“എതൊരു മനുഷ്യ ജീവിതത്തിൻ്റെയും ലക്ഷ്യം പരിശുദ്ധ കുർബാനയെ ആരാധിക്കുന്നതായിരിക്കണം.”
ഫ്രാൻസീസ് പാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമായ ഫ്രത്തേലി തൂത്തിയിൽ സാർവ്വത്രിക സഹോദരൻ എന്നു വിശേഷിപ്പിക്കുന്ന വി ചാൾസ് ദേ ഫുക്കോൾഡിൻ്റെ തിരുനാൾ ദിനമായിരുന്നു ഡിസംബൾ ഒന്ന് . വിശുദ്ധിൻ്റെ ജീവിതത്തിൽ പരിശുദ്ധ കുർബാന ചൊലുത്തിയ സ്വാധീനത്തെക്കുറിച്ചു നമുക്കല്പം ചിന്തിക്കാം.
1858-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഒരു പ്രഭു കുടുംബത്തിലാണ് ചാൾസ് ജനിച്ചത്. ആറാമത്തെ വയസ്സിൽ അനാഥനായ ചാൾസിനെയും സഹോദരി മരിയയെയും വളർത്തിയത് ഭക്തനായ മുത്തച്ഛനാണ്.
കൗമാരപ്രായത്തിൽ കത്തോലിക്കാ വിശ്വാസത്തിൽ നിന്നു അകലാൻ തുടങ്ങുകയും ലോക സുഖങ്ങളുടെയും സുഖഭോഗങ്ങളുടെയും പാത പിൻതുടരുകയും ചെയ്തു. അധാർമ്മിക ജീവിതം നയിച്ചിരുന്ന ചാൾസ് 1886-ൽ തന്റെ 28-ാം വയസ്സിൽ ഒരു വൈദീകൻ്റെ ആത്മീയ ശിക്ഷണത്തിൽ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ വന്നു. ഇതിനിടയിൽ വിശുദ്ധ നാട്ടിലേക്കു ഒരു തീർത്ഥാടനം അവൻ നടത്തി. ഈ യാത്രയിൽ “നസ്രത്തിലെ ഈശോയെ തന്റെ ജീവിതത്തിൽ അനുഗമിക്കാനുള്ള” ദൈവവിളി ഡി തിരിച്ചറിഞ്ഞ ചാൾസ് ഏഴ് വർഷത്തോളം ഫ്രാൻസിലും സിറിയയിലും ട്രാപ്പിസ്റ്റ് സന്യാസിയായി ജീവിച്ചു. നാൽപ്പത്തിമൂന്നാമത്തെ വയസ്സിൽ 1901 ജൂൺ മാസം ഒമ്പതാം തിയതി വൈദീകനായി അഭിഷിക്തനായി.
മാനസാന്തരത്തെപ്പറ്റി ചാൾസ് ഇപ്രകാരം പറയുന്നു: ദൈവം ഉണ്ട് എന്നകാര്യം മനസ്സിലാക്കിയ നിമിഷത്തിൽ അവനുവേണ്ടി മാത്രം ജീവിക്കുകയല്ലാതെ മറ്റൊന്നു ചെയ്യില്ലന്നു എനിക്കറിയാമായിരുന്നു. എൻ്റെ സന്യാസ ദൈവവിളി തിരിച്ചറിഞ്ഞ ദിനം എൻ്റെ ദൈവത്തെ തിരിച്ചറിഞ്ഞ ദിനം തന്നെയായിരുന്നു.ദൈവം മഹോന്നതനാണ്. ദൈവവും അല്ലാത്തവയും തമ്മിൽ വലിയ അന്തരമുണ്ട്.
” നമ്മുടെ അസ്തിത്വം മുഴുവനും നമ്മുടെ മുഴു ജീവിതത്തോടൊപ്പം പുരമുകളിൽ നിന്നും സുവിശേഷം പ്രഘോഷിക്കണം. നമ്മുടെ വ്യക്‌തിത്വം മുഴുവനും എല്ലാപ്രവർത്തികളും ഈശോയെ ശ്വസിക്കണം. നമ്മുടെ ജീവിതം മുഴുവനും ഈശോയ്ക്കു സ്വന്തമാണന്നു വിളിച്ചു പറയണം . നമ്മുടെ ജീവിതം മുഴുവനും ഈശോയെ പ്രതിഫലിക്കുന്ന ഒരു സജീവ സുവിശേഷ പ്രഘോഷണം ആക്കണം. മറ്റൊരവസരത്തിൽ വി ചാൾസ് പറഞ്ഞു: “എതൊരു മനുഷ്യ ജീവിതത്തിൻ്റെയും ലക്ഷ്യം പരിശുദ്ധ കുർബാനയെ ആരാധിക്കുന്നതായിരിക്കണം.”
വി. ചാൾസ് ഡി ഫൂക്കോൾഡ് പ്രാർത്ഥിക്കുകയും ജീവിക്കുകയും ചെയ്ത പ്രാർത്ഥനയോടെ ഈ വിചിന്തനം അവസാനിപ്പിക്കാം
അതു ഇപ്രകാരമാണ്.:”പിതാവേ, ഞാൻ എന്നെ നിൻ്റെ കൈകളിൽ ഏല്പിക്കുന്നു; നിനക്ക് ഇഷ്ടമുള്ളത് എന്നോട് ചെയ്യൂ. നീ എന്ത് ചെയ്താലും ഞാൻ നിനക്കു നന്ദി പറയുന്നു. എല്ലാത്തിനും ഞാൻ തയ്യാറാണ്, ഞാൻ എല്ലാം സ്വീകരിക്കുന്നു, നിൻ്റെ എല്ലാ സൃഷ്ടികളിലും എന്നപോലെ, നിൻ്റെ ഹിതം നിറവേറ്റുന്നതിൽ കൂടുതൽ ഒന്നും എൻ്റെ കർത്താവേ, ഞാൻ ആഗ്രഹിക്കുന്നില്ല. നിൻ്റെ കൈകളിൽ ഞാൻ എൻ്റെ പ്രാണനെ ഏല്പിക്കുന്നു; കർത്താവേ, പൂർണ്ണഹൃദയത്തോടെ ഞാൻ ഇത് നിനക്കു സമർപ്പിക്കുന്നു, എന്തുകൊണ്ടെന്നാൽ, എൻ്റെ ദൈവമേ, ഞാൻ നിന്നെ സ്നേഹിക്കുന്നു, അതിനാൽ എന്നെത്തന്നെ സമർപ്പിക്കേണ്ടതുണ്ട് – ഒന്നും പിടിച്ചു വയ്ക്കാതെ പൂർണ്ണ വിശ്വാസത്തോടെ എന്നെത്തന്നെ നിൻ്റെ കൈകളിൽ പിതാവേ ഞാൻ സമർപ്പിക്കുന്നു കാരണം , നീ എൻ്റേതാണ്.”
പരിശുദ്ധ കുർബാനയിൽ വിശുദ്ധ ചാൾസിനെപ്പോലെ ജീവിതം നെയ്തെടുക്കാൻ നമുക്കു പരിശ്രമിക്കാം.
ഫാ. ജയ്സൺ കുന്നേൽ mcbs



Leave a comment