വിശുദ്ധ ദാരിദ്ര്യമെന്ന നിധി: വിശ്വാസത്തിന്റെയും വിരക്തിയുടെയും നോമ്പ് യാത്ര
നോമ്പുകാലം ക്രിസ്തുവിന്റെ പാതകളിൽ കൂടുതൽ അടുത്തു നടക്കാൻ നമ്മെ ക്ഷണിക്കുന്നു . ജീവിത ലാളിത്യം സ്വീകരിക്കുകയും ദൈവപരിപാലനയിൽ വിശ്വാസം വെക്കുകയും ലൗകീക സൗകര്യങ്ങളിൽ നിന്ന് ഹൃദയം വിടുതൽ നേടുകയും ചെയ്യുമ്പോഴേ ഇതു സാധ്യമാവുകയുള്ളു. ഫ്രാൻസിസിന്റെയും സഹോദരൻ മാസ്സെയോയുടെയും ഈ സംഭവം ഈ വിശുദ്ധകാലത്തിനുള്ള ശക്തമായ ഒരു ധ്യാനമാണ്.
ക്രിസ്തു തന്റെ ശിഷ്യന്മാരെ ഒന്നും കൈവശമില്ലാതെ ഈ രണ്ടുപേരായി അയച്ചതുപോലെ വിശുദ്ധ ഫ്രാൻസിസും സഹോദരന്മാരെ രണ്ടുപേരായി പ്രസംഗത്തിനായി അയച്ചു. സഹോദരൻ മാസ്സെയോയോടൊപ്പം ഫ്രാൻസിസും ഫ്രാൻസിലേക്കു തിരിച്ചു. വഴിയിൽ ഒരു പട്ടണത്തിൽ പ്രവേശിച്ചപ്പോൾ അവർ പതിവുപോലെ അപ്പത്തിനായി ഭിക്ഷയെടുത്തു. ഉയരമുള്ളവനും സുന്ദരനുമായ മാസ്സെയോയ്ക്ക് ധാരാളം അപ്പം ലഭിച്ചു; എന്നാൽ ചെറിയവനും ദരിദ്രവേഷവുമുള്ള ഫ്രാൻസിസിന് കുറച്ച് ഉണങ്ങിയ അപ്പത്തുണ്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.
പട്ടണത്തിന് പുറത്തുള്ള ഒരു മനോഹരമായ നീരുറവയ്ക്കു സമീപം അവർ കണ്ടുമുട്ടി. ഒരു വലിയ കല്ലിന്മേൽ വെച്ച് അവർ അപ്പം ഭക്ഷിക്കാൻ തയ്യാറായി. ആ ലളിതമായ ഭക്ഷണം കണ്ട ഫ്രാൻസിസ് സന്തോഷത്തോടെ അത് മഹത്തായ നിധിയാണെന്ന് പറഞ്ഞു. മാസ്സെയോയ്ക്ക് അത് തീർത്തും കുറവായി തോന്നി. അതിനു മറുപടിയായി ഫ്രാൻസിസ് പറഞ്ഞു: ” ഇത് ദൈവപരിപാലനത്തിന്റെ സമ്പത്താണ് സൗജന്യമായി ലഭിച്ച അപ്പം, മേശയായ കല്ല്, കുടിക്കാൻ ശുദ്ധജലം. ഒന്നും സ്വന്തമല്ല, എന്നാൽ എല്ലാം ദൈവം തന്നത്.”
വസ്തുക്കളിൽ നിന്ന് വിടുതൽ നേടുമ്പോൾ ആത്മാവ് കൃതജ്ഞതയിൽ സമ്പന്നമാകുന്നു എന്ന സത്യമാണ് നോമ്പ് നമ്മെ ഓർമ്മിപ്പിക്കുന്നത്. കുറവായി നമുക്കു തോന്നുന്നതു പോലും ദൈവത്തിൽ വിശ്വാസം വെച്ചാൽ സമൃദ്ധിയായി മാറുന്നു. ലഭിച്ച ഭക്ഷണത്തിന് ദൈവത്തോടു നന്ദി പറഞ്ഞ അവർ പിന്നിട് ഒരു ദേവാലയത്തിൽ പ്രവേശിച്ചു പ്രാർത്ഥിച്ചു. അവിടെ ഫ്രാൻസിസിന്റെ ഹൃദയം വിശുദ്ധ ദാരിദ്ര്യത്തോടുള്ള ദിവ്യസ്നേഹത്തിൽ ജ്വലിച്ചു. ഈ സുവിശേഷ ദാരിദ്ര്യം കൂടുതൽ സ്നേഹിക്കാൻ വിശുദ്ധ പത്രോസിനോടും വിശുദ്ധ പൗലോസിനോടും ഫ്രാൻസീസ് പ്രാർത്ഥിച്ചു. അപ്പൊസ്തലന്മാർ ഫ്രാൻസീസിനു പ്രത്യക്ഷപ്പെടുകയും പ്രാർത്ഥന കേൾക്കപ്പെട്ടന്നും ദൈവം അനുഗ്രഹിച്ചതുമാണെന്ന് ഉറപ്പു നൽകുകയും ചെയ്തു.
ആത്മിക ശക്തിയോടെ അവർ ഫ്രാൻസിലേക്കുള്ള യാത്ര ഉപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങി. വസ്തുസമ്പത്തില്ലാതെ എന്നാൽ കൃപയിൽ സമ്പന്നരായി. ഈ നോമ്പുകാലത്ത് നമുക്കും വിശുദ്ധ ദാരിദ്ര്യത്തിന്റെ നിധി വീണ്ടും കണ്ടെത്താൻ വിളിയുണ്ട് ഭൗതിക ലാളിത്യം മാത്രമല്ല ദുരഭിമാനത്തിൽ നിന്ന് ശൂന്യമായി ദൈവവിശ്വാസത്താൽ നിറഞ്ഞ ഹൃദയം കണ്ടെത്താനുള്ള വിളി.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment