ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ – Is God hard to find ? വിവർത്തനം: ജിൽസ ജോയ്
തിരുവചനത്തിൽ നമ്മൾ കൂടെക്കൂടെ കേൾക്കുന്നുണ്ട് ‘ ഭയപ്പെടേണ്ട’ എന്ന വാക്ക്. ബെദ്ലഹേമിൽ ആട്ടിടയരോട് മാലാഖമാർ പറയുന്നു ‘ഭയപ്പെടേണ്ട ‘; ഈശോയുടെ പരസ്യജീവിതകാലത്ത് , ഭയചകിതരായ ശിഷ്യരോട് അവൻ പറയുന്നു ‘ഭയപ്പെടേണ്ട ‘ , അവന്റെ ഉയിർപ്പിനു ശേഷം ശിഷ്യർക്ക് സമാധാനം ആശംസിക്കുന്നതിനോടൊപ്പം അവരോട് പറയുന്നു ‘ഭയപ്പെടേണ്ട ‘.
ഭയപ്പെടരുതെന്ന് നമുക്ക് മുന്നറിയിപ്പ് തരേണ്ടത് ആവശ്യമായി നമ്മുടെ കർത്താവിന് തോന്നുന്നത്, മൂന്ന് തെറ്റായ പേടികൾ നമ്മളെ അവനിൽ നിന്ന് അകറ്റി നിർത്തും എന്നുള്ളത് കൊണ്ടാണ് :
1, നമുക്ക് രക്ഷ നേടണമെന്നുണ്ട് , പക്ഷെ നമ്മുടെ പാപങ്ങളിൽ നിന്ന് വേണ്ട,
2, നമുക്ക് രക്ഷ നേടണമെന്നുണ്ട് , പക്ഷെ അധികവില കൊടുത്തിട്ട് വേണ്ട,
3, നമുക്ക് രക്ഷ നേടണമെന്നുണ്ട്, പക്ഷെ നമ്മുടെ വഴിയിലൂടെ മാത്രം , ദൈവത്തിന്റെയല്ല.
ഒന്ന് , നമുക്ക് രക്ഷ നേടണമെന്നുണ്ട് , പക്ഷെ നമ്മുടെ പാപങ്ങളിൽ നിന്ന് വേണ്ട !!
നമ്മുടെ കർത്താവിനെ പ്രതി അനേകർക്കുള്ള പേടി എന്താണെന്ന് വെച്ചാൽ യേശു എന്ന പേര് സൂചിപ്പിക്കും പോലെ അവൻ നമ്മുടെ പാപങ്ങളിൽ നിന്നൊക്കെ നമ്മളെ മോചിപ്പിച്ചാലോ എന്നുള്ളതാണ്. ദാരിദ്ര്യം, യുദ്ധം, അജ്ഞത, രോഗം, സാമ്പത്തിക അരക്ഷിതാവസ്ഥ -ഇതിൽ നിന്നൊക്കെ നമുക്ക് രക്ഷപ്പെടണം ; ഈ രക്ഷപ്പെടലുകൾ നമ്മളെന്ന വ്യക്തിയിലെ ആഗ്രഹങ്ങൾക്കും വികാരങ്ങൾക്കും വിഷയലമ്പടത്വത്തിനും ഒരു വിഘ്നവും വരുത്തുന്നില്ലല്ലോ. അതുകൊണ്ടു തന്നെ സാമൂഹ്യപരമായ ക്രിസ്തീയതക്ക് നല്ല പ്രചാരമാണ്. തെരുവിലുള്ളവരുടെ പുനരുദ്ധാരണം, അല്ലെങ്കിൽ ആഗോളഐക്യത്തിന് ചുക്കാൻ പിടിക്കൽ, അങ്ങനെയൊക്കെയുള്ള ഇടപാടാണ് ക്രിസ്തീയത വേറൊന്നുമല്ല എന്ന് കുറേപേർ വാദിക്കുന്നു.
ഇങ്ങനെയാവുമ്പോൾ മതം വളരെ സൗകര്യപ്രദമാണ് കാരണം അത് വ്യക്തികളുടെ മനസാക്ഷിയെ അതിന്റെ പാട്ടിന് വിടുന്നു. ചില വ്യക്തികൾ അവരുടെ മാനസിക പിരിമുറുക്കങ്ങങ്ങളാലും മനഃസാക്ഷികുത്തിനാലും സാമൂഹിക അസമത്വങ്ങൾക്കെതിരെ, അനീതിക്കെതിരെ നവീകരണപ്രവർത്തനങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടാൻ പോലും സാധ്യതയുണ്ട് ; അവരുടെ ഉള്ള് അത്ര ശരിയല്ലെന്ന് അവർക്കറിയാവുന്നതുകൊണ്ട് അവർ പുറത്തുള്ളതിനെ ശരിയാക്കിക്കൊണ്ട് അത് നികത്താൻ ശ്രമിക്കുന്നതാണ്. സമ്പത്ത് അനേകമുള്ള ചിലർ വിപ്ലവകരമായ സംരംഭങ്ങളിലൂടെ സഹായം കൊടുത്തുകൊണ്ട് അവരുടെ മനസാക്ഷിയെ ശാന്തമാക്കാൻ ശ്രമിക്കുന്നതും ചിലപ്പോഴൊക്കെ ഇതേ കാരണം കൊണ്ടാണ്.
