John the Baptist | അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം

ജോൺ തന്റെ ജനനത്തിന് മുമ്പേ ഈശോയുമായി ഗാഢമായി യോജിച്ചിരുന്നു. നടക്കാൻ പോകുന്ന രണ്ടുപേരുടെയും ജനനം ഭൂമിയെ അറിയിച്ചത് ഗബ്രിയേൽ മാലാഖയായിരുന്നു. രക്ഷകൻ കന്യകയിൽ നിന്ന് അത്ഭുതകരമാം വിധം ജനിക്കാനിരുന്നപ്പോൾ, ജോൺ പുത്രനെ വഹിക്കാൻ കഴിവില്ലാത്ത വിധം പ്രായം കവിഞ്ഞ എലിസബത്തിൽ നിന്ന് അത്ഭുതകരമാം വിധം ദൈവത്തിന്റെ ഇടപെടലിനാൽ പിറവിയെടുത്തു. ഇരുവരും ജനിക്കും മുൻപേ ദൈവത്താൽ പേര് വിളിക്കപ്പെട്ടു. പരിശുദ്ധൻ, അവൻ ഉദരത്തിലായിരിക്കെ തന്നെ തന്റെ മുൻഗാമിയെ വിശുദ്ധീകരിച്ചു.

സാധാരണയായി നമ്മൾ വിശുദ്ധരുടെ ജനനദിവസങ്ങളെക്കാൾ മരണദിവസങ്ങളാണ്‌ ആഘോഷിക്കാറുള്ളത്, സ്വർഗ്ഗത്തിൽ ദൈവത്തോടൊപ്പമുള്ള, അവരുടെ നിത്യഭവനത്തിലേക്കുള്ള ജനനമാണല്ലോ അത്. വിശുദ്ധർ യേശുവിനായി, യേശുവിൽ ജീവിക്കുന്നു, അവൻ അവരിലും. അവരുടെ തിരുന്നാൾ ദിവസങ്ങളിൽ ദൈവവുമായുള്ള അവരുടെ ഗാഢബന്ധം, സമർപ്പണം, യേശുവിന്റെ ദൗത്യത്തിൽ അവരുടെ റോൾ എല്ലാം നമ്മൾ അനുസ്മരിക്കുന്നു. ഈ തിരുന്നാൾ ദിവസത്തിലുമതേ. പക്ഷേ മരണദിവസമല്ല, ജനനദിവസം. സഭാ മാതാവ് മൂന്ന് ജനനദിവസങ്ങൾ ആഘോഷപൂർവ്വം കൊണ്ടാടുന്നു. യേശുവിന്റെ, അവന്റെ അമ്മയായ പരിശുദ്ധ മറിയത്തിന്റെ …പിന്നെ സ്നാപക യോഹന്നാന്റെ. John the Baptist!.

സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ അവനെക്കാൾ വലിയവനില്ല എന്ന് ദൈവത്തിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചവൻ. ദൈവത്തിന്റെ പ്രവാചകരിൽ അവസാനത്തെ ആൾ. അമ്മയുടെ ഉദരത്തിലായിരിക്കുമ്പോൾ പ്രത്യേകമായി പരിശുദ്ധാത്മാവിനാൽ നിറഞ്ഞവൻ. ദൈവമാതാവിന്റെ സ്വരം കേട്ടപ്പോൾ അവൻ സന്തോഷത്താൽ അമ്മയുടെ ഉദരത്തിൽ കുതിച്ചു ചാടി. മിശിഹായുടെ ആസന്നമായ വരവറിയിക്കാൻ, അവനെ സ്വീകരിക്കാൻ ജനങ്ങളെ ഒരുക്കാൻ, ദൈവത്താൽ അയക്കപ്പെട്ടവൻ. പഴയ നിയമത്തെയും പുതിയ നിയമത്തെയും കൂട്ടിയിണക്കുന്ന പാലം പോലെ വന്ന അവന്റെ ശബ്ദം മരുഭൂമിയിൽ ഉയർന്നു, ‘മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു’… ‘കർത്താവിന്റെ വഴി ഒരുക്കുവിൻ, അവന്റെ പാത നേരെയാക്കുവിൻ’…

ആളുകളെ സ്വാധീനിക്കുന്ന, അവരുടെ ഹൃദയം ചലിപ്പിക്കുന്ന, അതിനെ കീറിമുറിക്കുന്ന, ഊർജ്ജസ്വലമായ, ഗാഭീര്യമായ വാക്കുകൾ കേട്ട് അനേകർ അവന്റെ ചുറ്റും തടിച്ചുകൂടി, അവരുടെ ഹൃദയം തകർക്കപ്പെട്ടു, അനേകർ മാനസാന്തരപ്പെട്ടു…. ഇവനാണോ വരാനിരിക്കുന്ന മിശിഹാ എന്നുപോലും അവർ പരസ്പരം ചോദിച്ചു… പക്ഷേ, ഒരു വീരപരിവേഷമോ, ജനങ്ങളുടെ ആരാധനയോ അവൻ ആഗ്രഹിച്ചില്ല. അവൻ പറഞ്ഞു…

‘അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം’

യോഹന്നാന്‍ 3 : 30.

യോഹന്നാൻ സ്നാപകൻ തന്റെ ദൗത്യം നിറവേറ്റി. യേശുവിന്റെ വരവിനെക്കുറിച്ച് അദ്ദേഹം ആവേശത്തോടെയും അധികാരത്തോടെയും സംസാരിച്ചു, സ്വന്തം ജീവിതത്തിലൂടെ സാക്ഷ്യം വഹിച്ചു. നമ്മളും ഈശോയുടെ ജോണിനെപ്പോലെ, മറ്റുള്ളവരെ ഈശോയെ സ്വീകരിക്കാൻ ഒരുക്കുന്ന കൊച്ചു ജോൺമാർ ആകേണ്ടിയിരിക്കുന്നു …. രക്ഷകനായ അവനിലേക്ക് നമ്മളും വിരൽ ചൂണ്ടി കാണിക്കേണ്ടിയിരിക്കുന്നു. കടമ നിറവേറ്റാൻ അല്ല, ഈശോയോടുള്ള സ്നേഹത്തെ പ്രതി…അവന്റെ സ്നേഹം രുചിച്ചറിഞ്ഞതിനെപ്രതി. ലോകത്തിന്റെ പ്രകാശമായ അവനിലേക്ക്, നീതിസൂര്യനിലേക്ക്, മറ്റുള്ളവരെ വഴികാട്ടുന്ന… അവരുടെ അജ്ഞതയുടെ ഇരുട്ടിനെ അകറ്റി പ്രകാശത്തിലേക്ക് നയിക്കുന്ന.. ദീപങ്ങൾ ആകാം നമുക്കും.

പിതാവായ ദൈവമേ, എന്റേതായ വിധത്തിൽ സ്നാപകയോഹന്നാന്റെ ദൗത്യം ഈ ലോകത്തിൽ തുടരാനും കർത്താവിന് വഴി ഒരുക്കാനും എന്നെ സഹായിക്കണമേ… ആത്മാവിനാൽ എന്നെയും ശക്തിപ്പെടുത്തണമേ.

Wish you All the Feast of the Nativity of John the Baptist.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment