May 9 | ഈശോയുടെ സി. മരിയ തെരേസിയാ

ഇന്നു മെയ് മാസം 9, ബവേറിയുടെ തലസ്ഥാന നഗരിയായ മ്യൂണിക്കിൻ്റെ ഹൃദയഭാഗത്തു വിശുദ്ധിയുടെ പ്രകാശം പരത്തി ജീവിച്ച വാഴ്ത്തപ്പെട്ട സി. മരിയ തെരേസിയായുടെ ഓർമ്മ ദിനം. പത്തൊമ്പതാം നൂറ്റാണ്ടിൽ പാവപ്പെട്ട പെൺകുട്ടികളുടെ വിദ്യാഭ്യസത്തിനായി ഒരു സന്യാസ സഭ സ്ഥാപിച്ച ധീര വനിത. ആ വിശുദ്ധ അധ്യാപികയെക്കുറിച്ചാകട്ടെ ഇന്നത്തെ കുറിപ്പ്.

ജർമ്മനിയിലെ ബവേറിയിൽ അന്നത്തെ ഹോളി റോമൻ സാമാജ്യത്തിൻ്റെ ഭാഗമായിരുന്ന റേഗൻസ്ബുർഗിനടുത്തു സ്റ്റഡ്ആംഹോഫിൽ (Stadtamhof) ൽ 1797 ജൂൺ 20 ന് വില്ലിബാർഡ് ഫ്രാൻസിസ്കാ ഗെർഹാൻഡിംഗർ ദമ്പതികളുടെ ഏക മകളായി കരോലിന ജനിച്ചു. ചെറുപ്പത്തിലെ തന്നെ ഇടവക വികാരി ഒരു അധ്യാപികയാകാൻ കരോലിനായെ പ്രോത്സാഹിപ്പിച്ചിരുന്നു.

പാവപ്പെട്ട പെൺകുട്ടികൾക്കു സൗജന്യമായി വിദ്യാഭ്യാസം നൽകാൻ പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻസിൽ സ്ഥാപിതമായ കാനോനെസസ് റെഗുലർ ഓഫ് നേട്രേഡാം എന്ന സന്യാസസഭയുടെ പ്രാദേശിക മഠത്തിൽ ഒരു അത്മായ ടീച്ചറായി കരോലിന പരിശീലനം ആരംഭിച്ചു . പതിനഞ്ചാമത്തെ വയസ്സിൽ അവൾ “റോയൽ ബവേറിയൻ പ്രൈമറി സ്കൂൾ അദ്ധ്യാപിക” ആയി. നെപ്പോളിയൻ്റെ സൈന്യം ബവേറിയ കീഴ്പ്പെടുത്തിയപ്പോൾ 1809 കനേഷ്യൻ മഠം അടപ്പിച്ചു. 1812 ൽ പഠിപ്പിക്കാനുള്ള അംഗീകാരം സ്വന്തമാക്കിയ കരോലിന റേഗൻസ്ബുർഗിൽ പെൺകുട്ടികളെ പഠിപ്പിക്കാൻ തുടങ്ങി. 1815 മുതൽ ഒരു സന്യാസസഭയിൽ ചേരാനുള്ള ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പ്രതികൂല സാഹചര്യങ്ങൾ മൂലം നടന്നില്ല. 36 വയസ്സ് വരെ അവൾ സ്വന്തം നാട്ടിൽ അധ്യാപികയായി ജോലി ചെയ്തു.

റീജൻസ്ബർഗിലെ ബിഷപ്പ് ജോർജ്ജ് മൈക്കൽ വിറ്റ്മാനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്, 1833 ൽ റീജൻസ്ബർഗിലെ നോട്രെഡാം മഠത്തിൻ്റെ മാതൃകയിൽ ഒരു സന്യാസ സഭ സ്ഥാപിച്ചു. 1833 ഒക്ടോബർ 24നു കരോലിനയും രണ്ടു സഹോദരിമാരും ചേർന്നു സമൂഹ ജീവിതം ആരംഭിച്ചു. Arme Schulschwestern അഥവാ പാവപ്പെട്ട സ്കൂൾ സഹോദരിമാർ (Poor Teachers Sistes of Notre Dame) എന്ന സന്യാസ സഭയുടെ പിറവി യാഥാർത്ഥമായി. ഓദ്യോഗികമായ അംഗീകാരത്തിനു ചില പ്രാരംഭ തടസ്സങ്ങൾ നേരിട്ടെങ്കിലും 1834 മാർച്ചു മാസത്തിൽ ലുഡ് വിഗ് ഒന്നാമൻ രാജാവ് ഈ സന്യാസസഭയെ അംഗീകരിച്ചു. റേഗൻസ്ബുർഗിലെ സെൻ്റ് ഗാലിയൂസിൻ്റെ നാമത്തിലുള്ള ദൈവാലയത്തിൽ വച്ചു 1835 നവംബർ 16 നു ഈശോയുടെ മരിയ തെരേസിയ എന്ന നാമം സ്വീകരിച്ചു സന്യാസ വ്രതവാഗ്ദാനം നടത്തി.

യുവ സന്യാസ സമൂഹം അതിവേഗം വളർന്നു .1839 ൽ മ്യൂണിക്കിലെ അവ്വിൽ (Au) അവർ ഒരു ആശ്രമം ആരംഭിച്ചു. യുവ സന്യാസിമാരെ പരിശീലിപ്പിക്കുവാനും സഭയുടെ പ്രവർത്തനങ്ങൾ ഏകോപിക്കുവാനുമായി ഒരു കേന്ദ്ര ഭവനം സി. മരിയ തെരേസിയ്ക്കു സമൂഹത്തിനും ആവശ്യമായി വന്നു. ലുഡ്‌വിഗ് ഒന്നാമൻ രാജാവ് മ്യൂണിക്കിലെ ആം ആംഗറിൽ ഒഴിഞ്ഞു കിടന്നിരുന്ന ക്ലാരിസെൻക്ലോസ്റ്റർ ( Klarissenkloster am Anger ) ഈ ആവശ്യത്തിനായി പാവപ്പെട്ട സഹോദരിമാർക്കു നൽകി.1843 ഒക്ടോബർ 16 മുതൽ മ്യൂണിക്കിലെ പുതിയ മാതൃ ഭവനത്തിലാണ് സന്യാസ അർത്ഥികളെ പരിശീലിപ്പിക്കുന്നതും ലോകമെമ്പാടുമുള്ള സഭയുടെ പ്രവർത്തനങ്ങളെ ഏകോപിക്കുന്നതും.

ലുഡ്‌വിഗ് രാജാവിന്റെ അഭ്യർഥനയേ തുടർന്നു സി. മരിയ തെരേസിയ മറ്റു അഞ്ച് യുവ സഹോദരിമാരും 1847-ൽ വടക്കേ അമേരിക്കയിലേക്ക് മിഷൻ പ്രവർത്തനത്തിനായി പുറപ്പെട്ടു, ഒരു വർഷത്തിനുള്ളിൽ അവിടെ എട്ട് പുതിയ ശാഖകൾ സ്ഥാപിക്കുകയും ചെയ്തു. 1865 ൽ ഒൻപതാം പീയൂസ് മാർപാപ്പ പാവപ്പെട്ട സ്കൂൾ സഹോദരിമാർ എന്ന സന്യാസസഭയ്ക്കു പൊന്തിഫിക്കൽ പദവി നൽകി.1850 മുതൽ ഇംഗ്ലണ്ടിലും മറ്റു യുറോപ്യൻ രാജ്യങ്ങളിലും ഈ സന്യാസ സഭ പ്രവർത്തന നിരതമായി.

അഞ്ച് പതിറ്റാണ്ടോളം സഭയെ സുപ്പീരിയർ ജനറലായിരുന്ന മരിയ തെരേസിയ 1877 രോഗബാധിതയായി. ഇക്കാലയളവിൽ ഒൻപതാം പീയൂസ് മാർപാപ്പയുടെ ശ്ലൈഹീകാശീർവ്വാദം ഒരു ടെലഗ്രാമിൻ്റെ രൂപത്തിൽ സി. മരിയ തെരേസിയയെ തേടിയെത്തി. 1879 മെയ് 9 ന് മ്യൂണിക്കിലെ ആംഗർക്ലോസ്റ്ററിൽ പേപ്പൽ ന്യൂൺഷ്യോ കർദ്ദിനാൾ ഗെയ്റ്റാനോ അലോസി മസെല്ലയുടെയും സന്യാസ സഹോദരിമാരുടെയും പ്രാർത്ഥനയുടെ അകമ്പടിയോടെ സി. മരിയ തെരേസിയായുടെ പവനാത്മാവ് സ്വർഗ്ഗത്തിലേക്കു യാത്രയായി. മ്യൂണിക്ക് നഗരത്തിൻ്റെ ഹൃദയമായ മരിയൻ പ്ലറ്റിസിനു സമീപമുള്ള യാക്കോബ് പ്ലറ്റസിലെ വിശുദ്ധ യാക്കോബിൻ്റെ കപ്പേളയിലാണ് ഈശോയുടെ സി. മരിയ തെരേസിയായുടെ കബറിടം.

യുവജനതയുടെ മധ്യസ്ഥ

ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം ലോകത്തോട് തുറന്നു പറയാൻ മടികാണിക്കാത്ത ഈശോയുടെ സി. മരിയ തെരേസിയ, പെൺകുട്ടികൾക്കും യുവതികൾക്കു ക്രിസ്തീയ ധാർമ്മികതയിൽ അടിത്തറ പാകിയ വിദ്യാഭ്യാസമാണ് നൽകിയിരുന്നത്. സ്വന്തമായി ഉത്തരവാദിത്തം ഏറ്റെടുക്കാനും സമൂഹത്തെ ക്രിയാത്മകമായി രൂപപ്പെടുത്താനും കഴിവുള്ള യുവതികളിൽ ആത്മവിശ്വാസം വളർത്തുന്നതിലും ഈ സഹോദരിമാർ നിരന്തരം ശ്രദ്ധിക്കുന്നു.

നാമകരണ നടപടികൾ

1929ൽ മ്യൂണിക്ക് ആർച്ചുബിഷപ്പായിരുന്ന കർദ്ദിനാൾ മൈക്കൽ ഫോൺ ഫൗൾഹാബർ നാമകരണ നടപടികൾക്കു അനുവാദം നൽകി. 1952 ജൂലൈ 11 നു പന്ത്രണ്ടാം പീയൂസ് പാപ്പ സി. മരിയ തെരേസിയെ ധന്യയായി പ്രഖ്യാപിച്ചു. 1985 ഏപ്രിൽ പതിനാറിനു, വിശുദ്ധരുടെ നാമകരണത്തിനുള്ള തിരുസംഘം സി. മരിയ തെരേസിയായുടെ പേരിലുള്ള അത്ഭുതത്തിനു അംഗീകാരം നൽകി, ആ വർഷം തന്നെ നവംബർ 17നു ജോൺ പോൾ രണ്ടാമൻ പാപ്പ ഈശോയുടെ സി. മരിയ തേരേസിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തി.

വാൽഹല്ല (Walhalla) മ്യൂസിയത്തിലേക്ക്.

ജർമ്മൻ ചരിത്രത്തിലെ പ്രശംസനീയരും വിശിഷ്ടരുമായ ആളുകളുടെ പ്രതിമകൾ ബഹുമാന പുരസ്കരം പ്രദർശിപ്പിക്കുന്ന ഹാളാണ് വാൽഹല്ല മ്യൂസിയം. ബവേറിയയിലെ റേഗൻസ്ബുർഗിനു സമീപത്തുള്ള ഡൊണാസ്റ്റോഫിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നദിയുമാണ് ഡാന്യൂബി (Donau in German ) ൻ്റെ തീരത്താണ് ഈ നവ ക്ലാസിക്കൽ നിർമ്മിതി സ്ഥിതി ചെയ്യുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു സി. മരിയ തെരേസിയ നൽകിയ സേവനങ്ങളെ മാനിച്ച് 1998 ൽ അവളെ വാൽഹല്ല ഹാളിൽ സ്ഥാനം നൽകി. ഇന്നു ലോകത്തെമ്പാടുമായി അയ്യായിരത്തിലധികം പാവപ്പെട്ട സ്കൂൾ സഹോദരിമാർ തങ്ങളുടെ ശുശ്രുഷ ചെയ്യുന്നു.

“ദൈവത്തിന്റെ പ്രവൃത്തികളെല്ലാം മന്ദഗതിയിലും വേദനയിലുമാണ് സംഭവിക്കുക, പക്ഷേ അവയിൽ നാം എത്ര കൂടുതൽ ഉറച്ചുനിൽക്കുമോ അത്രയും കൂടുതൽ മനാഹരമായി അവ പുഷ്പിക്കുന്നു.” എന്ന വാഴ്ത്തപ്പെട്ട സി. മരിയ തെരേസിയുടെ വാക്കുകൾ നമ്മുടെ വഴിത്താരകളിൽ വെളിച്ചവും ധൈര്യവും പ്രധാനം ചെയ്യട്ടെ .

ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment