എട്ടുനോമ്പ് നൊവേന ഒൻപതാം ദിനം | Ettunombu Novena, Day 9

പരി. കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള നൊവേന

നേതാവ്: ദൈവമേ ഞങ്ങളുടെ സഹായത്തിനു വരണമേ.

മറുപടി: ദൈവമേ ഞങ്ങളുടെ സഹായത്തിനു വേഗം വരണമേ.

നേതാവ്: പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി.

മറുപടി: ആദിമുതൽ എന്നേക്കും ആമ്മേൻ.

ഒൻപതാം ദിനം

സ്വർഗ്ഗത്തിന് സന്തോഷവും സാത്താന് ഭയവും നൽകിക്കൊണ്ട് പരിശുദ്ധ അമ്മ ഈ ലോകത്തിൽ പിറന്നു വീഴുന്നു. ലോകത്തിന്റെ മുഴുവൻ രക്ഷകനായി ദൈവപുത്രൻ അവളുടെ ഉദരത്തിൽ ജനിക്കുമെന്ന് നന്നായി അറിയാമായിരുന്ന സാത്താൻ ഭയം കൊണ്ട് വിറക്കുകയും കലിപൂണ്ട് അവളെ നശിപ്പിക്കേണ്ടത് എങ്ങനെ എന്ന് ആലോചിക്കുകയും ചെയ്യുന്നുണ്ട്. പാപക്കറകൂടാതെയുള്ള ജനനത്താലും ജീവിതത്താലും സാത്താനെ പരാജയപ്പെടുത്തിയ പരിശുദ്ധ അമ്മ ശത്രുവിന്റെ കെണികളിൽ നിന്നും നമ്മെയും കാത്തുരക്ഷിക്കും.

മറിയമേ എന്റെ പ്രിയപ്പെട്ട അമ്മേ, ഈ അനുഗ്രഹങ്ങൾക്കു വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. (നിയോഗം പറയുക)

നന്മ നിറഞ്ഞ മറിയമേ…

പ്രാർത്ഥന

ഓ, അമലോത്ഭവയായ കന്യകയേ, അങ്ങയുടെ ജനനത്തിൽ സ്വർഗ്ഗവും ഭൂമിയും ആനന്ദിക്കുന്നു. സ്വർഗ്ഗം ഭൂമിയിൽ ഇറങ്ങാൻ തിരുമനസ്സായത് അങ്ങയുടെ ഉദരം വഴിയാണല്ലോ. ദൈവതിരുമനസ്സിനു എപ്പോഴും കീഴ്‌വഴങ്ങാനും പാപക്കറയില്ലാതെ ജീവിക്കാനും അമ്മേ, ഞങ്ങളെ സഹായിക്കണമേ. നാരകീയ ശക്തികളുടെ എല്ലാ ഉപദ്രവങ്ങളിൽ നിന്നും തിന്മയുടെ എല്ലാ ശക്തികളിൽ നിന്നും അമ്മേ, ഞങ്ങളെ കാത്തുകൊള്ളണമേ. ദേവാലയത്തോടും ദൈവീക കാര്യങ്ങളോടും താല്പര്യം ഉള്ളവരായി വചനം അനുസരിച്ച്, ഈശോയെ സ്നേഹിച്ച് നല്ല മക്കളായി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. ആമേൻ.

നേതാവ്: നമുക്കു സന്തോഷത്തോടെ പരിശുദ്ധ കന്യകാമറിയത്തിതിന്റെ ജനനത്തെ പ്രതി ദൈവത്തെ സ്തുതിക്കാം.

മറുപടി: സർവ്വേശ്വരന്റെ മാതാവേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ.

നമുക്കു പ്രാർത്ഥിക്കാം

ദയാനിധിയും കാരുണ്യവാനുമായ ദൈവമേ, പരിശുദ്ധ അമ്മയെ ഞങ്ങൾക്ക് മാതാവായി നൽകിയതിന് അങ്ങേക്ക് ഞങ്ങൾ നന്ദി പറയുന്നു. മറിയത്തെപ്പോലെ പാപരഹിതരായി ജീവിക്കാനും ദൈവതിരുമനസ്സ് തിരിച്ചറിയാനും ഞങ്ങൾക്ക് കൃപതരണമേ. അങ്ങയുടെ പ്രിയ പുത്രിയും ഞങ്ങളുടെ അമ്മയുമായ പരിശുദ്ധ കന്യാകാമറിയത്തിന്റെ ജനനത്തിരുനാൾ ദിവസത്തിൽ ഞങ്ങളെ കടാക്ഷിക്കണമേ. പരിശുദ്ധ കന്യകാമറിയത്തിന്റെ അളവറ്റ യോഗ്യതകളാൽ ഞങ്ങളുടെ ആവശ്യങ്ങളിൽ സഹായവും ദുഃഖങ്ങളിൽ ആശ്വാസവും നൽകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment