകയും ചെയ്യും
എന്നാൽ ലോകത്തിൽ നമുക്കുള്ളവരെ നാം മറക്കാറില്ല, അവരുടെ കാര്യങ്ങളും മറക്കാറില്ല.
ഇങ്ങനെ നോക്കുമ്പോൾ ഈശോയുടെ സ്ഥാനം നമ്മുടെ ജീവിതത്തിൽ ഒന്നാമതായാൽ, ഈശോ എല്ലാത്തിലും ഉപരി നമ്മുടെ പ്രിയപ്പെട്ടവനായാൽ ഈശോയെ മറക്കുന്നത് എങ്ങനെ!
അങ്ങനെ ഈശോയെ എന്നൊന്ന് സ്നേഹത്തോടെ വിളിക്കണമെങ്കിലും പരിശുദ്ധാത്മാവ് നമ്മെ സഹായിക്കണം.
രക്തപര്യയനം നടക്കുമ്പോൾ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടായാൽ ആ ഭാഗത്തേയ്ക്കുള്ള രക്ത പ്രവാഹം തടസപ്പെടും.
ആ ഭാഗത്തേയ്ക്കുള്ള കോശങ്ങളിൽ പോഷണം കിട്ടാതെ, അവിടങ്ങളിലെ മാലിന്യം നീക്കം ചെയ്യപ്പെടാതെ കോശങ്ങൾ സാവകാശം മരവിക്കുന്നു, ആ ശരീരഭാഗം ജീവനറ്റതാകുന്നു.
എന്നാൽ തുടക്കത്തിലേ അതിന്റെ ലക്ഷണങ്ങൾ കണ്ടു ഹോസ്പിറ്റലിൽ പോയി കൃത്യമായ ചികിത്സ നൽകിയാൽ ഏറെക്കുറെ ശരീര സൗഖ്യം നേടിയെടുക്കാൻ സാധിക്കും.
എന്നാൽ ശരീരം നൽകുന്ന രോഗലക്ഷണങ്ങൾ അവഗണിച്ചാൽ ഒരു പക്ഷെ മരണം വരെ സംഭവിച്ചു എന്നിരിക്കും.
പാപം ചെയ്യുമ്പോൾ ആത്മാവിൽ ഈശോയുടെ സ്നേഹത്തിന്റെ സുഗമമായ ഒഴുക്ക് നിലയ്ക്കുന്നു. ആത്മാവിന്റെ നിലനിൽപ് തന്നെ സ്നേഹമാണ്. പാപം മൂലം ആത്മാവിൽ സ്നേഹത്തിന്റെ കുറവ് അനുഭവപ്പെടുമ്പോൾ ആത്മാവിൽ അതൊരു തരം ആത്മ മരവിപ്പ്, ഉദാസീനത ഒക്കെ ഉളവാക്കുന്നു.
ചെറിയ പാപങ്ങൾ അഥവാ ലഘു പാപങ്ങൾ പോലും ആത്മാവിന്റെ പരിശുദ്ധിയിൽ കറകളും ചുളിവുകളും ഉണ്ടാക്കുന്നു.
എന്നാൽ നമ്മിൽ തന്നെ സ്നേഹക്കുറവ് അനുഭവപ്പെടുമ്പോൾ ആത്മശോധന ചെയ്യണം.
എവിടെയാണ് പരിശുദ്ധാത്മാവേ, ഈശോയെ സ്വീകരിക്കാനുള്ള ഒരുക്കത്തിൽ എനിക്ക് കുറവ് വന്നത്.
ചിലപ്പോൾ നമ്മൾ അറിയാതെ പറഞ്ഞ ഒരു വാക്ക് ആകാം.
ചിലപ്പോൾ ചെയ്യാമായിരുന്നിട്ടും ചെയ്യാതെ ഇരുന്ന ഒരു നന്മ പ്രവൃത്തി ആകാം
പൂർണമായും ക്ഷമിക്കാതെ വിട്ടു പോയ ഒരു കാര്യം ആകാം.
എന്നോടൊരിക്കൽ ഒരു വന്ദ്യ വൈദികൻ പറഞ്ഞു.
ഞാൻ ആദ്യം ആത്മ ശോധന ചെയ്യേണ്ടത് എന്റെ എല്ലാക്കാര്യങ്ങളിലും കുറവില്ലാതെ പരിപാലിക്കുന്ന സ്നേഹദൈവത്തിനു എന്റെ കഴിഞ്ഞ കാല ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളെ പ്രതി ഞാൻ നന്ദി പറഞ്ഞോ എന്നുള്ളതാണെന്ന്?
ഞാൻ ഓർത്തപ്പോൾ അതും ശരിയാണ്.
എത്രയോ ദിവസങ്ങളിൽ അവിടുത്തേയ്ക്ക് നന്ദി പറയുക പോയിട്ട് ജീവിതവ്യഗ്രതയിൽ അവിടുത്തെ ഓർക്കാതെ പോലും ഇരുന്നിട്ടുണ്ട്.
ദൈവത്തെ സ്തുതിക്കേണ്ട അവിടുത്തോടൊന്നിച്ചു സ്നേഹത്തിൽ ആയിരിക്കേണ്ട എത്രയോ സമയം അലസമായി ഞാൻ കളഞ്ഞിരിക്കുന്നു!
ഭൂമിയിൽ ആയിരിക്കുന്ന ചുരുങ്ങിയ ദിവസങ്ങളിൽ എന്റെ പിതാവിന്റെ കാര്യത്തിൽ ഈശോയെ പോലെ ഞാനും വ്യാപൃതയാകേണ്ടതല്ലേ!
ഒരു ജഡ്ജി ഓരോ കേസും പരിശോധിക്കുന്നത് പോലെ സ്വന്തം ആത്മാവിനെ നിരന്തരം നിശിതമായി കർശനമായി ഓരോരുത്തരും പരിശോധിക്കണം.
കാരണം പൂർണമനസോടെ അനുതപിച്ചു ഏറ്റു പറഞ്ഞ കാര്യങ്ങളിൽ നാം വിധിക്കപ്പെടുകയില്ലല്ലോ!
പത്തു കല്പനകൾ ഓരോന്നും ഓർത്തു എന്തെങ്കിലും അതിൽ കുറവു വരുത്തിയോ എന്ന് നോക്കണം.
പത്തു കൽപനകൾ:
1.നിന്റെ കർത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2.ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുത്.
3.കർത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4.മാതാപിതാക്കൻമാരെ ബഹുമാനിക്കണം.
5.കൊല്ലരുത്.
6.വ്യഭിചാരം ചെയ്യരുത്.
7.മോഷ്ടിക്കരുത്.
8.കള്ളസാക്ഷി പറയരുത്.
9.അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10.അന്യന്റെ വസ്തുക്കൾ മോഹിക്കരുത്.
ഈ പത്തു കല്പനകൾ രണ്ടു കല്പനകളിൽ സംഗ്രഹിക്കാം.
1.എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം.
2.തന്നെപ്പോലെ മറ്റുള്ളവരേയും സ്നേഹിക്കണം.
തിരുസഭയുടെ കല്പനകളിലൂടെ ജീവിതം പരിശോധിക്കണം
തിരുസഭയുടെ കല്പനകൾ:
1) ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവൻ കുർബാനയിൽ പങ്കുകൊള്ളണം. ആ ദിവസങ്ങളിൽ വിലക്കപ്പെട്ട വേലകൾ ചെയ്യരുത്.
2) ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്ത് പരിശുദ്ധകുർബാന ഉൾക്കൊള്ളുകയും ചെയ്യണം.
3) നിശ്ചയിക്കപ്പെട്ട ദിവസങ്ങളിൽ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങൾ വർജ്ജിക്കുകയും ചെയ്യണം.
4) വിലക്കപ്പെട്ട കാലത്ത് വിവാഹം ആഘോഷിക്കുകയോ തിരുസഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
5) ദൈവാലയത്തിനും ദൈവശുശ്രൂഷകർക്കും വൈദികാദ്ധ്യക്ഷൻ നിശ്ചയിച്ചിട്ടുള്ള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
ഇത് കൂടാതെ നമ്മുടെ ജീവിതത്തിലൂടെ ശ്രദ്ധാപൂർവ്വം ദൈവസ്നേഹത്തിന്റെ വെളിച്ചത്തിൽ കണ്ണോടിക്കണം.
ആത്മാർത്ഥമായ ആഗ്രഹത്തോടെ പരിശുദ്ധ കുമ്പസാരത്തിനു അണയാൻ ഒരുങ്ങുന്നവരെ പരിശുദ്ധാത്മാവ് തന്നെ ഉറപ്പായും സഹായിക്കും.
തനതായ എന്നാൽ പൂർണമായും ഫലപ്രദമായ രീതിയിൽ ഒരു കുമ്പസാരത്തിനു ഒരുങ്ങാൻ അവിടുന്ന് ഇടവരുത്തും.
അനുതാപത്തോടെ നാം ഏറ്റു പറയുന്ന എല്ലാപാപങ്ങളും ക്ഷമിക്കുമെന്നിരിക്കെ എന്തിനാണ് നാം നിത്യതയിലേയ്ക്ക് ചില പാപങ്ങളുടെ കടം വീട്ടുന്ന കാര്യം അശ്രദ്ധമായി മാറ്റി വയ്ക്കുന്നത്!
ഈശോയെ കൂടുതൽ ആത്മാവിൽ അറിയും തോറും അവിടുത്തെ സ്നേഹത്തിന്റെ പ്രകാശത്തിൽ നമ്മെ തന്നെ കാണാൻ എളുപ്പമാണ്
ഒരു കുമ്പസാരം നല്ല ഒരുക്കത്തോടെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ചെയ്യാൻ സാധിച്ചാൽ ആത്മാവിൽ വലിയ ആശ്വാസവും സന്തോഷവും ലഭിയ്ക്കും.
കാരണം നല്ല കുമ്പസാരം എന്നാൽ പ്രാർത്ഥിച്ചു സമയമെടുത്തു നന്നായി ഒരുങ്ങി ഇനിയും കുമ്പസാരത്തിൽ പറയാത്തതോ പറയാൻ മറന്നു പോയതോ ആയ പാപങ്ങൾ ഓരോന്നായി ഓർത്തെടുത്തു ചെറുതും വലുതുമായ പാപങ്ങളെ കുറിച്ച് പശ്ചാത്തപിച്ചു ഇനി മേലിൽ ഒരു പാപം പോലും ചെയ്യില്ല എന്നുള്ള തീരുമാനമെടുത്തു, കുമ്പസാരിച്ചു പാപമോചനം സ്വീകരിക്കുന്നതാണ്.
ധ്യാനങ്ങളിലും മറ്റും പങ്കെടുക്കുമ്പോൾ ഇങ്ങനെ സമയമെടുത്തു ഒരുങ്ങി കുമ്പസാരിക്കാൻ അവസരം കിട്ടാറുണ്ട്.
നല്ല കുമ്പസാരം നടത്തി ജ്ഞാനസ്‌നാനപരിശുദ്ധിയിൽ, പ്രസാദവരത്തിൽ ആയിരിക്കുന്ന ഒരാത്മാവിലേയ്ക്ക് ചൊരിയപ്പെടുന്ന ദൈവകരുണയുടെയും സ്നേഹത്തിന്റെയും പ്രവാഹം എത്രയോ അധികം!
കരുണയോടെ സംസാരിക്കുവാനും ആത്മാവിന്റെ ഭയം അകറ്റി ആശ്വസിപ്പിക്കുവാനും കുമ്പസാരക്കൂട്ടിൽ ഇരിക്കുന്ന വൈദികർക്ക് സാധിക്കുമല്ലോ.
നാം കുമ്പസാരത്തിനു ഒരുങ്ങുമ്പോഴും കുമ്പസാരിക്കാൻ പോകുമ്പോഴും കുമ്പസാരിപ്പിക്കുവാൻ പോകുന്ന വൈദികൻ ആരുമായിക്കൊള്ളട്ടെ അദ്ദേഹത്തിന് വേണ്ടി ഈശോയുടെ നാമത്തിൽ പ്രാർത്ഥിക്കണം. കാരണം കുമ്പസാരക്കൂട്ടിൽ ഈശോയുടെ അധരങ്ങൾ സംസാരിക്കുന്നത് ഈ വൈദികനിലൂടെയാണല്ലോ.
ആരോടെങ്കിലും ക്ഷമിക്കുവാൻ ഉണ്ടെങ്കിൽ ക്ഷമിക്കണം. ക്ഷമിച്ചാൽ അല്ലെ ക്ഷമ കിട്ടുകയുള്ളൂ.
കുമ്പസാരത്തിനു ഒരുങ്ങുമ്പോൾ നാം എന്താണ് ആരോടാണ് പ്രാർത്ഥിക്കുന്നത്?
കുമ്പസാരത്തിനുള്ള ജപം
സർവ്വശക്തനായ ദൈവത്തോടും നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപകയോഹന്നാനോടും ശ്ശീഹൻമാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമ്മായോടും സകല വിശുദ്ധരോടും പിതാവെ, അങ്ങയോടും ഞാൻ ഏറ്റു പറയുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ.
ആകയാൽ നിത്യകന്യകയായ പരിശുദ്ധമറിയത്തോടും പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപകയോഹന്നാനോടും ശ്ശീഹൻമാരായ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും വിശുദ്ധ തോമ്മായോടും സകല വിശുദ്ധരോടും പിതാവേ അങ്ങയോടും നമ്മുടെ കർത്താവായ ദൈവത്തോട് എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ എന്നു ഞാൻ അപേക്ഷിക്കുന്നു.
ആമേൻ.
ഒന്നാമതായി പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേകദൈവത്തിന്റെ മുൻപിൽ അവിടുത്തെ എന്റെ പാപം മൂലം ദുഃഖിപ്പിച്ചു, അവർണനീയമായി അവിടുന്ന് എന്നെ സ്നേഹിച്ചിട്ടും ഞാനത് നിരസിച്ചു, എനിക്ക് മുൻപ് ജനിച്ചു മരിച്ചു പോയ അനേകം മനുഷ്യർക്ക് ദിവ്യകാരുണ്യ ഈശോയെ കാണാനോ അവിടുത്തെ ഉൾക്കൊള്ളാനൊ കുമ്പസാരത്തിലൂടെ പാപക്ഷമ നേടാനോ അവസരം കിട്ടിയിട്ടില്ല
എന്നാൽ നിസാരയായ എനിക്ക് ഇന്ന് ഞാൻ ജീവിച്ചിരിക്കുമ്പോൾ, ഞാൻ വേണമെന്ന് വച്ചാൽ, ഒന്ന് ശ്രമിച്ചാൽ, ഈശോയിലുള്ള പൂർണമായ ശരണത്തിൽ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ, പരിശുദ്ധ കുമ്പസാരത്തിൽ പരിപൂർണമായി പാപക്ഷമ കിട്ടും
ഭൗമിക ജീവിതത്തിൽ ഏറ്റവും ആവശ്യം പാപങ്ങൾ ഉള്ളത് ക്ഷമിക്കപ്പെട്ട് ജാഗ്രതയോടെ പ്രസാദവരത്തിന്റെ അവസ്ഥയിൽ ആയിരിക്കുക എന്നത് ആയിരിക്കെ, അത് ഈശോയിൽ ശരണപ്പെട്ടു മനസ് വച്ചു ഒന്ന് ശ്രമിച്ചാൽ നിസാരമായി നേടിയെടുക്കാൻ സാധിക്കുമെന്നിരിക്കെ, എന്തിനാണ് ഞാൻ മടിച്ചു നിൽക്കുന്നത്
എന്നെ സ്നേഹിക്കുന്ന പരിശുദ്ധ ത്രിത്വമേ, അങ്ങയുടെ മുന്നിൽ നിൽക്കാൻ എനിക്ക് യോഗ്യതയില്ല എന്നോർത്തു ആത്മാവിൽ എളിമപ്പെടണം. എന്നാൽ അതോടൊപ്പം ഇതെന്റെ പിതാവാണ് അവിടുത്തെ പക്കൽ മകളായ എനിക്ക് പോകാം, അവിടുന്നെന്നെ തള്ളിക്കളയുകയില്ല എന്ന പ്രത്യാശ പരിശുദ്ധാത്മാവ് നിറയ്ക്കും.
ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്‌തു.
നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ.
ലൂക്കാ 15 : 18-19
ധൂർത്ത പുത്രന്റെ വ്യാകുലം അവൻ നഷ്‌ടപ്പെടുത്തിയ ഭൗതിക സമ്പത്തിനെയും ഭൗമിക സ്നേഹത്തിനെയും പറ്റി ആയിരുന്നു
എന്നാൽ കുമ്പസാരക്കൂട്ടിനു മുന്നിൽ നിന്നു നാം വിതുമ്പുന്നത് ഏക മകനെ നമ്മുടെ പാപകടങ്ങൾക്ക് പരിഹാരമായി ക്രൂര പീഡനങ്ങൾക്കും മരണത്തിനും വിട്ടു കൊടുത്ത ഒരു പിതാവിന്റെ സ്നേഹത്തെ നാം വിലമതിച്ചില്ല എന്നോർത്തായിരിക്കണം
ജീവനോളം സ്നേഹിച്ചിട്ടും ഹൃദയം പകുത്തു ഭോജ്യമായി തന്നിട്ടും നമ്മിൽ വസിച്ചിട്ടും ഒരു അപരിചിതനെ പോലെ നമുക്കായി മുഴുവൻ പരിഹാരവും ചെയ്തിട്ടും നാം സ്വാമനസ അഥവാ ശ്രദ്ധയില്ലാതെ പാപത്തിൽ ജീവിക്കുന്നത് കണ്ടു മനം നൊന്ത ഈശോയെ ഓർത്തിട്ടായിരിക്കണം
രക്ഷാകരകൃത്യത്തിലെ ദൈവിക ശക്തിയും നമ്മോട് ഈശോയെ പറ്റിയും അവിടുത്തോടൊപ്പമുള്ള നിത്യതയെ പറ്റിയും നിരന്തരം ബോധ്യം തരുന്ന വ്യക്തിയും ആയ പ്രിയപരിശുദ്ധാത്മാവിനെ നമ്മുടെ പാപത്താൽ നാം വേദനിപ്പിക്കുന്നു എന്നോർത്തായിരിക്കണം
പരിശുദ്ധ ത്രിത്വം കഴിഞ്ഞാൽ പാപാവസ്ഥയിൽ ഇരിക്കുന്ന എന്റെ തല കുനിഞ്ഞു പോകേണ്ടത് പരിശുദ്ധ അമ്മയുടെ മുന്നിലാണ്
മംഗള വാർത്ത മുതൽ പീഡസഹനവും കുരിശ് മരണവും ഉത്ഥാനവും വരെ നമുക്കായി ഈശോ ജീവിച്ചതും സഹിച്ചതും മരിച്ചതും കണ്ട അമ്മ, ഈശോ പരിശുദ്ധ കുർബാനയായി ഹൃദയം സ്നേഹത്താൽ വിങ്ങി സക്രാരികളിൽ ഏകനായി കാത്തിരിക്കുന്നത് കാണുന്ന ഒരമ്മ, ഓരോ നിമിഷവും എണ്ണമില്ലാത്ത വിധം പാപികൾ നരകത്തിൽ പതിക്കുന്നത് കണ്ടു കണ്ണീരൊഴുക്കുന്ന പരിശുദ്ധ അമ്മ.
ഒരു നിമിഷത്തെ സൂക്ഷക്കുറവിൽ അവസരം കിട്ടിയിട്ടും അനുതപിച്ചു കുമ്പസാരിക്കാതെ എന്റെ മാരകപാപത്തിൽ ആയിരിക്കുമ്പോൾ ഞാൻ മരിച്ചു പോയാൽ ഈ നരകത്തിൽ പതിക്കുന്നവരിൽ ഒരാളാകില്ലേ ഞാനും!
എനിക്കെന്തു പ്രത്യേക മേന്മ ആണുള്ളത്?
അവർക്കെന്നത് പോലെ ഈശോയെ എനിക്കും കിട്ടി.
ഇന്നും എനിക്ക് ഇതിനെക്കുറിച്ചു ചിന്തിക്കാൻ ആയുസ് ഉണ്ടെങ്കിൽ എന്തിനു വേണ്ടി ആണത്?
ഞാൻ അനുതപിച്ചു ഒരുങ്ങാൻ വേണ്ടി അല്ലേ?
വേണ്ട വിധം കുമ്പസാരിക്കാൻ ഒരുങ്ങണം എന്നുണ്ട് എന്നാൽ ഇനിയും സാധിക്കുന്നില്ല!
എന്ത് ചെയ്യണം!
സഹായകനായ പരിശുദ്ധാത്മാവേ സദയം വരേണമേ എന്ന് വീണ്ടും പ്രാർത്ഥിക്കണം
നാം കരുതുന്നതിനേക്കാളും കരുണാമയനാണ് പരിശുദ്ധാത്മാവ് ക്ഷമ ഉള്ളവനാണ്.
ഞൊടിയിടയിൽ അവിടുന്ന് നമ്മുടെ കഠിന ഹൃദയത്തെ മാംസളമാക്കും, ബുദ്ധിയെ പ്രകാശിപ്പിക്കും,ഇരുട്ട് മുറിയിൽ തീവ്രപ്രകാശം നിറയുമ്പോൾ പൊടി പടലങ്ങളും കാണാം എന്നത് പോലെ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഓരോ പാപവും വ്യക്തമായി ഹൃദയത്തിൽ തെളിയും. രക്ഷാകരമായ അനുതാപത്താൽ ആത്മാവ് കരയും
കുമ്പസാരിക്കാൻ ഒരുങ്ങുമ്പോൾ നാം എന്തിനാണ് വിശുദ്ധ മിഖായേലിനോടും വിശുദ്ധ സ്നാപക യോഹന്നാനോടും പത്രോസ് ശ്ലീഹയോടും പൗലോസ് ശ്ലീഹയോടും തോമ ശ്ലീഹയോടും സകല വിശുദ്ധരോടും ഞാൻ പാപം ചെയ്തു എന്നേറ്റു പറയുന്നത് എന്ന് ഞാൻ ചിന്തിച്ചു.
അപ്പോഴാണ് നാം ചെയ്യുന്നതൊക്കെയും സദാ കണ്ടു കൊണ്ടിരിക്കുന്ന വിശുദ്ധരും മാലാഖാമാരും അടങ്ങിയ നമ്മെ സ്നേഹിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന സഹായിക്കുന്ന സ്വർഗീയ സാക്ഷികളുടെ വലിയ സമൂഹത്തെ പറ്റി ഞാൻ ഓർത്തത്
“നമുക്കു ചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം
ഹെബ്രായര്‍ 12 : 1
സ്നാപക യോഹന്നാൻ പറഞ്ഞതൊക്കെയും മാനസാന്തരത്തിനെ കുറിച്ച് ആയിരുന്നു
മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.
മത്തായി 3 : 2
അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്‌ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് ജോര്‍ദാന്റെ സമീപപ്രദേശങ്ങളിലേക്കു വന്നു.
ലൂക്കാ 3 : 3
പാപമോചനത്തിനുള്ള അനുതാപത്തിന്റെ ജ്‌ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് സ്‌നാപകയോഹന്നാന്‍മരുഭൂമിയില്‍ പ്രത്യക്‌ഷപ്പെട്ടു.
മര്‍ക്കോസ് 1 : 4
ദൈവം അയ ച്ചഒരു മനുഷ്യനുണ്ടായിരുന്നു. അവന്റെ പേരു യോഹന്നാന്‍ എന്നാണ്.
അവന്‍ സാക്‌ഷ്യത്തിനായി വന്നു – വെളിച്ചത്തിനു സാക്‌ഷ്യം നല്‍കാന്‍; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍.
അവന്‍ വെളിച്ചമായിരുന്നില്ല; വെളിച്ചത്തിനു സാക്‌ഷ്യം നല്‍കാന്‍ വന്നവനാണ്.
യോഹന്നാന്‍ 1 : 6-8
ഈശോയും നമ്മോട് പറയുന്നു
അവന്‍ പറഞ്ഞു: സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുത പിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.
മര്‍ക്കോസ് 1 : 15
വിശുദ്ധ പത്രോസ് തന്റെ ലേഖനത്തിൽ പറയുന്നു
ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ഞാന്‍ പരിശുദ്‌ധനായിരിക്കുന്നതുകൊണ്ട് നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍.
ഓരോരുത്തനെയും പ്രവൃത്തികള്‍ക്കനുസരിച്ചു നിഷ്‌പക്‌ഷമായി വിധിക്കുന്നവനെയാണ് നിങ്ങള്‍ പിതാവെന്നു വിളിക്കുന്നതെങ്കില്‍, നിങ്ങളുടെ ഈ പ്രവാസകാലത്തു ഭയത്തോടെ ജീവിക്കുവിന്‍.
പിതാക്കന്‍മാരില്‍ നിന്നു നിങ്ങള്‍ക്കു ലഭിച്ചവ്യര്‍ഥമായ ജീവിതരീതിയില്‍നിന്നു നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോകൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേ തുപോലുള്ള ക്രിസ്‌തുവിന്റെ അമൂല്യരക്‌തം കൊണ്ടത്ര.
1 പത്രോസ് 1 : 16-19
വിശുദ്ധ പൗലോസും നമ്മെ ഉദ്ബോധിപ്പിക്കുന്നു
ഇപ്പോള്‍ തിന്‍മയുടെ ദിനങ്ങളാണ്. നിങ്ങളുടെ സമയം പൂര്‍ണമായും പ്രയോജനപ്പെടുത്തുവിന്‍.
എഫേസോസ് 5 : 16
“എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്‌ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ക്കു സ്‌ഥലമൊരുക്കാന്‍ പോകുന്നുവെന്നു ഞാന്‍ നിങ്ങളോടു പറയുമായിരുന്നോ?
ഞാന്‍ പോയി നിങ്ങള്‍ക്കു സ്‌ഥലം ഒരുക്കിക്കഴിയുമ്പോള്‍ ഞാന്‍ ആയിരിക്കുന്നിടത്തു നിങ്ങളും ആയിരിക്കേണ്ടതിനു ഞാന്‍ വീണ്ടും വന്ന് നിങ്ങളെയും കൂട്ടിക്കൊണ്ടുപോകും.
ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം.
തോമസ് പറഞ്ഞു: കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?
യേശു പറഞ്ഞു: വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല.
നിങ്ങള്‍ എന്നെ അറിഞ്ഞിരുന്നുവെങ്കില്‍ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോള്‍ മുതല്‍ നിങ്ങള്‍ അവനെ അറിയുന്നു. നിങ്ങള്‍ അവനെ കാണുകയും ചെയ്‌തിരിക്കുന്നു.
യോഹന്നാന്‍ 14 : 2-7
വഴിയും സത്യവും ജീവനും ഞാനാണ് എന്ന് ഈശോയെ കൊണ്ടു ഉത്തരം പറയിച്ച തോമ ശ്ലീഹ.
ഭാരതത്തിൽ വന്നു ഈശോയെ പറ്റി പറയാൻ.
നമുക്ക് ജ്ഞാനസ്‌നാനം നൽകാൻ.
നമ്മെ ഒത്തിരിയേറേ സ്നേഹിക്കുന്നവരാണ് മാലാഖമാരും വിശുദ്ധരും.
ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവർ നമുക്ക് മാതൃക കാണിച്ചു തന്നിട്ടുണ്ട്
ലോകത്തിൽ എല്ലാ വിഭാഗത്തിൽ പെട്ടവരിൽ നിന്നും വിശുദ്ധർ ഉണ്ടായിട്ടുണ്ട്.
പാണ്ഡിത്യമൊ പണമോ കുല മഹിമയോ പൂർവ്വജീവിതമോ വിശുദ്ധനാകുക എന്നതിന് പ്രശ്നമില്ല
ഓരോ കുമ്പസാരകൂടും നമ്മെ ഓർമിപ്പിക്കുന്നതും ഇതാണ്.
ദൈവരാജ്യം സമീപിച്ചിരിക്കുന്നു!
അതിൽ പ്രവേശിക്കുവാൻ ഞാൻ തയ്യാറാണോ!
പിന്നീട് പാപിയാണെന്നുള്ള ഏറ്റു പറച്ചിലിന് ശേഷം പരിശുദ്ധ അമ്മയുടെയും മുഖ്യ ദൂതനായ പ്രിയപ്പെട്ട മിഖായേൽ മാലാഖയുടെയും സ്നാപക യോഹന്നാന്റെയും വിശുദ്ധ പത്രോസിന്റെയും വിശുദ്ധ പൗലോസ്സിന്റെയും തോമ ശ്ലീഹയുടെയും സകല വിശുദ്ധരുടെയും മാധ്യസ്ഥം നാം തേടുന്നു.
പരിശുദ്ധ അമ്മ കുമ്പസാരക്കൂട്ടിൽ നമ്മെ കൈ പിടിച്ചു കൂടെ വരുന്നവളാണ്. ഒരു നല്ല കുമ്പസാരം നടത്തുന്ന കഠിന പാപിയെ കണ്ടു സന്തോഷക്കണ്ണീർ പൊഴിക്കുന്നവളാണ്
നാം ചോദിച്ചില്ലെങ്കിൽ പോലും അമ്മ എനിക്ക് വേണ്ടി എത്രയോ അധികമായി പ്രാർത്ഥിക്കും
പ്രിയപ്പെട്ട മിഖായേൽ മാലാഖ എന്നെ മരണ നേരത്തു ഈശോയുടെ പക്കലേയ്ക്ക് കൂട്ടി കൊണ്ടു പോകേണ്ട സ്നേഹിതൻ
കുമ്പസാരിക്കാൻ ഒരുങ്ങി ഹൃദയം തകർന്ന് കുമ്പസാരക്കൂട്ടിൽ വരുന്ന ഒരു ആത്മാവിന് ഏതെങ്കിലും വിധത്തിൽ ഒറ്റയ്ക്കും കൂട്ടായും ഉള്ള പൈശാചിക പ്രലോഭനങ്ങളും ആക്രമണവും ഉണ്ടാകുന്നത് തടയാനും ഒരു തടസവും ഉണ്ടാകാതെ കുമ്പസാരം പൂർത്തിയാക്കുവാൻ ആത്മാവിന് സംരക്ഷണമേകുവാനുമാണ് മാലാഖാമാരുടെ രാജകുമാരൻ ആയ മിഖായേൽ മാലാഖ സന്നിഹിതനാകുന്നതെന്നു എനിക്ക് തോന്നി.
താൻ കൂട്ടിക്കൊണ്ട് പോകുന്ന ഒരു വ്യക്തി നിത്യജീവനിലേയ്ക്ക് പോകുന്നത് കാണുമ്പോൾ എന്ത് മാത്രം സന്തോഷമായിരിക്കും മാലാഖാമാർക്ക്..
ഓരോ വിശുദ്ധർക്കും എല്ലാ പാപികളും ഈശോയുടെ സ്നേഹത്തിലേയ്ക്ക് തിരിച്ചു വരണമെന്നേയുള്ളൂ.
കാരണം സഭ ഈശോയുടെ മൗതിക ശരീരം ആകയാൽ ഒരവയവത്തിന് നൊന്താൽ മറ്റ് അവയവങ്ങളും വേദന അനുഭവിക്കുമല്ലോ!
കുമ്പസാരത്തിനുള്ള ജപം ചൊല്ലിക്കഴിഞ്ഞു ഒന്നു കൂടി
നല്ല കുമ്പസാരത്തിനു വേണ്ട കാര്യങ്ങള്‍ ഓർത്തെടുക്കുന്നു.
1) പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത്.
2) പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്.
3) മേലില്‍ പാപം ചെയ്കയില്ലെന്ന് പ്രതിജ്ഞ ചെയ്യുന്നത്.
4) ചെയ്തുപോയ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്.
5) വൈദികന്‍ കല്‍പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്
ഇങ്ങനെയെല്ലാം ഒരുങ്ങി കുമ്പസാരക്കൂടിന്റെ മുന്നിൽ ചെല്ലുമ്പോൾ നാം കാണുന്നത് ആരെയാണ്.
സാധാരണ കുമ്പസാരകൂടും വൈദികനും ആണെങ്കിലും യഥാർത്ഥത്തിൽ അവിടം അനുതപിച്ചു മനമുരുകി ഈശോയെ എന്ന് കേഴുന്നവന്റെ പാപങ്ങൾ എല്ലാം ഒരു വട്ടം കൂടി ക്ഷമിക്കുന്ന സ്വർഗീയ കോടതി ആണ്.
കരുണ വഴിഞ്ഞൊഴുകുന്ന സ്വർഗീയ സിംഹാസനത്തിൽ പാപിയെ കരുണയോടെ നോക്കുന്നത് പരിശുദ്ധ ത്രിത്വം തന്നെയാണ് എന്ന്
ഒന്ന് കൂടി നോക്കിയാൽ കാണാം.
സ്നേഹത്തോടെ നോക്കുന്ന ദൈവപിതാവിനെ, കരുണയോടെ ഉറ്റു നോക്കുന്ന ഈശോയെ, നമുക്ക് ശക്തി പകർന്ന് പുഞ്ചിരി തൂകുന്ന പരിശുദ്ധാത്മാവിനെ..
“അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു.
മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്‌തു. നിന്റെ പുത്രന്‍ എന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല.”
(ലൂക്കാ 15 : 20-21)
ഒരു പാപി ഹൃദയം തകർന്ന് ചെല്ലുമ്പോൾ ഇങ്ങനെയാണ് ദൈവം സ്വീകരിക്കുക..
ഹൃദയപൂർവ്വം…
അനുതാപത്തോടെ പാപങ്ങളൊക്കെയും വ്യക്തമായി ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു പ്രായശ്ചിത്തമായി ചൊല്ലേണ്ട പ്രാർത്ഥന കേട്ട് പാപമോചനം ലഭിച്ചു കുമ്പസാരക്കൂട്ടിൽ നിന്നും ഒരു ആത്മാവ് ഇറങ്ങുമ്പോൾ ആ ദൈവാലയത്തിലും സ്വർഗത്തിലും ആഹ്ലാദം അലതല്ലുകയായി.
പിതാവാകട്ടെ, തന്റെ ദാസരോടു പറഞ്ഞു: ഉടനെ മേല്‍ത്തരം വസ്‌ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിന്‍. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍.
കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്‌ഷിച്ച് ആഹ്ലാദിക്കാം.
ലൂക്കാ 15 : 22-23
ധൂർത്ത പുത്രന്റെ ഉപമയിൽ ഈശോ ഭൗമികമായ കാര്യങ്ങൾ പറഞ്ഞു
എന്നാൽ യഥാർത്ഥ കുമ്പസാരം കഴിയുമ്പോൾ ഓരോ ആത്മാവിനും അതിന്റെ തനതായ മാമോദീസ വസ്ത്രം ഈശോയുടെ തിരുരക്തത്താൽ കറ നീക്കി വെളുത്തു മിന്നുന്നത് തിരികെ ലഭിക്കും.
ആത്മാവിന്റെ അഴുക്ക് മുഴുവൻ മാറി ഈശോ അതിനെ എങ്ങനെ സൃഷ്ടിച്ചുവോ ആ ഛായ തിരികെ ലഭിക്കും.
അളവില്ലാത്ത കൃപകളാൽ ആത്മാവ് പൂരിതമാകും അതിനു കൃപയിൽ നിലനിൽക്കാനുള്ള വരം നൽകപ്പെടും
അത് പരിശുദ്ധ കുർബാനയ്ക്ക് ആയി അണയാൻ ഈശോ വെമ്പലോടെ കാത്തു നിൽക്കും
എത്ര പെട്ടെന്നാണ് വിരൂപമായി മൃത പ്രായമായിരുന്ന ആ ആത്മാവ് ജീവനും ഓജസും ശക്തിയും പ്രാപിച്ചത്!
സ്നേഹത്താൽ നിറഞ്ഞത്!
ഈ സമയം പരിശുദ്ധ അമ്മയും കാവൽമാലാഖായും അതിനെ ഓർമിപ്പിക്കും പ്രായശ്ചിത്തമായി ചൊല്ലേണ്ട പ്രാർത്ഥനകൾ മുഴുമിപ്പിക്കുവാൻ ഓർമിപ്പിക്കും
അത് കഴിഞ്ഞു കണ്ണുനീരോടും മനസിൽ പറഞ്ഞുറപ്പിച്ച പ്രതിജ്ഞ ആവർത്തിച്ചും…
മനസ്താപ പ്രകരണം ഏറ്റു ചൊല്ലാം.
എന്‍റെ ദൈവമേ ,ഏറ്റം നല്ലവനും എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും ചെയ്യുന്നു. അങ്ങയെ ഞാന്‍ സ്നേഹിക്കുന്നു. എന്‍റെ പാപങ്ങളാല്‍ എന്‍റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും സ്വര്‍ഗ്ഗത്തെ നഷ്ടപ്പെടുത്തി നരകത്തിന് അര്‍ഹനായി തീര്‍ന്നതിനാലും ഞാന്‍ ഖേദിക്കുന്നു. അങ്ങയുടെ പ്രസാദവരസഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ദൃഢമായി ഞാന്‍ പ്രതിജ്ഞ ചെയുന്നു. ഏതെങ്കിലും ഒരു പാപം ചെയ്യുക എന്നതിനേക്കാള്‍ മരിക്കാനും ഞാന്‍ സന്നദ്ധനായിരിക്കുന്നു / സന്നദ്ധയായിരിക്കുന്നു. ആമേന്‍
നല്ല കുമ്പസാരത്തിന്റെ അനുഭവം മാനസാന്തരഅനുഭവമാണ്. അതിന്റെ ഓർമ ജീവിതകാലത്തു മുഴുവനും നീണ്ടു നിൽക്കുന്നതുമാണ്.
ദൈവത്തെ വേദനിപ്പിച്ചല്ലോ എന്ന ഓർമയിൽ മനസ് തപിക്കുന്ന ആത്മാവ്, പാപമോചനം കിട്ടിക്കഴിഞ്ഞു കൃതജ്ഞതയുടെ തലത്തിലേയ്ക്ക് പ്രവേശിക്കുന്നു.
ഏതാനും തുള്ളി കണ്ണീര് ചെറുവിലയായി പൊഴിച്ചു തുടങ്ങുമ്പോൾ തന്നെ കണ്ണീര് തുടക്കാൻ ഈശോയുടെ കരങ്ങൾ നീളും.
അവിടുന്ന് പറയും. കുഞ്ഞേ ഇനി കരയേണ്ട, നിന്നോട് ഞാൻ ക്ഷമിച്ചിരിക്കുന്നു.
“പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്.”
(യോഹന്നാന്‍ 8 : 11)
നിത്യ മരണമെന്ന മഹാവിപത്തിൽ നിന്നു ദൈവകൃപ കൊണ്ടു മാത്രം കുമ്പസാരത്തിലൂടെ രക്ഷപെട്ട ഒരു പാപി വീണ്ടും പാപം ചെയ്യാൻ ധൈര്യപ്പെടുമോ?
സ്വർഗ്ഗത്തിലെ സ്നേഹസമ്പൂർണത നമ്മുടെ അവകാശമായി ഈശോ തന്നിരിക്കെ നരകത്തിലെ സ്നേഹ ശൂന്യത നിത്യ കാലത്തോളം ആർക്ക് വേണം!
പരിശുദ്ധ കുർബാന ഉൾക്കൊണ്ടു ഭൂമിയിൽ തന്നെ നിത്യജീവനിൽ ജീവിക്കുവാൻ അവസരം ഉണ്ടായിരിക്കെ അത് ഉപയോഗിക്കാത്തവർ എത്രയോ ബുദ്ധിഹീനരാണ്.
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം?
മനുഷ്യന്‍ സ്വന്തം ആത്‌മാവിനു പകരമായി എന്തു കൊടുക്കും?
മര്‍ക്കോസ് 8 : 36-37
മനുഷ്യന്റെ ആത്മാവ് നിത്യം നിലനിൽക്കുന്നതാണ്. അതിനു പുതു ജീവൻ നൽകാനാണ് മനുഷ്യപുത്രൻ വന്നത്.
എന്നാൽ പിശാച് നോക്കുന്നത് ജീവൻ എന്നേയ്ക്കും നശിപ്പിക്കാനാണ്.
കുമ്പസാരം എല്ലാവർക്കും എളുപ്പമല്ല, നാളുകളായി കുമ്പസാരിക്കാതെ ഇരിക്കുന്നവർ ഉണ്ട്.
ചിലർ അന്തർ മുഖരായിരിക്കും. മറ്റുള്ളവരെ അഭിമുഖീകരിക്കാനും സംസാരിക്കാനും പ്രയാസം കാണും. ചിലർക്ക് പറഞ്ഞു വരുമ്പോൾ ഓർമ കിട്ടില്ല, ചിലർക്ക് സംശയ മനസാക്ഷി കാരണം ആത്മ ശോധന നടത്തുമ്പോൾ എല്ലാം പാപം എന്ന് തോന്നും. ചിലർക്ക് കുമ്പസാരം കഴിഞ്ഞാലും പാപം പൊറുത്തു എന്നുള്ള തോന്നൽ ഉണ്ടാവില്ല.
എന്നാൽ ഈ വിഷമങ്ങളിൽ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. ഈ കാര്യങ്ങളിൽ ഇടപെടും.
“പാപം വര്‍ധിപ്പിക്കാന്‍ നിയമം രംഗപ്രവേശം ചെയ്‌തു; എന്നാല്‍, പാപം വര്‍ധിച്ചിടത്ത് കൃപ അതിലേറെ വര്‍ധിച്ചു.
അങ്ങനെ പാപം മരണത്തിലൂടെ ആധിപത്യം പുലര്‍ത്തിയതു പോലെ, കൃപ നീതിവഴി നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിലൂടെ നിത്യജീവനിലേക്ക് നയിക്കാന്‍ ആധിപത്യം പുലര്‍ത്തും”.
(റോമാ 5 : 20-21)
നല്ല കുമ്പസാരം കഴിഞ്ഞാൽ പാപങ്ങളൊക്കെയും പൂർണമായി ക്ഷമിക്കപ്പെട്ടു എന്നതാണ് നാം ഹൃദയത്തിൽ വിശ്വസിക്കേണ്ടത്.
നല്ല കുമ്പസാരം കഴിഞ്ഞാൽ വലിയ കടം വീടിയവന്റെ സന്തോഷത്തിൽ ഈശോയോടുള്ള നന്ദിയോടെ ആണ് നാം നടക്കേണ്ടത്. നാം മറ്റുള്ളവരെ വിധിക്കുകയുമരുത്.
കൊച്ച് കൊച്ച് ആശയടക്കങ്ങളും പരിഹാരപരിത്യാഗങ്ങളും ഒക്കെ ഈശോയുടെ നാമത്തിൽ ചെയ്തു തുടങ്ങണം
അനുതാപത്തോടെ കുമ്പസാരത്തിനണയുന്ന ഒരു പാപിയെ കുറിച്ച് ദൈവവചനം പറയുന്നത് ഇങ്ങനെയാണ്.
“അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു”.
(ലൂക്കാ 15 : 10)
“അതുപോലെതന്നെ, അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച് ദൈവത്തിന്റെ ദൂതന്‍മാരുടെ മുമ്പില്‍ സന്തോഷമുണ്ടാകും എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.”
(ലൂക്കാ 15 : 10)
നമ്മുടെ കുഞ്ഞുങ്ങൾ ഏതെങ്കിലും ഒരു മത്സരപരീക്ഷയിൽ ജയിച്ചാൽ നാം പരസ്പരം പ്രിയപ്പെട്ടവരുടെ അടുത്തു സന്തോഷം പങ്കു വക്കും
എന്നാൽ ഒരുക്കത്തോടെ നാമോ അവരോ ജീവിതപങ്കാളിയോ ഒക്കെ ഒരുക്കത്തോടെ കുമ്പസാരിച്ചു പരിശുദ്ധ കുർബാന സ്വീകരിക്കുന്ന പ്രസാദവരത്തിൽ ആയിരിക്കുന്ന സമയം നമുക്കൊരു ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നാളാണോ?
നമ്മെ പ്രതി സ്വർഗം മുഴുവനും സന്തോഷിക്കുമ്പോൾ നാം ആ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കു വയ്ക്കാറുണ്ടോ?
ആലോചിക്കാം
ഒരു കാരണവശാലും കുമ്പസാരം നീട്ടി നീട്ടി കൊണ്ടു പോകരുത്. സാധിക്കുമെങ്കിൽ ആഴ്ചയിൽ ഒരിക്കൽ കുമ്പസാരിക്കണം.
പ്രിയപ്പെട്ടവരെ കുമ്പസാരിക്കുന്നില്ലേ എന്ന് ഓർമിപ്പിക്കണം. വളരെ നാളുകളായി കുമ്പസാരിക്കാതെ ഇരിക്കുന്നവർക്ക് വേണ്ടി പ്രായ ഭേദമെന്യേ പരിശുദ്ധാത്മാവിന്റെ നിറവിനായി പ്രാർത്ഥിക്കണം.
കാരണം ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന ഒരു നല്ല കുമ്പസാരം എത്രയോ വർഷങ്ങളിലെ ശുദ്ധീകരണവാസമാണ് ഒഴിവാക്കിതരുന്നത്.
ശുദ്ധീകരണ സ്ഥലമോ നരകമോ നിസാരമായി കരുതേണ്ട ഒന്നല്ല.
എന്നാൽ ദൈവസ്നേഹത്തിൽ വലിയ ശരണത്തോടെ ആശ്രയിക്കുന്ന ഒരു ചെറിയ ആത്മാവിന് അവയെ ഭയപ്പെടേണ്ട.
ഭയമുണ്ടാകുമ്പോള്‍ഞാന്‍ അങ്ങയില്‍ ആശ്രയിക്കും.
സങ്കീര്‍ത്തനങ്ങള്‍ 56 : 3
ദിവ്യകാരുണ്യ ഈശോയെ നോക്കാം. അവിടുത്തെ ഹൃദയത്തിൽ ഏറ്റവും ഒരുക്കത്തോടെ സ്വീകരിക്കാം.
“അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല.”
(സങ്കീര്‍ത്തനങ്ങള്‍ 34 : 5)
കുമ്പസാരക്കൂടെന്ന കരുണയുടെ സിംഹാസനത്തിൽ നിന്നും നല്ല കുമ്പസാരം നടത്തി ഇറങ്ങി ദിവ്യകാരുണ്യമെന്ന സർവ്വകൃപയുടെയും ഇരിപ്പിടത്തിലേയ്ക്ക് പിതാവിന്റെ പക്കലേയ്ക്ക് ചെല്ലുന്ന ഒരു ചെറുകുഞ്ഞിന്റെ ലാഘവത്തോടെ സ്നേഹത്തോടെ ഓടിയണഞ്ഞു പരിശുദ്ധ കുർബാന ഹൃദയത്തിൽ ഉൾക്കൊണ്ടു നിത്യതയോളം ഈശോയോട് ഒന്നായി ജീവിക്കാം.
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും.
നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ!
ആമേന്‍.
(ഫിലിപ്പി 4 : 19-20)


Leave a reply to Nelson MCBS Cancel reply