വിശുദ്ധ ക്ലാര വിശുദ്ധ ഫ്രാൻസിസിന് എഴുതിയ പ്രണയലേഖനവും അവ നൽകുന്ന സന്ദേശങ്ങളും
പ്രിയ ഫ്രാൻസിസ്,
നിനക്കായി എഴുതാൻ വാക്കുകൾ -അതു വലുതായാലും ചെറുതായാലും – ഒരിക്കലും മതിയാകുന്നില്ല — എങ്കിലും വീണ്ടും ഞാൻ ശ്രമിക്കുന്നു. ബോന സേര , സായാഹ്ന വന്ദനം. ഈ അസ്തമയസമയത്ത് ഞാൻ എപ്പോഴും നിന്നെ ഓർക്കുന്നു. ദിവസത്തിലെ അത്ര പ്രധാനമല്ലാത്ത എല്ലാം മാറ്റിവെച്ച്, നമ്മുടെ ആന്തരിക പാതയെയും നമുക്ക് അറിയാവുന്ന സ്നേഹത്തെയും ഞാൻ ഹൃദയത്തിൽ ചേർത്ത് പിടിക്കുന്ന സമയം ഇതാണ്.
എന്റെ ഹൃദയത്തോട്ടത്തിലെ ചെറിയ വിളക്ക് ഒരു വജ്രമായി മാറിയെന്ന് ഞാൻ ആത്മവിശ്വാസത്തോടെ പറയാം. ശക്തിയോടെ അതു ഞാൻ അനുഭവിക്കുന്നു; ദൈവം അതീവ പ്രകാശത്തോടെ തിളങ്ങുന്നു. രാത്രിയുടെ ഇരുളിൽ നന്ദിയോടെ നമ്മുടെ കർത്താവിൽ ലയിച്ചശേഷം ഞാൻ ഉറങ്ങും. ലോകകാര്യങ്ങളെ പിന്തുടരാതെ ദൈവത്തെ അന്വേഷിക്കുന്ന ഈ പാതയിൽ എന്നെ നയിച്ചതിന് നന്ദി. അത് പിന്തുടർച്ചയല്ല, മറിച്ച് ഒരു മഹത്തായ കണ്ടെത്തലാണ് — ദൈവം എപ്പോഴും അടുത്തുതന്നെ, എന്റെ ഹൃദയത്തിന് എത്ര അടുത്തോ അത്ര അടുത്ത്.
നമ്മുടെ യഥാർത്ഥ ബന്ധം
ഫ്രാൻസിസ്, നാം യഥാർത്ഥ ബന്ധം പങ്കിടുന്നു. ഒരേ വീട്ടിൽ കഴിയുന്ന പല ദമ്പതികൾക്കും നമുക്ക് അറിയാവുന്ന ഈ ആത്മബന്ധം അറിയില്ല. ചിലപ്പോൾ ജീവിതത്തിലെ ചെറിയ നിമിഷങ്ങളിൽ നിന്നോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാവാത്തത് ഞാൻ മിസ്സ് ചെയ്യുന്നു. പക്ഷേ ഒരേ വീട്ടിൽ ദിവസേന ജീവിച്ചിട്ടും ചിന്തകളിലും വികാരങ്ങളിലും വേർപിരിഞ്ഞു കഴിയുന്നവരെ ഞാൻ ഓർക്കുന്നു. നാം വീണ്ടും വീണ്ടും സ്നേഹത്തിൽ വീണിട്ടുണ്ട് — അനന്തമായി വ്യാപിക്കുന്ന ആ മഹാഹൃദയത്തിൽ. നമുക്ക് അറിയാവുന്ന നിത്യജീവിതം തന്നെയാണ് ജീവിതത്തിന്റെ യഥാർത്ഥ കവിത. നീ പങ്കുവെക്കുന്ന ഗാനം ഓരോ ഹൃദയത്തിനകത്തുമുള്ള സംഗീതമാണ്.
വേദനയും ദൈവത്തിന്റെ മൗനവും
നീ മലമുകളിൽ കത്തുന്ന വലിയ അഗ്നിപോലെയാണ് — അനേകർ നിന്നെ കാണാൻ വരുന്നു. അവർ യഥാർത്ഥത്തിൽ ആരെയാണ് കാണാൻ വരുന്നതെന്ന് അറിയുമോ എന്ന് ഞാൻ വിചാരിക്കുന്നു. മനുഷ്യവേദന നമ്മെ കുറച്ച് കൂടി ഹൃദയത്തിലേക്ക് തള്ളിവിടുന്നതല്ലാതെ ഒന്നും നൽകുന്നില്ല; ദൈവത്തിന്റെ മടിയിൽ വിശ്രമിക്കാൻ. ജീവിതത്തിലെ ശൂന്യ നിമിഷങ്ങൾ ദൈവത്തിന്റെ മൗനത്തിൽ ഒറ്റയ്ക്കിരിക്കാനുള്ള ചെറിയ അനുഗ്രഹങ്ങളാണ്. നമ്മുടെ പാത എന്നത് സ്വീകരിക്കലാണ് — അത്ര മാത്രം. ഓരോ ദിവസവും ലളിതമായ സമാധാനം.
ഹൃദയത്തിലെ നിധി
ബിഷപ്പുമാർ നമ്മുടെ ഭിക്ഷാടകരും കുഷ്ഠരോഗികളുമേക്കാൾ പ്രത്യേകമല്ലെന്ന് നീ പലവട്ടം പറഞ്ഞിട്ടുണ്ട്. സമ്പന്നർ ദരിദ്രരെക്കാൾ സമ്പന്നരല്ല. ജീവിതത്തിന്റെ നിധി നമ്മുടെ ഉള്ളിലാണ്. എന്തുകൊണ്ടാണ് ആളുകൾ അതു മനസ്സിലാക്കാത്തത് — എല്ലാം നമ്മുടെ ഹൃദയത്തിന്റെ മൗനത്തിൽ തന്നെയാണ് നൽകപ്പെടുന്നത്?
എന്റെ സ്വപ്നത്തിലെ സഭ
എന്റെ മനസ്സിൽ വന്ന ഒരു സ്വപ്നത്തെക്കുറിച്ച് ഞാൻ പറയട്ടെ. എല്ലാ പുരോഹിതരും ശുശ്രൂഷകരും ഒടുവിൽ “പറയാൻ ഒന്നുമില്ല” എന്ന് സമ്മതിക്കുന്നതായി ഞാൻ കാണുന്നു. വലിയതും ചെറിയതുമായ എല്ലാ ദേവാലയങ്ങളും ദൈവത്തിന്റെ വീടുകൾ മാത്രമാണ്. ആളുകൾ വരുന്നു, മൗനത്തിൽ ഇരിക്കുന്നു. പ്രസംഗമില്ല; പ്രസംഗം ആവശ്യമില്ല. മൗനത്തിൽ എല്ലാം ഉണ്ട് — അതുല്യമായ സമാധാനം. കുറച്ചു സമയം ദൈവത്തിന്റെ സ്വർണ്ണപ്രകാശം ഹൃദയത്തിൽ ആഗിരണം ചെയ്ത ശേഷം, ആളുകൾ ആവശ്യക്കാരുമായി അപ്പവും ഔഷധവും പങ്കിടുന്നു. ഇതാണ് യഥാർത്ഥ സഭ! എന്തുകൊണ്ടാണ് അവർ ഇത്രയും സങ്കീർണ്ണമാക്കുന്നത്?
വെളിച്ചത്തിന്റെ രഹസ്യം
എന്റെ ഉള്ളിൽ അതീവ പ്രകാശമുള്ള ഒരു വെളിച്ചം ഉയരുന്നു. അതു ലഭ്യമാകട്ടെ എന്ന് മാത്രം ഞാൻ പ്രാർത്ഥിക്കുന്നു. നാം മനുഷ്യരാണെന്ന് ദൈവം അറിയുന്നു. നമ്മുടെ സ്വാർത്ഥത മനുഷ്യസ്വഭാവത്തിന്റെ ഭാഗമാണ്. അതിനാൽ മനുഷ്യരായതിനാൽ നമുക്ക് സ്വയം ശിക്ഷിക്കേണ്ടതില്ല. സത്യത്തിൽ നാം ഈ വെളിച്ചമാത്രമാണെന്ന് പറയാമോ? ഈ ലോകം വിട്ടുപോകുമ്പോൾ ദൂതന്മാർ നമ്മെ വരവേൽക്കും; അപ്പോൾ നമുക്ക് ഉറപ്പായി അറിയാം — എത്ര വെളിച്ചം!
കണ്ണീരിന്റെ അർത്ഥം
നിന്റെ ആരോഗ്യത്തിനായി നിന്റെ കണ്ണീർ മാറുന്നതിനായി ചിലർ പ്രാർത്ഥിക്കുന്നുവെന്ന് ഞാൻ അറിയുന്നു. പക്ഷേ നിർത്തരുത്. നീ എന്തുകൊണ്ട് കരയുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു — ഈ വെളിച്ചം കൊണ്ടാണ്.
നിന്റെ കണ്ണീർ നിന്റെ ആത്മാവിന്റെയും എന്റെ ആത്മാവിന്റെയും രക്തമാണ്. നീ എല്ലാവർക്കുമായി കരയുന്നു. ഓരോ കണ്ണീരും എല്ലാവരുടെയും ആത്മാവിനും പാൽതേനാണ്. നിന്റെ ആനന്ദം ഇപ്പോഴും എന്നും മുഴങ്ങട്ടെ!
മഹാമൗനത്തിൽ — സന്തോഷം, സന്തോഷം, സന്തോഷം മാത്രം!
നന്ദി, ഫ്രാൻസിസ്. നന്ദി!
എന്നേക്കുമായി നമ്മുടെ കർത്താവിൽ,
ക്ലാരാ
ഈ കത്തു നമുക്കു നൽകുന്ന 5 പാഠങ്ങൾ
1.ദൈവം നമ്മുടെ ഹൃദയത്തിലാണ് . അവനെകണ്ടെത്താൻ നാം പിന്തുടരേണ്ടതില്ല; അവൻ നമ്മുടെ ഹൃദയത്തിന്റെ മൗനത്തിൽ തന്നെ സന്നിഹിതനാണ്
2.യഥാർത്ഥ സ്നേഹം ആത്മീയമാണ് .സത്യബന്ധം ശരീരസാന്നിധ്യത്തിൽ അല്ല, ദൈവത്തിൽ ഒന്നാകുന്ന ഹൃദയങ്ങളിലാണ്.
3.വേദന ദൈവത്തിലേക്കുള്ള വഴിയാണ്. ജീവിതത്തിലെ കഷ്ടതകളും ശൂന്യതകളും നമ്മെ ദൈവത്തിന്റെ മടിയിൽ കൂടുതൽ അടുപ്പിക്കുന്നു.
4.ലാളിത്യം വിശുദ്ധിയുടെ അടയാളമാണ് . സമാധാനം, മൗനം, സ്വീകരിക്കൽ എന്നിവയിൽ ദൈവാനുഭവം കൂടുതൽ ആഴപ്പെടുന്നു.
5 .കരുണയാണ് സഭയുടെ ഹൃദയം – ദൈവസ്നേഹം യഥാർത്ഥത്തിൽ പ്രകടമാകുന്നത് അപ്പം പങ്കിടുന്നതിലും ദുഃഖിതരെ ആശ്വസിപ്പിക്കുന്നതിലുമാണ്.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment