ഡിസംബർ 12 | ഗാഡലുപ്പേ മാതാവ്
1531 ഡിസംബർ 9 ന് തന്റെ ഗ്രാമത്തിൽ നിന്ന് മെക്സിക്കോ പട്ടണത്തിലേക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ പോയ്ക്കൊണ്ടിരുന്ന ജുവാൻ ഡിയോഗയ്ക്ക് റ്റെപിയാക് പ്രദേശത്ത് വെച്ച് പരിശുദ്ധ കന്യക പ്രത്യക്ഷപ്പെട്ടു. പക്ഷികളുടെ കളകൂജനത്തിന്റെ അകമ്പടിയോടെ ഏകദേശം പതിനാറ് വയസ്സ് തോന്നിക്കുന്ന സുന്ദരിയായ യുവതിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട അമ്മ പറഞ്ഞു: “ഈ സ്ഥലത്ത് എന്റെ നാമത്തിൽ ഒരു ദേവാലയം പണിയണം. ആരെല്ലാം എന്റെ സഹായം തേടുന്നുവോ, അവർക്ക് ഞാൻ സഹായിയായിരിക്കും. അത് പരിശുദ്ധ കന്യകയാണ് എന്ന് ജുവാന് മനസ്സിലായി. ഉടനെ തനിക്ക് ലഭിച്ച ദർശനത്തെക്കുറിച്ച് സ്ഥലത്തെ മെത്രാനെ അറിയിച്ചുവെങ്കിലും അത് വിശ്വസിക്കാൻ അദ്ദേഹം തയ്യാറായില്ല. മാത്രമല്ല, വീണ്ടും റ്റെപിയാക് പ്രദേശത്തുപോയി അവൾ ആരാണ് എന്ന് തെളിയിക്കുന്ന അത്ഭുതകരമായ ഒരു അടയാ ളം തരണം എന്നു ആവശ്യപ്പെടുവാൻ പറഞ്ഞു. മാത്രമല്ല, നിന്നെക്കാൾ യോഗ്യനായ ഒരു വ്യക്തിക്ക് വെളിപ്പെടുത്തി കൊടുക്കുവാൻ പറയുക എന്നും പറഞ്ഞു. കാരണം, ക്രൈസ്തവവിശ്വാസികളെ വഴിതെറ്റിക്കാൻ, നിരവധി മതമേധാവികളും, ജോത്സ്യന്മാരും ശ്രമിക്കുകയും, കിരാതമായ നരഹത്യ, വിഗ്രഹാരാധന തുടങ്ങിയ ദുരാചാരങ്ങളും വഴി ക്രൈസ്തവ വിശ്വാസത്തിന് മങ്ങൽ ഏല്പ്പിക്കുകയും ചെയ്ത ഒരു കാലഘട്ടമായിരുന്നു അത്.
മെത്രാന്റെ എതിർപ്പിനെ വകവയ്ക്കാതെ ജുവാനോട് പരിശുദ്ധ അമ്മ പറഞ്ഞു, “നീ വീണ്ടും പോയി മെത്രാനോട്
പറയുക. ഇത് നിത്യകന്യകയായ പരിശുദ്ധയായ, ദൈവത്തിന്റെ അമ്മയായ മറിയമാണ്. ഞാനാണ് നിന്നെ ഈ ദൗത്യം ഏല്പിച്ചിരിക്കുന്നത്. ജുവാൻ വീണ്ടും മെത്രാനെ കാണുവാൻ പോയി. ദിവ്യബലി കഴിഞ്ഞ് വളരെ സമയം കാത്തുനിന്ന ജുവാൻ അവസാനം അമ്മ നല്കിയ സന്ദേശം പറയുവാൻ കടന്നു ചെന്നു. ഈ സമയം മെത്രാൻ ജുവാനെ ശ്രദ്ധിച്ചതിനുശേഷം ഇത് സ്വർഗീയ സ്ത്രീയാണ് എന്നതിന് വ്യക്തമായ തെളിവ് ആവശ്യപ്പെടുവാൻ പറഞ്ഞു. മാത്രമല്ല, മെത്രാൻ അദ്ദേഹത്തിന്റെ ഏതാനും ജോലിക്കാരെ അവന്റെ കൂടെ അയ്ക്കാൻ തീരുമാനിക്കുകയും ചെയ്തു. പിറ്റെ ദിവസം അതിരാവിലെ മരണാസന്നനായി കിടന്നിരുന്ന അമ്മാവന്റെ അരികിലേക്ക് ജുവാൻ പോയി. അദ്ദേഹം, തനിക്ക് അന്ത്യകൂദാശ നല്കാൻ ഒരു വൈദികനെ വേഗം വിളിച്ചുകൊണ്ടുവരുവാൻ ജുവാനോട് ആവശ്യപ്പെട്ടു. പിറ്റെ ദിവസം രാവിലെ വൈദികനെ തേടി പോയ ജുവാനെ പിൻതുടർന്ന് നടന്ന അമ്മ ചോദിച്ചു, “എന്തുകൊണ്ടാണ് ഞാൻ പറഞ്ഞത് അനുസരിക്കാതെ നീ പോകുന്നത്.
സത്യം ജുവാൻ മാതാവിനോട് തുറന്നു പറഞ്ഞു. അമ്മാവൻ സുഖപ്പെടുമെന്ന് പരിശുദ്ധ അമ്മ ഉറപ്പു നല്കി. മാത്രമല്ല, അമ്മാവന് പ്രത്യക്ഷപ്പെട്ട് സൗഖ്യം നല്കുകയും ചെയ്തു. താൻ ആരാണെന്ന് വ്യക്തമായ തെളിവ് നല്കാമെന്നും അവന് മാതാവ് ഉറപ്പു നല്കി.
1531 ഡിസംബർ 12-ന് 4-ാംപ്രാവശ്യം മാതാവ് ജുവാന് പ്രത്യക്ഷപ്പെട്ട് പറഞ്ഞു, “നീ റ്റെപിയാക് മലയുടെ ഉച്ചിയിൽ പോയി റോസാപൂക്കൾ ശേഖരിക്കുക. റോസാപൂക്കളുടെ കാലമല്ലാതിരുന്നിട്ടും പരിശുദ്ധ അമ്മ പറഞ്ഞതനുസരിച്ച് അവൻ മലയിലേക്കു പോയി. അവൻ അവിടെ ചെന്നപ്പോൾ കസ്റ്റീലിയൻ തരത്തിൽപ്പെട്ട റോസാപൂക്കൾ അവൻ ശേഖരിച്ചു. പരിശുദ്ധ അമ്മയും അവന്റെ കൂടെ പൂക്കൾ പറിക്കുവാൻ ഉണ്ടായിരുന്നു.
ശേഖരിച്ച പൂക്കൾ അവന്റെ മേൽവസ്ത്രത്തിൽ ഇട്ട് മെത്രാന് കൊടുക്കാനായി കൊണ്ടു ചെന്നു. തന്റെ മുമ്പിൽ വെച്ച് ജൂവാൻ മേൽവസ്ത്രം തുറന്നപ്പോൾ റോസാപൂക്കൾ മെത്രാന്റെ കാൽക്കൽ വീണു. അതോടൊപ്പം ആ വസ്ത്രത്തിൽ അമ്മയുടെ മനോഹരമായ ചിത്രം പതിഞ്ഞിരിക്കുന്നതായി ദർശിച്ചു. ഗാഡലുപ്പായിലെ അമ്മയുടെ ബസിലിക്കായിൽ ഇന്നും ആ വസ്ത്രം പരിപാവനമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
1754 ൽ ബെനഡിക്ട് 14-ാം മാർപാപ്പ ഗാഡലൂപ്പയിൽ പ്രത്യക്ഷയായ ദിവ്യജനനിയെ ന്യൂ സ്പെയിനിന്റെ മദ്ധ്യസ്ഥയായും 1935 ജൂലൈ 16 ന് പീയൂസ് 11-ാം മാർപാപ്പ ഫിലിപ്പിയൻസിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായും പ്രഖ്യാപിച്ചു. 1935 ൽ 11-ാം പീയൂസ് മാർപാപ്പ മെക്സിക്കോയുടെ രാജ്ഞിയായയും മറിയത്തെ പ്രഖ്യാപിച്ചു. 1999-ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ പരിശുദ്ധമ്മയെ അമേരിക്കയുടെ മദ്ധ്യസ്ഥയും രാജ്ഞിയുമായും
ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളുടെ സംരക്ഷകയായും പ്രഖ്യാപിച്ചു. ഇതിനകം നാലു പ്രാവശ്യം ഈ ചിത്രത്തെകുറിച്ച് ഔദ്യോഗികമായ പഠനം നടത്തിയിട്ടുണ്ട്. 500 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ആ ചിത്രത്തിനു യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല.
നമുക്ക് പ്രാർഥിക്കാം
ഗാഡലുപ്പേ മാതാവേ, മെക്സിക്കോയിൽ അങ്ങ് നല്കിയ സന്ദേശമനുസരിച്ച് ലോകസ്രഷ്ടാവായ ദൈവത്തിന്റെ കന്യകയായ അങ്ങയെ ഞങ്ങൾ വണങ്ങുന്നു. അത്ഭുതകരമായി രൂപപ്പെടുത്തിയ അത്ഭുതചിത്രത്തിനു മുൻപിൽ ആത്മനാ മുട്ടുകുത്തി നില്ക്കുന്നു. അവിടെ കടന്നു വരുന്ന അനേകായിരം വിശ്വാസികളോടു ചേർന്ന് ഞാനും പ്രാർഥിക്കുന്നു. എന്നെ തന്നെ മറന്ന് ഉദാരമനസ്സോടെ അമ്മയെക്കുറിച്ച് അറിയാനും മറ്റുള്ളവരെ പഠിപ്പിക്കാനും എന്നെ സഹായിക്കണമെ, “ഞാൻ കരുണയുള്ള മാതാവാണ് എന്നെ ആശ്രയിക്കുന്നവരെ ഞാൻ സഹായിക്കും. അവരുടെ പ്രാർഥനകൾക്ക് ഉത്തരം നല്കും’ എന്നും അരുളിയ മാതാവേ, എന്നെ കടാക്ഷിക്കണമെ എന്ന് ഞാൻ യാചിക്കുന്നു. എന്തെന്നാൽ നീ എന്നെ സ്നേഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽ എന്റെ ഈ യാചന ശ്രവിച്ച് നിന്റെ സാക്ഷിയാകാൻ അവിടത്തെ സ്നേഹം കൊണ്ടും സംരക്ഷണം കൊണ്ടും നിറയ്ക്കണമേ. ആമ്മേൻ.
സുകൃത ജപം: എന്റെ അമ്മേ, എന്റെ ആശയമേ, എന്നെ മുഴുവനും ഈശോയുടേതാക്കണമേ.



Leave a comment