നസ്രായന്റെ ഒരു 33-കാരൻ

“എന്റെ ഈശോയെ…

ഇനി നീ എന്റെ ചങ്ങാതി”

നസ്രായന്റെ ഒരു 33- കാരൻ

“സ്വർഗ്ഗത്തിൽ നിന്ന് ദൈവം നോക്കി. അത്യാവശ്യമായി അല്പം ചിത്രങ്ങൾ വരയ്ക്കാൻ ഒരാളെ വേണം. തന്റെ മനസ്സിനെണങ്ങിയ ചിത്രം വരയ്ക്കാൻ പറ്റിയ ഒരാളെ കണ്ടു. സുരേഷ് അച്ചനെ…. അങ്ങനെ വിളിച്ചുകൊണ്ടുപോയിയെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം…. അതിനെ കഴിയുന്നുള്ളൂ”.

വരച്ച നിറക്കൂട്ടുകൾ ബാക്കിയാക്കി ഒരു 33-കാരനായി സുരേഷച്ചൻ സ്വർഗ്ഗത്തിന്റെ വർണ്ണങ്ങൾ തേടി യാത്ര ആയി.

വൈദിക പരിശീലനത്തിനായി സെമിനാരിയിൽ ചേരുമ്പോൾ വളരെ കാര്യമായി കാത്തുസൂക്ഷിച്ചു കൊണ്ടുവരുന്ന ഒന്നാണ് ഒരു വിശുദ്ധ ബൈബിൾ. സെമിനാരിയിൽ ചേർന്ന് ആദ്യനാളുകളിൽ തന്നെ അത് മനോഹരമായി പൊതിഞ്ഞു സൂക്ഷിക്കാനും ആദ്യ താളുകളിൽ പേരെഴുതുവാനും ഓരോരുത്തരുടെയും ഹൃദയത്തിനും താല്പര്യങ്ങൾക്കും ചേർന്ന കുഞ്ഞു കുറിപ്പുകൾ എഴുതി സൂക്ഷിക്കുകയും ചെയ്യുന്ന ഒരു നല്ല പതിവുണ്ട്.

അപ്രകാരം സുരേഷച്ചൻ തന്റെ ബൈബിളിന്റെ ആദ്യ പേജിൽ എഴുതി വച്ചിരിക്കുന്നത് ഇപ്രകാരമാണ്. തുടക്കത്തിൽ കുഞ്ഞുനാളിലെ എല്ലാവരുടെയും മനസ്സിൽ പതിഞ്ഞിരിക്കുന്ന ഒരു ഇരടികൾ. സുരേഷ് അച്ചന്റെ തീം സോങ് ആണത്. ബൈബിളിന്റെ ആദ്യ താളുകളിൽ കുറിച്ചിരിക്കുന്നത് ഇപ്രകാരം:

” കുഞ്ഞു മനസിൻ നൊമ്പരങ്ങൾ

ഒപ്പിയെടുക്കാൻ വന്നവനാം

ഈശോയെ…. ഈശോയെ…

ആശ്വാസം നീയല്ലോ”.

തുടർന്ന് ആ പേജിന്റെ സൈഡിൽ കുരിശിൽ കരങ്ങൾ വിരിച്ച് കിടക്കുന്ന ക്രൂശിതനായി ഈശോയുടെ ചിത്രം. ക്രൂശിതനായി ഈശോ തന്റെ ശിരസ്സ് സ്വർഗ്ഗത്തിലേക്ക് ആണ് ഉയർത്തിയിരിക്കുന്നത്. അല്പം ചിത്രപ്പണികൾ ചെയ്തിരിക്കുന്ന ആ കുരിശിന്റെ കാൽച്ചുവട്ടിലെ ആണിപ്പഴുതുകളോട് ചേർന്ന് ഒരു തിരുവചനം. അതിപ്രകാരമാണ്: “എന്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു.

അവന്‍ എന്റെ ഹിതം നിറവേറ്റും.”

(അപ്പ. പ്രവര്‍ത്തനങ്ങള്‍ 13 : 22-23).

ജീവിതത്തിന് ശക്തി പകരുന്ന പല വചനങ്ങളും ഓരോരുത്തരും സൂക്ഷിക്കാറുണ്ട്. അത് പിന്നീട് ചിലപ്പോൾ ജീവിതം തന്നെയായിട്ട് മാറും. അങ്ങനെ സുരേഷ് അച്ചന്റെ ഇഷ്ടപ്പെട്ട വചനമാണിത്. ജീവിതം തന്നെ കാച്ചിൽ കുറുക്കി എഴുതിയിരിക്കുന്നത് പോലെ തന്നെയാണ് ഇന്ന് മനസ്സിലാക്കുവാൻ പറ്റുന്നത്.

പിന്നെ പേജിന്റെ അവസാനം കുരിശിന്റെ ചുവട്ടിൽ ആയി സുരേഷച്ചൻ തന്റെ മോട്ടോ എഴുതി വച്ചിരിക്കുകയാണ്. ” എന്റെ ഈശോയെ ഇനി നീ എന്റെ ചങ്ങാതി”.

ഇതാണ് സുരേഷ് അച്ചന്റെ ബൈബിളിന്റെ ആദ്യത്തെ പേജ്.

ഒറ്റ പേജിൽ അങ്ങനെ ജീവിതത്തെ ഇപ്രകാരം ഒതുക്കാൻ സുരേഷ് അച്ചന് കഴിഞ്ഞു. ഇതായിരുന്നു ഫാ സുരേഷ് പറ്റേട്ട് MCBS എന്ന ഞങ്ങളുടെ കുഞ്ഞനുജൻ.

സെമിനാരിയിൽ ചേർന്നതിനുശേഷം ആദ്യ നാളുകളിൽ കുറിച്ച് കാര്യങ്ങളാണിത്.

എത്ര മനോഹരമായാണ്, എത്ര ആഴമായാണ് തന്റെ ജീവിതത്തെ സുരേഷ് അച്ചൻ തിരിച്ചറിഞ്ഞതും ജീവിച്ചതും എന്നതിന് മറ്റൊരു തെളിവ് വേണ്ട.

ഫിലോസഫി പഠനകാലത്താണ് ആദ്യമായിട്ട് കണ്ടുമുട്ടുന്നത്. ഫിലോസഫിയും തിയോളജിയും എല്ലാം സമകാലികരായി പഠിച്ചു പോയത് ഓർക്കുന്നു. രണ്ടുവർഷം ഇളയതാണെങ്കിലും ഒരു കുഞ്ഞ് അനുജനെ പോലെ കൂടെ കൂട്ടാൻ ആഗ്രഹിച്ചുപോകുന്ന ഒരു വ്യക്തിത്വം ആയിരുന്നു സുരേഷ് അച്ചന്റെത്.

“അതീവ ശാന്തനായ ഒരു വ്യക്തി, അതുല്യ പ്രതിഭയായ ചിത്രകാരൻ…” സുരേക്ഷച്ചനെ ഓർക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്ന രണ്ട് കാര്യങ്ങളാണ് ഇത്.

പല കാര്യങ്ങളും ഒന്നിച്ച് ചെയ്തതെല്ലാം ഓർമ്മകളായി നിലനിൽക്കുന്നു.

ഒത്തിരി സങ്കടം ഉളവാക്കുന്നതാണ് അച്ചന്റെ വിടവാങ്ങൽ. കൂട്ടുകാരുമായും സുരേഷച്ചന്റെ ബാച്ച് കാരുമായും ഈ ദിവസങ്ങളിൽ സംസാരിച്ചപ്പോൾ എല്ലാവരുടെയും വാക്കുകളിൽ ഇടറി വീണ സ്വരമായിരുന്നു സുരേഷ് അച്ഛന്റെ ഓർമ്മകൾ. ഫോൺ കോളുകളിൽ പലരും പലതവണ ആവർത്തിച്ച ഒരു കാര്യം ഇതായിരുന്നു. “എത്ര സിമ്പിൾ ആയിരുന്നു നമ്മുടെ സുരേഷച്ചൻ”. അതെ… “സിമ്പിൾ സുരേഷ് അച്ചൻ”.

വീണ്ടും ഒരു തച്ചന്റെ മകൻ 33 -മത്തെ വയസ്സിൽ യാത്രയായി.

യൗസേപ്പിതാവിനെ പോലെ സുരേഷച്ചന്റെ അപ്പച്ചനും വളരെ നല്ല ഒരു ശില്പിയാണ്. അതുപോലെതന്നെയാണ് സുരേഷച്ചനും. പ്രഗൽഭ്യമുള്ള ഒരു ആർട്ടിസ്റ്റ് ആണ്.

സെമിനാരിക്കാലത്തെ എന്നല്ല അച്ചന്റെ സമയത്ത് നടന്നിരിക്കുന്ന എല്ലാ കാര്യങ്ങളിലും വരച്ചും അലങ്കാരങ്ങൾ ചെയ്തും ചൂവരുകളിൽ ചിത്രങ്ങൾ തയ്യാറാക്കിയും നിറക്കൂട്ടുകളിലും അലങ്കാരങ്ങളിലും വിസ്മയങ്ങൾ തീർത്ത ഒരു കലാകാരൻ സ്വർഗ്ഗത്തിലെ ക്യാൻവാസുകളെ കൂടുതൽ മനോഹരമാക്കാൻ യാത്രയായി.

നിഷ്കളങ്കതയോടെയും ശാന്തതയോടെയും പരിഭവങ്ങൾക്ക് അതീതനായും സ്വയം മറന്ന് ആത്മാർത്ഥത നിറഞ്ഞ തീഷ്ണതയുള്ള ഒരു മിഷനറി ആയും ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഞങ്ങളുടെ കുഞ്ഞനുജൻ മാറിയിരുന്നു എന്നതിൽ ഞങ്ങൾക്കേവർക്കും അഭിമാനം തോന്നുന്ന ഒരു കാര്യമാണ്.

2020 ജനുവരി 1 ന് പൗരോഹിത്യം സ്വീകരിച്ച സുരേഷച്ചൻ കഴിഞ്ഞ അഞ്ചു വർഷങ്ങളായി അരുണാചൽ പ്രദേശത്ത് ദിവ്യകാരുണ്യ മിഷനറിയായി സേവനം ചെയ്യുകയായിരുന്നു. കിലോമീറ്ററുകൾ താണ്ടി ഗ്രാമങ്ങളിലേക്കുള്ള തന്റെ മിഷൻ പ്രവർത്തനങ്ങളിൽ അച്ചന്റെ പ്രത്യേക തീക്ഷ്ണത സഹപ്രവർത്തകർ എടുത്തു പറയുകയുണ്ടായി. അസുഖം കഠിനമായിമാറുന്നതിനു തൊട്ടുമുമ്പു വരെയും തന്റെ പ്രിയപ്പെട്ടവരായ ആളുകളുടെ ഇടയിലേക്ക്, ഗ്രാമങ്ങളിലേക്ക് അച്ചൻ കടന്നു പോയിരുന്നു.

കുറഞ്ഞ കാലയളവിൽ എത്ര മനോഹരമായി ജീവിക്കാമെന്ന് സുരേഷ് അച്ചൻ എല്ലാവർക്കും മാതൃകയാവുകയാണ്.

33 കാരനായ ഈശോ ഒരു വികാരമാണ്. പ്രത്യേകിച്ച് വൈദികരായ ഞങ്ങൾക്ക്. ക്രിസ്തുവിന്റെ പ്രായം 33, അത് മനോഹരമായി മനസ്സിൽ സൂക്ഷിക്കാറുണ്ട്. വൈദികരെല്ലാം ഹൃദയംകൊണ്ട് പ്രണയിച്ചു പോകുന്ന, ഉള്ളുകൊണ്ട് കൊതിച്ചുപോകുന്ന 33 എന്ന നസ്രായന്റെ പ്രായത്തിൽ തന്നെ ഭാഗ്യപ്പെട്ട ഒരു വിടവാങ്ങലായി… നെഞ്ചിനുള്ളിൽ വേദനയോടെയെങ്കിലും ഓർത്ത് ആശ്വസിക്കുകയാണ്.

കഴിഞ്ഞപ്രാവശ്യം അവധിക്ക് വന്നപ്പോൾ പ്രിയപ്പെട്ടവരെ എല്ലാം പോയി കണ്ടത് യാത്ര പറയാൻ ആയിരുന്നല്ലേ!…

ഒരു കാര്യം ഇനി ഉറപ്പാണ്. നമ്മൾ എത്തുമ്പോഴേക്കും സ്വർഗ്ഗം അല്പംകൂടി മനോഹരമാകും. കാരണം സുരേഷ് അച്ചന്റെ അലങ്കാരങ്ങളും നിറക്കൂട്ടുകളുടെ ചിത്രങ്ങളുകൂടി ഇനി സ്വർഗ്ഗത്തിൽ ഉണ്ടാകുമല്ലോ.

ഓർമ്മകളോടെ….

ഫാ. വിൻസെന്റ് ഇടക്കരോട്ട് MCBS.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment