വിശുദ്ധ ക്ലൗദേ ദി ലാ കൊളംബിയർ
വിശുദ്ധ മാർഗരീത്താ മറിയത്തിന്റെ ആത്മീയ പിതാവ്
ഫെബ്രുവരി പതിനഞ്ചാം തിയതി തിരുസഭ ഈശോയുടെ തിരുഹൃദയത്തെ സ്വന്തം ജിവനെക്കാൾ സ്നേഹിച്ച ഒരു വലിയ വിശുദ്ധൻ്റെ തിരുനാൾ ആഘോഷിക്കുന്നു. വിശുദ്ധ ക്ലൗദേ ദി ലാ കൊളംബിയർ (1641-1682) ഒരു ഫ്രഞ്ച് ഈശോ സഭാ വൈദീകനും ആത്മീയ നിയന്താവും പ്രസംഗകനുമായിരുന്നു, ഈശോയുടെ തിരുഹൃദയത്തോടുള്ള അഗാധമായ ഭക്തി പ്രദർശിപ്പിച്ചിരുന്ന ഒരു സന്യാസവര്യനായിരുന്നു കൊളംബിയർ. ഫ്രാൻസിൽ ജനിച്ച അദ്ദേഹം ഈശോസഭയിൽ ചേർന്ന് പ്രതിഭാധനനായ ദൈവശാസ്ത്രജ്ഞനും പ്രസംഗകനുമായി. ഈശോ തൻ്റെ തിരുഹൃദയത്തോടുള്ള ഭക്തി വെളിപ്പെടുത്തിയ വിശുദ്ധ മർഗരീത്താ മേരി അലക്കോക്കിൻ്റെ ആത്മീയ നിയന്താവായിരുന്നു ഫാ. കൊളംബിയർ. അവളുടെ ദൗത്യത്തെയും ജീവിതത്തെയും അദ്ദേഹം ശക്തമായി പിന്തുണച്ചു. തിരുഹൃദയ ഭക്തി പ്രചരിപ്പിക്കാൻ വിശുദ്ധ മർഗരീത്താ മേരിയെ സഹായിച്ച അച്ചൻ കടുത്ത ആരോഗ്യപ്രശ്നങ്ങളും നേരിടുകയും വിശ്വാസത്തിൻ്റെ പേരിൽ തടവും അനുഭവിച്ചിട്ടും ഉറച്ചുനിന്നു. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിൻ്റെയും ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹത്തിൻ്റെയും പാരമ്പര്യം അവശേഷിപ്പിച്ചുകൊണ്ട് 41-ാം വയസ്സിൽ ഫാ. കൊളംബിയർ സ്വർഗ്ഗത്തിലേക്കു യാത്രയായി
ഫ്രാൻസീസ് മാർപാപ്പ തൻ്റെ ഏറ്റവും പുതിയ ചാക്രിക ലേഖനമായ ദിലെ സിക്ത് നോസിൽ (അവിടുന്നു നമ്മെ സ്നേഹിച്ചു) വിശുദ്ധ ക്ലൗദേ യേശുവിന്റെ തിരുഹൃദയത്തെ ക്കുറിച്ചുള്ള യഥാർത്ഥ ധ്യാനം നമ്മുടെ സ്വന്തം അനുഭവങ്ങളെയോ പരിശ്രമങ്ങളെയോ സ്വയം സംതൃപ്‌തി തിലേക്കോ തെറ്റായ ആത്മവിശ്വാസത്തിലേക്കോ നയി ക്കുന്നില്ലെന്ന് ഊന്നിപ്പറയുന്നു. പകരം, അത് നമ്മെ സമാധാനവും സുരക്ഷിതത്വവും ദൃഢനിശ്ചയവും കൊണ്ട് നിറയ്ക്കുകയും അവർണനീയമാം വിധം ക്രിസ്തുവിനു സ്വയം സമർപ്പിക്കാൻ പ്രചോദി പ്പിക്കുകയും ചെയ്യുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. (DN 126)
വിശുദ്ധ ക്ലൗദേയുടെ ജീവിതത്തിൽ നിന്നു നമ്മൾ പഠിക്കേണ്ട അഞ്ച് പാഠങ്ങൾ
1. ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി
ഈശോയുടെ അനന്തമായ സ്നേഹത്തിൽ വിശ്വസിക്കാൻ നമ്മെ പഠിപ്പിച്ചുകൊണ്ട് അവൻ പൂർണ്ണഹൃദയത്തോടെ ആശ്ലേഷിക്കുകയും വിശുദ്ധ ഹൃദയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു.
2. സഹനങ്ങളിലുള്ള വിശ്വസ്തത
പീഡനങ്ങളും രോഗങ്ങളും ഉണ്ടായിരുന്നിട്ടും, ക്ലൗദേ തൻ്റെ ദൗത്യത്തിൽ വിശ്വസ്തനായി തുടർന്നു, പരീക്ഷണങ്ങൾ നമ്മുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുമെന്ന് വിശുദ്ധൻ്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു
3. ആത്മീയ സൗഹൃദം
വിശുദ്ധ മാർഗരിത്താ മേരിയുമായുണ്ടായിരുന്ന ആത്മീയ സൗഹൃദം നിമിത്തം ഇരുവർക്കും വിശ്വാസത്തിൽ പരസ്പരം പിന്തുണയ്ക്കുവാനും വളരാനും സാധിച്ചു. നല്ല ആത്മീയ സൗഹൃദങ്ങൾ വിശ്വാസ ജീവിതത്തെ പരിപോഷിപ്പിക്കും.
4. എളിമയും അനുസരണവും
ഒരു ഈശോസഭാ വൈദീകൻ എന്ന നിലയിൽ, ക്ലൗദേ ദൈവഹിതത്തിന് വിധേയമായി ജീവിച്ചു, യഥാർത്ഥ മഹത്വം വിനയത്തിൽ നിന്നും സ്വയം ദൈവഹിതത്തിനു മുമ്പിൽ കീഴടങ്ങലിൽ നിന്നും വരുന്നതാണെന്ന് വിശുദ്ധ ക്ലൗദേയുടെ ജീവിതം ഓർമ്മിപ്പിക്കുന്നു.
5. പ്രസംഗത്തിൻ്റെയും എഴുത്തിൻ്റെയും ശക്തി
ക്ലൗദേ ജിവിത കാലത്തും മരണശേഷവും തൻ്റെ വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും നിരവധി ആത്മാക്കളെ സ്പർശിച്ച. നമ്മുടെ വിശ്വാസം ദൈവം നമുക്കു നൽകിയ താലന്തലുകളിലൂടെ പങ്കിടുമ്പോൾ മറ്റുള്ളവരിൽ ശാശ്വതമായ സ്വാധീനം ചെലുത്തുമെന്ന് ആ പുണ്യജീവിതം ഓർമ്മിപ്പിക്കുന്നു.
വിശുദ്ധ ക്ലൗദേ ദി ലാ കൊളംബിയറിൻ്റേതായി ഫ്രാൻസീസ് പാപ്പ “അവിടുന്നു നമ്മെ സ്നേഹിച്ചു” എന്ന ചാക്രിക ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തിരുഹൃദയത്തോടുള്ള മനോഹരമായ ഒരു പ്രാർത്ഥനയിലൂടെ ഈ കുറിപ്പ് അവസാനിപ്പിക്കാം.
“എന്റെ ദൈവമേ, നിന്നിൽ പ്രത്യാശവയ്ക്കുന്നവരെ നീ കാത്തുകൊള്ളുമെന്നും എല്ലാറ്റിനും നിന്നിൽ ആശ്രയിക്കുമ്പോൾ ഞങ്ങൾക്ക് ഒന്നിനും കുറവുണ്ടാകില്ലായെന്നും എല്ലാ ചിന്താകുലങ്ങളിലും നിന്നും ഉത്കണ്ഠകളിൽ നിന്നും മുക്തനായി ഭാവിയിൽ ജീവിക്കാനാവുമെന്നും ഞാൻ വിശ്വസിക്കുന്നു… എൻ്റെ പ്രത്യാശ ഒരിക്കലും നഷ്ടപ്പെടുത്തുകയില്ല. എന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെയും ഞാനതു സൂക്ഷിക്കും: ആ നിമിഷം നരകത്തിലെ എല്ലാ പിശാ ചുക്കളും എന്നിൽ നിന്നും അതു പറിച്ചെറിയാൻ ശ്രമിക്കും… ചിലർ തങ്ങളുടെ സമ്പത്തിലോ കഴിവുകളിലോ ആനന്ദം അന്വേഷിക്കുന്നു; മറ്റു ചിലർ അവരുടെ ശുദ്ധഗതിയെ, അല്ലെങ്കിൽ തപസിൻ്റെ ശക്തിയെ, അല്ലെങ്കിൽ ദാനധർമ്മത്തിൻ്റെ വലിപ്പത്തെ, അല്ലെങ്കിൽ അവരുടെ പ്രാർത്ഥനയുടെ തീക്ഷ്‌ണതയെ ആശ്രയിക്കുന്നു. എനിക്ക്, കർത്താവേ, എൻ്റെ മുഴുവൻ ആത്മവിശ്വാസവും ആ വിശ്വാസത്തിൽ മാത്രമാണ്. ഈ ആത്മവിശ്വാസം ഒരിക്കലും ആരെയും ചതിച്ചിട്ടില്ല… അതിനാൽ, ഞാൻ എക്കാലവും സന്തുഷ്ടനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം ഞാൻ ഉറച്ചു പ്രതീക്ഷിക്കുന്നു. നിന്നിൽ നിന്നാണ്, ഓ ദൈവമേ, ഞാൻ അതു പ്രതീക്ഷിക്കുന്നത്. “
ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment