തകർക്കപ്പെട്ട രണ്ടു ഹൃദയങ്ങൾ

പടയാളി കുന്തമെടുത്ത് യേശുവിന്റെ കുരിശിന് താഴെ വന്ന് അവന്റെ പാർശ്വത്തിൽ കുത്തിക്കയറ്റി. സഖറിയാ പ്രവാചകൻ പറഞ്ഞത് യോഹന്നാനും പറഞ്ഞു, “സൈന്യങ്ങളുടെ കർത്താവ് അരുളിച്ചെയ്യുന്നു …. ഇടയനെ വെട്ടുക, ആടുകൾ ചിതറട്ടെ”. റോമൻ പടയാളി ആ പ്രവചനം പൂർത്തിയാക്കി. ക്രിസ്തുവിന്റെ ശരീരമാകുന്ന വിരി മുറിക്കപ്പെട്ട ആ സമയത്ത് തന്നെ, ജെറുസലലേം ദേവാലയത്തിൽ പ്രധാന പുരോഹിതൻ കുഞ്ഞാടിന്റെ രക്തം തളിക്കാറുള്ള തിരശീല മുകളിൽ നിന്ന് അടിയിലേക്ക് നടുവേ കീറി. താഴെ നിന്ന് മുകളിലേക്ക് ആണെങ്കിൽ അത് മനുഷ്യർക്കും പ്രയാസമില്ലാതെ ചെയ്യാൻ കഴിയുന്നതാണ്, പക്ഷെ ഇത് മുകളിൽ നിന്ന് താഴേക്കാണ് കീറിയത്. അങ്ങനെ, ഒരു പ്രധാനപുരോഹിതന്, അതും വർഷത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിച്ചിരുന്ന അതിവിശുദ്ധ സ്ഥലം എല്ലാവർക്കും ദൃശ്യമായി. അതേ സമയം യേശുവിന്റെ ഹൃദയം കുത്തിതുറക്കപ്പെട്ടപ്പോൾ, അവന്റെ ശരീരമാകുന്ന വിരി അനാവൃതമാക്കപ്പെട്ടപ്പോൾ, സ്വർഗ്ഗം തുറക്കപ്പെട്ടു. പരിശുദ്ധരിൽ പരിശുദ്ധൻ ഇതാ എല്ലാവർക്കും ദൃശ്യമായിരിക്കുന്നു.

ആഗ്രഹിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയും. ഹെബ്രായർക്കുള്ള ലേഖനം 10:19-20 ൽ പറയും പോലെ ‘യേശുവിന്റെ രക്തം മൂലം വിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കാൻ നമുക്ക് മനോധൈര്യമുണ്ട്. എന്തെന്നാൽ തന്റെ ശരീരമാകുന്ന വിരിയിലൂടെ അവൻ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു ‘.

വിശുദ്ധസ്ഥലം തുറക്കപ്പെട്ടിരിക്കുകയാണ്. ഒരു കാര്യമേ നമ്മുടെ നാഥൻ നമ്മളോട് ആവശ്യപ്പെടുന്നുള്ളു : പിശാചിനെതിരെയുള്ള യുദ്ധത്തിൽ അണിചേരാനായി ഒരു മണിക്കൂർ ഉണർന്നിരിക്കുക. ക്രിസ്തുവിന്റെ ഹൃദയം ഇപ്പോൾ ലോകത്തിന് വെളിപ്പെടുന്നത് പുതിയ രീതിയിലാണ്. കാലം കടന്നുപോകവേ , നമുക്ക് ധാരാളം വെളിപ്പെടുത്തലുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പുതിയത്, തിരുഹൃദയത്തെയും വിമലഹൃദയത്തെയും കുറിച്ചാണ്.

ഹൃദയമാണ് നമ്മൾ ഏറ്റവും ഒടുവിൽ കൊടുക്കുന്നത്. ഇഷ്ടപ്പെടുന്നവർക്ക് നമ്മൾ സമ്മാനങ്ങൾ കൊടുക്കുന്നു, മനസ്സ് തുറന്ന് സംസാരിക്കുന്നു, ട്രീറ്റ് കൊടുക്കുന്നു ; പക്ഷേ ഹൃദയം – അത് കൊടുക്കുന്നത് എല്ലാത്തിന്റെയും ഒടുവിലാണ്, കാരണം നമ്മുടെ സ്നേഹം സത്യമാണെന്നതിന്റെ അങ്ങേയറ്റത്തെ സാക്ഷ്യമാണത്. നമ്മുടെ നാഥൻ മർഗ്ഗരീത്ത മറിയത്തോട് (മാർഗ്ഗരറ്റ് മേരി അലക്കോക്കിനോട് ) പറഞ്ഞു, ” മനുഷ്യമക്കളോടുള്ള സ്നേഹത്താൽ തുടിക്കുന്ന എന്റെ ഹൃദയം കണ്ടാലും”. താൻ എത്രയധികമായി അവരെ സ്നേഹിക്കുന്നെന്നും എന്നാൽ അവർ എത്ര തുച്ഛമായി തന്നെ സ്നേഹിക്കുന്നു എന്ന വിഷമം ഈശോ അവളോട് പങ്കുവെച്ചു. തന്റെ സ്നേഹത്തിന്റെ കൂദാശയോട് ആളുകൾ എത്രമാത്രം തണുപ്പോടെ, നിസ്സംഗതയോടെ , ബഹുമാനമില്ലാതെ ,അവഗണനയോടെ പെരുമാറുന്നെന്ന അവന്റെ വിഷമം.

പരിശുദ്ധ അമ്മയും അവളുടെ ഹൃദയം തന്നു. “നമുക്ക് പ്രാർത്ഥിക്കാം. ഈശോക്കും പരിശുദ്ധ കുർബ്ബാനക്കുമെതിരായി ചെയ്യുന്ന എല്ലാ നിന്ദാപമാനങ്ങൾക്കും പരിഹാരമായി തിരുഹൃദയത്തോട് പ്രാർത്ഥിക്കാം” എന്നവൾ കുട്ടികളോട് പറഞ്ഞു. ഈ രണ്ട് വെളിപാടുകളും തെളിയിക്കുന്നത് ദിവകാരുണ്യത്തിലെ തിരുഹൃദയം തിന്മയോട് പടവെട്ടാൻ നമ്മെ ശക്തരാക്കുന്നെന്നും ഒരു ദിവസം നമ്മൾ ആ ഹൃദയം കാണുമെന്നുമാണ്.

യേശുവിന്റെ കുരിശിനരികിൽ നിന്ന, അന്ത്യ അത്താഴസമയത്ത് അവന്റെ ഹൃദയത്തോട് ചേർന്നിരുന്ന, അവന്റെ ഹൃദയം മറ്റാരേക്കാളും അറിയാവുന്ന യോഹന്നാൻ പറഞ്ഞു “തങ്ങൾ കുത്തി മുറിവേൽപ്പിച്ചവനെ അവർ നോക്കി നിൽക്കും “. പിന്നീട് തന്റെ അവസാന കാലത്ത് വെളിപാടിന്റെ പുസ്തകം എഴുതാൻ തുടങ്ങിയപ്പോൾ ക്രിസ്തുവിന്റെ രണ്ടാം വരവിനെ ക്കുറിച്ച് തുടക്കത്തിൽ തന്നെ എഴുതി. “ഇതാ, അവൻ മേഘങ്ങളുടെ അകമ്പടിയോടെ ആഗതനാകുന്നു. ഓരോ മിഴിയും അവിടുത്തെ കാണും. അവനെ കുത്തിമുറിവേൽപ്പിച്ചവരും അവനെപ്രതി മാറത്തടിച്ചു വിലപിക്കുന്ന ഭൂമിയിലെ സർവ്വ ഗോത്രങ്ങളും അവനെ ദർശിക്കും “.

നമ്മളെല്ലാവരും നമ്മുടെ നാഥന്റെ ഹൃദയം കാണും. കാരണം ആ ഹൃദയത്തിന് വേണ്ടിയാണ് നമ്മൾ യാചിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെ ആ സ്നേഹം നവീകരിക്കുമ്പോൾ നമ്മൾ ശതാധിപനെ തിരയും. എവിടെയാണയാൾ? ശതാധിപാ, തിരിച്ചു വരൂ. അവൻ ദൈവപുത്രനാണെന്ന് നിങ്ങൾ മുൻപേ ഏറ്റുപറഞ്ഞതാണ്. എന്നാലും തിരിച്ചു വരൂ ! നിങ്ങളുടെ കുന്തമുനയിൽ അവന്റെ രക്തമുണ്ട്. എങ്കിലും തിരിച്ചു വരൂ. ആ വാൾ വീണെങ്കിലും.. (ശിമയോന്റെ പ്രവചനശേഷം എപ്പോൾ വീഴുമെന്നറിയാതെ മറിയത്തിന്റെ തലയ്ക്കു മുകളിൽ ഡെമോക്ലീസിന്റെ വാൾ പോലെ നിന്നിരുന്നത് ) അത് വീണപ്പോൾ ഒറ്റവെട്ടിന് അത് കഷണമാക്കിയത് രണ്ട് ഹൃദയങ്ങളെ ആണെങ്കിലും – ശാരീരികമായി ക്രിസ്തുവിന്റെ ഹൃദയവും ആന്തരികമായി പരിശുദ്ധ അമ്മയുടെ ഹൃദയവും. ഒരു കുന്തം, മുറിക്കപ്പെട്ട രണ്ട് ഹൃദയങ്ങൾ, മുറിയപ്പെടുന്ന അപ്പത്തിന്റെ ലോകത്തിനായി. അതുകൊണ്ട്, ശതാധിപാ തിരിച്ചു വരൂ. മുറിവേൽപ്പിക്കാതെ തന്നെ ക്രിസ്തുവിന്റെ ഹൃദയത്തോട് അടുക്കാനായി വേറെ ഒരു വഴിയുണ്ട് എന്ന് ഞങ്ങൾക്ക് പറയണം നിങ്ങളോട്.

ആ വഴി എന്താണെന്ന് നമുക്കറിയാം : ദിവസേന ഒരു തിരുമണിക്കൂർ. ഇന്ന്, നാളെ, മറ്റെന്നാൾ…ദൈവം എത്രത്തോളം ദിവസങ്ങൾ നമുക്കായി തരുന്നോ അത്രയും ദിവസവും, ആ ഒരു മണിക്കൂറിനായി ഞാൻ നിങ്ങളെ ക്ഷണിക്കുന്നു, നമ്മൾ വീണ്ടും കണ്ടുമുട്ടും വരെ – നമ്മൾ കണ്ടുമുട്ടും, നമ്മൾ ഓരോരുത്തരും – മാതാവിന്റെ വിമലഹൃദയത്തിന്റെ മാധ്യസ്ഥത്തിലൂടെ ക്രിസ്തുവിന്റെ തിരുഹൃദയത്തിൽ.

ദൈവത്തിന് മഹത്വം!

ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ.

വിവർത്തനം : ജിൽസ ജോയ്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment