സ്റ്റാൻ സ്വാമിമാർക്ക് നഷ്ടങ്ങൾ ഏറെ…

ഭീമ കൊറെഗാവ് പ്രക്ഷോഭത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (Unlawful Activities Prevention Act) അല്ലെങ്കിൽ UAPA പ്രകാരം, 84 വയസ്സുണ്ടായിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തു. ജാമ്യം കിട്ടാൻ വളരെ ബുദ്ധിമുട്ടുള്ള സങ്കീർണ്ണമായ വകുപ്പ്. പാർക്കിൻസൺസ് രോഗത്താൽ വിഷമിച്ചിരുന്ന ആ വന്ദ്യ വയോധികൻ ജയിലിൽ വെച്ച് കോവിഡ് പോസിറ്റീവ് ആവുകയും പിന്നീട് എത്ര ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഈ ലോകത്തിൽ നിന്ന് യാത്രയായതെന്ന് നമുക്കറിയാം.

ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതയായിത്തന്നെയാണ് അറിയപ്പെടുന്ന ആക്ടിവിസ്റ്റും, തൊഴിലാളി യൂണിയൻ അഭിഭാഷകയും, തന്റെ ജീവിതത്തിലെ ഭൂരിഭാഗവും ഛത്തീസ്ഗഡിലെ ആദിവാസികൾക്കിടയിൽ ചിലവഴിച്ചവളുമായ സുധ ഭരധ്വാജിനേയും അറസ്റ്റ് ചെയ്തത്. ഉയർന്ന വിദ്യാഭ്യാസവും നമ്മെപ്പോലെ വലിയ അല്ലലില്ലാത്ത ജീവിതവും എത്തിപ്പിടിക്കാൻ അനേകം സാധ്യതകളും(അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചതടക്കം) ഉണ്ടായിരുന്ന അവർ ആദിവാസികൾക്ക് ഇടയിലെ താമസവും അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി പൊരുതുക എന്നതുമാണ് തിരഞ്ഞെടുത്തത്. അതിന്റെ പേരിൽ സുധ ഭരധ്വാജ് വേട്ടയാടപ്പെട്ടു. അവർക്ക് ജാമ്യം കിട്ടി ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുന്നത് വരെ മൂന്നു വർഷത്തോളമെങ്കിലും അവരുടെ മകൾ അരക്ഷിതാവസ്ഥയിൽ, ആക്രോശങ്ങൾക്കിടയിൽ തനിയെ താമസിക്കേണ്ടി വന്നു. എന്തിനാണമ്മ കൂടുതൽ സമയവും തന്നെ തനിച്ചാക്കി മറ്റുള്ളവർക്കായി, ശബ്ദമില്ലാത്തവരുടെ ശബ്ദമായി തീരാൻ പോകുന്നതെന്ന് പൂർണ്ണമായി മനസ്സിലാക്കുമ്പോഴേക്ക് റെയ്ഡ് എന്ന പേരിൽ കയറി വന്നവർ അമ്മയെ അവളിൽ നിന്ന് പറിച്ചെടുത്തു കൊണ്ടുപോയി.

രണ്ടുപേരുടെയും കേസുകളിലെ തെളിവുകളെന്നു പറയുന്നത് വളരെ ദുർബലമായിരുന്നു, കുറ്റാരോപിതരുടെ കമ്പ്യൂട്ടർ ഫയലുകളിൽ മാറ്റംവരുത്തിയതായും കൂട്ടിച്ചേർത്തതായുമൊക്കെ വിശ്വാസയോഗ്യമായ ഗ്ലോബൽ റിപ്പോർട്ടുകൾ പിന്നീട് പുറത്തു വന്നു. ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിച്ചു ഇരകളെ പെടുത്താൻ ഇന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് പോലെ തന്നെ.

പാർക്കിൻസൺസ് രോഗമുണ്ടായിരുന്നതുകൊണ്ട് വെള്ളം കുടിക്കാനായി ഒരു സ്ട്രോ സിപ്പർ ആവശ്യപ്പെട്ട സ്റ്റാൻ സ്വാമിയുടെ ആവശ്യം നിരസിക്കപ്പെട്ടു. ഒരു മാസത്തിന് ശേഷം, അനേകർ അതിനായി ശബ്ദമുയർത്തികഴിഞ്ഞാണ് അത് പരിഗണിക്കപ്പെട്ടത്. എന്തുകൊണ്ടാണ് ഫാദർ സ്റ്റാൻ സ്വാമിയെപ്പോലെ ജീവിതകാലം മുഴുവൻ ആദിവാസികളുടെ ക്ഷേമത്തിന് വേണ്ടി, അവരുടെയിടയിൽ ചെലവഴിച്ചവർക്ക് തീവ്രവാദികളോട് എന്നപോലെയുള്ള പെരുമാറ്റം സഹിക്കേണ്ടി വരുന്നത്?

രാജ്ദീപ് സർദേശായി എന്ന ജേർണലിസ്റ്റ് ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിന് മുൻപ്, സ്ട്രയിറ്റ് ബാക്ക് മൈ വീക്ക്ലി ബ്ലോഗിൽ പ്രസിദ്ധീകരിച്ച ഒരു വീഡിയോയിൽ ഇങ്ങനെ പറഞ്ഞു,

“….ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടിന്റെ ദുരന്തമെന്തെന്നാൽ, എപ്പോൾ നിങ്ങൾ പാവങ്ങളിൽ പാവങ്ങളായ ആദിവാസികൾക്കൊപ്പം നടക്കാൻ ആരംഭിക്കുന്നോ അപ്പോൾ നിങ്ങൾ ഒരു മാവോയിസ്റ്റ് ആയി മുദ്ര കുത്തപ്പെടുന്നു. ഏതെങ്കിലും ഒരു ടെലിവിഷൻ പരിപാടിയിൽ ആദിവാസികളുടെ മനുഷ്യാവകാശത്തിന് വേണ്ടി സംസാരിച്ചാൽ നിങ്ങളെ ഒരു നക്സലൈറ്റായി രാക്ഷസവൽക്കരിക്കും. ഇതാണ് ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്നത്. ജാർഖണ്ഡ് ഗവണ്മെന്റ് പോലും ആദിവാസികൾക്ക് ഭൂമി അവകാശമായി കിട്ടാൻ വേണ്ടി ഫാദർ സ്റ്റാൻ സ്വാമി ചെയ്ത കാര്യങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഇന്ത്യൻ ഗവൺമെന്റിന് അദ്ദേഹം UAPA പ്രകാരം ജയിലിൽ കിടക്കേണ്ട തീവ്രവാദിയായിരുന്നു”….”1999ൽ ഒറീസയിലെ കാണ്ടമാലിൽ ആൺമക്കളോടൊപ്പം ചുട്ടെരിക്കപ്പെട്ട ഗ്രഹാം സ്റ്റെയിൻസിനെ കൊല്ലാൻ മുൻകൈ എടുത്ത കുറ്റവാളിയായ ധാരാസിംഗ് എന്ന് പേരുള്ള ബജ്‌റംഗ്‌ദൾ പ്രവർത്തകനെപ്പോലെ ഈ ലോകത്തിൽ കൊല്ലാനുള്ള ലൈസൻസ് ഇന്ന് അനേകർക്കുണ്ട്. അവർക്ക് ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകളിൽ നിന്ന് അതിനുള്ള ശക്തി ലഭിക്കുന്നു. നിങ്ങളെ ചുട്ടെരിച്ചു കൊല്ലാൻ പറ്റുന്നില്ലെങ്കിൽ അവർക്കുള്ള അടുത്ത നല്ല മാർഗ്ഗം നിങ്ങളെ ദേശദ്രോഹിയായി മുദ്ര കുത്തി ജയിലിൽ അടയ്ക്കുക എന്നതാണ്”…

ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ വെച്ചു എഴുതിയ ഒരു കവിതയുടെ കുറച്ചു വരികൾ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ആ സംഭാഷണം അവസാനിപ്പിച്ചിരുന്നത്.

“പ്രകാശം അന്ധകാരത്തെ കീഴടക്കുന്നു. നിരാശ പ്രത്യാശയ്ക്കു വഴി മാറുന്നു. വെറുപ്പിന് മേൽ സ്നേഹം വിജയം വരിക്കുന്നു. ഇതാണ് ഉത്ഥിതനായ യേശുവിന്റെ സന്ദേശം. പക്ഷെ അവസാനം വരെ ഞങ്ങൾ പോരാടും. ഞങ്ങളുടെ തൊലിപ്പുറം സംരക്ഷിക്കാനല്ല, അധികാരത്തോട് സത്യം സംസാരിക്കാൻ. നിങ്ങളെയെല്ലാം ഞങ്ങടെ കൂടെ തന്നെ കണ്ടു കൊണ്ട് മനസ്സിലും ഹൃദയത്തിലും… ആമേൻ..”

സ്വന്തം കാര്യം നോക്കി സുരക്ഷിതമായ ചുറ്റുപാടുകളിൽ വസിക്കുന്നവർക്ക് ഒന്നും നഷ്ടപ്പെടുന്നില്ല.. ശബ്ദമില്ലാത്തവരുടെയും ആലംബഹീനരുടെയും ആലംബം ആയി മാറുന്ന, അവരുടെ പുനരുദ്ധാരണത്തിനായി പ്രവർത്തിക്കുന്ന റാണി മരിയമാർക്ക്, സ്റ്റാൻ സ്വാമിമാർക്ക് നഷ്ടങ്ങൾ ഏറെ.. ജീവനുൾപ്പെടെ. എങ്കിലും ‘ഈ ചെറിയവരിൽ’ ഈശോയെ കണ്ടുകൊണ്ട് അവർ സഹിക്കുന്ന നഷ്ടങ്ങൾ, ആർക്കും തട്ടിയെടുക്കാൻ സാധിക്കാത്ത അവരുടെ സമ്പാദ്യങ്ങൾ ആയി മാറുന്നു. അവർക്ക് നിത്യജീവനിലേക്കുള്ള വഴിയും.. കുറേ പാവങ്ങൾക്ക് മെച്ചപ്പെട്ട ഈലോകജീവിതവും…കുറേ ആത്മാക്കളുടെ രക്ഷയും… അത് മനുഷ്യക്കടത്തു വഴിയോ നിർബന്ധിത മതപരിവർത്തനം വഴിയോ അല്ല.. മനസ്സിന്റെ രൂപാന്തരീകരണം വഴി …

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment