‘…രാജാവാം ദൈവം നമ്മോടൊത്തെന്നും..
യാക്കോബിൻ ദൈവം നമ്മുടെ തുണയെന്നും..’
‘സർവ്വാധിപനാം കർത്താവേ നിന്നെ വണങ്ങി നമിക്കുന്നു..
ഈശോ നാഥാ വിനയമൊടേ
നിന്നെ നമിച്ചു പുകഴ്ത്തുന്നു..’
ഈശോയെ പ്രപഞ്ചരാജനായി, എല്ലാറ്റിനും അധിപനായി കണ്ട്, വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുമ്പോൾ, മുൻപ് പലപ്പോഴും നിസ്സംഗരായി പാടിപ്പോയ, പ്രാർത്ഥിച്ച പല വരികളിലൂടെയും പ്രാർത്ഥനകളിലൂടെയും, സഭ അവന്റെ രാജത്വസ്മരണക്കായി നമ്മെ ക്ഷണിക്കുന്നത് കാണാൻ പറ്റും.
നിന്നെപ്പറ്റി എല്ലാം അറിഞ്ഞിരിക്കാൻ, “Am I a jew?”, പീലാത്തോസിന്റെ ചോദ്യം. യഹൂദനല്ലല്ലോ ഞാൻ? നിന്റെ ജനങ്ങൾ തന്നെയല്ലേ നിന്നെ എനിക്കേൽപ്പിച്ചു തന്നെ?
അവന്റെ ജനം!
‘എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം. നാം അവിടുന്നു മേയ്ക്കുന്ന ജനവും; അവിടുന്നു പാലിക്കുന്ന അജഗണം. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍!’
സങ്കീര്‍ത്തനങ്ങള്‍ 95 : 7
‘എന്റെ ജനം അജ്ഞതനിമിത്തം അടിമത്തത്തിലേക്കു നീങ്ങുന്നു;’
ഏശയ്യാ 5 : 13
വ്യക്തമായ ഉത്തരവും നിർദ്ദേശങ്ങളും നമുക്ക് മുൻപിൽ ഉണ്ടെങ്കിലും ഒന്നുമറിയില്ലെന്ന് നമ്മൾ ഭാവിക്കുന്നു, നമ്മുടെ വഴികളിലൂടെ പോകുന്നു.
ആജ്ഞാപിക്കുന്ന രാജാവല്ല, അധികാരം പ്രയോഗിക്കുന്നവല്ല.
തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്ക് വിട്ടുതന്നിട്ടുണ്ട് ; സ്നേഹിക്കണമോ, വെറുക്കണമോ അതോ നിസ്സംഗരായിരിക്കണമോ എന്നതിൽ. പക്ഷേ നമ്മുടെ തിരഞ്ഞെടുപ്പിന്റെ ശരിതെറ്റുകൾ, ഒരിക്കൽ അവൻ വിധിയാളനാവുമ്പോൾ പരിശോധിക്കപ്പെടും, അതിന്റെ ഫലം എന്താണെങ്കിലും അനുഭവിക്കേണ്ടി വരികയും ചെയ്യും എന്ന് മാത്രം.
അവനെ കുരിശുമരണത്തിന് ഏൽപ്പിച്ചു കൊടുത്തു അവന്റെ ജനം… ഇത് നിന്റെ സ്വന്തം ജനം തന്ന പണി ആണെന്ന പീലാത്തോസിന്റെ ആ പറച്ചിൽ അവന്റെ ചങ്കിൽ മുഴങ്ങിയിരിക്കില്ലേ? നീതിരാജനായി അവൻ വാനമേഘങ്ങളിൽ അന്ത്യവിധിനേരത്ത് ആഗതനാവുമ്പോൾ ‘അവന്റെ ജനമായ’ നമ്മൾ അവന്റെ വലതുഭാഗത്തു എണ്ണപ്പെടാൻ ഇടയാകണമേ എന്ന് പ്രാർത്ഥിക്കാം, അതിന് ചേർന്ന വിധം ജീവിക്കാം.
“ലോകം അവന്റെ പിന്നാലെ പോയിക്കഴിഞ്ഞു “ ( യോഹ. 12:19) എന്നുള്ളത് ഈ ലോകത്തിന്റെ അധികാരികളെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നു. ഒന്നുകിൽ ഈശോ അല്ലെങ്കിൽ അവർ (ലോകം ). എപ്പോഴും അത് അങ്ങനെയാണ്. തങ്ങളുടെ അന്ധകാരങ്ങളിൽ നിന്ന് സ്വതന്ത്രനാക്കാൻ അവന് കഴിയുമെന്നറിഞ്ഞിട്ടും തങ്ങളിൽ നിന്ന് അകന്നു പോകാൻ പറഞ്ഞ പന്നിയെ നോക്കുന്നവരെപ്പോലെ, എന്താണ് സത്യം എന്ന് ഈശോയോട് ചോദിച്ചിട്ടും അതിന്റെ ഉത്തരം കേൾക്കാൻ മെനക്കെടാതിരുന്ന, നിരപരാധി ആണെന്നറിഞ്ഞിട്ടും ചാട്ടവാറിനടിക്കാൻ ഏൽപ്പിച്ചുകൊടുത്ത പീലാത്തോസിനെപ്പോലെ, ലോകത്തിന്റെ സാധ്യതകളെ കൈവിടാൻ മടിക്കുന്നവർ, അവനിലേക്ക് അടുക്കാനും സത്യത്തെയും കുരിശിനെയും പുൽകാനും മടിക്കുന്നവർ കൂടിയാണ്. ഐഹികമല്ലാത്ത അവന്റെ രാജ്യത്തിലേക്ക് പ്രവേശിക്കണമെങ്കിൽ നമ്മുടെ തിരഞ്ഞെടുപ്പുകളെ വിലയിരുത്തിയെ പറ്റൂ.
‘വിജാതീയരുടെ ഭരണകർത്താക്കൾ അവരുടെ മേൽ യജമാനത്വം പുലർത്തുന്നുവെന്നും അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നുവെന്നും നിങ്ങൾക്കറിയാമല്ലോ? എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്’
‘ഞാൻ ലോകത്തിന്റേതല്ലാത്തതുപോലെ അവരും ലോകത്തിന്റേതല്ല’
‘ ഞാൻ നല്ല ഇടയനാണ്. നല്ല ഇടയൻ ആടുകൾക്കുവേണ്ടി ജീവൻ അർപ്പിക്കുന്നു’
‘ മനുഷ്യപുത്രൻ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല. ശുശ്രൂഷിക്കാനും സ്വന്തം ജീവൻ അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രേ’
‘ എന്റെ രാജ്യം ഐഹികമല്ല ‘
******
‘നീ മിശിഹായല്ലേ? നിന്നെയും ഞങ്ങളെയും രക്ഷിക്കുക’
‘ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ. കുരിശിൽ നിന്നിറങ്ങി വരട്ടെ. ഞങ്ങൾ ഇവനിൽ വിശ്വസിക്കാം ‘
‘ നീ യഹൂദരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക ‘
********
രാജാവ്, അധികാരം എന്ന പദങ്ങൾക്ക് ലോകം കൊടുക്കുന്ന നിർവ്വചനങ്ങളും പ്രതീക്ഷകളും എത്ര വ്യത്യസ്തം.
ഈശോ വന്നത് പിതാവിന്റെ ഇഷ്ടം നിറവേറ്റാനായിരുന്നു. അവന് കൊടുത്തിരിക്കുന്ന ഒരാൾ പോലും നഷ്ടപ്പെടരുതെന്നതാണ് പിതാവിന്റെ ഇഷ്ടം. അവന്റെ യജമാനത്വം ഒരാളുടെ മേലും അടിച്ചേല്പിക്കുന്നില്ല. ‘എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം ‘ എന്ന് പറഞ്ഞാണവൻ വിളിക്കുന്നത്. എന്റെ നുകം വഹിക്കൂ.. അത് വഹിക്കാനെളുപ്പമാണ്..ചുമടോ? ഭാരം കുറഞ്ഞതും. നിത്യമായ രാജ്യത്തിൽ പ്രവേശിക്കാൻ അവനാകുന്ന വഴിയിലൂടെ പോകാൻ അവൻ വിളിക്കുന്നു, അവനിൽ വസിക്കാൻ .. അങ്ങനെ അവന്റെ പിതാവിന്റെ രാജ്യം നമുക്കും അവകാശമാക്കാമെന്ന് പറഞ്ഞ് ക്ഷണിക്കുന്ന സ്നേഹവും കാരുണ്യവുമുള്ള ഒരു രാജാവ്. നമുക്കും പോകാം. അവനിൽ വസിക്കാം. നിത്യജീവന്റെ മേലുള്ള അവകാശം കൈവിട്ടു കളയാതിരിക്കാം.
Hail Christ the King…സകല ജനപദങ്ങളുടെയും രാജാവായ ക്രിസ്തുവിന്റെ രാജത്വതിരുന്നാൾ ആശംസകൾ.
ജിൽസ ജോയ് ![]()



Leave a comment