വി. യൗസേപ്പിതാവിന്റെ മഹത്വം | Month Dedicated to St Joseph

വിശുദ്ധ യൗസേപ്പിതാവിനായി പ്രത്യേകം സമർപ്പിക്കപ്പെട്ടിട്ടുള്ള ഈ മാസത്തിൽ, ആ പിതാവിന്റെ ഔന്നത്യം ശരിക്കും നമ്മൾ മനസ്സിലാക്കിയിട്ടുണ്ടോ, ആ പിതാവിന്റെ മധ്യസ്ഥതയിലൂടെ വർഷിക്കപ്പെടുന്ന അനുഗ്രഹങ്ങളെ പറ്റി നമ്മൾ ബോധവാന്മാരാണോ? എന്തുമാത്രം ഭക്തിയും ആദരവും നമുക്ക് ആ പിതാവിനോടുണ്ട് എന്നതെല്ലാം നമുക്ക് സ്വയം ഒന്ന് പുനർവിചിന്തനം ചെയ്യാം.

“ഈ ഭൂമിയിൽ ജീവിച്ചിരുന്ന സമയത്ത് അത്യധികമായി വിശുദ്ധ യൗസേപ്പിനെ ആദരിക്കുകയും ജീവിതകാലത്ത് അവന് വിധേയപ്പെടുകയും ചെയ്ത യേശുക്രിസ്തുവിന്റെ ആ വിശുദ്ധമായ മാതൃക മാത്രം മതി ഈ വിശുദ്ധനോടുള്ള ഭക്തി എല്ലാവരുടെയും ഹൃദയത്തിൽ കത്തിജ്വലിക്കാൻ “… വിശുദ്ധ അൽഫോൻസ് ലിഗോരി.

“നമ്മുടെ നാഥയോ വിശുദ്ധ യൗസേപ്പിതാവിന്റെ മഹത്വവാനായ പുത്രനോ, ആ പിതാവിന് ഒന്നും തന്നെ നിഷേധിക്കുകയില്ല”… വിശുദ്ധ ഫ്രാൻസിസ് സാലസ്.

“വിശുദ്ധ യൗസേപ്പിതാവ് എല്ലാ വിശുദ്ധരെക്കാളും ഉന്നതൻ ആണെങ്കിലും എല്ലാവരിലും വെച്ച് ഏറ്റവും എളിമയുള്ളവനും മറഞ്ഞിരിക്കുന്നവനുമാണ് “… വിശുദ്ധ പീറ്റർ ജൂലിയൻ.

“ഈ മഹാനായ പിതാവിനോട് നമുക്ക് പറയാം ഞങ്ങളെല്ലാം അങ്ങയുടേതാണ്. അങ്ങ് ഞങ്ങളുടെ എല്ലാമായിരിക്കണമേ. ഞങ്ങൾക്ക് വഴി കാട്ടണമേ. ഓരോ പടികളിലും ഞങ്ങളെ ബലപ്പെടുത്തണമേ. ദൈവപരിപാലനയാൽ ഞങ്ങൾ എവിടെയാണോ ആയിരിക്കേണ്ടത് അവിടേക്ക് ഞങ്ങളെ നയിച്ചാലും “… വിശുദ്ധ ജോസഫ് മറേല്ലോ.

“ ഈശോയെ സംരക്ഷിച്ച സ്നേഹത്തോടെയും ഉദാരതയോടെയും വിശുദ്ധ യൗസേപ്പിതാവ് നിങ്ങളുടെ ആത്മാവിനെ സംരക്ഷിക്കും. അവിടുത്തെ അദ്ദേഹം ഹേറോദേസിൽ നിന്ന് സംരക്ഷിച്ചതുപോലെ നാരകീയ ഹേറോദേസായ പിശാചിൽ നിന്ന്, അവന്റെ പിടിയിൽ നിന്ന്, അദ്ദേഹം നിങ്ങളുടെ ആത്മാവിനെ രക്ഷിക്കും. എന്തെല്ലാം പരിചരണമാണ് ഈശോക്ക്

വിശുദ്ധ യൗസേപ്പിതാവ് കൊടുത്തത് അതുതന്നെ അദ്ദേഹം നിങ്ങളോട് കാണിക്കും. അവന്റെ മധ്യസ്ഥതയിൽ നിങ്ങളെ സഹായിക്കും. അഹങ്കാരിയും ദുഷ്ടനുമായ ഹേറോദേസിന്റെ പീഡനങ്ങളിൽ നിന്ന് നിങ്ങളെ വിടുവിക്കുകയും ഈശോയിൽ നിന്ന് നിങ്ങളുടെ ഹൃദയം അകന്നു പോകാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ‘വിശുദ്ധ യൗസേപ്പിന്റെ പക്കൽ പോവുക’, അത്യധികമായ ആത്മവിശ്വാസത്തോടുകൂടി വിശുദ്ധ യൗസേപ്പിതാവിന്റെ പക്കൽ പോവുക. അദ്ദേഹത്തോട് അപേക്ഷിച്ച കാര്യങ്ങളൊന്നും തന്നെ അതിവേഗം സാധിച്ചു കിട്ടാതെ പോയിട്ടില്ല എന്ന് ഞാനോർക്കുന്നു “… വിശുദ്ധ പാദ്രേ പിയോ.

“വിശുദ്ധ യൗസേപ്പിതാവ് ഈ ഭൂമിയിൽ ആയിരുന്നതിനേക്കാൾ, സ്വർഗ്ഗത്തിൽ അതി ശക്തനാണ്. മറ്റുള്ള വിശുദ്ധർ സ്വർഗ്ഗത്തിൽ മഹത്തായ അധികാരം ആസ്വദിക്കുന്നു എന്നത് സത്യമാണ്, എന്നാൽ അവർ ദാസരെപ്പോലെ ചോദിക്കുന്നു. യജമാനൻമാരെപ്പോലെ കൽപ്പിക്കുന്നില്ല. ഈ ഭൂമിയിൽ ആരുടെ അധികാരത്തിൻ കീഴിലാണ് ഈശോ വിധേയപ്പെട്ടത് ആ വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗത്തിലെ രാജകീയ പുത്രനിൽ നിന്ന് അവൻ ആഗ്രഹിക്കുന്നവ നേടിയെടുക്കുന്നു”. വിശുദ്ധ തോമസ് അക്വീനാസ്

അഗ്രദയിലെ ധന്യയായ മറിയം ‘ സിറ്റി of ഗോഡ്’ എന്ന പേരിൽ പ്രസിദ്ധീകരിച്ച അവളുടെ പുസ്തകത്തിൽ, വിശുദ്ധ യൗസേപ്പിതാവിനോട് ഭക്തി ഉള്ളവർക്ക്, അവന്റെ മാധ്യസ്ഥം പ്രത്യേക രീതിയിൽ തേടുന്നവർക്ക്, ദൈവം കൊടുക്കുന്ന അസാധാരണ കൃപകളെപറ്റി എഴുതി. ഈ പ്രത്യേക സൗഭാഗ്യങ്ങളുടെ യോഗ്യതയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മാധ്യസ്ഥം ശക്തിയേറിയതാണ്,

1, ശുദ്ധത എന്ന പുണ്യം നേടാനും ശരീരത്തിന്റെ ദുരാശകളെ കീഴടക്കാനും,

2, പാപത്തിൽ നിന്ന് രക്ഷപ്പെടാനും ദൈവിക സൗഹൃദത്തിലേക്ക് മടങ്ങാനുള്ള അതിശക്തിയേറിയ സഹായം നേടിയെടുക്കാനും,

3, മറിയത്തോടുള്ള ഭക്തിയും സ്നേഹവും വർധിപ്പിക്കാനും

4, ഭാഗ്യപ്പെട്ട മരണം നേടിയെടുക്കാനും ആ മണിക്കൂറിൽ ദുഷ്ടാരൂപിയുടെ ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം നേടാനും,

5, വിശുദ്ധ യൗസേപ്പിതാവിന്റെ ഭക്തർ അവന്റെ നാമം ഉച്ചരിക്കുമ്പോൾ പിശാചുക്കൾ കൂടുതൽ ഭയചകിതരാകാനും,

6, ശാരീരികാരോഗ്യം വീണ്ടെടുക്കാനും എല്ലാ വിധ വിഷമതകളിൽ നിന്നും ഉള്ള സഹായം നേടാനും,

7, കുടുംബങ്ങളിൽ മക്കളുടെ സുരക്ഷിതത്വം നേടിയെടുക്കുവാൻ.

പരിശുദ്ധ അമ്മ അഗ്രദയിലെ മറിയത്തോട് പറഞ്ഞു, “… എന്റെ അനുഗ്രഹീത ഭർത്താവിന് നല്കപ്പെട്ട സവിശേഷതകളെയും സൗഭാഗ്യങ്ങളെ പറ്റിയും, ദൈവത്തിന്റെ അടുത്തുള്ള അവന്റെ മധ്യസ്ഥത കൊണ്ട് എന്ത് ചെയ്യാം എന്നതിനെ പറ്റിയും മനുഷ്യകുലം മുഴുവൻ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല. സ്വർഗ്ഗത്തിൽ എന്റെ മണവാളൻ കർത്താവിനോട് ചോദിക്കുന്നതെല്ലാം ഭൂമിയിൽ അനുവദിക്കപ്പെടും. അവന്റെ മാധ്യസ്ഥം വഴിയായി എണ്ണമറ്റ അസാധാരണ കൃപകൾ സ്വീകരിക്കാൻ മനുഷ്യർക്ക് അയോഗ്യതയില്ലെങ്കിൽ, അവ അവർക്കായി കാത്തിരിക്കുന്നു”….

ഈ വിശുദ്ധ പിതാവിനെ നമുക്ക് സ്നേഹിക്കാം. ആദരിക്കാം. അനുകരിക്കാം. നമ്മുടെ ആന്തരിക ജീവിതത്തിന്റെയും ആത്മീയതയുടെയും രക്ഷാധികാരിയായി സ്വീകരിക്കാം. അങ്ങനെ പരിപൂർണ്ണതയിലേക്ക് പുരോഗമിക്കാം.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment