പോര്‍സ്യൂങ്കുള ദൈവകരുണയുടെ ചെറിയ പള്ളി
“ ഒരല്പം സ്ഥലം അഥവ ചെറു ഭാഗം” എന്നർത്ഥമുള്ള
പോര്‍സ്യൂങ്കുള അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെയും ഫ്രാൻസിസ്‌കൻ സഭയുടെയും ചരിത്രത്തിൽ അതീവ പ്രാധാന്യമുള്ള സ്ഥലമാണ്.
ഫ്രാൻസിസ്കൻ സഭയുടെ ജന്മഗൃഹമായ പോർസ്യൂങ്കുള ദേവാലയം മാലാഖമാരുടെ രാജ്ഞിക്കായിട്ടാണ് (Our Lady of St. Mary of the Angels) സമർപ്പിച്ചിരിക്കുന്നത്. ഈ ചെറുപള്ളി അസീസി നഗരത്തിന്റെ താഴ് വാരത്തിൽ, ഏകദേശം 4 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു. 1211-ൽ ബെനഡിക്ടൈൻ സന്യാസികൾ വിശുദ്ധ ഫ്രാൻസിസിന് കൈമാറിയ ഒരു ചെറിയ ഭൂഭാഗത്തിലാണ് ഈ പള്ളി നിലകൊള്ളുന്നത്. ഏകദേശം 5.5 മീറ്റർ നീളവും 3.2 മീറ്റർ വീതിയുമുള്ള ഈ പള്ളി ചെറുതായിരുന്നുവെങ്കിലും അതിന്റെ ആത്മീയ മഹത്വം അതിരുകളില്ലാത്തതാണ്.
പരമ്പരാഗത വിശ്വാസമനുസരിച്ച്, പാപ്പാ ലിബെറിയസിന്റെ ( 352–366) കാലഘട്ടത്തിൽ, പലസ്തീനയിൽ നിന്നെത്തിയ സന്യാസികളാണ് ഈ പള്ളി പണിതത്. പരിശുദ്ധ കന്യകാമറിയത്തിന്റെ കബറിടവുമായി ബന്ധപ്പെട്ട തിരുശേഷിപ്പുകൾ അവർ ഇവിടെ കൊണ്ടുവന്ന് സൂക്ഷിച്ചുവെന്നും പറയുന്നു. ദാരിദ്ര്യവും ലാളിത്യവും നിറഞ്ഞ ഈ ചെറുപള്ളി വിശുദ്ധ ഫ്രാൻസിസിന്റെ ഹൃദയത്തിന് അത്യന്തം പ്രിയപ്പെട്ടതായി മാറി.
സാൻ ഡാമിയാനോ കുരിശുമുമ്പിൽ ലഭിച്ച ദർശനത്തിൽ “എന്റെ പള്ളി പുതുക്കുക” എന്ന ക്രിസ്തുവിന്റെ വിളി കേട്ടശേഷം, വിശുദ്ധ ഫ്രാൻസിസ് തകർന്നുകിടന്ന ദേവാലയങ്ങൾ പുനരുദ്ധരിക്കാൻ തുടങ്ങി. അവയിൽ പ്രധാനപ്പെട്ട ഒന്നാണ്
പോര്‍സ്യൂങ്കുള ഈ പള്ളിക്കടുത്ത് മണ്ണും പുല്ലും കൊണ്ടുണ്ടാക്കിയ ചെറിയ കുടിലുകളിൽ ഫ്രാൻസിസും ആദ്യ സഹോദരന്മാരും താമസിച്ചു. ഇതാണ് ഫ്രാൻസിസ്‌കൻ സഭയുടെ തൊട്ടിൽ. ഇവിടെവച്ചാണ് പുരുഷന്മാർക്കായുള്ള ആദ്യ ഓർഡർ സ്ഥാപിതമായത്; ഇവിടെവച്ചാണ് വിശുദ്ധ ക്ലാരയെ ആത്മീയ പുത്രിയായി സ്വീകരിച്ച് സ്ത്രീകൾക്കായുള്ള രണ്ടാം ഓർഡർ ആരംഭിച്ചതും. ആദ്യകാല ജനറൽ ചാപ്റ്ററുകളും ഇവിടെവച്ചായിരുന്നു.
പോര്‍സ്യൂങ്കുളയെ അത്രമേൽ സ്നേഹിച്ചിരുന്ന വിശുദ്ധ ഫ്രാൻസിസ്, സഹോദരന്മാർ ഒരിക്കലും ഈ സ്ഥലം ഉപേക്ഷിക്കരുതെന്ന് ഉപദേശിച്ചു. തന്റെ അന്ത്യം അടുത്തുവെന്ന് തിരിച്ചറിഞ്ഞപ്പോൾ, ഇവിടെത്തിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. 1226 ഒക്ടോബർ 3-ന് അദ്ദേഹം ഇവിടെവച്ചാണ് “സഹോദരി മരണത്തെ” ആലിംഗനം ചെയ്തത്.
ഓഗസ്റ്റ് 2-നാണ് പോര്‍സ്യൂങ്കുള തിരുനാൾ ആഘോഷിക്കുന്നത്. പോര്‍സ്യൂങ്കുള പ്രത്യേകിച്ച് പ്രസിദ്ധമായത് പോര്‍സ്യൂങ്കുള ദണ്ഡവിമോചനത്തിനാലാണ്. 1216-ൽ പ്രാർത്ഥനാ നിരതനായിരുന്ന ഫ്രാൻസിസിന് യേശുവും മാതാവും ദർശനം നൽകി, യഥാർത്ഥ മനസ്താപവും കുമ്പസാരവും സഹിതം ഈ പള്ളി സന്ദർശിക്കുന്ന എല്ലാവർക്കും പൂർണ്ണ ദണ്ഡവിമോചനം അനുവദിച്ചു. മൂന്നാം ഹോണോറിയസ് പാപ്പ ഇതിന് അംഗീകാരം നൽകി. പിന്നീട് വന്ന മാർപാപ്പമാർ ഇത് ഫ്രാൻസിസ്‌കൻ ദേവാലയങ്ങളിലേക്കും ലോകമൊട്ടാകെയുള്ള പള്ളികളിലേക്കും വ്യാപിപ്പിച്ചു.
ഇന്ന് പോര്‍സ്യൂങ്കുള ദൈവത്തിന്റെ അതിരില്ലാത്ത കരുണയുടെയും ലാളിത്യത്തിന്റെയും ക്ഷമയുടെയും ശക്തമായ അടയാളമായി നിലകൊള്ളുന്നു. ചെറുതായി തോന്നുന്ന ഒരു സ്ഥലത്തിലൂടെയും മഹത്തായ കൃപ ഒഴുകിപ്പോകാമെന്ന സത്യം ഇതു നമ്മെ ഓർമ്മിപ്പിക്കുന്നു.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment