പഞ്ചക്ഷതങ്ങളെക്കാൾ വേദനയുളവാക്കിയ, വിശുദ്ധ പാദ്രേ പിയോയുടെ ഒരു രഹസ്യമുറിവ്!
വിശുദ്ധൻ ഇതെപ്പറ്റി സംസാരിച്ചത് ഒരേ ഒരാളോടായിരുന്നു, കരോൾ വോയ്‌റ്റീവയോട്, അതായത് ഭാവിയിലെ മാർപ്പാപ്പയും വിശുദ്ധനുമായ ജോൺപോൾ രണ്ടാമനോട്.
ഒരു വൈദികനായതിനു ശേഷം പഠനത്തിനായി റോമിൽ പോയ കരോൾ വോയ്റ്റീവ, 1948 ലെ ഏപ്രിൽ മാസത്തിൽ സാൻ ജോവാനി റോത്തോണ്ടോ സന്ദർശിച്ചു. പഞ്ചക്ഷതങ്ങളുടെയും നീണ്ട, ഭക്തിസാന്ദ്രമായ ദിവ്യബലികളുടെയും കുമ്പസാരത്തിന്റെ പ്രത്യേകതകളുടേയുമൊക്കെ പേരിൽ അന്നേ പ്രസിദ്ധനായിരുന്ന വിശുദ്ധ പാദ്രേ പിയോ അർപ്പിക്കുന്ന ദിവ്യബലിയിൽ സംബന്ധിക്കാനും, പറ്റിയാൽ വിശുദ്ധന്റെ അടുത്ത് ഒന്ന് കുമ്പസാരിക്കാനുമായിട്ടാണ് പോയത്. ഒരാഴ്ച നീണ്ട അവിടത്തെ താമസത്തിനിടയിൽ ആ രണ്ട് ആഗ്രഹങ്ങളും സാധിച്ചുകിട്ടുകയും ചെയ്തു. പാദ്രേ പിയോയുടെ പഞ്ചക്ഷതങ്ങളെപറ്റി അറിയാമായിരുന്ന അദ്ദേഹം അവസരം കിട്ടിയപ്പോൾ ഒരേയൊരു ചോദ്യം ആ വിശുദ്ധനോട് ചോദിച്ചു, ഏറ്റവുമധികം വേദനിപ്പിക്കുന്ന മുറിവ് അതിൽ ഏതാണെന്ന്? പാർശ്വത്തിലെ മുറിവ് ആയിരിക്കും എന്ന് പ്രതീക്ഷിച്ചു ചോദിച്ച കരോൾ വോയ്റ്റീവക്ക് ഒട്ടും വിചാരിക്കാത്ത ഒരുത്തരം ആയിരുന്നു ലഭിച്ചത്. തന്റെ വലതുതോളിലുള്ള മുറിവാണ് തനിക്ക് ഏറ്റവുമധികം വേദന തരുന്നത് എന്നാണ് പാദ്രേ പിയോ പറഞ്ഞത്, ആരോടും ഇതുവരെ പറയുകയോ കാണിക്കുകയോ ചെയ്യാത്ത, ഉണങ്ങാതെ കഠിനവേദന തരുന്ന, രക്തം വാർന്നൊഴുകുന്ന തന്റെ തോളിലെ വ്രണം. ഭാവിയിൽ മാർപാപ്പ ആവാനിരിക്കുന്ന വിശുദ്ധനാണ് തന്റെ മുൻപിൽ എന്ന് ഉൾക്കണ്ണിൽ കണ്ടുകൊണ്ടാവാം മറ്റാരോടും വെളിപ്പെടുത്താത്ത കാര്യം കരോൾ വോയ്റ്റിവയോട് സ്നേഹത്തോടെ വിശുദ്ധൻ പങ്കുവെച്ചത്.
ക്ലെയർവോയിലെ വിശുദ്ധ ബെർണാർഡിനോട്, പീഡാസഹനവേളയിൽ ഏറ്റവും വേദനയുണ്ടാക്കിയ തന്റെ തിരുത്തോളിലെ, അതുവരെ എവിടെയും രേഖപ്പെടുത്തിയിട്ടിലാത്ത, മുറിവിനെ പറ്റി ഈശോ വെളിപ്പെടുത്തിയിരുന്നല്ലോ
വിശുദ്ധ പാദ്രേ പിയോക്കും വിശുദ്ധ ബെർനാർഡിനുള്ളതുപോലെ ഈശോയുടെ തിരുമുറിവുകളോട് വലിയ ഭക്തിയായിരുന്നു. ഈശോക്കും ആത്മാക്കൾക്കും വേണ്ടി ഏറെ സഹിക്കാൻ ആഗ്രഹിച്ച തന്റെ പ്രിയമകന് പഞ്ചക്ഷതങ്ങളോടൊപ്പം, തനിക്കേറെ വേദന തന്ന തോളിലെ മുറിവും സമ്മാനിക്കാൻ അവിടുന്ന് തിരുമനസ്സായി. സഹിക്കാൻ നൽകുന്നതിൽ എന്താണിത്ര ഔദാര്യമുള്ളത് എന്ന് ചിലർക്ക് തോന്നാം. പക്ഷേ മാലാഖമാർക്ക് മനുഷ്യരോട് അസൂയ വരെ തോന്നുന്ന ഒരു കാര്യമാണ് ഈശോയെ പ്രതി സഹിക്കാൻ നമുക്ക് പറ്റുന്നു എന്നുള്ളത്, അങ്ങനെ ആത്മാക്കൾക്ക് വേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാകരപദ്ധതിയിൽ ഭാഗഭാക്കാകുവാൻ. അതിന്റെ മഹത്വം നമ്മുടെ മരണശേഷമേ നമുക്ക് മനസ്സിലാകൂ എന്നുള്ളതാണ്.
വിശുദ്ധന്റെ സഹായത്തിനായി അവിടെ ഉണ്ടായിരുന്ന മോഡസ്റ്റിനോ സഹോദരൻ ആ രഹസ്യം അറിഞ്ഞു, പക്ഷേ വിശുദ്ധന്റെ മരണശേഷം ആണെന്ന് മാത്രം. തന്റെ ആത്മീയ പുത്രരിൽ ഒരാളും തന്റെ നാട്ടുകാരനുമായ ആ സന്യാസസഹോദരനോട് ഒരിക്കൽ വിശുദ്ധ പാദ്രേ പിയോ പറഞ്ഞിരുന്നു, തന്റെ ഉൾവസ്ത്രം ഊരിമാറ്റുന്ന സമയത്ത് താൻ വലിയ വേദന അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന്. പഞ്ചക്ഷതങ്ങൾ ആരെയും കാണിക്കരുതെന്ന് സഭാധികാരികൾ വിലക്കിയതുകൊണ്ട് തനിക്ക് വേണ്ടിവന്ന ഒരു ശസ്ത്രക്രിയക്ക് ബോധം കെടുത്താൻ പോലും സമ്മതിക്കാതെ പച്ചമാംസത്തിൽ കത്തി കയറുന്ന വേദന അനുഭവിച്ച ആളാണ്. ബോധം കെട്ടുപോയാൽ ഡോക്ടർമാർ പഞ്ചക്ഷതങ്ങൾ കണ്ടാലോ? കയ്യിൽ ഗ്ലൗസ് അടക്കം അണിഞ്ഞ് പഞ്ചക്ഷതങ്ങൾ മറച്ച പാദ്രേ പിയോയെ ആണ് എല്ലാവരും കണ്ടിട്ടുള്ളത്. പൊതുവായി കുർബ്ബാന ചൊല്ലരുതെന്ന് പോലും ഒരു സമയത്ത് വിലക്കിയ സഭാധികാരികളോട് അദ്ദേഹം കാണിച്ച മരണത്തോളമുള്ള അനുസരണയുടെ മഹത്വം എന്തായിരുന്നെന്ന് നമ്മളിപ്പോൾ അറിയുന്നു.
വിശുദ്ധൻ വേദനയെ പറ്റി പറഞ്ഞപ്പോൾ മോഡസ്റ്റിനോ സഹോദരൻ വിചാരിച്ചത് വിശുദ്ധന്റെ പാർശ്വത്തിലോ മറ്റോ രക്തത്തിൽ ഒട്ടിപ്പിടിച്ചിട്ടുള്ള വസ്ത്രങ്ങൾ കാരണമാകും അതെന്നാണ്. പക്ഷേ തോളിലെ മുറിവിനെ പറ്റിയായിരിക്കാം പറഞ്ഞതെന്ന് മനസ്സിലായത് വിശുദ്ധന്റെ മരണശേഷം തന്റെ ആത്മീയ പിതാവിന്റെ വസ്ത്രങ്ങൾ ക്രമപ്പെടുത്തുമ്പോഴാണ്. പാദ്രേ പിയോ ഉപയോഗിച്ച സാധനങ്ങളെല്ലാം ശേഖരിക്കാനും സീൽ ചെയ്യാനുമുള്ള നിർദ്ദേശം ലഭിച്ച മോഡസ്റ്റിനോ, പിതാവിന്റെ ഉൾവസ്ത്രത്തിൽ വലത് തോളിലായി വലിയ രക്തക്കറ കണ്ടെത്തി. ഈശോയുടെ ടൂറിനിലെ തിരുക്കച്ചക്ക് സമാനമായി നാല് ഇഞ്ചോളം കുറുകെയുള്ള പാട്. വസ്ത്രം അഴിക്കുമ്പോൾ, രക്തത്തിൽ ഒട്ടിപ്പിടിച്ചിട്ടുള്ള ആ മുറിവിൽ നിന്ന് സഹിക്കാനാവാത്ത വേദന ഉണ്ടാകുമായിരുന്നെന്ന് ആ സഹോദരന് മനസ്സിലായി. ഉടൻ തന്നെ അദ്ദേഹം അത് മേലധികാരികളെ അറിയിച്ചു. അതിനെപ്പറ്റി ചെറിയ ഒരു റിപ്പോർട്ടുണ്ടാക്കാൻ നിർദ്ദേശം കിട്ടി.
മരണശേഷം വിശുദ്ധ പാദ്രേ പിയോ തന്റെ തോളിലുണ്ടായിരുന്ന ആ മുറിവിനെ പറ്റി വലിയ ഒരു അവബോധം തന്നെന്ന് ബ്രദർ മോഡസ്റ്റിനോ പിന്നീട് പറഞ്ഞു.
“ഒരു ദിവസം ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ അദ്ദേഹത്തോട് ഇങ്ങനെ പ്രാർത്ഥിച്ചു, ‘പ്രിയ പിതാവേ, ശരിക്കും അങ്ങേക്ക് അങ്ങനൊരു മുറിവുണ്ടായിരുന്നെങ്കിൽ എനിക്കൊരു അടയാളം തരണേ ‘, എന്നിട്ട് ഞാൻ ഉറങ്ങാൻ പോയി. പുലർച്ചെ 1.05 ആയപ്പോൾ, തോളിൽ പെട്ടെന്ന് ഭയങ്കരമായ വേദന അനുഭവപ്പെട്ട ഞാൻ നല്ല ഉറക്കത്തിൽ നിന്ന് ചാടിയെണീറ്റു. ആരോ ഒരു കത്തിയെടുത്ത് എന്റെ തോളെല്ലിൽ നിന്ന് മാംസം ചീന്തിയെടുക്കുന്ന പോലെ ആയിരുന്നു ആ വേദന. കുറച്ച് മിനിറ്റുകൾ കൂടി ആ വേദന അങ്ങനെ നിന്നിരുന്നെങ്കിൽ ഞാൻ മരിച്ചുപോയേനെ. അതിന്റെ ഇടയിൽ കൂടി, ഇങ്ങനെ പറയുന്ന ശബ്ദം ഞാൻ കേട്ടു, ‘ഇങ്ങനെയായിരുന്നു ഞാൻ സഹിച്ചത് ‘. ശക്തിയേറിയ ഒരു സുഗന്ധം എന്നെ പൊതിഞ്ഞ് ആ മുറിയിൽ നിറഞ്ഞു. ദൈവസ്നേഹത്താൽ എന്റെ ഹൃദയം നിറഞ്ഞുകവിയുന്നതുപോലെ എനിക്കനുഭവപ്പെട്ടു. വിചിത്രമായ ഒരു ആത്മീയാനുഭൂതിയിലായിരുന്നു ഞാൻ. അസ്സഹനീയമായ ആ വേദന എന്നിൽ നിന്ന് എടുത്തുകളയുന്നത്, അത് സഹിക്കുന്നതിനേക്കാൾ കഷ്ടമായി തോന്നി. ആ വേദനയിൽ നിന്ന് രക്ഷപ്പെടാനാണ് ശരീരം ആഗ്രഹിച്ചെതെങ്കിലും, എന്റെ ആത്മാവ് വിവരിക്കാനാകാത്ത വണ്ണം അതിൽ തുടരാൻ ആഗ്രഹിച്ചു. ഒരേസമയം വേദനാജനകവും മാധുര്യവുമുള്ളതായിരുന്നു അത്. അവസാനം എനിക്ക് മനസ്സിലായി!“
ഈശോ തന്റെ വേദനയുടെ ഒരു പങ്ക് വിശുദ്ധ പാദ്രേ പിയോക്ക് പകർന്നപ്പോൾ അതിൽ നിന്ന് നമ്മളും തിരിച്ചറിയുന്നു ആ വേദനയുടെ ആഴം. എന്ത് മാത്രം വേദന ആണ് ഈശോ നമുക്കായി കാൽവരിയിലെ ബലിയിൽ സഹിച്ചത്. ചമ്മട്ടിയടിയുടെ വേദനയും ക്ഷീണവും, മുൾമുടിയുടെ മുള്ളുകൾ തലയിൽ തറഞ്ഞ് കയറിയ വേദന, അതിനൊപ്പം തോളിലെ ഈ വേദന, ഭാരമേറിയ കുരിശ് നൽകിയ ക്ഷീണം, പിന്നെ കുരിശിൽ കിടക്കവേ കൈകാലുകളിൽ പ്രാണൻ പോകുന്ന വേദന, ദാഹം,അങ്ങനെ എന്തെല്ലാം…ഓർക്കണ്ടേ നമ്മൾ.
ജിൽസ ജോയ് ![]()



Leave a comment