Commentary for Syromalabar Ordination Rite in Malayalam

  1. ആമുഖം

മിശിഹായിൽ പ്രിയ വൈദീകരേ, സിസ്റ്റേഴ്സ്, മാതാപിതാക്കളെ, സഹോദരി സഹോദരന്മാരെ,

………………… ഇടവകയെ സംബന്ധിച്ചിടത്തോളം, വളരെയേറെ സന്തോഷകരവും അഭിമാനകരവുമായ ഒരു സുദിനമാണ് ഇന്ന്. ദൈവിക ആഹ്വാനത്തിന് പ്രത്യുത്തരം നൽകിക്കൊണ്ട് ദീർഘകാലത്തെ പ്രാർത്ഥനയ്ക്കും പരിചിന്തനത്തിനും ശേഷം വൈദിക പരിശീലനം പൂർത്തിയാക്കി നമ്മുടെ പ്രിയപ്പെട്ട മ്ശംശാന …………………… അഭിവന്ദ്യ മാർ ………………. പിതാവിന്റെ ശ്ലൈഹീക കൈവെപ്പു വഴി തിരുസഭയിൽ ദൈവത്തിനും ദൈവജനത്തിനും ശുശ്രൂഷ ചെയ്യാൻ, മിശിഹായുടെ പൗരോഹിത്യത്തിലേക്ക്, ഉയർത്തപ്പെടുകയാണ്. സ്നേഹത്തിന്റെയും ശുശ്രൂഷയുടെയും മാതൃകയായ മിശിഹായെ അനുകരിച്ച് ദൈവജനത്തിനുവേണ്ടി സ്വയംമുറിയപ്പെടാനും ചിന്തപ്പെടാനുമായി ഇന്നിതാ ഈ സഹോദരൻ കർത്താവിന്റെ ബലി വേദിയിലേക്ക് അണയുന്നു.

……………….. സഭയുടെയും / രൂപതയുടെയും ………….., ………….. കുടുംബാംഗങ്ങളുടെയും ………….. ഇടവകയുടെയും പ്രാർത്ഥന നിർഭരമായ കാത്തിരിപ്പിന്റെ പൂർത്തീകരണമാണ് ഇന്ന്. ഈ അവസരത്തിൽ ഇന്നത്തെ  തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്ന എല്ലാവർക്കും ഏറെ സ്നേഹത്തോടെ സ്വാഗതം ആശംസിക്കുന്നു.

ദൈവീക പരിപാലനയാൽ തിരുപ്പട്ടം സ്വീകരിക്കാൻ പോകുന്ന മ്ശംശാന …………… …………. സഭാംഗമാണ് / രൂപതാ അംഗമാണ്. ………. (സന്യാസ സമൂഹത്തെക്കുറിച്ച് അല്ലെങ്കിൽ രൂപതയെക്കുറിച്ച് ഹ്രസ്വമായി പറയുന്നു.) ………… സഭയുടെ / രൂപതയുടെ അംഗമായ മ്ശംശാന ദൈവവിശ്വാസവും ചൈതന്യവും നിറഞ്ഞ …….., …….. ദമ്പതികളുടെ മകനായി ………… തീയതി ജനിച്ചു. തന്റെ പ്രാഥമിക വിദ്യാഭ്യാസം …….. സ്കൂളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം ……… ഹൈസ്കൂളിലും പൂർത്തിയാക്കി.

പൗരോഹിത്യത്തിലേക്കുള്ള വിളി തിരിച്ചറിഞ്ഞ ഈ സഹോദരൻ …………  തീയതി ………… മൈനർ സെമിനാരിയിൽ ചേർന്നു. നവസന്യാസം ………, തത്വശാസ്ത്ര പഠനം ………… സെമിനാരിയിലും, ഒരു വർഷം റീജൻസി ………. ലും, നാലു വർഷത്തെ ദൈവശാസ്ത്രപഠനം ………… ലും പൂർത്തിയാക്കി.

സന്യാസ / പൗരോഹിത്യ പരിശീലനം പൂർത്തിയാക്കിയ മ്ശംശാന …………. ദൈവത്തിനും ദൈവജനത്തിനും ശുശ്രൂഷ ചെയ്യുന്നതിന് വേണ്ടി മിശിഹായുടെ വിശുദ്ധ പൗരോഹിത്യത്തിൽ പങ്കുചേരുകയാണിന്ന്. അനന്ത നന്മയായ ദൈവം നമ്മുടെ ഈ പുരോഹിതാർത്ഥിയെ അഭിഷേകം ചെയ്യുന്ന അനുഗ്രഹദായകമായ ഈ നിമിഷങ്ങളിൽ, പ്രാർത്ഥനാപൂർവ്വം കരങ്ങൾകൂപ്പി ആത്മാർത്ഥമായി നമുക്ക് പ്രാർത്ഥിക്കാം.

{ തിരുപ്പട്ട ശുശ്രൂഷയ്ക്ക് ഒരുക്കമായുള്ള പ്രാരംഭ പ്രദക്ഷിണം, പള്ളിമേടയുടെ മുൻവശത്ത് നിന്നാണ് ആരംഭിക്കുന്നത്. അതിനാൽ ബഹുമാനപ്പെട്ട വൈദികരും,സിസ്റ്റേഴ്സും പള്ളിമേടയുടെ മുൻവശത്തേക്ക് ഇപ്പോൾ തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.}

2. പ്രദക്ഷിണം {Vest ചെയ്തതിനുശേഷം}

തിരുപ്പട്ടദാനശുശ്രൂഷയുടെ പ്രാരംഭമായുള്ള പ്രദക്ഷിണം ആരംഭിക്കുകയാണ്. പരിപാവനമായ ഈ തിരുകർമ്മത്തിലേക്ക് പൗരോഹിത്യ ശുശ്രൂഷയ്ക്കായി നിയുക്തനാകുന്ന മ്ശംശാന …………യും അഭിഷേക കർമ്മം നിർവഹിക്കാൻ എത്തിയിരിക്കുന്ന അഭിവന്ദ്യ ……………… പിതാവിനെയും ദൈവജനം ഒന്നുചേർന്ന് കർത്താവിന്റെ ഭവനമായ ദേവാലയത്തിലേക്ക് ആനയിക്കുന്നു.

ആരാധനാ സമൂഹമായ തിരുസഭ, സ്വർഗ്ഗീയ ജറുസലെമിനെ ലക്ഷ്യമാക്കി യാത്രചെയ്യുന്നതിൻ്റെ പ്രതീകമാണ് പ്രദക്ഷിണം.

പാപത്തെയും മരണത്തെയും കീഴടക്കി മഹത്വം പ്രാപിച്ച ഉത്ഥിതനായ മിശിഹായുടെ പ്രതീകമായ മാർതോമ്മാ സ്ലീവായാണ് പ്രദക്ഷിണത്തിന്റെ ഏറ്റവും മുൻപിൽ, സംവഹിക്കപ്പെടുന്നത്. പുരോഹിതന്റെ പാത കുരിശിൻ്റെതാണ്. കുരിശിൻ്റെ തണലിലാണ് അവൻ അഭയം പ്രാപിക്കേണ്ടത് എന്ന് ഈ സ്ലീവാ നമ്മെ അനുസ്‌മരിപ്പിക്കുന്നു.

വി. ഗ്രന്ഥം സത്യവിശ്വാസം പഠിപ്പിക്കാനും, പ്രസംഗിക്കാനും, ജീവിക്കാനും കടപ്പെട്ടവനാണ് വൈദികൻ എന്ന് സൂചിപ്പിക്കുന്നു.

കത്തിച്ച തിരികൾ ദിവ്യപ്രകാശമായ മിശിഹായുടെ സാമീപ്യവും വൈദിക ജീവിതത്തിന്റെ മഹത്വവും വെളിവാക്കുന്നു.

ധൂപം പാപമോചനത്തെയാണ് അനുസ്‌മരിപ്പിക്കുന്നത്. കർത്താവിന് സ്വയം സമർപ്പിക്കുന്ന വൈദികൻ പാപരഹിതവും പരിശുദ്ധവുമായ നയിക്കണമെന്ന് ധൂപാർപ്പണം അനുസ്‌മരിപ്പിക്കുന്നു.

പ്രദക്ഷിണത്തിന്റെ ഏറ്റവും പിന്നിലായി വൈദികാർത്ഥി കൊത്തിനായും സുനാറയും ഊറാറയും ധരിച്ച്, കൈയ്യിൽ തിരുവസ്ത്രങ്ങളുമായി അർക്കദിയാക്കോനാലും മാതാപിതാക്കളാലും വൈദികരാലും, അനുഗതനായി കടന്നുവരുന്നു.

{ദൈവാരധനയ്ക്ക് കരങ്ങൾ പരിശുദ്ധമായിരിക്കണം എന്ന് സൂചിപ്പിക്കാൻ വൈദികാർത്ഥിയുടെ മാതാപിതാക്കൾ അദ്ദേഹത്തിൻ്റെ ശിരസ്സിൽ കൈകൾവച്ച് പ്രാർത്ഥിച്ച് അനുഗ്രഹിച്ച് ശുശ്രൂഷാ പൗരോഹിത്യത്തിനായ് തങ്ങളുടെ മകനെ ദൈവാലയത്തിലേയ്ക്ക് നയിക്കുന്നു.}

(കൈകഴുകൽ ഉണ്ടെങ്കിൽ മാത്രം.)

നമുക്കെല്ലാവർക്കും എഴുന്നേറ്റു നിന്ന് പ്രാർത്ഥനാഗാനം ആലപിച്ചുകൊണ്ട് ഇവരെ ദൈവഭവനത്തിലേക്ക് സ്വീകരിക്കാം.

3. പ്രാരംഭഗാനം

ഈ അനുഗ്രഹീത നിമിഷത്തിൽ ഇടവകവികാരി ബഹുമാനപ്പെട്ട …………….. അച്ചൻ ഏവർക്കും സ്വാഗതം  ആശംസിക്കുന്നു. അച്ചനെ ശ്രവിക്കാനായി നമുക്ക് ശാന്തമായി ഇരിക്കാം.

4. സമർപ്പണം

(സ്വാഗത പ്രസംഗം കഴിഞ്ഞ്)

തിരുപ്പട്ടം സ്വീകരിക്കാൻ വി. മദ്ബഹയെ സമീപിക്കുന്ന പുരോഹിതാർത്ഥിയെ സഭമുഴുവന്റെയും, പ്രാർത്ഥനയോടുകൂടെ അർക്കദിയാക്കോൻ തിരുപ്പട്ടം നൽകുന്നതിനായി മേല്‌പട്ടക്കാരൻ്റെ മുൻപിൽ ഇപ്പോൾ സമർപ്പിക്കുന്നു.

5.വിശ്വാസപ്രതിജ്ഞ

(പ്രാരംഭഗാനത്തെ തുടർന്ന്… നമ്മുടെ കർത്താവിശോ മിശിഹാ… അഭിഷേകം… ആമ്മേൻ… ഉടനെ)

കത്തോലിക്കാ വിശ്വാസം പഠിപ്പിക്കാനും സംരക്ഷിക്കാനും കടപ്പെട്ടവരാണ് വൈദികർ, ഈ സത്യം അംഗീകരിച്ചുകൊണ്ട് പുരോഹിതാർത്ഥി സഭയുടെ വിശ്വാസം ഏറ്റുപറയുന്നു. മാർപ്പാപ്പായെയും തിരുസഭാധികാരികളെയും അവരുടെ പിൻഗാമികളെയും പൂർണ്ണഹൃദയത്തോടും, സന്തോഷത്തോടുംകൂടെ, അനുസരിച്ചുകൊള്ളാമെന്ന് വി. ഗ്രന്ഥം സാക്ഷിയാക്കി വാഗ്ദാനം ചെയ്യുന്നു. ഈ വിശ്വാസസത്യം അവസാന ശ്വാസംവരെ ജീവിക്കാൻ പ്രിയ സഹോദരനെ അനുഗ്രഹിക്കണമേ എന്ന് ഇരുന്നുകൊണ്ട് വിശ്വസ്തനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം.

6. മുടിവെട്ടുന്നു

(വിശ്വാസ പ്രതിജ്ഞയെ തുടർന്ന്… സാക്ഷിയായിഇരിക്കുകയും… ആമ്മേൻ… ഉടൻ)

തിരുപ്പട്ടദാന ശുശ്രൂഷയിലെ വളരെ ശ്രദ്ധേയമായ ഒരു കർമ്മമാണ് വൈദികാർത്ഥിയുടെ മുടിമുറിക്കൽ കർമ്മം, പരിശുദ്ധമായ പൗരോഹിത്യ പദവിയിലേക്ക് ഉയർത്തപ്പെടുന്നവർ പാപത്തോടും, ലോക ആഡംബരങ്ങളോടുമുള്ള ബന്ധം പരിപൂർണ്ണമായി ഉപേക്ഷിക്കണമെന്നും, നിർമ്മലമായ ഹൃദയത്തോടും പരിശുദ്ധമായ മനസാക്ഷിയോടും കൂടെ വിശുദ്ധ ജീവിതം നയിക്കണമെന്നും തിരുസഭാമാതാവ്, ഈ കർമ്മത്തിലൂടെ വൈദികാർത്ഥിയെ, അനുസ്‌മരിപ്പിക്കുന്നു.

മുടി മുറിച്ചതിനുശേഷം…..

{നമുക്കെല്ലാവർക്കും എഴുന്നേറ്റുനിന്ന് ഭക്തിയോടെ മാലാഖമാരുടെ പ്രാർത്ഥന ചെല്ലി, മാലാഖമാരൊടൊപ്പം, സ്വർഗ്ഗസ്ഥനായ പിതാവിനെ ആരാധിക്കാം.}

7. സഹായാഭ്യർത്ഥനയെ തുടർന്ന്

(കാനോനാ… എത്ര സമുന്നതമിന്നു… എന്ന ഗാനത്തിന് മുൻപ്)

പൗരോഹിത്യത്തിന്റെ ശ്രേഷ്‌ഠതയെയും മാഹാത്മ്യത്തെയുംകുറിച്ച് ചിന്തിക്കാനും ധ്യാനിക്കാനും, പുരോഹിതാർത്ഥിയെയും നമ്മെയും പ്രചോദിപ്പിക്കുന്നതാണ് അടുത്ത, പ്രാർത്ഥനാഗാനം. ദൈവദൂതന്മാരെപ്പോലും അത്ഭുതപ്പെടുത്തുന്ന ഒരു മഹോന്നത ദാനമാണ് പൗരോഹിത്യം എന്ന് ഈ ഗാനം പുരോഹിതാർത്ഥിയെ ഓർമ്മിപ്പിക്കുന്നു. ദീർഘനാൾ പ്രാർത്ഥിച്ചതിനു ശേഷം, കർത്താവിൻ്റെ ഭവനം സന്ദർശിക്കാൻ ഭാഗ്യം ലഭിച്ച ഒരു ഭക്തൻ്റെ വികാരവിചാരങ്ങളും, ഹൃദയത്തുടിപ്പുമാണ് ഈ പ്രാർഥനയിൽ നിറഞ്ഞു നിൽക്കുന്നത്.

{നമ്മുക്ക്, ഇരുന്നുകൊണ്ട്, തിരുകർമ്മങ്ങളിൽ പങ്കുചേരാം.}

8. വരുവിൻ… എന്നഗാനത്തിനു മുൻപ്

(അങ്കണം കാണുവാൻ എന്റെ ആത്മാവ്… ശേഷം)

ഭൂമിയുടെ ഉപ്പാണ് വൈദികൻ. ദൈവജനത്തിൽനിന്നും, ക്രൈസ്‌തവചൈതന്യം ചോർന്നുപോകുമ്പോൾ പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ വഴി സ്നേഹചൈതന്യത്തിൽ അവരെ നവീകരിക്കാനുള്ള വൈദിക ധർമ്മത്തെ വ്യക്തമാക്കുകയാണ്, അടുത്തപ്രാർത്ഥനാഗാനം.

9.ധൂപാർച്ചന

(ശുദ്ധിയെഴുന്ന… ഗാനത്തിനു മുൻപ്… സകലത്തിന്റെയും നാഥാ… ആമ്മേൻ ശേഷം)

നമ്മുടെ, ആരാധനക്രമത്തിൽ, ധൂപാർപ്പണം ദൈവത്തിനായുള്ള സമ്പൂർണ്ണ സമർപ്പണത്തിന്റെയും നിരന്തരമായ പ്രാർത്ഥനയുടെയും, പാപമോചനത്തി ന്റെയും പ്രതീകമാണ്. ദൈവത്തിനായ് തന്നെതന്നെ സമർപ്പിച്ച് തന്റെ സുതനോട്, പാപമാലിന്യത്തിൽനിന്നെല്ലാം ഹൃദയത്തെ കഴുകി വിശുദ്ധികരിക്കാൻ തിരുസഭാമാതാവ്, തുടർന്നു വരുന്ന പ്രാർത്ഥനാ ഗാനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു.

10.മാമ്മോദീസതൊട്ടി, ബലിപീഠചുംബനം

(അവന്റെ ഹൃദയാഭിലാഷം…. കാനോനയ്ക്ക് മുൻപ്…അദ്ധ്യാത്മിക വരങ്ങളുടെ… ആമ്മേൻ… ശേഷം)

അടുത്തുവരുന്ന, ഗാനത്തിനിടയിൽ, അർക്കദിയാക്കോനാൽ നയിക്കപ്പെട്ട് വൈദികാർത്ഥി മാമ്മോദീസ തൊട്ടിയും ബലിപീഠവും ചുംബിക്കുന്നു. ദൈവികജീവന്റെ ഉറവിടമായ വിശുദ്ധ മാമ്മോദീസാ പരികർമ്മം ചെയ്‌തുകൊണ്ട് സ്വർഗ്ഗരാജ്യത്തിന് ആദ്ധ്യാത്മിക സന്താനങ്ങളെ ജനിപ്പിക്കുക എന്ന പുരോഹിത കർത്തവ്യത്തെ അനുസ്മരിപ്പിക്കാനാണ് മാമ്മോദീസാതൊട്ടി ചുംബിക്കുന്നത്.

തിരുവൾത്താരയിൽ മനുഷ്യമക്കൾക്കു വേണ്ടിയുള്ള മഹനീയ രക്ഷാകരരഹസ്യങ്ങളെ പരികർമ്മം ചെയ്യണമെന്നാണ് അൾത്താര ചുംബനം വൈദികാർത്ഥിയെ ഓർമ്മിപ്പിക്കുന്നത്. മാമ്മോദിസായിൽ ആരംഭിച്ച ഈശോയുമായുള്ള ഈ സഹോദരൻ്റെ ബന്ധം അവിടുത്തേക്ക് തന്നെതന്നെ പൂർണ്ണമായി അർപ്പിക്കുന്ന ബലിയർപ്പണത്തിലൂടെ ദൃഢമാകുന്നു എന്ന് ഈ തിരുക്കർമം നമ്മെ അനുസ്‌മരിപ്പിക്കുന്നു.

{ശുശ്രുഷി 3 തവണ ഹല്ലേലുയ ചൊല്ലിയ ശേഷം}

നമുക്കെല്ലാവർക്കും തുടർന്നുള്ള തിരുകർമ്മങ്ങളിൽ എഴുന്നേറ്റ് നിന്ന് പങ്കുചേരാം

11. (പ്രസംഗം)

ശാന്തമായ് ഇരുന്നുകൊണ്ട് അഭിവന്ദ്യ പിതാവിൻ്റെ തിരുവചന സന്ദേശം നമുക്ക് ശ്രവിക്കാം.

{ശുശ്രുഷികൾ ഇപ്പോൾ കാറോസുസ പ്രാർത്ഥന ചെല്ലുമ്പോൾ മറുപടിയായി, നമ്മുക്ക് എഴുന്നേറ്റ് നിന്ന് “ കർത്താവെ ഞങ്ങളുടെമേൽ കൃപയുണ്ടാകണമ്മേ എന്നു പ്രാർത്ഥിക്കാം}

12. സ്വർഗ്ഗത്തിൽ വസിക്കുന്നവനെ, മുൻപ്

( പിതാവിനും പുത്രനും… ആമ്മേൻ)

തിരുപ്പട്ടദാന ശശ്രൂഷയുടെ സുപ്രധാനഭാഗത്തേക്ക് നാം പ്രവേശിക്കുകയാണ്. ഈ ദൈവിക പദ്ധതി നിർവ്വഹിക്കപ്പെടുന്നതിന് തന്നെ ശക്തനാക്കണമേയെന്ന് 122-ാം സങ്കീർത്തനം ആലപിച്ചുകൊണ്ട് മേൽപ്പട്ടകാരൻ, പ്രാർത്ഥിക്കുന്നു. നമുക്ക്, ഇരുന്നുകൊണ്ട് തുടർന്ന് വരുന്ന തിരുകർമ്മങ്ങളിൽ പങ്കുകൊള്ളാം.

13 (നാഥാ ശിഷ്യഗണത്തിന്മേൽ… എന്ന ഗാനത്തിനു മുൻപ്)

മിശിഹായുടെ ശുശ്രൂഷാ പൗരോഹിത്യം ഈ ദാസന് നൽകാനായി പരിശുദ്ധാത്മാവേ വേഗം പറന്നിറങ്ങണമേ എന്ന ഹൃദയസ്‌പർശിയായ ഗാനമാണ് തുടർന്ന് ആലപിക്കുന്നത്. മിശിഹായുടെ ശുശ്രൂഷാ പൗരോഹിത്യത്തിൻ്റെ പദവി ഈ ദാസന് നൽകാൻ പരിശുദ്ധാത്മാവിനോട് ദൈവജനം ഒന്നു ചേർന്ന് പ്രാർത്ഥിക്കുന്നു. ഒരു പുരോഹിതൻ അനുഷ്ടിക്കേണ്ട കർത്തവ്യങ്ങൾ ഒന്നൊന്നായി വ്യക്തമായി ഏറ്റുപറഞ്ഞുകൊണ്ട് അവയുടെ വിശ്വസ്‌ഥമായ നിർവ്വഹണത്തിന് പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ ധാരാളമായി നൽകണമ്മേ എന്ന് എഴുന്നേറ്റ് നിന്നുകൊണ്ട് ഏകസ്വരത്തിൽ ഭക്തിപൂർവ്വം നമുക്ക് പ്രാർത്ഥിക്കാം.

{എഴുന്നേറ്റ് നിന്നു കൊണ്ട് തുടർന്നുള്ള പ്രാർത്ഥനകളിൽ പങ്കുചേരാം.}

14. ഔദ്യോഗിക, സമീപനം

(പരി.റൂഹയോടുള്ള ഗീതം, അവസാനിക്കുമ്പോൾ… കുറവുകളെ…. മുൻപ്)

അംശവടിയും അധികാര ചിഹ്നങ്ങളും ധരിച്ച് കാർമ്മികൻ പുരോഹിതാർത്ഥിയെ സമീപിക്കുന്നു. പുരോഹിതാർത്ഥി മുട്ടുകൾ കുത്തി, കൈകൾ യാചനാരൂപത്തിൽ ഉയർത്തിപ്പിടിക്കുന്നു. മുട്ടുകൾ കുത്തുന്നത് രണ്ട് ദാനങ്ങൾ അഥവാ രണ്ട് നാണയങ്ങൾ അഥവാ കക്രാകൾ സ്വീകരിക്കുന്നു എന്ന് സൂചിപ്പിക്കാനാണ്. ബലിയർപ്പിക്കുക, മാമ്മോദീസ നൽകുക, എന്നീ രണ്ട് പുരോഹിത കർത്തവ്യങ്ങളെയാണ് രണ്ട് നാണയങ്ങൾ സൂചിപ്പിക്കുന്നത്.

കരങ്ങൾ ഉയർത്തിപ്പിടിക്കുന്നത് പരിശുദ്ധാത്മാവിനെ വിളിക്കുവാനും ആശീർവ്വാദം നൽകാനും ആദ്ധ്യാത്മിക സന്താനങ്ങൾക്ക് ജന്മം നൽകി അവരെ ദിവ്യഭോജനം കൊണ്ട് പോറ്റാനും അധികാരവും കൃപാവരവും ലഭിക്കുന്നു എന്ന് വ്യക്തമാക്കാനാണ്.   മദ്ബഹായിൽ വന്നുവസിച്ച് തന്നെ ശക്തിപ്പെടുത്തുന്ന, കർത്താവിനെ ധ്യാനിച്ച്, മദ്ബഹാ മുൻപിൽ ആചാരം ചെയ്തശേഷം, മേൽപ്പട്ടക്കാരൻ, ഭീതിജനകമായ, പൗരോഹിത്യശുശ്രൂഷപട്ടം താൻവഴി പരിപൂർണ്ണമാക്കപ്പെടുന്നതിനായി, താഴ്ന്നസ്വരത്തിൽ പ്രാർത്ഥിച്ച് തൻ്റെമേൽ തന്നെ സ്ലീവാമുദ്രയേകുന്നു. പരിശുദ്ധമായ ഈ കർമ്മം നിർവഹിക്കാൻ, അഭിവന്ദ്യപിതാവിനെ ശക്തിപ്പെടുത്തണമേയെന്ന് ഭക്തിപൂർവ്വം നമുക്ക് പ്രാർത്ഥിക്കാം.

15.കൈവയ്പ്പ്പ്രർത്ഥനകൾ (2)

(ഇപ്പോഴും എപ്പോഴും കഴിഞ്ഞ്)

തിരുപ്പട്ടദാനശുശ്രൂഷയുടെ അതിപ്രധാന ഭാഗത്ത് നാം എത്തിക്കഴിഞ്ഞു. തുടർന്ന് വരുന്ന രണ്ട് കൈയ്‌വയ്പ്പ് പ്രർത്ഥനകളോടുകൂടി നമ്മുടെ പ്രിയപ്പെട്ട മ്‌ശംശാന ………….. പുരോഹിതനായ് അഭിഷേകം ചെയ്യപ്പെടുകയാണ്.  കാർമ്മികൻ ഇടതുകരം യാചനാരൂപത്തിൽ നീട്ടിപ്പിടിക്കുന്നത്, ഉന്നതത്തിൽ നിന്ന് പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ എന്ന യാചനയാണ് സൂചിപ്പിക്കുന്നത്. വലതുകരം പുരോഹിതാർത്ഥിയുടെമേൽ കമഴ്ത്തി പിടിക്കുന്നതത് സത്യാത്മാവ് ഇയാളുടെമേൽ ദൈവികദാനങ്ങൾ വർഷിക്കട്ടെ എന്ന് സൂചിപ്പിക്കാനാണ്.

തനിക്ക് ലഭിച്ചിരിക്കുന്ന ശ്ലൈഹീകാധികാരം ഉപയോഗിച്ച് തിരുസഭയിൽ മിശിഹായുടെ പുരോഹിതനാകാൻ സമർപ്പിക്കപ്പെടുന്ന ഈ വ്യക്തിയെ പരിശുദ്ധാത്മാവിൻ്റെ ആവാസത്താലും ദൈവസുതൻ്റെ അനുഗ്രഹത്താലും പൗരോഹിത്യ ശുശ്രൂഷയുടെ നിർവ്വഹണത്തിന് പരിപൂർണ്ണനാക്കണമേ എന്ന് അഭിവന്ദ്യ പിതാവ് പ്രാത്ഥിക്കുന്നു.

തിരുവചനം പ്രഘോഷിക്കാനും രോഗികളുടെമേൽ കൈകൾ വച്ച് അവരെ സുഖപ്പെടുത്താനും, പാപങ്ങൾ മോചിക്കാനും അധികാരം നൽകണമേയെന്ന്, പരിശുദ്ധാത്മാവിനോട് പ്രാർത്ഥിച്ചുകൊണ്ട് കാർമ്മികൻ വൈദികാർത്ഥിയുടെ നെറ്റി മുതൽ പുറകോട്ടും വലതു നിന്ന് ഇടത്തോട്ടും റൂശ്‌മ ചെയ്യുന്നു.

ദൈവത്തിൻ്റെ അനന്തസ്നേഹം അത്ഭുതം പ്രവർത്തിക്കുന്ന ഈ നിമി ഷത്തിൽ ഈ സഹോദരനുവേണ്ടി തിക്ഷ്‌ണമായി നമുക്കും പ്രാർത്ഥിക്കാം.

16. പുരോഹിതവസ്ത്രംധരിപ്പിക്കൽ… മുൻപ്

ഇതാ കർത്താവിൻ്റെ പുരോഹിതൻ…

ഇതാ തിരുസഭക്ക്, ഒരു നവവൈദികൻ. ജീവദായകവും ദൈവികവുമായ രഹസ്യങ്ങളെ പരികർമ്മം ചെയ്യാൻ മിശിഹായുടെ പൗരോഹിത്യത്തിൽ അവകാശം ലഭിച്ച നമ്മുടെ പ്രിയപ്പെട്ട  …………….. അച്ചനെ അഭിവന്ദ്യ പിതാവ് നവവൈദികന്റെ തിരുവസ്ത്രങ്ങൾ ഇപ്പോൾ ധരിപ്പിക്കുന്നു.

{ശാന്തമായി ഇരുന്നുകൊണ്ട് നമുക്ക് ഈ തിരുക്കർമ്മഭാഗത്ത് പങ്കുചേരാം. }

മിശിഹായുടെ ദൈവത്വത്തെ സൂചിപ്പിക്കുന്ന കൊത്തീനയും, സേവനസന്നദ്ധതയെയും, സത്യം, നീതി, വിശ്വസ്‌തത എന്നിവയെ സൂചിപ്പിക്കുന്ന കൊത്തിനയുടെ മീതെ ധരിക്കുന്ന അരക്കെട്ട് സൂനാറയും, ശുശ്രൂഷാ പൗരോഹിത്യത്തിന്റെ പ്രതീകമായ ഉറാറയും അണിഞ്ഞിരിക്കുന്ന നവവൈ ദികനെ അഭിവന്ദ്യ പിതാവ് ഇപ്പോൾ നീതിയുടെ വസ്ത്രവും ഇടയധർമ്മത്തിൻ്റെ പ്രതീകവുമായ കാപ്പയും കൈകളിലണിയുന്ന സന്ദേയും ധരിപ്പിക്കുന്നു.

17. സുവിശേഷഗ്രന്ഥം, നൽകുന്നതിനു മുൻപ്

ദൈവചനം പഠിപ്പിക്കാനും പ്രഘോഷിക്കാനും കടമയുള്ളവനാണ് വൈദികൻ. ഇതു സൂചിപ്പിക്കാൻ അഭിവന്ദ്യപിതാവ്, നവവൈദികന് വിശുദ്ധ ഗ്രന്ഥം നൽകുന്നു. തുടർന്ന് നവവൈദികൻ്റെ നെറ്റിയിൽ റൂശ്‌മ ചെയ്യുകയും തനിക്കുള്ള സ്നേഹവും വാത്സല്യവും പ്രകടമാക്കാൻ നവവൈദികൻ്റെ ശിരസ്സിൽ ചുംബിക്കുകയും ചെയ്യുന്നു.

18. സമാപന കാനോനയ്ക്ക് മുൻപ്

ദൈവത്തിന്റെ അനന്തസ്നേഹത്താൽ ദൈവജനത്തെ പഠിപ്പിക്കുന്നതിനും, നയിക്കുന്നതിനും,വിശുദ്ധീകരിക്കുന്നതിനുമായി നമ്മുടെ ഇടയിൽ നിന്ന് ഒരാൾ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുകയാണ്. ദൈവത്തിൻ്റെ ഈ മഹാദാനം സ്വീകരിച്ച വ്യക്തിയിൽ ദൈവാനുഗ്രഹം വർഷിക്കണമേയെന്ന് പ്രാർത്ഥിക്കുകയാണ് തുടർന്നു വരുന്ന ഗാനത്തിൽ.

ഈ പ്രാർത്ഥനാഗാനത്തിനിടയിൽ നവവൈദികൻ അർക്കദിയാക്കോനാൽ നയിക്കപ്പെട്ട് ആദ്യം ബലിപീഠത്തിൻ്റെ വലതുവശവും പിന്നീട് ഇടത് വശവും ചുംബിക്കുകയും തുടർന്ന് അഭിവന്ദ്യ പിതാവിൻ്റെ മുൻപിൽ മുട്ടുകുത്തി പിതാവിന്റെ കരം ചുംബിച്ച്, ആശീർവ്വാദം സ്വീകരിക്കുകയും ചെയ്യുന്നു.

19. വൈദികഗണം ചുംബിക്കുന്നു

(നിന്നെ പൂർണ്ണനാക്കട്ടെ… ശേഷം)

ഇതാ സാഹോദര്യത്തിൻ്റെ ഒരു രംഗം. ഇന്നത്തെ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത വൈദികഗണം മുഴുവനും തങ്ങളുടെ സമൂഹത്തിലേക്ക് പുതുതായി ചേർക്കപ്പെട്ട നവവൈദികൻ്റെ കരങ്ങൾ ചുംബിച്ചുകൊണ്ട് അദ്ദേഹത്തിന് സ്നേഹനിർഭരമായ അഭിനന്ദനങ്ങളും പ്രാർത്ഥനാശംസകളും അർപ്പിക്കുന്നു. ബഹുമാനപ്പെട്ട വൈദികർ മദ്ബഹായിലൂടെ പ്രവേശിച്ചു നവവൈദികനെ സ്നേഹനിർഭരമായ അഭിനന്ദനങ്ങൾ അറിയിച്ചശേഷം സ്വസ്‌ഥാനങ്ങളിലേക്ക് കടന്നു പോകേ ണ്ടതാണ്.

20. സമാപന പ്രാർത്ഥനകൾക്ക് മുൻപ്

(അവസാനത്തെ അച്ചൻ കൈ മുത്തിയ ശേഷം)

തുടർന്ന് വരുന്നത് സഹായഭ്യർത്ഥന പ്രാർത്ഥനകളാണ്. അതേ തുടർന്ന് തിരുപ്പട്ടദാന ശുശ്രുഷയുടെ ആശീർവ്വാദവും. മിശിഹായുടെ ദാസനും, ദൈവരഹസ്യങ്ങളുടെ കാര്യസ്‌ഥനുമെന്ന നിലയിൽ ദൈവത്തിനും ദൈവജനത്തിനും സേവനമനുഷ്ഠിക്കുന്നതിനും സഭയിലെ വിശ്വസ്തത ശുശ്രൂകനായി ജീവിക്കാനുമുള്ള കൃപാവരം ബഹുമാനപ്പെട്ട …………… അച്ചന് നൽകണമേയെന്ന് ഹൃദയപൂർവ്വം നമുക്ക് പ്രാർത്ഥിക്കാം.

21. തിരികൊടുക്കൽ

(സമാപന ആശിർവാദത്തിനു ശേഷം ഉള്ള ആമ്മേൻ കഴിഞ്ഞ ഉടൻ)

ദൈവത്തിനും ദൈവജനത്തിനും വേണ്ടി സ്വയംകത്തിയെരിഞ്ഞ് തീരാനുള്ള നവവൈദികൻ്റെ സന്നദ്ധതയും ശുശ്രൂഷാ പൗരോഹിത്യത്തിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ അഭിവന്ദ്യ പിതാവിനോട് തനിക്കുള്ള സ്നേഹവും നന്ദിയും പ്രകടമാക്കികൊണ്ട് നവവൈദികൻ കത്തിച്ച തിരി നൽകുന്നു. സ്വയം കത്തിയെരിഞ്ഞ് ചുറ്റുമുള്ളവർക്ക് പ്രകാശം നൽകുന്ന ഈ തിരിപോലെ ദൈവത്തിനു വേണ്ടി സ്വയം എരിഞ്ഞുതീരുവാനുള്ള നവവൈദികന്റെ സന്നദ്ധത ഇവിടെ വ്യക്തമാക്കുന്നു.

തിരിനൽകിയശേഷം

നമ്മുക്കെല്ലാവർക്കും,സ്വസ്ഥാനങ്ങളിൽ ഇരിക്കാം. ഇപ്പോൾ നവ പുരോഹിതൻ അഭിവന്ദ്യപിതാവിനോടും, സഹകാർമ്മികരോടും, മാതാപിതാക്കളോടും, സഹോദരങ്ങളോടും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന സമയമാണ്. മാതാപിതാക്കളും, സഹോദരങ്ങളും, ഇപ്പോൾ തന്നെ സങ്കീർത്തിയുടെ ഭാഗത്തേക്ക് ചൊല്ലേണ്ടതാണെന്ന് ഓർമ്മിപ്പിക്കുന്നു.

(തിരുപ്പട്ടദാന ശുശ്രൂഷയ്ക്കായ് എത്തിയ അഭിവന്ദ്യപിതാവിനോടും, ………….. ഇടവകസമൂഹത്തോടും ബഹുമാനപ്പെട്ട വികാരിയച്ചനോടുമുള്ള സ്നേഹവും നന്ദിയും, ………….. പ്രൊവിൻഷ്യാൾ ……………… അച്ചൻ അറിയിക്കുന്നു.)

പ്രസംഗത്തിന്ശേഷം

(കാഴ്ചവസ്തു‌ക്കൾ സമർപ്പിക്കുവാൻ നിയോഗിക്കപ്പെട്ടവർ കാഴ്ചവസ്തു‌ ക്കൾ ഒരുക്കിയ സ്‌ഥലത്തേക്കു പോകണമെന്ന് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം പരിശുദ്ധ കുർബാനയിൽ നവ പുരോഹിതനോടൊപ്പം സഹകാർമീകരാകുന്ന വൈദികർ സങ്കീർത്തിയിലേക്ക് എത്തണമെന്ന് അനുസ്മരിപ്പിക്കുന്നു.)

ബേമ്മ ഒരുങ്ങിയ ശേഷം

തിരുപ്പട്ടം സ്വീകരിച്ച നവവൈദികൻ ഈ ബലിവേദിയിലേക്കുള്ള തന്റെ യാത്രയിൽ തനിക്ക് ബലമായി കൂടെനിന്ന ഏവരെയും ഇപ്പോൾ നന്ദി നിറഞ്ഞ മനസ്സോടെ ഓർക്കുന്നു.

22. നവവൈദികൻ്റെ നന്ദിപ്രസംഗം കഴിഞ്ഞ ഉടൻ

നവവൈദികനോടൊപ്പം നാം ബലിയർപ്പിക്കാൻ ഒരുങ്ങുകയാണ്. തങ്ങൾക്കു ലഭിച്ച സകലതിനെയും ദൈവത്തിനു സമർപ്പിക്കുന്നതിൻ്റെ പ്രതീകമായി കാഴ്‌ചദ്രവ്യങ്ങൾ നവവൈദികന്റെ മാതാപിതാക്കളും, പ്രിയപ്പെട്ടവരും സമർപ്പിക്കുന്ന നിമിഷങ്ങളാണ് ഇത്.

{ഭക്തിപൂർവ്വം എഴുന്നേറ്റ് നിന്നുകൊണ്ട് ബലിയർപ്പണത്തിൽ നമ്മുക്ക് പങ്കുചേരാം.}

വിശുദ്ധ കുർബാന സ്വീകരണം

വിശുദ്ധ കുർബാന സ്വീകരണ സമയമാണ്. കുർബാന സ്വീകരണത്തിന്റെ ക്രമീകരണം ഇപ്രകാരമായിരിക്കും  വൈദികർ സങ്കീർത്തിയിലൂടെ കടന്നുവന്ന് അൾത്താരയിൽ നിന്ന് വിശുദ്ധ കുർബാന സ്വീകരിച്ച് സങ്കീർത്തിയിലൂടെ തിരിച്ചു ഇറങ്ങിപ്പോകുന്നു. നവ വൈദികനിൽ ൽ നിന്ന് മാതാപിതാക്കളും ഏറ്റവും അടുത്ത ബന്ധുക്കളും വിശുദ്ധ കുർബാന സ്വീകരിക്കുന്നു. മറ്റുള്ളവർ നിങ്ങൾ ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ നിന്നുകൊണ്ട് മറ്റു വൈദികരിൽ നിന്നും വിശുദ്ധ കുർബാന സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment