ഒരു ദിവസം ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം വിശുദ്ധ ഫൗസ്റ്റീന ഈ വാക്കുകൾ കേട്ടു, “നീ ഞങ്ങളുടെ വാസഗേഹമാണ് “. പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യം അപ്പോൾ അവൾക്ക് ആത്മാവിൽ അനുഭവപ്പെട്ടു.
കടലും കരയും കടന്നു ദൈവത്തെയും, ഹൃദയസമാധാനത്തേയും സംതൃപ്തിയെയും അന്വേഷിച്ച് നട്ടംതിരിയുന്നവരോട് പരിശുദ്ധ ത്രിത്വത്തിന്റെ വിശുദ്ധ എലിസബത്ത് പറയുന്നത് അവരുടെ ഉള്ളിലേക്ക് നോക്കാനാണ്. അവൾ ഒരിക്കൽ തന്റെ അമ്മക്കെഴുതി, “നമ്മുടെ ആത്മാവ് ദൈവഭവനമാണ്.രാപകൽ മൂന്നു ദൈവആളുകളും നമ്മിൽ വസിക്കുന്നു”…
.. “എന്റെ ആത്മാവിൽ അവർ സ്നേഹസമ്മേളനം നടത്തുന്നതായി എനിക്കനുഭവപ്പെടുന്നു”. എന്തെങ്കിലും പ്രത്യേക കാര്യത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ എലിസബത്തിന്റെ മറുപടി “’എന്നിലുള്ള
ദൈവികസമ്മേളനത്തിൽ അതേപറ്റി സംസാരിക്കാം ” എന്നായിരിക്കും.
“ഞാൻ നിനക്ക് എന്റെ മകനെയും പരിശുദ്ധാത്മാവിനെയും കന്യകയേയും നൽകുന്നു. നീ എനിക്ക് എന്ത് തരും?” പിതാവായ ദൈവത്തിന്റെ ഈ വാക്കുകൾ കേൾക്കാൻ ഭാഗ്യമുണ്ടായത് ആവിലായിലെ വിശുദ്ധ അമ്മത്രേസ്സ്യക്കാണ്.
“എവിടെയെല്ലാം സ്നേഹമുണ്ടോ അവിടെയെല്ലാം ഒരു ത്രിത്വമുണ്ട്. സ്നേഹിക്കുന്ന ഒരു വ്യക്തി, സ്നേഹിക്കപ്പെടുന്ന ഒരു വ്യക്തി സ്നേഹത്തിന്റെ ഒരു ഉറവ“…വിശുദ്ധ അഗസ്റ്റിന്റെ വാക്കുകൾ.
ത്രിനിത്താസ് എന്ന ലത്തീൻ പദത്തിൽ നിന്നാണ് ട്രിനിറ്റി എന്ന ഇംഗ്ലീഷ് വാക്ക് രൂപം കൊണ്ടത്. തുല്യരായ മൂന്നാളുകൾ ഏകദെവത്തിൽ, എന്നാണ് പരിശുദ്ധ ത്രിത്വം അല്ലെങ്കിൽ ത്രീയേകദൈവം എന്ന വാക്ക് കൊണ്ടുദ്ദേശിക്കുന്നത്. “പുത്രൻ എന്തായിരിക്കുന്നോ അത് തന്നെയാണ് പിതാവ് ; പിതാവ് എന്തായിരിക്കുന്നോ അത് തന്നെയാണ് പുത്രൻ ; പരിശുദ്ധാത്മാവ് എന്തായിരിക്കുന്നോ അത് തന്നെയാണ് പിതാവും പുത്രനും ; അതായത് സ്വഭാവത്തിൽ ഒരു ദൈവമാണ്” (CCC 253)
ക്രൈസ്തവവിശ്വാസത്തിന്റെ കാതലും അടിത്തറയുമാണ് പരിശുദ്ധ ത്രിത്വമെന്ന രഹസ്യം. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും കൂട്ടായ്മയാണ് വിശ്വാസസമൂഹത്തിന്റെ മാതൃകയും. ആഴമളക്കാനാവാത്ത സ്നേഹത്തിൽ അധിഷ്ഠിതമായ കൂട്ടായ്മ! സഭാമക്കളായ നമ്മളും വിളിക്കപ്പെട്ടിരിക്കുന്നത് ആ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയിലേക്കാണല്ലോ.
ലോകസൃഷ്ടിയോ യേശുവിന്റെ മനുഷ്യാവതാരമോ, വിശുദ്ധ കുർബ്ബാനയോ, ഓരോ മനുഷ്യാത്മാവിലെയും വാസമോ …അങ്ങനെ ഏതെടുത്താലും മൂവരുടെയും കൂട്ടായ പ്രവർത്തനമുണ്ട്. പരസ്പരപൂരകങ്ങളായി വർത്തിക്കുന്ന മൂവർ. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമ്മൾ, ത്രിത്വൈകദൈവം മൂവരും ചേർന്നുള്ള ഐക്യത്തിൽ നിലനിൽക്കും പോലെ, ദൈവത്തിലും മറ്റുള്ളവരോടുള്ള സ്നേഹത്തിൽ നിലനിൽക്കുമ്പോൾ ശരിയായ ദൈവമക്കൾ, സഭാമക്കൾ ആകുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ പതിനേഴാം അധ്യായത്തിൽ തന്റെ എല്ലാകാലത്തെയും ശിഷ്യർക്കായി യേശു നടത്തിയ അഗാധമായ പ്രാർത്ഥന, ത്രിത്വത്തിലെ ആളുകളും നമ്മളും തമ്മിലുള്ള ഐക്യത്തിന് വേണ്ടിയുള്ളതാണെന്നാണ് കുരിശിന്റെ വിശുദ്ധ യോഹന്നാൻ പറഞ്ഞത്.
ഈശോയുടെ മാമോദീസ സമയത്ത് പിതാവിന്റെയും പരിശുദ്ധാത്മാവിന്റെയും വ്യക്തമായ സാന്നിധ്യം ഉണ്ടായതുപോലെ നമ്മൾ മാമോദീസ സ്വീകരിക്കുമ്പോഴും ഒരു ത്രിത്വൈകബന്ധം അവിടെ ഉടലെടുക്കുന്നു. പിതാവായ ദൈവത്തിന്റെ മക്കളാകുന്നു, സഹോദരസ്നേഹത്തിൽ ഈശോയിൽ ഒന്നിക്കുന്നു. ഈശോയും പിതാവുമൊന്നിച്ചുള്ള സമർപ്പണജീവിതത്തിനു പരിശുദ്ധാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു. ഓരോ ക്രിസ്ത്യാനിയുടെയും വിളി
പുത്രനായ ദൈവത്തോട് ഒന്നായി, പരിശുദ്ധാത്മശക്തിയിൽ പിതാവിനോടുള്ള സ്നേഹത്തിൽ വളരുന്നതാണ്. പിതാവിനോടും പുത്രനോടും പരിശുദ്ധാത്മാവിനോടുമുള്ള അടുപ്പത്തിൽ വളരുമ്പോൾ ഈ സ്നേഹത്തിൽ നമ്മൾ ആഴപ്പെടുന്നു. മാലാഖമാരും വിശുദ്ധരുമടങ്ങിയ സ്വർഗ്ഗീയഗണങ്ങളാൽ സദാ ആരാധിക്കപ്പെടുന്ന പരിശുദ്ധത്രിത്വം നമ്മുടെ ഹൃത്തിനുള്ളിൽ വസിക്കുമെന്നുള്ളത് എത്ര വിസ്മയനീയകരമായ കാര്യമാണ്!
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ തിത്വൈകദൈവമേ, ഈശോയുടെ ഹൃദയത്തിലെ അനന്തസ്നേഹം ഞാൻ കാഴ്ചയായി അർപ്പിക്കുന്നു. എന്റെ സ്നേഹം വർദ്ധിപ്പിക്കണമേ.
പരിശുദ്ധ ത്രിത്വത്തിന് എത്രയും പ്രസാദിച്ച ആലയമായ പരിശുദ്ധ അമ്മേ, പരിശുദ്ധ ത്രിത്വത്തിന് ഇഷ്ടപ്പട്ട പൂങ്കാവനമായി ഞങ്ങളുടെ ഹൃദയം മാറാൻ അമ്മ മാധ്യസ്ഥം അപേക്ഷിക്കണമേ.
കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും, (പിതാവായ) ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളെവരോടും കൂടെ ഉണ്ടായിരിക്കട്ടെ ( 2 കോറി 13 : 14)
എല്ലാവർക്കും എത്രയും പരിശുദ്ധ ത്രിത്വത്തിന്റെ തിരുന്നാൾ മംഗളങ്ങൾ ഒരുപാട് സ്നേഹത്തോടെ ആശംസിക്കുന്നു.
…‘നോമ്പും പ്രാർത്ഥനയും പശ്ചാത്താപവുമായ്… ത്രിത്വത്തെ മോദാൽ നിത്യം വാഴ്ത്തീടാം’…
ജിൽസ ജോയ് ![]()


Leave a comment