എളിയവർക്കു ദിവ്യജ്ഞാനത്തിന്റെ നിധികൾ വെളിപ്പെടുത്തന്ന ദൈവകൃപ
ഫ്രാൻസിസ്കൻ സന്യാസസഭയുടെ ആരംഭകാലത്ത്, ഫ്രാൻസിസ് തന്റെ ചെറിയ സഹോദരകൂട്ടത്തെ ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കാൻ ഒരുമിച്ചു ചേർത്തു. അവർ എളിയ വ്യക്തികളായിരുന്നു; പലർക്കും പഠനമോ സാമൂഹിക സ്ഥാനമോ ഉണ്ടായിരുന്നില്ല. എന്നാൽ അവരുടെ ഹൃദയങ്ങൾ ദൈവസ്നേഹത്തിൽ ജ്വലിച്ചുകൊണ്ടിരുന്നു. അവർ ഒരുമിച്ച് ഇരിക്കുമ്പോൾ ഫ്രാൻസിസ് ആത്മീയ സന്തോഷത്താൽ നിറയുകയും പരിശുദ്ധാത്മാവിന്റെ സാന്നിധ്യം അവരിൽ പ്രവർത്തിക്കുന്നതായി അനുഭവിച്ചറിയുകയും ചെയ്തു.
ആ സമയത്ത് പൊടുന്നനേ ഒരു സഹോദരനോട് ദൈവത്തിന്റെ നാമത്തിൽ ഫ്രാൻസീസ് കല്പിച്ചു: “നിന്റെ വായ് തുറക്കുക, പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്നതുപോലെ സംസാരിക്കുക.” സഹോദരൻ യാതൊരു മടിയുമില്ലാതെ അനുസരിച്ചു. എല്ലാവരുടെയും അത്ഭുതപ്പെടുത്തി ദൈവത്തിന്റെ രഹസ്യങ്ങളെക്കുറിച്ച് അദ്ദേഹം അതീവ മനോഹരവും ആഴമുള്ളതുമായ ഒരു പ്രസംഗം നടത്തി. ആ വാക്കുകളിൽ സ്വാഭാവിക ജഞാനത്തേക്കാൾ ഏറെ ഉയർന്ന ദിവ്യജ്ഞാനം ഉൾകൊണ്ടിരുന്നു
ആ സഹോദരൻ പറഞ്ഞു കഴിഞ്ഞപ്പോൾ രണ്ടാമത്തെ സഹോദരനെയും അതുപോലെ സംസാരിക്കാൻ ഫ്രാൻസിസ് ക്ഷണിച്ചു. അവനും അനുസരണയാൽ ദൈവസത്യങ്ങൾ നിറഞ്ഞ ആഴമുള്ള വചനങ്ങൾ പ്രസംഗിച്ചു. പിന്നെ മൂന്നാമത്തെ സഹോദരനും സംസാരിക്കാൻ നിർദേശിക്കപ്പെട്ടു. അവനും ദൈവകാര്യങ്ങളെക്കുറിച്ച് അത്രയും ആഴത്തിൽ സംസാരിച്ചതിനാൽ, അവർ പരിശുദ്ധാത്മാവിന്റെ പ്രചോദനത്തിലൂടെയാണ് സംസാരിക്കുന്നതെന്ന് ഫ്രാൻസിസ് ഉറപ്പിച്ചു.
അവർക്കിടയിൽ സ്വർഗീയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കർത്താവായ ഈശോമിശിഹാ ഒരു പ്രകാശിതനായ യുവാവിന്റെ രൂപത്തിൽ അവരുടെ മദ്ധ്യേ പ്രത്യക്ഷപ്പെട്ടു. ഈശോ അവരെ അനുഗ്രഹിച്ചു. ദിവ്യസാന്നിധ്യത്തിൽ വിസ്മയഭരിതരായ അവർ താണു വണങ്ങി നിലം ചുംബിച്ചു അവനെ ആരാധിച്ചു.
പുറത്തു നടന്ന കാര്യങ്ങൾ ഒന്നും അവർ അറിഞ്ഞിരുന്നില്ല. ബോധം വീണ്ടെടുത്തപ്പോൾ ഫ്രാൻസിസ് പറഞ്ഞു: “എന്റെ പ്രിയ സഹോദരന്മാരേ, നാം ദൈവത്തോട് നന്ദി പറയണം കാരണം എളിയ ദാസന്മാരായ നമ്മിലൂടെ ദിവ്യജ്ഞാനത്തിന്റെ നിധികൾ വെളിപ്പെടുത്താൻ അവൻ നമ്മളെ യോഗ്യരായി കണ്ടു. മൂകരുടെ വായ് തുറക്കുന്നതും ലളിതരുടെ നാവുകൾക്ക് ജ്ഞാനം നൽകുന്നതും കർത്താവാണ്.”
നോമ്പു ദിനങ്ങളിൽ ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവരായി (ഏശയ്യാ 66 : 2) ദൈവീക ജ്ഞാനത്തിനും പരിശുദ്ധാത്മ നിറവിനുമായി നമുക്കു പരിശ്രമിക്കാം.
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment