ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും

ഇറ്റലിക്കാരനല്ലാത്ത, പോളണ്ടുകാരനായ കർദ്ദിനാൾ വോയ്‌റ്റീവ മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട എന്ന വാർത്ത എങ്ങും പരക്കവേ, അങ്ങകലെ പോളണ്ടിൽ, വൃദ്ധപുരോഹിതനായ എഡ്വേർഡ് സക്കേർ എന്ന വാദോവീസിലെ ഇടവകവികാരി, വിറയാർന്ന കരങ്ങളോടെ തടിച്ച രജിസ്റ്റർ തുറന്നു. ഒരു കോളമൊഴിച്ചു ബാക്കി നാല് കോളങ്ങളിലും ‘മരണം’ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു :

“ദൈവമേ, നീയീ ഭൂമിയിൽ ഇവന് സ്വന്തക്കാരും പിന്മുറക്കാരുമായി ആരെയും അവശേഷിപ്പിക്കാതിരുന്നത്, നിനക്കിവനെ സ്വന്തമാക്കാനായിരുന്നോ? അതോ അനേകർക്കിവനെ സ്വന്തം പിതാവാക്കാനോ “? കൃതജ്ഞതാപൂർവ്വം സക്കേറച്ചൻ വിതുമ്പി. ചുടുകണ്ണീരൊലിപ്പിച്ച് അഞ്ചാം കോളം വിരൽ തൊട്ടു വായിച്ചു :

“…കരോൾ ജോസഫ് വോയ്‌റ്റീവ (ലോലക്ക് ): ജനനം 1920 മെയ് 18… മാമോദീസ…. സ്ഥൈര്യലേപനം…ആദ്യകുർബ്ബാന സ്വീകരണം… പൗരോഹിത്യം… മെത്രാൻ… മെത്രാപ്പോലീത്ത… കർദ്ദിനാൾ….

ഇത്രയുമായപ്പോൾ കണ്ണീരിറ്റിറ്റു വീണ് ആ താൾ നനഞ്ഞിരുന്നു. അച്ചൻ കസേരയിൽ നിന്നെഴുന്നേറ്റു. സാവകാശം മുട്ടുകുത്തി. എന്നിട്ട് വിറയാർന്ന കരങ്ങളോടെ കൂട്ടിച്ചേർത്തു:

Die 16-X- 1978 in Summum Pontificem Ioannem Paulum II imposuit.

ജോൺപോൾ രണ്ടാമൻ എന്ന Supreme Pontiff ( മാർപാപ്പ ) ആയി അതിലെ കൊച്ചു ലോലക്ക് അവരോധിക്കപ്പെട്ട സുദിനവും അങ്ങനെ അതിൽ ചേർന്നു.

അന്ന് വാദോവീസുകാർക്കാർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. അതവരുടെ ആഘോഷരാവായിരുന്നു. പള്ളിമണികൾ വായടക്കിയില്ല. പള്ളിയിൽ നിന്ന് സങ്കീർത്തനത്തിന്റെ ഈരടികൾ, സ്തോത്രഗീതങ്ങൾ, ചിലർ ബ്ലാക്ക് മഡോണക്ക്‌ മുൻപിൽ സന്തോഷകണ്ണീരോടെ ജപമാലകൾ ചൊല്ലി. കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. “നമ്മുടെ പുന്നാര ലോലക്ക് മാർപാപ്പായായേ “ എന്ന് വിളിച്ചലറി പാറമടയിലെ തൊഴിലാളി ആയിരുന്ന ഫെഡ്ഢി. രക്തസാക്ഷികളുടെ ചുടുനിണം വീണ് കുതിർന്ന പോളണ്ടിലെ തെരുവീഥികളിൽ പൂക്കളും പൂഴിയും വാരിയെറിഞ്ഞു ചെറുപ്പക്കാർ..

ലോലക്കിന്റെ കൊച്ചുവീടിന്റെ നടതിണ്ണയിൽ ഒരു ഛായാചിത്രമുയർന്നു. പാറമടതൊഴിലാളിയുടെ.. ഫാക്റ്ററി ജീവനക്കാരന്റെ.. പട്ടാളത്തെ പേടിച്ചു പതുങ്ങി നടന്ന സെമിനാരിക്കാരന്റെ.. കൂടപ്പിറപ്പുകളും, ഒടുക്കം അപ്പനും മരണമടഞ്ഞപ്പോൾ അനാഥചെക്കൻ അനുഭവിച്ച തീരാസങ്കടങ്ങളുടെയൊക്കെ ചരിത്രം അവിടെ വീണ്ടും കേട്ടു.

കുറേ ദിവസങ്ങൾ ദൈവവുമായി നിരന്തര സമ്പർക്കത്തിലായിരുന്ന നിയുക്തമാർപ്പാപ്പയുടെ സ്ഥാനാരോഹണം ഒക്ടോബർ 22ന് നടന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ താഴികക്കുടത്തിന് താഴെ, വിശുദ്ധ പത്രോസിന്റെ പൂജ്യശവകുടിരത്തിന് മുൻപിൽ റോമിന്റെ 264 മത്തെ മെത്രാൻ മുട്ടുകുത്തി നിന്നു. ഉന്നതങ്ങളിലേക്ക് മിഴികളുയർത്തി. അപ്പോൾ താഴികക്കുടത്തിന്റെ ഉൾഭാഗത്ത് ലത്തീനിൽ ഇങ്ങനെ എഴുതിയിരിക്കുന്നത് വായിച്ചു :

‘നീ പത്രോസാണ്. ഈ പാറമേൽ എന്റെ സഭ ഞാൻ സ്ഥാപിക്കും. നരകകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ നിനക്ക് ഞാൻ തരും… “

‘പാറ’ എന്ന് വായിക്കവേ, കരിങ്കൽ പാറയടിച്ചു പൊട്ടിച്ച പഴയ യുവാവിന്റെ മിഴികളിൽ കൃപയുടെ നനവ് പടർന്നിരുന്നു. വിനയപൂർവ്വം കുമ്പിട്ടു നിലം ചുംബിച്ച് പാപ്പ ഉള്ളുരുകി പ്രാർത്ഥിച്ചു.

*******

കുഞ്ഞു ലോലക്ക്, ജോൺപോൾ രണ്ടാമൻ പാപ്പ, വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ട ദിവസം വാദോവീസിലെ രജിസ്റ്ററിൽ ആരെങ്കിലും അത് നിശ്ചയമായും രേഖപ്പെടുത്തിയിരിക്കും, അല്ലേ?

ജിൽസ ജോയ്

(Ref. Dr. ജെ. മുണ്ടക്കലിന്റെ ‘പാറമടയിൽ നിന്ന് പത്രോസിന്റെ സിംഹാസനതിലേക്ക് ‘)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment