വി. ഫൗസ്റ്റീനക്കുണ്ടായ ഉണ്ണീശോ ദർശനം

വിശുദ്ധ ഫൗസ്റ്റീനായ്ക്കുണ്ടായ ഉണ്ണീശോ ദർശനവും അതിന്റെ സന്ദേശവും.

ക്രിസ്തുമസ് ദിനത്തിൽ പരിശുദ്ധ കുർബാന സ്വീകരിക്കാനായി നിൽക്കുമ്പോൾ ഉണ്ണീശോയുടെ ഈ ആഗ്രഹത്തെ മറക്കരുതേ.. ഒരുനാളും തള്ളിക്കളയല്ലേ.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ആദ്യ വിശുദ്ധയായ പോളണ്ടിലെ വി. ഫൗസ്റ്റീന ദൈവകാരുണ്യത്തിന്റെ പ്രചാരക പോലെ ഉണ്ണീശോയോടുള്ള ഭക്തിയലും ഭുവന പ്രസിദ്ധയാണ്. ജീവിതത്തിലുടനീളം വി. ഫൗസ്റ്റീന ഈശോയുടെ നിരവധി ദർശനങ്ങൾക്കു സാക്ഷ്യം വഹിച്ചവളാണ്, ദൈവത്തിനു മനുഷ്യവംശത്തോടുള്ള അതിരറ്റ സ്നേഹവും ഓരോ ആത്മാവിനോടുമുള്ള അവിടുത്തെ പ്രത്യേക സ്നേഹവുമായിരുന്നു എല്ലാ ദർശനങ്ങളുടെയും അന്തസത്ത.

1937 ലെ ക്രിസ്തുമസ് പാതിരാ കുർബാന മധ്യേ ഫൗസ്റ്റീനയ്ക്കു ഉണ്ണീശോയുടെ അത്ഭുത ദർശനമുണ്ടായി. അതിനെപ്പറ്റി അവൾ തന്റെ ഡയറിയിൽ ഇപ്രകാരം കുറിച്ചിരിക്കുന്നു.

“ഞാൻ പാതിരാ കുർബാനയ്‌ക്കായി ദൈവാലയത്തിൽ വന്നപ്പോൾ മുതലേ ഞാൻ വലിയ ധ്യാനത്തിലായി, അതിനിടയിൽ ബത്‌ ലേഹമിൽ ദിവ്യപ്രഭ ചൊരിയുന്ന പുൽക്കൂടു ഞാൻ കണ്ടു. പരിശുദ്ധ കന്യകാമറിയം അത്യധികം സ്നേഹത്തോടെ , പിള്ളക്കച്ചകൊണ്ടു ഉണ്ണീശോയെ മൂടി പുതപ്പിക്കുകയായിരുന്നു, യൗസേപ്പ് പിതാവ് അപ്പോഴും ഉറങ്ങുകയായിരുന്നു. പരിശുദ്ധ മറിയം ഉണ്ണീശോയെ പുൽത്തൊട്ടിയിൽ കിടത്തിയ ശേഷം മാത്രമേ ദൈവത്തിൽ നിന്നുള്ള ഒരു പ്രകാശം യൗസേപ്പിനെ ഉണർത്തിയുള്ളൂ, യൗസേപ്പിതാവു പ്രാർത്ഥിക്കുകയായിരുന്നു . കുറച്ചു നിമിഷങ്ങൾക്കു ശേഷം പുൽക്കൂട്ടിൽ ഉണ്ണീശോയോടൊപ്പം ഞാൻ തനിച്ചായി, ഉണ്ണീശോ അവന്റെ കുഞ്ഞു കരങ്ങൾ എന്റെ നേരെ നിവർത്തി, ഉണ്ണിയെ കരങ്ങളിൽ എടുക്കാനാണന്നു എനിക്കു മനസ്സിലായി. ഉണ്ണീശോ അവന്റെ ശിരസ്സു എന്റെ ഹൃദയത്തോടു ചേർത്തുവച്ചു എന്റെ ഹൃദയത്തോടു അടുത്തായിരിക്കുന്നത് എത്രയോ നല്ലതാണന്നു അവന്റെ ഇമവെട്ടാതെയുള്ള നോട്ടത്തിലൂടെ എനിക്കു പറഞ്ഞു തന്നു. പൊടുന്നനെ ഉണ്ണീശോ അപ്രത്യക്ഷനായി, പരിശുദ്ധ കുർബാന സ്വീകരണത്തിനുള്ള മണി മുഴക്കം കേട്ടുകൊണ്ടാണ് ഞാൻ കണ്ണുകൾ തുറന്നത് “.

ഇതു ചെറിയ ഒരു കൂടിക്കാഴ്ച ആയിരുന്നെങ്കിലും അളക്കാനാവത്ത പാഠങ്ങൾ ഇതു വിശുദ്ധയെ പഠിപ്പിച്ചു. അതു അവളുടെ ഹൃദയത്തിൽ ദൈവത്തോടുള്ള സ്നേഹത്തെ ആളിക്കത്തിക്കുകയും ക്രിസ്തുമസിന്റെ യഥാർത്ഥ അർത്ഥമെന്താണന്നു കാണിച്ചു കൊടുക്കുകയും ചെയ്തു.

ഉണ്ണീശോക്കു നമ്മുടെ കരങ്ങളിൽ സ്വാഗതമേകുക നമ്മുടെ ഹൃദയത്തിൽ വിശ്രമിക്കാൻ അനുവദിക്കുക ഇതാണ് ക്രിസ്തുമസ് ദിനത്തിൽ നാം അടിസ്ഥാനപരമായി ചെയ്യേണ്ടത്. ഫൗസ്റ്റീനായ്ക്കു ഈ ദർശനം ഉണ്ടായതു വിശുദ്ധ കുർബാന സ്വീകരണത്തിനു തൊട്ടുമുമ്പാണ് എന്നതു പ്രത്യേകം ശ്രദ്ധ അർഹിക്കുന്ന കാര്യമാണ്. ക്രിസ്തുമസ് ദിനങ്ങളിൽ പരിശുദ്ധ കുർബാന സ്വീകരണത്തിലൂടെ ഈശോയെ നമ്മുടെ ജീവിതത്തിൽ സ്വീകരിച്ചു ഹൃദയങ്ങളിൽ വിശ്രമിക്കാൻ അനുവദിച്ചാൽ ക്രിസ്തുമസ് അനുഗ്രഹീതമാകും.

ക്രിസ്തുമസ് ദിനത്തിൽ പരിശുദ്ധ കുർബാന സ്വീകരിക്കാനായി നിൽക്കുമ്പോൾ ഉണ്ണീശോയുടെ ഈ ആഗ്രഹത്തെ മറക്കരുതേ.. ഒരുനാളും തള്ളിക്കളയല്ലേ.

ഫാ. ജയ്സൺ കുന്നേൽ mcbs


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment