ആ രാത്രിയിൽ സംഭവിച്ചത്….
✍ തോമസ് ചാലാമനമേൽ
റയാൻ സീഗ്ലർ. ദക്ഷിണാഫ്രിക്കയിലെ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യത്തെ സാത്താനിക് സഭയുടെ സ്ഥാപകൻ. എന്നാൽ, ഒരു രാത്രിയിൽ, തന്റെ സാത്താൻ ആരാധനയുടെ തയ്യാറെടുപ്പിൽ യേശുവിനെ കണ്ടെത്തിയ റയാൻ, തന്റെ ജീവിതം മാറിമറിഞ്ഞ ആ അനുഭവം പങ്കുവയ്ക്കുന്നു, ഒപ്പം മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പും. യൂട്യൂബിൽ അദ്ദേഹം നൽകിയ അഭിമുഖത്തെ ആസ്പദമാക്കിയാണ് ഇതു തയ്യാറാക്കിയത്. യൂട്യൂബ് ലിങ്ക് താഴെ കൊടുക്കുന്നു.
“ഞാൻ വളർന്നു വന്നത് ദക്ഷിണാഫ്രിക്കയിലെ ഒരു വളരെ സാധാരണ കുടുംബത്തിലാണ്. നല്ല സ്നേഹമുള്ള മാതാപിതാക്കൾ. എനിക്കൊരു സഹോദരിയാണുള്ളത്. എല്ലാ ഞായറാഴ്ചയും ഞങ്ങൾ സൺഡേ സ്‌കൂളിൽ പോകുമായിരുന്നു. 1980-കളിൽ ഞങ്ങളുടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും പോയിരുന്ന, ദക്ഷിണാഫ്രിക്കയിലെ റിഫോംഡ് ചർച്ചിലായിരുന്നു, ഞങ്ങളും പോയിരുന്നത്.
എന്നാൽ, ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ, ഞാൻ ആത്മീയതയെക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. ആ സമയമായപ്പോഴേക്കും ബൈബിൾ ഞാൻ കുറെ വായിച്ചിരുന്നു. ദൈവം ആരാണെന്ന് കൂടുതൽ അറിയുകയായിരുന്നു, എന്റെ ലക്ഷ്യം. അതിനായി, ഞാനൊരു അപ്പസ്തോലിക് ചർച്ചിൽ അംഗമായി. അതൊരു വ്യത്യസ്ത അനുഭവമായിരുന്നു. വചനത്തെക്കുറിച്ചു കൂടുതൽ ആഴത്തിൽ അറിയാൻ എനിക്കു സാധിച്ചു. അവിടെയുള്ള സംഘടകളിലെല്ലാം ഞാൻ അംഗമായി. എന്നാൽ, ഏതാണ്ട് 2003 കാലത്ത്, അവിടത്തെ അധികാരികളിൽ നിന്നും വളരെ വലിയ തിരസ്കരണം എനിക്കുണ്ടായി. എനിക്ക് ദൈവവുമായി ആഴത്തിൽ വ്യക്തിപരമായ ഒരു ബന്ധമില്ലാതിരുന്നതിനാൽ, ദൈവത്തെ പ്രതിനിധീകരിച്ചവർ എന്ന് സ്വയം അവകാശപ്പെട്ടവരിൽ നിന്നും അത്തരത്തിലൊരു അനുഭവമുണ്ടായപ്പോൾ, എനിക്ക് വളരെ ആഴത്തിൽ മുറിവേറ്റു. അങ്ങനെയാണ് സഭയിൽ നിന്നും, ക്രിസ്തുവിശ്വാസത്തിൽ നിന്നും ഞാൻ പുറത്തുവരുന്നത്.
ക്രമേണ, മറ്റു വഴികളിലൂടെ ഞാൻ ദൈവത്തെ തേടാൻ തുടങ്ങി. ചുരുക്കത്തിൽ ഇങ്ങനെയാണ് എന്റെ ആ യാത്ര ആരംഭിക്കുന്നത്. തുടർന്നുള്ള രണ്ടു വർഷങ്ങളിൽ ഞാൻ ബുദ്ധമത, ഹരേകൃഷ്ണ അമ്പലങ്ങളിലെല്ലാം പോയി. ഒടുവിൽ ഞാൻ എത്തിപ്പെടുന്നത് ഒരു ഹോളിസ്റ്റിക് സെന്ററിലാണ്. റെയ്കി, ധ്യാനം, അതീന്ദ്രിയജ്ഞാനം തുടങ്ങിയവയെല്ലാം അഭ്യസിപ്പിക്കുന്ന ഒരു കേന്ദ്രം. അവിടെ വച്ച് അതീന്ദ്രിയജ്ഞാനം ആഴത്തിൽ പഠിച്ചിട്ടുള്ള ചിലരെ ഞാൻ പരിചയപ്പെട്ടു. അതാണ് പിന്നീടുള്ള എന്റെ ജീവിതത്തിലെ ചില വഴികൾ തുറന്നിട്ടത്.
മതത്തിന്റെ ചട്ടക്കൂടിനപ്പുറം എന്തോ ഒന്ന് ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. അന്ന് ഞാൻ ആ ഹോളിസ്റ്റിക് സെന്ററിൽ പോയപ്പോൾ, ഒരു സ്ത്രീ എന്നോടു പറഞ്ഞു, എനിക്ക് ചില കഴിവുകളുണ്ടെന്ന്. ദൈവം നമ്മെ അതീന്ദ്രിയ കഴിവുള്ളവരായിട്ടുകൂടിയാണ് സൃഷ്ടിച്ചിട്ടുള്ളത്. പിശാച് നമ്മിലുള്ള ആ കഴിവിനെയാണ് ലക്ഷ്യം വയ്ക്കുന്നത്. നന്മ നിറഞ്ഞ ഹൃദയമുള്ള വളരെ അനുഗ്രഹീതനായ ആളുകളും സാത്താൻ സേവകർക്കിടയിലുണ്ട്. പക്ഷെ, അവരും വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.
അവരുടെ ഇടയിൽ ചെന്നതിനുശേഷം അവിടെ പല കോഴ്‌സുകളും ഞാൻ ചെയ്തു, ക്രിസ്റ്റൽ ഹീലിംഗ്, ഭാവി പറയുന്നതിനുള്ള കോഴ്‌സുകൾ, പല തരത്തിലുള്ള ഹീലിംഗ് കോഴ്‌സുകൾ, ആത്മാക്കളുമായി സംവദിക്കാനുള്ള പരിശീലനം തുടങ്ങി വളരെ തീവ്രമായ മന്ത്രവാദത്തിന്റെ പരിശീലനം വരെ ഞാൻ നേടി. ഇതെല്ലാം പഠിക്കുമ്പോൾ മറ്റുള്ളവരെ സഹായിക്കാനാണ് ഞാൻ ഇതെല്ലാം പരിശീലിക്കുന്നത് എന്നായിരുന്നു എന്റെ ചിന്ത. ക്രമേണ, ആത്മാക്കളുടെ ലോകത്ത് വളരെ സ്വാധീനം നേടിയെടുക്കാൻ എനിക്കു കഴിഞ്ഞു. ആത്മാക്കളുമായി ബന്ധപ്പെട്ട് വളരെ കൃത്യമായ മുന്നറിയിപ്പുകളും എന്നെത്തേടി വന്നവർക്ക് കൊടുക്കാൻ എനിക്കു സാധിച്ചിരുന്നു.
നാമെല്ലാം ജനിക്കുമ്പോൾ മുതൽ ഈ ആത്മാക്കൾ നമ്മെയെല്ലാം നിരീക്ഷിക്കുന്നുണ്ട്. ആത്മാക്കളുമായുള്ള ഈ സ്വാധീനം ഞാനൊരു ബിസിനസ്സായി വളർത്തിയെടുത്തു. മന്ത്രവാദം, അതിനുവേണ്ട പുസ്തകങ്ങൾ, സാധനങ്ങൾ എല്ലാം വിൽക്കുന്ന ഒരു ബിസിനസ്സ്. ഇങ്ങനെ പൊതുജനങ്ങളെ ഇതിലേക്ക് ആകർഷിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്തു.
ഞങ്ങളുടെ കച്ചവടമെല്ലാം നന്നായി നടക്കുന്ന ആ സമയത്താണ് ഒരു മനുഷ്യൻ എന്നെ കാണാൻ വരുന്നത്. ഭാര്യയോടൊപ്പമാണ് അദ്ദേഹം വന്നത്. അയാളിൽ നിന്നാണ് സാത്താൻ സേവയെക്കുറിച്ച് ഞാൻ കാര്യമായി അറിയുന്നത്. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. കുറച്ചുദിവസങ്ങൾക്കുള്ളിൽ അയാൾ എനിക്കൊരു സാത്താന്റെ ബൈബിൾ കൊണ്ടുവന്നു തന്നു. നിങ്ങൾ ഏതെങ്കിലും രീതിയിൽ തിരസ്കരിക്കപ്പെട്ടവരാണെങ്കിൽ, മുറിവേറ്റപ്പെട്ടവരാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും ആകർഷകമായ രീതിയിലാണ് സാത്താന്റെ ബൈബിൾ എഴുതപ്പെട്ടിരിക്കുന്നത്. ഏതാണ്ട് ഒരു മാസത്തിനുശേഷം ആ മനുഷ്യൻ തിരിച്ചുവന്നു. എന്നെ അവരുടെ സംഘത്തിൽ ചേർക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. അപ്പോഴേക്കും അതിന് ഞാനും തയ്യാറായിരുന്നു.
ഇവരുടെ സംഘത്തിലേക്ക് ചെന്നപ്പോഴാണ് ഈ രാജ്യത്തെ പല പ്രമുഖരും ഇവിടെ അംഗങ്ങളാണ് എന്ന സത്യം ഞാൻ തിരിച്ചറിയുന്നത്. വലിയ ടെലിവിഷൻ താരങ്ങൾ, സംഗീത രംഗത്തെ പ്രമുഖർ, വലിയ വലിയ ഡോക്ടർമാർ എന്നിങ്ങനെ എല്ലാ രംഗത്തു നിന്നുമുള്ള വലിയ ആളുകൾ ഈ സംഘത്തിലുണ്ട്. നിങ്ങൾ വിചാരിക്കും സാത്താൻ സേവകർ ശരീരമാകെ ടാറ്റൂ അടിച്ചു, ഒരു പ്രത്യേക രീതിയിൽ നടക്കുന്നവരാണെന്നാണ്. എന്നാൽ, ഇവരിൽ ഭൂരിഭാഗവും അങ്ങനെയല്ല. ഇവരെല്ലാം ലോകം മുഴുവൻ പിശാചിന്റെ പദ്ധതികൾ നടപ്പാക്കാൻ രഹസ്യമായി പ്രവർത്തിക്കുന്നവരാണ്. ഞാനും അതിന്റെ ഭാഗമായിരുന്നു.
ലോകത്തെ എല്ലാ പൈശാചീക സംഘടനകളുടെ നേതാക്കന്മാരും ഒത്തുചേർന്ന് വർഷത്തിലൊരിക്കൽ ഒരു സമ്മേളനം നടത്തുന്ന പതിവുണ്ട്. പിശാചിന്റെ പദ്ധതികൾ എത്രമാത്രം നടപ്പാക്കി, കാര്യങ്ങൾ എങ്ങനെ പോകുന്നു എന്നിവയെല്ലാം അവിടെ ചർച്ച ചെയ്യപ്പെടുന്നു. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളുടെയും, മറ്റു സാങ്കേതീക വിദ്യകളുടെയും സഹായത്തോടെ ലോകം മുഴുവൻ പടർന്നുപിടിച്ച വലിയൊരു പ്രസ്ഥാനമായി പൈശാചീക സംഘടനകൾ വളർന്നിട്ടുണ്ട്. ഇരുപതു വർഷം മുൻപ് ഈ രാജ്യത്ത് ഒരു സാത്താന്റെ ബൈബിൾ കിട്ടുക എന്നത് വളരെ പ്രയാസമായിരുന്നു, ഇന്ന് എല്ലാവർക്കും എപ്പോൾ വേണമെങ്കിലും അതു കിട്ടുന്ന അവസ്ഥയാണ്. നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ് കാര്യങ്ങൾ. പണ്ട്, ഭിത്തികളിൽ ഗ്രാഫിറ്റി വരയ്ക്കുന്നതോ, ആളുകളെ രാത്രി പേടിപ്പിക്കുന്നതോ ഒക്കെയായിരുന്നു സാത്താൻ സേവയെന്നൊക്കെ കരുതിയിരുന്നത്. ഇന്ന് അതൊന്നുമല്ല കാര്യങ്ങൾ.
കുരിശിലെ മരണം വഴി കർത്താവ് പിശാചിനെ കീഴടക്കിക്കഴിഞ്ഞു. ആ വിജയത്തിൽ നിന്നുകൊണ്ടാണ് നമ്മൾ പ്രവർത്തിക്കുന്നത്. ഇവിടെ നമ്മൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് നമ്മുടെ കുട്ടികളെയാണ്. കുട്ടികളെ സൂക്ഷിക്കാൻ പറഞ്ഞതിനു കാരണം, ഓൺലൈൻ ഗെയിമിംഗ് എന്നത് ഇവരുടെ വലിയൊരു മേഖലയാണ്. കുട്ടികളെ പൈശാചീക ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകാൻ അവർ ഉപയോഗിക്കുന്ന ഏറ്റവും വലിയൊരു മാർഗ്ഗമാണിത്.
ഓരോ ഒൻപതു വർഷം കൂടുമ്പോഴും പിശാചിന്റെ പദ്ധതികൾ മാറിക്കൊണ്ടിരിക്കും. ഇപ്പോഴുള്ള പൈശാചീക സേവകരെല്ലാം മുതിർന്നവരായതിനാൽ കൂടുതൽ കൊച്ചുകുട്ടികളെ പൈശാചീക ലോകത്തേയ്ക്ക് കൊണ്ടുവരുക എന്നതാണ് ഇപ്പോഴത്തെ അവരുടെ അജണ്ട. അതിനുവേണ്ടി 12-15 വയസ്സിനിടയിലുള്ള കുട്ടികളെയാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ഇപ്പോൾ അവരെക്കൊണ്ട് ഒരു ആഭിചാര ക്രിയകളൊന്നും ചെയ്യിക്കാൻ വേണ്ടിയല്ല. സമൂഹമാധ്യമത്തിലൂടെ ഇവരുടെ പദ്ധതിക്കുവേണ്ട കാര്യങ്ങൾ അവരെ പരിചയപ്പെടുത്തുക. കിട്ടുന്ന സമയം മുഴുവൻ ചില ആപ്പുകളിൽ കുട്ടികൾ മുഴുകിയിരിക്കുന്നത് കണ്ടിട്ടില്ലേ. ഇതിനെക്കുറിച്ച് ഞാനറിഞ്ഞത്, ഇവർ കാണുന്ന മൂന്നു വീഡിയോകളിലൊന്ന് പൈശാചീക ഗ്രൂപ്പുകളുടെ നിർദ്ദേശങ്ങൾ രഹസ്യമായി ഒളിപ്പിച്ച വിഡിയോകളായിരിക്കും എന്നാണ്. കൃത്യമായ പ്ലാനിങ്ങോടെ നടപ്പാക്കുന്ന കാര്യമാണിത്.
ഞാൻ ഇക്കാര്യങ്ങളിൽ കൂടുതലയി ഇടപെടാൻ തുടങ്ങിയപ്പോൾ, സ്‌കൂളുകളിൽ അധ്യാപകരായി ജോലി ചെയ്യുന്ന ഞങ്ങളുടെ സംഘത്തിലെ ചിലരെ പരിചയപ്പെട്ടു. അവർ സ്‌കൂളിൽ ആസ്ട്രൽ പൊജെക്ഷൻ പോലുള്ള കാര്യങ്ങളിൽ കുട്ടികളെ ആകർഷിച്ചു ഞങ്ങളുടെ സംഘത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്താറുണ്ട്. ആദ്യം ഇത്തരം ചിന്തകൾ മനസ്സിലേക്കു കൊടുക്കുക എന്നതാണ് അവരുടെ തന്ത്രം. എന്നാൽ, ആ അധ്യാപകർ തിരിച്ചുവന്ന് ഞങ്ങളോടു പറഞ്ഞൊരു കാര്യമുണ്ട്. ചില കുട്ടികളിലേക്ക് അവർക്ക് ഈ ചിന്തകളെ കൊടുക്കാനാവില്ല. ആ കുട്ടികൾക്ക് ചുറ്റും തീ പോലെ ഒരു നീല വെളിച്ചം പൊതിഞ്ഞിരിക്കുന്നുണ്ടത്രേ. ആ കുട്ടികളെക്കുറിച്ച് ഞങ്ങൾ പിന്നീട് അറിഞ്ഞത്, ആ കുട്ടികളുടെ മാതാപിതാക്കൾ എല്ലാദിവസവും തങ്ങളുടെ കുട്ടികളെ കർത്താവിന്റെ തിരുരക്തത്തിനു സമർപ്പിച്ചു പ്രാർത്ഥിക്കുന്നവരാണ് എന്നാണ്. ആ കുട്ടികളെ പൈശാചീക സംഘത്തിനു തൊടാനാകില്ല. ഇതൊക്കെയാണ് മാതാപിതാക്കൾ മനസ്സിലാക്കേണ്ടത്. കർത്താവിന്റെ അധികാരം എന്താണെന്ന് നമ്മൾ മനസ്സിലാക്കണം.
ഒരു പത്രവാർത്തയിലൂടെയാണ് ഞാൻ പൈശാചീക സംഘത്തിൽ പെട്ട കാര്യം എന്റെ മാതാപിതാക്കൾ അറിയുന്നത്. അക്കാലത്ത് എനിക്ക് എന്റെ മാതാപിതാക്കളുമായി അധികം ബന്ധമുണ്ടായിരുന്നില്ല. ഒരു ദിവസം അവർക്കു കിട്ടിയ ഒരു പത്രത്തിൽ നിന്നാണ് അവരുടെ മകനാണ് ദക്ഷിണാഫ്രിക്കയിലെ ഒരു പ്രമുഖ സാത്താൻ സഭയുടെ തലവനാണെന്ന സത്യം അവർ അറിയുന്നത്. ഇതറിഞ്ഞ എന്റെ അമ്മ എന്നെ ഒന്നു കാണാൻ അനുവാദം ചോദിച്ചു. വളരെ ദൂരം താണ്ടി രണ്ടുപേരും എന്നെ കാണാനെത്തി. എന്നെ കണ്ട അമ്മ ഒരു ചോദ്യമേ ചോദിച്ചുള്ളൂ, “കേൾക്കുന്നതെല്ലാം വെറും തമാശയാണോ, അതോ ഇതെല്ലാം ഉള്ളതാണോ?” “അതെ,” എന്ന എന്റെ മറുപടിക്ക്, “നിനക്കുവേണ്ടി ഞങ്ങൾ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്” എന്നാണ് അമ്മ ചോദിച്ചത്. പിന്നീട് ഞാൻ അറിഞ്ഞത്, വീട്ടിലേക്കു തിരിച്ചുപോയ എന്റെ അമ്മ, ബൈബിളിൽ എന്റെ പേരെഴുതി വച്ച്, കർത്താവിന്റെ അധികാരത്തിന് എന്നെ സമർപ്പിച്ച് നാലു വർഷമാണ് പ്രാർത്ഥിച്ചത്. ഓരോ അമ്മയുടെയും കണ്ണീരും, പ്രാർത്ഥനയും വളരെ ശക്തിയേറിയ മാധ്യസ്ഥമാണ് എന്ന് മാതാപിതാക്കൾ അറിയുക.
പിന്നീട് മറ്റൊരു കാര്യം കൂടി ഞാൻ അറിഞ്ഞു. ഈ പത്രവാർത്ത പുറത്തുവന്നതിനു ശേഷം, ആയിരക്കണക്കിനു വിശ്വാസികളാണ് എനിക്കുവേണ്ടി പ്രാർഥിച്ചത്. അതുകൊണ്ടുകൂടി തന്നെയാണ് ഇന്ന് ഞാൻ തിരിച്ചുവന്നിരിക്കുന്നത്. എന്റെ സാക്ഷ്യം ഈ ലോകത്തോട് എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത്, പ്രാർത്ഥനയ്ക്ക് ശക്തിയുണ്ട് എന്ന ഒറ്റക്കാര്യം മാത്രമാണ്. നിങ്ങൾക്കൊക്കെ സങ്കൽപ്പിക്കാൻ പോലുമാകാത്ത അത്രയും മോശം കാര്യങ്ങൾ ചെയ്തവനാണ് ഞാൻ. ഇപ്പോൾ അതെല്ലാം തുറന്നു പറയാൻ പറ്റില്ല. എന്നിട്ടും ദൈവം എന്നെ സ്നേഹിക്കുന്നു. ദൈവത്തിനറിയാമായിരുന്നു, എന്റെ അടുത്തേക്ക് എങ്ങനെ എത്തണമെന്ന്.
എന്റെ തിരിച്ചുവരവിന് ഏതാണ്ട് പത്തു ദിവസങ്ങൾക്കു മുൻപ് സാത്താനിക് സഭയുടെ പ്രതിനിധിയായി ഒരു ലൈവ് റേഡിയോ അഭിമുഖത്തിൽ ഞാൻ പങ്കെടുക്കുമ്പോൾ, ഒരു സ്ത്രീ എന്നെ ഫോണിൽ വിളിച്ചു. “നിങ്ങൾ യേശുവിൽ വിശ്വസിക്കുന്നുണ്ടോ?” എന്നായിരുന്നു അവരുടെ ചോദ്യം. “ഒരിക്കലുമില്ല” എന്നായിരുന്നു എന്റെ മറുപടി. അത്രമാത്രം വലിയ തിരസ്കരണത്തിൽ നിന്നാണ് കർത്താവ് എന്നെ വീണ്ടെടുത്തത്. നമ്മൾ ഏറ്റവും അയോഗ്യരെന്നു കരുതുന്നവരെയാണ് ദൈവം വിളിക്കുന്നത്.
പൈശാചീക സംഘങ്ങൾ പല തരത്തിലാണ് ലോകത്തിൽ പ്രവർത്തിക്കുന്നത്. ചിലർ സംഘങ്ങൾ സൈനീക മേഖലയിൽ, ചിലർ സാമ്പത്തീക മേഖലയിൽ, സമൂഹത്തിൽ സ്പർദ്ധയും, അക്രമവും ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് മറ്റു ചിലർ, ക്രിസ്തീയ വിശ്വാസത്തെയും അതോടു ബന്ധപ്പെട്ടവരെയും അവഹേളിക്കുക എന്നതാണ് മറ്റു ചിലരുടെ മേഖല. സാത്താൻ സഭയിൽ ഏറ്റവും ഉന്നതമായ ഒരു പദവിയിൽ ഇരുന്ന ആളെന്ന നിലയിലാണ് ഞാനിതു പറയുന്നത്.
സാത്താനിസം എന്നത് വെറുതെ മറ്റൊരു മതമല്ല. സാത്താൻ സഭയുടെ അടിസ്ഥാന പ്രമാണങ്ങൾ വായിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും, ദെെവനിന്ദയാണ് ഇവരുടെ പ്രധാന ലക്ഷ്യം. യേശു എന്തിനുവേണ്ടി വന്നുവോ അതിനു നേരെ വിപരീതമായി പ്രവർത്തിക്കുക. ഒരു തരത്തിൽ പറഞ്ഞാൽ ക്രിസ്തീയതയുടെ നേരെ എതിര്. അപ്പോൾ, ഒരു ചോദ്യം വരും. എന്തുകൊണ്ട് ഇവർ ക്രിസ്തുവിനു എതിരെ മാത്രം പ്രവർത്തിക്കുന്നു? കാരണം, മറ്റാരുമല്ല കുരിശിൽ പിശാചിനെ കീഴ്പ്പെടുത്തിയത് എന്നതാണ്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട കാര്യം, യേശുവും, പിശാചും നേരെ വിപരീതമല്ല. കർത്താവ് അതിനേക്കാൾ എത്രയോ മുകളിലാണ്. ഒരു പക്ഷെ, പ്രധാന മാലാഖയായ മിഖായേലും പിശാചും നേർ വിപരീതമെന്ന് നമുക്ക് പറയാം.
സാത്താനിക് സഭയിൽ ചേരുമ്പോൾ അവർ പറയുന്ന ഏറ്റവും വലിയ കള്ളം നിങ്ങളുടെ ആത്മാവിനെ പിശാചിനു കൊടുത്തുകഴിഞ്ഞു എന്നാണ്. ഇതൊരിക്കലും സാധ്യമല്ല. കാരണം, നമ്മുടെ ആത്മാക്കൾ ദൈവത്തിനു സ്വന്തമാണ്. ഇങ്ങനെ തങ്ങളുടെ ആത്മാക്കളെ സാത്താന് കൊടുത്തതുകൊണ്ടാണ് തങ്ങൾക്ക് ഈ നേട്ടങ്ങളെല്ലാം ഉണ്ടായതെന്നു വിശ്വസിക്കുന്നവരാണ് സാത്താൻ സേവകർ. അതുകൊണ്ട് ഇതിൽ നിന്നും ഒരിക്കലും പുറത്തുകടക്കാനാകില്ലെന്നും അവർ വിശ്വസിക്കുന്നു. ഇങ്ങനെയാണ് അവരെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. അങ്ങനെ അവരെ തങ്ങളുടെ അന്ധകാര സാമ്രാജ്യത്തിന്റെ ഉപകരണങ്ങളാക്കുന്നു.
2016 മുതലാണ് ഞാൻ സ്വയമൊരു സാത്താൻ സേവകനായി മാറിയത്. ഞാൻ ആദ്യമായി ഔദ്യോഗീകമായ ആഭിചാരക്രിയ നടത്തിയത് ആ വർഷമാണ്. പിന്നീട് രണ്ടു വർഷത്തേക്ക് ഞാൻ ഇതുപോലുള്ള എല്ലാ ആഭിചാരക്രിയകളും, മീറ്റിങ്ങുകളും നടത്തി. അങ്ങനെയിരിക്കെയാണ്, സാത്താനിക് സഭയ്ക്കുവേണ്ടി പണം നൽകുന്നവരെ ഞാൻ നേരിട്ടു പരിചയപ്പെടുന്നത്. അവരാണ്, ഞങ്ങളുടെ സംഘടന രജിസ്റ്റർ ചെയ്യാനും, സാത്താൻ സഭയെ പ്രതിനിധീകരിച്ച് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാനും എന്നോട് ആവശ്യപ്പെട്ടത്. കാരണം, അവർക്ക് തങ്ങളുടെ പേര് ഇതിനോടു ബന്ധപ്പെടുത്തി വെളിയിൽ വരുന്നത് ഇഷ്ടമല്ലായിരുന്നു. കാരണം, അവരെല്ലാം സമൂഹത്തിലെ വളരെ ഉന്നതമായ നിലയിൽ ഉള്ളവരായിരുന്നു. ലോകത്തുള്ള മറ്റു പ്രബലമായ സാത്താൻ സഭകളുമായി ബന്ധം സ്ഥാപിക്കാൻ ഇതു രജിസ്റ്റർ ചെയ്യണമെന്നാണ് അവർ പറഞ്ഞത്. അപ്പോഴേയ്ക്കും ഏതാണ്ട് പതിനഞ്ചു വർഷങ്ങൾ സാത്താൻ സേവയിലും, ആഭിചാരക്രിയകളിലും ഞാൻ അനുഭവം നേടിയിരുന്നു. കൂടാതെ, വിശുദ്ധ ബൈബിൾ വളരെ ആഴത്തിൽ ഞാൻ നേരത്തെ തന്നെ പഠിച്ചിരുന്നു. അതുകൊണ്ട് സാത്താനുവേണ്ടി വിശുദ്ധ ബൈബിൾ വച്ച് തർക്കിക്കാൻ എനിക്കു കഴിയുമായിരുന്നു.
അങ്ങനെ, രജിസ്‌ട്രേഷനെല്ലാം കഴിഞ്ഞ് എല്ലാം തയ്യാറായിരിക്കുമ്പോഴാണ് കോവിഡ് വരുന്നത് പിന്നെ, ലോക്ക് ഡൗണായി. അങ്ങനെ, എല്ലാം ഓൺലൈനായി. താത്പര്യമുള്ളവർക്ക് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം എന്ന് അറിയിപ്പുകൊടുത്തപ്പോൾ ഏതാണ്ട് 12000 ആളുകളാണ് ഒറ്റയടിക്ക് ദക്ഷിണാഫ്രിക്കയിൽ രജിസ്റ്റർ ചെയ്തത്.
അങ്ങനെ, ഞാൻ കൂടുതൽ കൂടുതൽ തീവ്രമായ ആചാരങ്ങളിലേക്ക് കടന്നുകൊണ്ടിരുന്നു. ഇവിടെ പ്രത്യേകം ഓർക്കേണ്ട കാര്യം, സാത്താൻ സഭയിൽ ചേരുന്ന ആളുകൾക്ക് തങ്ങൾ എന്താണ് കാണാൻ പോകുന്നതെന്നോ, ചെയ്യാൻ പോകുന്നതെന്നു യാതൊരു അറിവുമില്ലാതെയാണ് ഇതിലേക്കു കടന്നുവരുന്നത്. എനിക്കും തുടക്കത്തിൽ അതുതന്നെയാണ് സംഭവിച്ചത്. ഇതു നിരീശ്വരവാദം പോലെയൊക്കെ ഒരു തത്വശാസ്ത്രം എന്ന രീതിയിൽ കണ്ടാണ് ഞാൻ ഇതിലേക്കു കടന്നത്. എന്തിനാണ് ഞാൻ സാക്ഷിയാകാൻ പോകുന്നത് എന്നതിനെക്കുറിച്ച് എനിക്ക് യാതൊരു ആശയവും ഉണ്ടായിരുന്നില്ല.
നിങ്ങൾ സാത്താൻ സഭയിൽ ചേർന്നുകഴിയുമ്പോൾ ആദ്യത്തെ ആറുമാസം മുതൽ ഒരു വർഷം വരെ നിങ്ങൾ അറിയപ്പെടുന്നത് അപോസ്റ്റ്യുലേറ്റ് എന്നാണ്. ഈ സമയത്ത് ആളുകളെ എങ്ങനെ ആകർഷിച്ചെടുക്കാം എന്ന പരിശീലനമാണ് പ്രധാനമായും നടക്കുന്നത്. അങ്ങനെ ഒരു വർഷം കഴിയുമ്പോൾ ഏതു ഉത്തരവാദിത്വത്തിലേക്കാണ് പോകേണ്ടതെന്നു നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾക്കൊരു മന്ത്രവാദിയാകാം, സാത്താൻ സഭയിലെ ഒരു പുരോഹിതനാകാം, അല്ലെങ്കിൽ ആസ്ട്രൽ പൊജെക്ഷൻ പോലുള്ള അതീന്ദ്രീയ കാര്യങ്ങൾ പഠിക്കാൻ തുടങ്ങാം.
നിങ്ങൾ തിരഞ്ഞെടുക്കുന്ന ജോലിക്കനുസരിച്ചുള്ള ആഭിചാര ക്രിയകൾ നിങ്ങൾ തുടങ്ങണം. ഇതിന്റെയെല്ലാം തുടക്കം നിങ്ങൾ നടത്തേണ്ട മൃഗബലിയിൽ നിന്നാണ്. അപ്പോൾ ഒരു ചോദ്യം വന്നേക്കാം, എന്തിനാണീ മൃഗബലി? ഇവിടെ നമ്മൾ അറിയേണ്ട കാര്യം, രക്തമെന്നത് ആത്മാക്കളുടെ ലോകത്തെ കറൻസിയാണ്. പിശാചുക്കൾ നിങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്തുതരണമെങ്കിൽ അവർക്ക് ഈ ബലി ആവശ്യമാണ്. പൈശാചീക ലോകത്തെ അടുത്തറിഞ്ഞ ഞാൻ മനസ്സിലാക്കിയ സത്യം യേശുവിന്റെ രക്തമാണ് ആത്മാക്കളുടെ ലോകത്ത് അമൂല്യമായ വസ്തു. ഏതൊരു രക്തത്തെക്കാളും ശക്തമാണ് യേശുവിന്റെ തിരുരക്തം. ആ രക്തം കൊണ്ടാണ് നമ്മൾ സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ആ സത്യം നമ്മൾ അറിയരുതെന്ന് പിശാചിനു നിർബന്ധമുണ്ട്. അതുകൊണ്ട് ഇതിനെക്കുറിച്ചൊക്കെ നമ്മിൽ സംശയം ജനിപ്പിക്കുകയാണ് പിശാച് ആദ്യമേ ചെയ്യുന്നത്, പിന്നെ ഭയം ജനിപ്പിക്കും, പിന്നെ ആക്രമണം, പിന്നെയാണ് നമ്മിലേക്ക് നിർദ്ദേശങ്ങൾ തരുന്നത്. എല്ലാവരും കരുതുന്നത് പിശാചുബാധയാണ് ആദ്യം നടക്കുന്നതെന്നാണ്. ആദ്യമേ, മുകളിൽ പറഞ്ഞതെല്ലാം നടന്നതിന്റെ ഫലമായിട്ടാണ് പിശാചുബാധയിലേക്കു വരുന്നത്. എന്നാൽ, സംശയത്തിന്റെ ഈ ചിന്തകൾ നമ്മിലേക്കു വരുമ്പോൾ തന്നെ അവയെ യേശുവിനു നമ്മൾ സമർപ്പിച്ചാൽ പിന്നെ പിശാചിന് ഒന്നും ചെയ്യാൻ സാധിക്കില്ല.
യേശു കുരിശിൽ സ്വന്തം രക്തം കൊണ്ട് നേടിയ രക്ഷ മൂലം, പിശാചിനു നമ്മുടെ ആത്മാക്കളുടെമേൽ യാതൊരു അധികാരവുമില്ല. എന്നാൽ, ചില വാതിലുകൾ നമ്മൾ തുറന്നിടുമ്പോൾ അതിലൂടെ പിശാചിനു നമ്മെ സ്വാധീനിക്കാനാകും. ഇവിടെ എന്താണീ വാതിൽ എന്നൊരു ചോദ്യം വരാം. ഭാവി അറിയാൻ പോവുക, സ്ഥിരമായി വാരഫലം നോക്കുക, ചൂതാട്ടം നടത്തുക, മയക്കുമരുന്ന് ഉപയോഗിക്കുക ഇവയെല്ലാം പിശാചിനു നമ്മൾ തുറന്നുകൊടുക്കുന്ന വാതിലുകളാണ്. അതുകൊണ്ടുതന്നെ, ഇത്തരത്തിൽ എന്തെങ്കിലും നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ടോ എന്ന് ദിവസവും നമ്മൾ പരിശോധിക്കേണ്ടതുണ്ട്. ഉണ്ടെങ്കിൽ, ഏതു സമയത്തും നമുക്ക് പശ്ചാത്താപത്തോടെ തിരിച്ചുവരാനും സാധിക്കും. അങ്ങനെ പരിശുദ്ധാത്മാവ് കൂടുതൽ ബോധ്യങ്ങൾ നമുക്ക് തരും.
സാത്താൻ സഭയിൽ ഒരു ഡിഗ്രി സംവിധാനമാണ് നിലനിൽക്കുന്നത്. ഓരോ ഡിഗ്രിയും മുകളിലേക്ക് കയറുമ്പോൾ പ്രത്യേക ബലികളും അർപ്പിക്കേണ്ടതുണ്ട്. ആദ്യം മൃഗബലികളാണെങ്കിൽ, പിന്നീട് നരബലിയാണ് ആവശ്യം. അങ്ങനെ, ക്രമേണ പിശാചിന്റെ കയ്യിലെ ഉപകരണമായി നിങ്ങൾ മാറുന്നു.
സാത്താൻ ആരാധകർ കാത്തിരിക്കുന്ന അന്തിക്രിസ്തു ലോകത്ത് എവിടെയെങ്കിലും ജനിച്ചിട്ടുണ്ടോ അല്ലെങ്കിൽ എപ്പോൾ ജനിക്കും എന്നറിയാൻ ലോകത്തിലെ ഓരോ സാത്താൻ സഭയും ഓരോരുത്തരെ ഒരു പ്രത്യേക ബലിയർപ്പണത്തിനായി നിയോഗിച്ചിരുന്നു. അതിനായി ഞങ്ങളുടെ സഭയിൽ നിന്നും തിരഞ്ഞെടുത്തത് എന്നെയാണ്. അതു നടത്താൻ എനിക്ക് ഒരു പ്രത്യേക മുറി അവർ സജ്ജമാക്കി. ഇതു നടക്കുന്നത് 2022 മെയ് 24-നു രാത്രിയാണ്.
ആ ബലി സമയത്ത് ഞാൻ മാത്രമേ ആ മുറിയിൽ ഉണ്ടാകൂ. ആ മുറിയിൽ വൈദ്യുത ലൈറ്റുകൾ ഒന്നുമില്ല. വെളിച്ചത്തിനായി മെഴുകുതിരിയാണ് കത്തിക്കുന്നത്. ബലിക്കായി വളരെ നേരമെടുത്ത് എല്ലാം ഞാൻ തയ്യാറാക്കി. ഒരു വട്ടത്തിനുള്ളിൽ അഞ്ചു മൂലകളുള്ള നക്ഷത്രത്തിനടുത്തായി അഞ്ചു തിരികളാണ് ഇതിനായി കത്തിക്കേണ്ടത്. രണ്ടാമത്തെ തിരി കത്തിച്ചതും ആ മുറി മുഴുവൻ സ്പോട്ട് ലൈറ്റുകൾ ഇട്ടപോലെ പ്രകാശം കൊണ്ടു നിറഞ്ഞു. ആരോ ജനലിലൂടെ ലൈറ്റടിച്ച് എന്നെ പറ്റിക്കുകയാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. ഞാൻ പെട്ടെന്ന് തറയിൽ നിന്നെഴുന്നേറ്റു, പുറകോട്ടു നോക്കി. അവിടെ ഒരാൾ നിൽക്കുന്നു. “ആരാ നീ?”, ഞാൻ ചോദിച്ചു. “ഞാൻ നസ്രത്തിലെ യേശുവാണ്.” ആ രൂപം എനിക്കു മറുപടി നൽകി. “എനിക്കു നിന്നെ വിശ്വസിക്കാനാകില്ല,” ഞാൻ പറഞ്ഞു. “സോറി, നിങ്ങൾ എനിക്കതു തെളിയിച്ചു തരണം.” അടുത്ത നിമിഷത്തിൽ അവൻ എന്നെ സ്നേഹം കൊണ്ടു പൊതിഞ്ഞു. അതറിഞ്ഞതും ഞാൻ മുട്ടിന്മേൽ വീണു. ആ അനുഭവം എത്രനേരം നീണ്ടുനിന്നു എന്നെനിക്കറിയില്ല. സമയം അവിടെ നിശ്ചലമായിരുന്നു.
ആ ബലി എനിക്കു നടത്താനായില്ല. ഞാൻ പുറത്തേക്കിറങ്ങി. ഞാൻ തിരികെ വീട്ടിലെത്തി. മൂന്നു ദിവസമാണ് എഴുന്നേൽക്കാനാകാതെ ഞാൻ കിടക്കയിൽ കഴിഞ്ഞത്.
ആ ബലിയിൽ നിന്നുള്ള വിവരങ്ങൾ തേടി എന്റെ സഭയിൽ നിന്നും ഫോൺ വിളികൾ വന്നു തുടങ്ങി.
നാലാം ദിവസം രാവിലെ മൂന്നു മണിക്ക് എനിക്കൊരു ഫോൺ വന്നു. എന്നോട് അടുത്തുള്ള ഒരു ബീച്ചിലേക്ക് ആരോ വിളിക്കുന്നു. ആ തീരത്തുവച്ച് ദൈവവുമായി ഞാനൊരു ദീർഘമായ സംഭാഷണം നടത്തി. അവിടെ വച്ച് എനിക്കൊരു കാര്യം മനസ്സിലായി, ഈ സ്നേഹമാണ് ഇത്രയും നാളും എന്റെ ജീവിതത്തിൽ ലഭിക്കാതിരുന്നത്. എനിക്ക് ധാരാളം പണവും, രണ്ടു വീടുകളും, ഹാർലി ഡേവിഡ്സണും എല്ലാമുണ്ട്. എനിക്ക് എല്ലാമുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, അന്നുമുതൽ യേശുവിനെ അനുഗമിക്കാൻ ഞാൻ തീരുമാനിച്ചു. എന്നെ ബാധിച്ച പൈശാചീക ശക്തികളിൽ നിന്നും എനിക്കു മോചനം വേണമായിരുന്നു. ഏതാണ്ട് ഒൻപതു മാസം കൊണ്ടാണ് അതിൽ നിന്നും ഞാൻ മുക്തനായത്. എന്റെ ശരീരത്തിൽ നിന്നും ഇവയെല്ലാം ഒഴിഞ്ഞുപോകുന്നത് എനിക്ക് അനുഭവിക്കാൻ സാധിക്കുമായിരുന്നു. സാത്താനിക് സഭയിൽ നിന്നും വിടുതൽ കിട്ടാൻ ധാരാളം കടമ്പകൾ കടക്കേണ്ടി വന്നു. പക്ഷെ, എല്ലാം പൂർത്തിയാക്കി ഞാൻ പുറത്തുകടന്നു.
യേശു എന്റെ മുറിയിൽ വന്നപ്പോൾ എന്തൊക്കെ മാറ്റങ്ങളുണ്ടായി എന്നു നിങ്ങൾ ചോദിച്ചേക്കാം. ആരവങ്ങളോ, മണിമുഴക്കങ്ങളോ ഒന്നുമില്ല. ശാന്തമായ ആ കണ്ണുകളിലെ നോട്ടമാണ് എന്റെ ജീവിതത്തെ മാറ്റിമറിച്ചത്. പിന്നീട് ഞാൻ കണ്ടെത്തിയ ചില മനുഷ്യരിലും ഈ സ്നേഹം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
സ്വർഗ്ഗം എങ്ങനെയായിരിക്കുമെന്ന് ഏതാണ്ടൊക്കെ ഇപ്പോൾ എനിക്ക് അനുഭവിച്ചറിയാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ, എന്നെപ്പോലെ സാത്താനിക് സഭയിൽ നിന്നും വിട്ടുപോരുന്നവർക്ക് വിടുതലും, ക്രിസ്തുവിന്റെ സ്നേഹവും പകർന്നു നൽകുന്ന കാര്യങ്ങളും, മാതാപിതാക്കളെ ബോധവത്ക്കരിക്കുന്ന കാര്യങ്ങളിലും, സാത്താന്റെ കെണിയിൽ അകപ്പെട്ടവർക്കു വേണ്ടി മധ്യസ്ഥപ്രാർത്ഥനയുമെല്ലാം ഞങ്ങൾ ഇപ്പോൾ നടത്തുന്നു.
Source: Renit M Alex


Leave a comment