നമ്മുടെ കർത്താവിന്റെ ആദ്യത്തെ പ്രലോഭനം, ആത്മാക്കളുടെ രക്ഷ എന്ന ഉദ്യമം ഉപേക്ഷിച്ച്, കല്ലുകളെ അപ്പമാക്കിക്കൊണ്ട് സാമൂഹികരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞുകൊണ്ടായിരുന്നു- അസന്തുഷ്ടരായ ജനതയെ സൃഷ്ടിക്കുന്നത് മലിനമായ ഹൃദയങ്ങളല്ല , വിശക്കുന്ന വയറുകളാണെന്ന തെറ്റായ അനുമാനത്തിൽ ഊന്നിക്കൊണ്ടായിരുന്നു അത്. കാരണം , കുറേപേർ ചിന്തിക്കുന്നത് ദൈവം ചെയ്യേണ്ട ആദ്യത്തെ പണി സാമ്പത്തിക അരാജകത്വം ഇല്ലാതാക്കുക എന്നതാണെന്നാണ്. കഷ്ടതകളുടെ സമയത്ത് അവർ ദൈവസന്നിധിയിലേക്ക് പോകുന്നു , അവരുടെ പണസഞ്ചി നിറഞ്ഞില്ലെങ്കിൽ അവർ ദൈവത്തോട് കലഹിക്കുന്നു.
മതം കൂടുതൽ വിസ്തൃതമാക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞ് ചിലർ സാമൂഹികോന്നമനത്തിനും കഷ്ടതയുടെ ഉന്മൂലനത്തിനുമൊക്കെ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന ക്രിസ്ത്യൻ ഉപവിഭാഗങ്ങളിൽ ചേരാൻ സന്നദ്ധരാണ് – പക്ഷെ അവനവന്റെ പാപങ്ങൾക്ക് പരിഹാരം, പ്രായശ്ചിത്തം ഇതെക്കുറിച്ചൊന്നും പറയരുതെന്ന് മാത്രം. പാപത്തിൽ നിന്നുള്ള ശുദ്ധീകരണത്തെ പറ്റി മിണ്ടില്ലെങ്കിൽ, ഭക്ഷണമേശകളിലെ സംഭാഷണങ്ങളിൽ മതം കയറിവരുന്നതിനോട് ആളുകൾക്ക് എതിർപ്പൊന്നുമില്ല. അങ്ങനെ എണ്ണമറ്റ ഭയചകിതരായ ആത്മാവുകൾ ഉള്ളിലേക്ക് കടക്കാൻ തുനിയാതെ ആനന്ദത്തിന്റെ ഗേറ്റിൽ വന്ന് വിഷമിച്ചുനിൽക്കുന്നു – ഫ്രാൻസിസ് തോംസണിന്റെ’ The hound of Heaven’ എന്ന കവിതയിലെപോലെ തന്റെ തെറ്റായ ശീലങ്ങൾ തരുന്ന സന്തോഷങ്ങൾ നിലനിർത്താനായി ദൈവത്തിൽ നിന്ന് ഓടിയൊളിക്കാനാഗ്രഹിക്കുന്നവനെപ്പോലെ..
2, നമുക്ക് രക്ഷ നേടണം പക്ഷേ, അധികം വില കൊടുത്തിട്ടു വേണ്ട!
നമ്മുടെ ജീവിതങ്ങളാകുന്ന മുന്തിരിവള്ളികൾ ഫലം നൽകാനായി ദൈവം നിലമൊരുക്കുന്നത് പരിത്യാഗങ്ങൾ കൊണ്ടാണ് എന്നത് ഭീരുക്കളെ എന്നും ഭയപ്പെടുത്തുന്ന ഒന്നാണ്. ധനികനായ മനുഷ്യൻ വിഷാദത്തോടെ രക്ഷകനെ വിട്ടുപോയി, കാരണം അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കുറിച്ചുമൊക്കെ പൗലോസ് സംസാരിച്ചപ്പോൾ ഫെലിക്സ് ഭയപ്പെട്ട്, അതിനെക്കുറിച്ച് പിന്നീട് കേട്ടുകൊള്ളാമെന്ന് പറഞ്ഞു.
അപൂർണ്ണമായ എന്തിലും അതൃപ്തിയുളവാകുന്നത്ര പരിപൂർണ്ണനാണ് ദൈവമെന്നു ചിന്തിച്ചാണ് യഥാർത്ഥത്തിൽ ഭൂരിഭാഗം ആത്മാക്കളും ദൈവത്തെ ഭയപ്പെടുന്നത്. ദൈവം നമ്മളെ വേണ്ടത്ര സ്നേഹിച്ചില്ലെങ്കിലോ എന്നതല്ല നമ്മുടെ വലിയ ഭയം..പിന്നെയോ, ദൈവം വളരെയധികമായി നമ്മളെ സ്നേഹിക്കും എന്നതിലാണ്.
ഒരു കാമുകൻ തന്റെ പ്രാണപ്രിയ പെരുമാറ്റത്തിലും വൃത്തിയിലുമൊക്കെ ഒരു കുറവുമില്ലാത്തവൾ ആകണം എന്നാഗ്രഹിക്കുന്നതുപോലെ.. ദൈവം നമ്മളെ സ്‌നേഹിക്കുമ്പോൾ, സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നമ്മളും പരിപൂർണ്ണരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ഒരു സംഗീതജ്ഞൻ തന്റെ വയലിനെ സ്നേഹിക്കുകയും കൂടുതൽ നല്ല സ്വരം പുറപ്പെടുവിക്കാനായി അതിലെ കമ്പികളെ മുറുക്കിക്കൊടുക്കുകയും ചെയ്യുന്നതുപോലെ, ദൈവം നമ്മെ വിശുദ്ധരാക്കാനായി സഹനങ്ങൾക്ക് വിധേയരാക്കുന്നു.
ദൈവസ്നേഹം അമിതമായി പലതും നമ്മളിൽ നിന്ന് ആവശ്യപ്പെടും എന്ന പേടി കൊണ്ടാണ് വിദ്യാഭ്യാസമുള്ള ധാരാളം സ്ത്രീകളും പുരുഷന്മാരും ദൈവത്തെക്കുറിച്ചുള്ള ശരിയായ അറിവിലേക്ക് വന്നിട്ടും അവന്റെ ആട്ടിൻകൂട്ടത്തിൽ എണ്ണപ്പെടാനും അവനെ അനുഗമിക്കാനും കൂട്ടാക്കാത്തത്. അറിവിന്റെ അതിർത്തികൾ വിസ്തൃതമാക്കാൻ പറയുന്ന പണ്ഡിതന്മാരെക്കൊണ്ട് ഈ ലോകം നിറഞ്ഞിരിക്കുന്നു, പക്ഷേ തങ്ങൾ ആർജ്ജിച്ചുകഴിഞ്ഞ അറിവ് അവർ ഒന്നിനുമായി ഉപയോഗിക്കുന്നേയില്ല.
സത്യത്തിന്റെ വാതിലിൽ മുട്ടിവിളിച്ചുകൊണ്ടിരിക്കാൻ അവരിഷ്ടപ്പെടുന്നു, എന്നാൽ ആ വാതിൽ അവർക്കായി തുറന്നുകിട്ടിയാലോ, അവിടെ ചേതനയറ്റ് വീണെന്ന പോലെ അവസാനിക്കുന്നു അവരുടെ ആഗ്രഹം. കാരണം സത്യം എന്ന വാക്ക് സൂചിപ്പിക്കുന്നത് ഉത്തരവാദിത്വത്തെയാണ്.
ദൈവത്തിൽ നിന്നുള്ള, സ്വാഭാവികവും അസ്വാഭാവികവുമായ ഓരോ ദാനങ്ങളും, അത് സ്വീകരിക്കുന്ന ആത്മാവിന്റെ ഭാഗത്തു നിന്നുള്ള ശരിയായ പ്രതികരണം ആവശ്യപ്പെടുന്നുണ്ട്. സാധാരണനിലയിൽ ആളുകൾ സൗഹൃദമെന്ന ദാനം സ്വീകരിക്കാൻ വിസമ്മതിക്കുന്നു കാരണം അതൊരു ബാധ്യതയാണ്. ദൈവത്തിന്റെ ദാനങ്ങളും അതുപോലെത്തന്നെ നമ്മുടെ ഒരു നിമിഷത്തെ തീരുമാനം ആവശ്യപ്പെടുന്നു. അവനെ സ്വീകരിക്കുക എന്നുവെച്ചാൽ നമ്മുടെ അടിത്തറയെ തന്നെ അവന് സമർപ്പിക്കലാണെന്നതുകൊണ്ട്, ധാരാളം പേർ മതത്തിന്റെ പേരിൽ വേട്ടക്കാരെപ്പോലെ വിലപേശുന്നവരും ധാർമ്മികതയിൽ അത്ര താല്പര്യമൊന്നുമില്ലെങ്കിലും അതിനെ പ്രതിരോധിക്കുന്നവരും ഒക്കെയായി കാണപ്പെടുന്നു, പക്ഷേ വ്യാജദൈവങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ നിന്ന് കീറിക്കളയാൻ ഇക്കൂട്ടർ ഒരുമ്പെടുന്നില്ല.
അവർക്ക് രക്ഷപ്പെടണം,എന്നാൽ അതിന് വിലയായി കുരിശെടുക്കാൻ പറ്റില്ല ; അവരുടെ ജീവിതങ്ങളിൽ പണ്ടത്തെ അതേ വെല്ലുവിളി പ്രതിധ്വനിക്കുന്നു, ‘കുരിശിൽനിന്നിറങ്ങി വന്നാൽ ഞങ്ങൾ ഇവനിൽ വിശ്വസിക്കാം’.
3, നമുക്ക് രക്ഷ നേടണം, പക്ഷേ നമ്മുടേതായ വഴിയിലൂടെ മാത്രം, ദൈവത്തിന്റെയല്ല…
ദൈവത്തെ ആരാധിക്കാൻ എല്ലാവരെയും അവരുടെ വഴിക്ക് വിടണമെന്ന് പറയുന്നത് നമ്മൾ കേൾക്കാറുണ്ട്, ഓരോരുത്തർക്കും അവരുടേതായ രീതികളുണ്ടെന്നും. മനസ്സാക്ഷിയുടെ സ്വാതന്ത്ര്യത്തെയും, ദൈവം ഓരോരുത്തർക്കും നൽകിയിരിക്കുന്ന പ്രത്യേക പ്രകാശത്തിനനുസരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകതയെയും സംബന്ധിച്ചിടത്തോളം, അത് ശരിയുമാണ്. എന്നാൽ, നമ്മൾ ദൈവത്തെ ആരാധിക്കുന്നത് അവന്റെ വഴിയിലൂടെയല്ല, നമുക്കിഷ്ടമുള്ള പോലെയാണ് എന്നാവുമ്പോൾ അത് വലിയ തെറ്റുമാകും.
ഇങ്ങനെ ഒന്ന് ചിന്തിച്ചു നോക്കൂ, ഓരോ വ്യക്തിക്കും അവർക്ക് തോന്നുന്ന രീതിയിൽ വാഹനമോടിക്കാൻ അവകാശമുണ്ടെന്നും ട്രാഫിക് നിയമങ്ങൾ നോക്കേണ്ട കാര്യമില്ലെന്നും വന്നാൽ ഗതാഗതം എത്ര കുഴഞ്ഞുമറിഞ്ഞ, പരിതാപകരമായ അവസ്ഥയിലായിരിക്കും? രോഗികൾ ഡോക്ടറോട് “എനിക്കിഷ്ടമുള്ള രീതിയിൽ മാത്രം എന്നെ ചികിൽസിച്ചാൽ മതി, ഡോക്ടറിന് തോന്നുന്ന പോലെ വേണ്ട” എന്നോ, പൗരന്മാർ ഗവണ്മെന്റിനോട് “ഞാൻ ടാക്സ് അടച്ചോളാം പക്ഷേ നിങ്ങൾ പറയുന്ന പോലെയല്ല, എനിക്കിഷ്ടമുള്ള പോലെ” എന്നോ പറയാൻ തുടങ്ങിയാൽ ദുരന്തമായിരിക്കും ഫലം.
അതുപോലെതന്നെ ‘എന്റെ സങ്കല്പത്തിലെ മതം’, ‘എന്റെ സങ്കല്പത്തിലെ ദൈവം’ എന്നൊക്കെയുള്ള തലക്കെട്ടിൽ ഇറങ്ങുന്ന ജനസമ്മതിയുള്ള ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും വലിയ അഹന്തയും കൃത്രിമത്വവുമാണ് അടങ്ങിയിരിക്കുന്നത്. സ്വകാര്യമായി അല്ലെങ്കിൽ വ്യക്തിപരമായി മതം വേണം എന്നുപറയുന്നത് സ്വകാര്യ ജ്യോതിശാസ്ത്രം, സ്വകാര്യ ഗണിതം എന്നൊക്കെ പറയും പോലെ തെറ്റിദ്ധരിപ്പിക്കുന്നതും അബദ്ധജടിലവുമാണ്.
ആളുകൾ പറയാറുണ്ട്, ‘ഞാൻ എനിക്കിഷ്ടമുള്ള പോലെ ദൈവത്തെ സേവിച്ചോളും (ആരാധിച്ചോളും) നീ നിനക്കിഷ്ടമുള്ള പോലെ ചെയ്തോളു ‘. ദൈവം ആഗ്രഹിക്കുന്ന പോലെ ചെയ്യുന്നതായിരിക്കില്ലേ കൂടുതൽ ഹിതകരം എന്നവരോട് ചോദിക്കേണ്ടിയിരിക്കുന്നു. പക്ഷേ ശരിക്കും പറഞ്ഞാൽ സ്ഥിരതയുള്ള, സാർവ്വത്രികമായ, നിർവ്യാജമായ മതവീക്ഷണമാണ് ആധുനിക മനുഷ്യനെ പേടിപ്പിക്കുന്നത്. കാരണം അവന്റെ മനസ്സാക്ഷി അസ്വസ്ഥമാണെങ്കിൽ, നരകത്തെ ഒഴിവാക്കുന്ന ഒരു മതമായിരിക്കും അവനാഗ്രഹം. ക്രിസ്തുവിന്റെ നിയമം അനുസരിക്കാതെ അവൻ വീണ്ടും വിവാഹിതനായിട്ടുണ്ടെങ്കിൽ വിവാഹമോചനത്തെ തള്ളിപ്പറയാത്ത ഒരു മതമായിരിക്കും അവൻ ആഗ്രഹിക്കുന്നത്.
അങ്ങനെയുള്ള വൈമനസ്യങ്ങളുടെ അർത്ഥം : ഈ വ്യക്തികൾക്ക് രക്ഷ നേടണം, പക്ഷേ ദൈവത്തിന്റെ വഴിയിൽകൂടെ അല്ലെന്ന് മാത്രം, അവരുടെ വഴിയിൽക്കൂടി. വ്യർത്ഥമായ അഭിലാഷങ്ങളുടെ തൂവലുകൾ പൊഴിച്ചുകളയാൻ തയ്യാറാവാത്തതുകൊണ്ട്, ‘എല്ലാ വിധ സൗന്ദര്യത്തെയും വേദനയാക്കുന്ന സ്നേഹം’ അവർക്ക് നഷ്ടപ്പെടുത്തുന്നത് പറക്കുന്ന സന്തോഷം തന്നെയാണ്.
കുറെയേറെ ആത്മാക്കൾ ദൈവത്തെ കണ്ടെത്തുന്നതിൽ പരാജയപ്പെടാൻ കാരണം – അവർക്ക് സമൂഹത്തെ പുനർനിർമ്മിക്കണം എന്നാൽ തങ്ങളെത്തന്നെ പുനർനിർമ്മിക്കുന്ന, നവീകരിക്കുന്ന, മതം അവർ ഇഷ്ടപ്പെടുന്നില്ല…കാരണം, അവർക്ക് മുൾക്കിരീടവും കുരിശുമില്ലാത്ത രക്ഷകനെ മതി…കാരണം, അവർക്ക് അവരുടെ തന്നെ ബ്ലൂപ്രിന്റ് മതി ദൈവത്തിന്റെ വേണ്ട ..
ഇനി, ദൈവത്തോട് പോസിറ്റിവ് ആയി പ്രത്യുത്തരിക്കുന്ന ആത്മാക്കൾക്ക് സംഭവിക്കുന്നതെന്താണ്?
ആദ്യം, അങ്ങനെയുള്ള ആത്മാക്കൾ ഊഹാപോഹങ്ങളിൽ നിന്ന് വിധേയത്വത്തിലേക്ക് നീങ്ങുന്നു.മതത്തെ സംബന്ധിച്ച കാര്യങ്ങളിൽ, ‘എന്തുകൊണ്ട് ‘ ‘ എന്തിന് ‘ എന്ന ചോദ്യങ്ങളിൽ നിന്ന്.. വേണം, ചെയ്യണം, ചെയ്യാം എന്നതിലേക്ക് പോകുന്നു. ദൈവികതയെ ഇഴകീറി പരിശോധിക്കാതെ, എങ്ങനെ അവിടുത്തെ പ്രീതിപ്പെടുത്താം എന്നാകും ഇനിയുള്ള ചിന്ത.
പഠനത്തിലൂടെ ദൈവത്തെ അറിയുന്നതും സ്നേഹത്തിലൂടെ അറിയുന്നതും തമ്മിൽ ഭൂലോകവ്യത്യാസമുണ്ട്, കത്തുകളിലൂടെ കൈമാറുന്ന പ്രണയവും നേരിട്ടുള്ളതും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നോ അതുപോലെ. അനേകം അധ്യാപകരുടെ കൈവശം, എന്നും പ്രാർത്ഥിക്കുന്ന മനുഷ്യരേക്കാൾ ദൈവം ഉണ്ടെന്നതിന് തെളിവുകളുണ്ട്. പക്ഷേ ഉള്ള അറിവ് വെച്ച് ഒരിക്കലും അവർ വേണ്ടപോലെ പ്രവർത്തിക്കാത്തതിനാൽ, അറിവിലൂടെ കണ്ടെത്തിയ ദൈവത്തെ ഒരിക്കലും അവർ സ്നേഹിക്കാൻ ശ്രമിക്കാതിരുന്നതിനാൽ, ദൈവത്തെക്കുറിച്ചുള്ള പുതിയ അറിവൊന്നും അവർക്ക് നൽകപ്പെടുന്നില്ല. മതത്തെ പറ്റി ഏറെ സംസാരിക്കുമെങ്കിലും അവർ അതുവെച്ച് കാര്യമായൊന്നും ചെയ്യാത്തതിനാൽ അവരുടെ അറിവ് വന്ധ്യമായി നിലകൊള്ളുന്നു.
ഇതിന് വിരുദ്ധമായി, ദൈവത്തോട് പ്രത്യുത്തരിക്കുന്ന ആത്മാവ് ദൈവത്തെക്കുറിച്ചുള്ള ചെറിയ അറിവ് പോലും സ്നേഹത്തോടെ സ്വീകരിക്കുന്നു. അവർക്കായി ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും പുതിയ വാതിലുകൾ തുറക്കപ്പെടുന്നു. അങ്ങനെയുള്ളവരിൽ ദൈവസ്നേഹം കൊണ്ടുവരുന്ന ദൈവജ്ഞാനം, അതിന്റെ ഉറപ്പിലും ഉന്മയിലും, പ്രൊഫസർമാരുടെ പുസ്തകത്തിൽ നിന്നുള്ള അറിവിനെ നിഷ്പ്രഭമാക്കുന്നതാണ്.
ദൈവത്തോട് പ്രത്യുത്തരിക്കുന്ന ആത്മാവ് മതത്തെപ്പറ്റി ചിന്തിക്കുന്നത് ദൈവഹിതത്തോട് അനുരൂപപ്പെടുത്തിയാണ്. ‘എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ ‘ എന്നാണ് അവന്റെ പ്രാർത്ഥന. ദൈവത്തെ ഉപയോഗിക്കാൻ ഇനി അവന് താല്പര്യമില്ല, ദൈവത്താൽ ഉപയോഗിക്കപ്പെടാനാണ് ആഗ്രഹം. മറിയത്തെപ്പോലെ അവൻ പറയുന്നു ‘നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ’, അല്ലെങ്കിൽ പൗലോസിനെപ്പോലെ ‘കർത്താവെ, ഞാനെന്ത് ചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്’, അല്ലെങ്കിൽ യോഹന്നാനെപ്പോലെ ‘അവൻ വളരുകയും ഞാൻ കുറയുകയും വേണം’ എന്ന് പറയുന്നു.
അഹംഭാവത്തെയും സ്വാർത്ഥതയെയും നശിപ്പിച്ച് മനസ്സ് മുഴുവൻ ദൈവത്തിന് വിധേയപ്പെടുത്തുന്നത്, നമ്മുടെ സജീവപ്രവർത്തനങ്ങൾക്ക് ഒരു മന്ദതയും വരുത്തുന്നില്ല, കൂടുതൽ ഉത്സാഹം കൊണ്ടുവരികയാണ് അത് ചെയ്യുക കാരണം അപ്പോൾ ആ മനുഷ്യൻ ജീവിതത്തെ മനസ്സിലാക്കുന്നത് ദൈവത്തിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ്. ദുർബ്ബലനായ ഒരാളെക്കാൾ, ശക്തനായ മേധാവിയുടെ കീഴിലാകുമ്പോൾ പട്ടാളക്കാർക്ക് കൂടുതൽ ഉത്സാഹം കൈവരുന്നതുപോലെ, ദൈവികമായ ഊർജ്ജത്തോട് കൂടിച്ചേരുമ്പോൾ നന്മ ചെയ്യാൻ അയാൾക്ക് കൂടുതൽ ആഗ്രഹമുണ്ടാകുകയാണ് ചെയ്യുന്നത്. “നിങ്ങൾ എന്നിൽ വസിക്കുകയും എന്റെ വാക്കുകൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ ഇഷ്ടമുള്ളത് ചോദിച്ചുകൊള്ളുക ; നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ധാരാളം ഫലം പുറപ്പെടുവിക്കുകയും…'( യോഹ.15: 7-8).
തങ്ങളിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്വാർത്ഥരായ മനുഷ്യർക്ക്, തീവ്രമായും സത്യമായും ദൈവത്തോടുള്ള സ്നേഹത്തിൽ ഒന്നായിരിക്കുന്ന ആത്മാക്കളുണ്ടെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. പക്ഷേ മെഴുകുതിരിയുടെ പ്രകാശവും ചൂടും ഇഷ്ടപ്പെടുന്നവർ സൂര്യപ്രകാശത്തെ കൂടുതൽ വിലമതിക്കണമെന്നുള്ളത് മനസ്സിലാക്കാൻ ഇത്രക്ക് പ്രയാസമുണ്ടോ?
ദൈവത്തോട് പ്രത്യുത്തരിക്കുന്ന ആത്മാവ് വൃത്തപരിധിയിൽ നിന്ന് കേന്ദ്രത്തോട് ഇപ്പോൾ അടുത്തുകൊണ്ടിരിക്കുന്നു. രാഷ്ട്രീയം, സാമ്പത്തികം, പോലുള്ള ഭൗതികകാര്യങ്ങൾക്ക് കൊടുക്കുന്ന പ്രാധാന്യം കുറയുകയും ദൈവത്തിന് പ്രാധാന്യം കൂടുകയും ചെയ്യുന്നു. സഹജരെ സ്നേഹിക്കുന്നില്ലെന്നല്ല അതിനർത്ഥം. ദൈവത്തിൽ, അവരെ കൂടുതൽ സ്നേഹിക്കാൻ കഴിയുന്നു.
അഹംഭാവികൾ വിശുദ്ധർക്ക് നേരെ നിന്ദനം ചൊരിയുന്നത് തങ്ങളുടെ തന്നെ കുറവുകളും തങ്ങൾക്ക് നേരെ വരേണ്ട നിന്ദനവും മറയ്ക്കുന്നതിനാണ്. അവർക്ക് മനസ്സിലാകാത്തതിനെ അവർ സംശയിക്കുന്നു. പ്രണയിക്കുന്നവരെ നോക്കി ചിലർ പറയാറുള്ളതുപോലെയാണ് അവരുടേയും പരിഹാസം , ‘എനിക്ക് മനസ്സിലാകുന്നില്ല അവളിൽ എന്ത് കണ്ടാണ് ഇവനിങ്ങനെ സ്നേഹിക്കുന്നത് ന്ന് ‘.എന്നുപറയുന്നത് നമ്മൾ കേൾക്കാറില്ലേ .തീർച്ചയായും മനസ്സിലാവില്ല, കാരണം സ്നേഹത്തിന് കണ്ണില്ലെന്നല്ലേ. ഹൃദയത്തിന്റെ കണ്ണ് കൊണ്ട് നോക്കുമ്പോൾ, മറ്റുള്ളവർ കാണാത്ത മാധുര്യവും സ്നേഹവും പ്രണയിനിയിൽ അവൻ കണ്ടെത്തുന്നു. ഇതേ ഉപമ ദൈവികതലത്തിലേക്ക് ഉയർത്തിയാൽ മനസ്സിലാവും മാനസാന്തരപ്പെടാത്തവർക്ക് എന്തുകൊണ്ടാണ് ദൈവസ്നേഹം വിഡ്ഢിത്തമായി തോന്നുന്നതെന്ന്. ഒരു വിശുദ്ധൻ ദൈവത്തിൽ കാണുന്നത്, അനുഭവിക്കുന്നത്, അവർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
നമ്മുടെ സന്തോഷത്തിന്റെ രഹസ്യം അതിന്റെ കേന്ദ്രം എന്താണെന്നതിലാണ്. ദൈവത്തോട് പ്രത്യുത്തരിക്കുന്ന ആത്മാവ് അതിന്റെ ഇന്ദ്രിയങ്ങളുടെ പ്രേരണകളോട് ബധിരനെ പോലെയാണ്, കാരണം അതിന് ദൈവമാണ് എല്ലാം.
ശരിക്കും ദൈവത്തിൽ കേന്ദ്രീകൃതമായിരിക്കുന്ന ആത്മാവ് അതിന്റെ തന്നെ നന്മയാൽ അല്ല നയിക്കപ്പെടുന്നത് ; ദൈവത്തിന്റെ ആത്മാവിനാലാണ്. ഒരാൾ തനിയെ വഞ്ചി തുഴയുന്നതും കാറ്റുള്ളപ്പോൾ അതിന്റെ പായകൾ തനിയെ അതിനെ വഹിച്ചുകൊണ്ടുപോകുന്നതും തമ്മിൽ വ്യത്യാസം ഇല്ലേ?ദൈവം നൽകുന്ന വരദാനങ്ങളിലും കൃപയിലും ജീവിക്കുന്ന ആത്മാവ് അതിന്റെ സ്വന്തം പ്രയത്നത്തെക്കാൾ, ദൈവത്താൽ മുന്നോട്ട് നയിക്കപ്പെടുന്നു. തത്വചിന്തകന്മാരെയെല്ലാം നിഷ്പ്രഭയാക്കിയ വിശുദ്ധ കാതറിനെപ്പോലെ, അങ്ങനെയുള്ള ആത്മാവിന്റെ അറിവ് പുസ്തകങ്ങളിൽ നിന്നുള്ള അറിവിനെ ഒന്നുമല്ലാതാക്കുന്നു.
തത്വശാസ്ത്രം ഇത് വ്യക്തമായി പറഞ്ഞുതരും.എല്ലാ മനസ്സുകൾക്കും രണ്ട് വശമുണ്ട്. ഒന്ന് അനുമാനങ്ങളുടേതും ഊഹാപോഹങ്ങളുടേതും ..അത് തിയറികൾ പഠിക്കുന്നു. പിന്നെയുള്ളത് പ്രായോഗികവശം. അത് മനുഷ്യരുടെ പ്രവൃത്തികളെ നയിക്കുന്നു. പാപകരമായ ഒരു ജീവിതം, ആദ്യം പറഞ്ഞതിനെ ഇല്ലാതാക്കുന്നില്ല. അതുകൊണ്ട്, പാപിയായ ഒരു മനുഷ്യന് ഒരു വിശുദ്ധനെ പോലെ തന്നെ ഗണിതത്തിലോ മറ്റ് സാഹിത്യകലാവിഷയങ്ങളിലൊ ശോഭിക്കാൻ കഴിയും. എന്നാൽ, അത്രയും അറിവുള്ള ആ ഗണിതശാസ്ത്രജ്ഞൻ ധാർമികതയെപറ്റിയോ ആത്മീയതയെപറ്റിയോ ഒക്കെ എഴുതാൻ തുനിഞ്ഞാൽ ആകെ ആശയകുഴപ്പമായിരിക്കും. ദൈവത്താൽ നയിക്കപ്പെടുന്നവരുടെ ചിന്തകൾ എന്ന പോലെ തന്നെ പ്രായോഗികബുദ്ധിയും ദൈവത്താൽ പ്രകാശിപ്പിക്കപ്പെടുന്നതുകൊണ്ട്, മറ്റുള്ളവരെ നയിക്കാനും വഴികാട്ടാനും അവർ കൂടുതൽ യോഗ്യതയുള്ളവനായിരിക്കും.
ഉപദേശം നൽകാൻ എല്ലാവർക്കും കഴിയില്ല. വിവാഹമോചിതനായ ഒരാൾ വിവാഹിതരെ ഉപദേശിച്ചാൽ ശരിയാവില്ല. ഹൃദയശുദ്ധിയില്ലാത്ത അധ്യാപകരോ മനഃശാസ്ത്രജ്ഞനോ യുവാക്കളെ ഉപദേശിച്ചാൽ ശരിയാവില്ല. ‘അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴുമല്ലോ ‘. ശരിയെയും തെറ്റിനെയും പറ്റിയുള്ള ഉപദേശങ്ങൾ പ്രാർത്ഥിക്കാത്ത ഒരുവനിൽ നിന്ന് ഒരിക്കലും ചോദിക്കരുത്, അയാൾക്ക് നാഡികോശങ്ങളെ ക്കുറിച്ചോ തൈറോയിഡിനെ കുറിച്ചോ ഒക്കെ പ്രാർത്ഥിക്കുന്നവനെക്കാൾ ആയിരം മടങ്ങ് അറിവുണ്ടെങ്കിലും. നഗ്നനേത്രങ്ങളേക്കാൾ ടെലസ്കോപ്പിലൂടെ നോക്കുമ്പോൾ നക്ഷത്രങ്ങളെ വ്യക്തമായി കാണാൻ കഴിയുന്നതുപോലെ വിശ്വാസത്താൽ പ്രകാശിപ്പിക്കപ്പെടുന്ന അനുമാനങ്ങൾ വാസ്തവം മനസിലാക്കുന്നു.
അങ്ങനെ, ദൈവത്തെ കണ്ടെത്താൻ ബുദ്ധിമുട്ടാണോ (Is God Hard to find) എന്ന ചോദ്യത്തിന്റെ ഉത്തരം മുഴുവനായും നമ്മളിൽ ആശ്രയിച്ചാണ് ഇരിക്കുന്നത്. 38 വർഷം കുളക്കടവിൽ സുഖം പ്രാപിക്കാതെ കിടന്ന മനുഷ്യനെപ്പോലെയാണ് നമ്മളിൽ അധികം പേരും. വെള്ളമിളകുമ്പോൾ കുളത്തിൽ തന്നെ ഇറക്കാൻ ആരുമില്ലെന്നതായിരുന്നു അയാളുടെ പരാതി. അയാൾക്ക് രോഗശാന്തി ‘ആവശ്യമായിരുന്നു’ പക്ഷേ അവൻ അത് വേണ്ടപോലെ ‘ആഗ്രഹിച്ചില്ല’. തങ്ങളുടെ അവസ്ഥക്ക് ഇതുപോലെ മറ്റുള്ളവരെ കുറ്റം പറഞ്ഞുകഴിയുന്നവർ ഒരുപാടുണ്ട്. നമ്മുടെ കർത്താവ് വന്നപ്പോൾ, അവന് ഏറ്റവും അസാധ്യമെന്നു അവൻ വിചാരിച്ചിരുന്ന കാര്യമാണ് അവനോട് ചെയ്യാൻ പറഞ്ഞത്. അവന്റെ കിടക്കയുമെടുത്തു നടക്കാൻ.
ഏറ്റവും ആവശ്യമായത് ആഗ്രഹമായിരുന്നു. അവൻ വേണ്ടത്ര ആഗ്രഹിക്കാഞ്ഞത് കൊണ്ട് അവന് അത്രയും കൊല്ലങ്ങൾ രോഗിയായി കഴിയേണ്ടി വന്നു. നമ്മുടെ ജീവിതത്തിൽ പരാജയങ്ങൾ കുറെയൊക്കെ ഉണ്ടാകുന്നത്, അത് പരിഹരിക്കാൻ ആവശ്യമായ ശ്രമം നമ്മുടെ ഭാഗത്തുനിന്ന് ഇല്ലാത്തതുകൊണ്ടാണ്. യുദ്ധം വേണ്ടെന്ന് നമ്മൾ പറയുന്നു. പക്ഷേ യുദ്ധം ഉണ്ടാകാനുള്ള കാരണങ്ങൾ നമ്മൾ വേണ്ടെന്നു വെക്കില്ല. അതുപോലെ അനേകം പേർ പറയും ഞങ്ങൾക്ക് സന്തോഷം വേണമെന്ന്. പക്ഷേ സന്തോഷം കൊണ്ടുവരുന്ന കാര്യങ്ങൾ ആഗ്രഹിക്കുന്നത് അവർ വേണ്ടെന്നു വെക്കുന്നു. ‘ നിങ്ങൾ എന്നെ അന്വേഷിക്കും. പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും’ (ജെറ 29:13) ആളുകൾ അസന്തുഷ്ടരായി തുടരുന്നതിന്റെ മൂലകാരണം അവർ വേണ്ടവിധത്തിൽ സന്തോഷം ആഗ്രഹിക്കാത്തതുകൊണ്ടുതന്നെയാണ്.
ഏത് സാഹിത്യം എടുത്തുനോക്കിയാലും സങ്കീർത്തനങ്ങൾ 139ൽ ഉള്ളതുപോലെ ദൈവസാന്നിധ്യത്തെപ്പറ്റി ഇത്രയും നന്നായി വിവരിക്കുന്നത് കാണാൻ പറ്റില്ല. നമ്മൾ ദൈവത്തിൽ നിന്ന് ഓടിയൊളിക്കുന്നുണ്ടെങ്കിൽ അതിന് കാരണം അവന്റെ നന്മ നമ്മുടെ നിന്ദനകാരണമാകുന്നതാണ് എന്നുവെച്ചാൽ, അവനോടൊത്തുള്ള ഒന്നാകൽ പാപത്തിൽ നിന്നുള്ള വിട്ടുമാറ്റം ആവശ്യപ്പെടുന്നു. നമ്മുടെ ഹൃദയത്തിലേക്ക് നോക്കി അതിലെ മ്ലേച്ഛതയെല്ലാം കാണുന്ന ദൈവത്തിന്റെ മുൻപിൽ മുട്ടിൽ വീഴാതെ നമുക്ക് അധികനേരം പിടിച്ചുനിൽക്കാൻ കഴിയില്ല.
നമുക്ക് അവനെ അറിയാം പക്ഷേ അവനാൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നത് വളരെ കുറച്ചുപേർ മാത്രം. സൃഷ്ടവസ്തുക്കൾ നമുക്കിഷ്ടമാണ്. കാരണം അവയൊക്കെ സൃഷ്ടിച്ചപ്പോൾ അവൻ അതിലെല്ലാം അവന്റെ സ്നേഹം നിക്ഷേപിച്ചു, അല്ലെങ്കിൽ അതൊന്നും സ്നേഹയോഗ്യമാകില്ലായിരുന്നു. എങ്കിലും വളരെ കുറച്ചുപേർ മാത്രം അവനെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നു കാരണം അവൻ നമ്മെ ഒരുപാട് സ്നേഹിക്കുന്നു ! അവന് നമ്മൾ പൂർണ്ണരാകണം., നമുക്കോ? അങ്ങനെ ആകണ്ട.
ആദത്തിന്റെ സമയം മുതലേ മനുഷ്യർ ദൈവത്തിൽ നിന്ന് ഒളിക്കാൻ തുടങ്ങിയതാണ് ‘ God is hard to find (ദൈവത്തെ കണ്ടെത്താൻ പ്രയാസമാണ്) എന്ന് പറഞ്ഞുകൊണ്ട്. സത്യം എന്താണെന്ന് വെച്ചാൽ, ഓരോ ഹൃദയത്തിലും ദൈവം അവനായി ഉണ്ടാക്കിയ ഒരു രഹസ്യപൂന്തോട്ടം ഉണ്ട്. പൂന്തോട്ടം, അനേകസമ്പത്തുള്ള നിലവറ സംരക്ഷിക്കുന്ന പോലെ പൂട്ടിവച്ചിരിക്കുന്നു. അതിന് രണ്ട് താക്കോലുകളുണ്ട്. ദൈവത്തിന്റെ കയ്യിലാണ് ഒരു താക്കോൽ, അതുപയോഗിച്ച് ദൈവത്തിന് മാത്രമേ ആരെയെകിലും ഉള്ളിൽ കയറ്റാനോ കയറാനോ പറ്റൂ. മനുഷ്യന് അതിൽ തൊടാൻ പറ്റില്ല. മനുഷ്യഹൃദയത്തിന്റെ പക്കലാണ് മറ്റേ താക്കോൽ. മനുഷ്യന്റെ അനുമതി ഇല്ലാതെ ദൈവത്തിന് പോലും അതിലൂടെ കയറാൻ പറ്റില്ല. എപ്പോഴാണോ ദൈവസ്നേഹവും മനുഷ്യസ്വാതന്ത്ര്യവും.. ദൈവവിളിയും മനുഷ്യന്റെ പ്രത്യുത്തരവും ആകുന്ന രണ്ട് താക്കോലുകൾ ഒരുമിച്ചുവരുന്നത്, അപ്പോൾ പറുദീസ മനുഷ്യഹൃദയത്തിലേക്ക് തിരിച്ചുവരുന്നു. ദൈവം എപ്പോഴും പൂന്തോട്ടത്തിന്റെ വാതിൽക്കൽ അവന്റെ താക്കോലും പിടിച്ച് നിൽപ്പുണ്ട്. നമ്മൾ നമ്മുടെ താക്കോൽ നഷ്ടപ്പെട്ട പോലെയും തിരയുന്ന പോലെയുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും വേണ്ട താക്കോൽ നമ്മുടെ കയ്യിൽതന്നെ ഉണ്ട്. വിശുദ്ധരെപ്പോലെ ആനന്ദം നമുക്കില്ലാത്തതിന്റെ കാരണം നമ്മൾ വിശുദ്ധരാകാൻ ആഗ്രഹിക്കുന്നില്ല എന്നത് തന്നെയാണ്.
Bishop Fulton J sheen – Peace of Soul ( Chapter: Is God hard to find ?) വിവർത്തനം : ജിൽസ ജോയ്.


Leave a comment