ബ്രദർ ബെർനാർഡ്: വിശുദ്ധ ഫ്രാൻസിസിന്റെ ആദ്യ അനുയായി
ക്വിന്റവാലെയിലെ ബെർനാർഡ് സഹോദരൻ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യ അനുയായിയായിരുന്നു. അദ്ദേഹം അസീസിയിലെ സമ്പന്നനും വിദ്യാഭ്യാസമുള്ളതുമായ ഒരു വ്യക്തിയായിരുന്നു. ആ സമയത്ത് ഫ്രാൻസിസ് സമ്പത്തും സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് പ്രായശ്ചിത്തത്തിന്റെ ജീവിതം നയിക്കാൻ ആരംഭിച്ചിരുന്നു എങ്കിലും സന്ന്യാസവേഷം ധരിച്ചിരുന്നില്ല. പലരും ഫ്രാൻസിസിനെ ഭ്രാന്തനെന്നു കരുതി. ആളുകൾ അദ്ദേഹത്തെ പരിഹസിക്കുകയും അപമാനിക്കുകയും കല്ലും ചളിയും എറിയുകയും ചെയ്തു. എന്നാൽ ഫ്രാൻസിസ് എല്ലാം സമാധാനത്തോടെയും സഹനത്തോടെയും സ്വീകരിച്ചു.
ബെർനാർഡ് ഫ്രാൻസിസിന്റെ ജീവിതം ശ്രദ്ധാപൂർവം നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ ആഴത്തിലുള്ള വിനയം, ദുഃഖങ്ങളിൽ പോലും കാണുന്ന സന്തോഷം, ദൃഢമായ വിശ്വാസം എന്നിവ ബെർനാർഡിനെ ആകർഷിച്ചു. ഫ്രാൻസീസ് ദൈവവകൃപ നിറഞ്ഞ ഒരാളാണെന്ന് ബെർനാർഡ് മനസ്സിലാക്കി. ഫ്രാൻസിസിനെ കൂടുതൽ അറിയാൻ ബെർനാർഡ് അദ്ദേഹത്തെ തന്റെ വീട്ടിൽ ഒരു രാത്രി താമസിക്കാൻ ക്ഷണിച്ചു.
ആ രാത്രിയിൽ ബെർനാർഡ്, ഫ്രാൻസിസ് രാത്രി മുഴുവൻ പ്രാർത്ഥിക്കുന്നതായി കണ്ടു. “എൻ ദൈവമേ, എൻ ദൈവമേ” എന്ന് കണ്ണീരോടെ വീണ്ടും വീണ്ടും വിളിച്ചു പ്രാർത്ഥിക്കുന്ന ഫ്രാൻസിസിനെ കണ്ട് ബെർനാർഡിന്റെ ഹൃദയം ഉരുകി. ലോകത്തിനുവേണ്ടിയും ദൈവം ഏൽപ്പിച്ച ദൗത്യത്തിനുവേണ്ടിയും ഫ്രാൻസിസ് പ്രാർത്ഥിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി.
അടുത്ത ദിവസം രാവിലെ, ബെർനാർഡ് തനിക്കുഉളതെല്ലാം ഉപേക്ഷിച്ച് ഫ്രാൻസിസിനെ അനുഗമിക്കുമെന്ന് അറിയിച്ചു. ഫ്രാൻസിസ് സന്തോഷത്തോടെ ഈ തീരുമാനം ദൈവത്തിന്റെ മുമ്പിൽ വെക്കണമെന്ന് പറഞ്ഞു. അവർ ഇരുവരും ദൈവവചനം വഴി ദൈവേഷ്ടം അറിയാൻ പ്രാർത്ഥിച്ചു.
മൂന്ന് വചനങ്ങൾ അവർക്കായി തുറക്കപ്പെട്ടു. ഒന്നാമത്തേത്: “നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക; എന്നെ അനുഗമിക്കുക.” രണ്ടാമത്തേത്: “യാത്രയ്ക്കായി ഒന്നും എടുക്കരുത്.” മൂന്നാമത്തേത്: “എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നവർ തൻ്റെ കുരിശ് എടുത്ത് എന്നെ പിന്തുടരട്ടെ.” ഇതാണ് ദൈവത്തിന്റെ ഉത്തരം എന്ന് ഫ്രാൻസിസ് പറഞ്ഞു. അതിനുശേഷം ബെർനാർഡ് തന്റെ എല്ലാ സ്വത്തുക്കളും വിറ്റ് വിധവകൾക്കും അനാഥർക്കും തടവുകാർക്കും തീർത്ഥാടകർക്കും ആശുപത്രികൾക്കും മഠങ്ങൾക്കും നൽകി. ഈ പ്രവർത്തിയിൽ ഫ്രാൻസിസ് അദ്ദേഹത്തെ സഹായിച്ചു.
ഈ സമയത്ത് സിൽവെസ്റ്റർ എന്ന ഒരാൾ അമിതലാഭം മോഹിച്ച് ഫ്രാൻസിസിനോട് അധിക പണം ആവശ്യപ്പെട്ടു. ഫ്രാൻസിസ് തർക്കമില്ലാതെ അത് നൽകി. സിൽവെസ്റ്റർ പിന്നീട് തൻ്റെ ലാഭക്കൊതിയേഓർത്തു പശ്ചാത്തപിച്ചു. ആ രാത്രി അദ്ദേഹം ഒരു ദർശനം കണ്ടു: ഫ്രാൻസിസിന്റെ വായിൽ നിന്ന് ഒരു സ്വർണ്ണകുരിശ് പുറപ്പെട്ടു ലോകമൊട്ടാകെ വ്യാപിച്ചു. അതിനുശേഷം സിൽവെസ്റ്റർ തന്റെ സമ്പത്ത് ദരിദ്രർക്കു നൽകി ഫ്രാൻസിസിൻ്റെ ഒരു അനുയായിത്തിർന്നു
സഹോദരൻ ബെർനാർഡ് പ്രാർത്ഥനയിലും ധ്യാനത്തിലും സമ്പന്നമായ വിശുദ്ധജീവിതം നയിച്ചു. എല്ലാം ഉപേക്ഷിച്ച് ദരിദ്രരോടൊപ്പം നിന്ന ബെർനാർഡാണ് ഫ്രാൻസിസ്കൻ ഓർഡറിന്റെ അടിസ്ഥാനം ഇട്ടതെന്ന് വിശുദ്ധ ഫ്രാൻസിസ് പറയുമായിരുന്നു. ഈ വിശ്വാസത്തിന്റെയും ദാനശീലത്തിന്റെയും മാതൃക ഈ കാലത്തു വിപ്ലവാത്മകമാണ്.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment