ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചപ്പോൾ

St. Pier Giorgio Frassati and St. Carlo Aqutis

ആഗോളസഭ ആ ചരിത്ര നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ് : വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസും വാഴ്ത്തപ്പെട്ട പിയർ ജോർജിയോ ഫ്രസ്സാറ്റിയും വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ആനന്ദസുരഭിലനിമിഷങ്ങൾക്ക്. ലോകത്തിലങ്ങോളമിങ്ങോളം എത്രയേറെ ജീവിതങ്ങൾ അവരാൽ സ്വാധീനിക്കപ്പെട്ടു. ഏത് കാലഘട്ടത്തിലും, ഏതൊക്കെ ജീവിതരീതി പിന്തുടരുന്നവർക്കും വിശുദ്ധരാവുക സാധ്യമാണെന്ന് പറഞ്ഞുവെച്ചുകൊണ്ട്, അവർക്കിടയിൽ ഒരു നൂറ്റാണ്ടിന്റെ വിടവുണ്ടെന്ന കാര്യം തോന്നിക്കുക പോലും ചെയ്യാതെ ദൈവസ്നേഹത്തിലും പരസ്നേഹത്തിലും മത്സരിച്ചു മുന്നിട്ടു നിന്നവർ. ഈ മിടുക്കന്മാരുടെ നാമകരണപ്രക്രിയ, കേവലം അവർ ജീവിച്ചു കടന്നുപോയ കാലത്തെ ഓർമിക്കുകയല്ല, വർത്തമാനകാലത്തെ രൂപപ്പെടുത്തുക കൂടിയാണ്. ‘ഇക്കാലത്ത് ഇങ്ങനെയൊക്കെയേ പറ്റൂ’ എന്ന സാത്താന്റെ നുണകൾക്ക് ഇനി നിലനിൽപ്പില്ലല്ലോ.

കാർലോ അക്ക്യുട്ടിസിന്റെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ച വരികൾ ഇങ്ങനെയായിരുന്നു,

‘The true disciple of Jesus Christ is he who in everything tries to imitate Him and to do God’s Will’.

അതുതന്നെയാണവർ ചെയ്തതും. ഏത് സാഹചര്യത്തിലും അവർ സന്തോഷം കണ്ടെത്തിയത് ജീവിതത്തിൽ ദൈവഹിതത്തിന് പ്രഥമസ്ഥാനം നൽകിക്കൊണ്ടാണ്, സഹോദരങ്ങളെ – പാവങ്ങളെ പരിചരിച്ചുകൊണ്ടാണ്.

“ദൈവത്തിന്റെ കണ്ണിൽ നമ്മെ ശരിക്കും മനോഹരമാക്കുന്നത് നമ്മളെങ്ങനെ അവനെ സ്നേഹിച്ചെന്നും നമ്മുടെ സഹോദരങ്ങളെ സ്നേഹിച്ചെന്നതുമാണ്”…

പിയർ ജോർജിയോ ഫ്രസ്സാറ്റി, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, 1901 ഏപ്രിൽ 6ന് ഇറ്റലിയിലെ ടൂറിനിൽ ജനിച്ചു. ഇറ്റലിയിൽ തന്നെ, ആൻട്രിയ അക്യുട്ടിസ് -അന്റോണിയോ സൽസാനോ ദമ്പതികൾക്ക് ഏറെ കാത്തിരിപ്പിന് ശേഷമാണ് 1991ൽ കാർലോയെ മകനായി ലഭിച്ചിരുന്നത്.ഇരുവരുടെയും മാതാപിതാക്കൾ സമ്പന്നരായിരുന്നു.

തന്റെ മരണദിവസത്തെ രാത്രിയിൽ തീരെ വയ്യാത്ത അവസ്ഥയിൽ പോലും, പിയർ ജോർജിയോ അവന്റെ തളർന്ന കയ്യാൽ വളരെ ബുദ്ധിമുട്ടി ഒരു കുറിപ്പെഴുതി അവന്റെ സുഹൃത്തിനുകൊടുത്തു. അവൻ പരിചരിക്കാറുണ്ടായിരുന്ന ഒരു പാവപ്പെട്ട രോഗിയ്ക്ക് വാങ്ങിക്കൊടുക്കാനുള്ള മരുന്നിന്റെ പേരായിരുന്നു അത്, എന്നിട്ട് അവന്റെ അക്കൗണ്ടിലേക്ക് അതിന്റെ പൈസ ചേർത്തോളാനും പറഞ്ഞു. ഇതിൽ നിന്നും ഊഹിക്കാമല്ലോ ആ യുവാവിന്റെ പരസ്നേഹത്തിന്റെ തീവ്രത. വീട്ടിലേക്കെത്താനുള്ള യാത്രാക്കൂലി പോലും പാവങ്ങൾക്ക് വീതിച്ചു കൊടുത്ത് ഏറെദൂരം ഓടി വീടണയാൻ ഒരു മടിയില്ലാത്തവൻ. വിഭവസമൃദ്ധമായ ഊണുമേശ കുറഞ്ഞ സമയം കൊണ്ട് കാലിയാക്കി ചെറ്റപ്പുരകളിൽ കൊണ്ടുപോയി വിതരണം ചെയ്ത് വെള്ളമോ കാപ്പിയോ കുടിച്ചു വിശപ്പടക്കിയിരുന്നവൻ.

കാരിത്താസ് എന്ന സംഘടനയോട് ചേർന്ന് പോയി തെരുവിലലയുന്ന പട്ടിണിപാവങ്ങൾക്ക് ഭക്ഷണത്തിനുള്ള വഴിയുണ്ടാക്കിയിരുന്നു കാർലോ അക്യുട്ടിസ്. പാവപ്പെട്ട മനുഷ്യരോട് തമാശ പറഞ്ഞും കുസൃതിചോദ്യങ്ങൾ ചോദിച്ചുമാണ് ഭക്ഷണം വിളമ്പികൊടുക്കുക. ആരെങ്കിലും പ്രശംസിച്ചു പറഞ്ഞാൽ അവൻ അറിയാതെ തന്നെ മിഴികൾ ദൈവത്തിലേക്കുയർത്തും. ഏത് നന്മയും ദൈവത്തിന്റേത് എന്നാണ് അവൻ വിശ്വസിച്ചിരുന്നത്. ’Not me but God‘ എന്ന് പറയും. സ്നേഹം,നീതി, സമത്വം, സമാധാനം ഇതെല്ലാം ദൈവിക മുഖച്ഛായകളാണ്. ദൈവത്തെ കൂടാതെ വിശുദ്ധിയിൽ നിലനിൽപ്പില്ല. ഈ വഴിയിൽ നിന്നു വ്യതിചലിപ്പിക്കുന്നതൊന്നും ദൈവികമല്ലെന്ന് കാർലോ അക്യുട്ടിസ് വിശ്വസിച്ചു.

ഏത് വിധേനയും ദൈവത്തെ പ്രഘോഷിക്കണമെന്നായിരുന്നു അവന്. ടെക്‌നോളജിയെ അതിനായി തിരഞ്ഞെടുത്തെങ്കിലും അത് തന്നെ വിഴുങ്ങാൻ അവൻ സമ്മതിച്ചില്ല. “ലോകം മുഴുവൻ സുവിശേഷം എത്തിക്കാനുള്ള ഏറ്റവും ശക്തമായ വഴി ആണ് ഇന്റർനെറ്റ്” അവൻ പറഞ്ഞു. അവന്റെ ഓരോ സെക്കന്റും നിത്യതയെ തൊട്ടുകൊണ്ടായിരുന്നു.

ഇരുവരുടെയും ആനന്ദം ചുറ്റുപാടും പ്രസരിച്ചു. പരിശുദ്ധ കുർബ്ബാനയും ജപമാലയും ജീവശ്വാസം പോലെയായിരുന്നു ഇരുവർക്കും.

പരിശുദ്ധകുർബ്ബാനയുടെ മുൻപിലെത്തി ആരാധിച്ച ശേഷമേ സ്‌കൂളിലേക്കും സ്‌കൂളിൽ നിന്ന് വീട്ടിലേക്കും കാർലോ പോകൂ. ഒഴിവുസമയങ്ങളിലും അവിടെത്തന്നെ ആയിരിക്കും. ചാപ്പലിൽ കേറി പ്രാർത്ഥിക്കാനും കുർബ്ബാനയ്ക്ക് സഹായിക്കാനുമായി പിയർ ജോർജിയോ സ്‌കൂളിലേക്ക് വളരെ നേരത്തെ പോയി. ഈശോനാഥനോട് കൂടുതൽ അടുക്കാനായിട്ടാണ് വിശുദ്ധ കുർബ്ബാനകൾക്ക് അവൻ സഹായിയായത്. ഞായറാഴ്ചകളിൽ ഹൈക്കിംഗിന് കൂട്ടുകാരുടെ കൂടെ പോയിരുന്ന പിയർ ജോർജിയോ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാനുള്ള സജ്ജീകരണങ്ങൾ ആദ്യമേ ചെയ്തിരുന്നു, അല്ലെങ്കിൽ ഏതെങ്കിലുമൊരു പുരോഹിതനെ മലമുകളിലേക്ക് ക്ഷണിച്ചു വരുത്തി വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കും. അതിനും കഴിയുന്നില്ലെങ്കിൽ പോവണ്ടെന്നു വെക്കും.

സഹായമാവശ്യമുള്ളവർക്കായി അവനർപ്പിച്ച സേവനത്തിന്റെ പ്രചോദന ഉറവിടം തീക്ഷ്ണതയേറിയ ദിവ്യകാരുണ്യസ്വീകരണമായിരുന്നു. “ദിവ്യകാരുണ്യത്തിൽ ഈശോ എന്നും എന്നെ സന്ദർശിക്കാനെത്തുന്നു. ഞാൻ പാവങ്ങളിൽ അവനെ കണ്ടുകൊണ്ട് ആ സന്ദർശനങ്ങൾ തിരിച്ചു നൽകുന്നു”.

കാർലോക്കും ഫുട്‌ബോൾ കളിക്കുന്നതോ ഒഴിവുസമയങ്ങൾ കൂട്ടുകാരോടൊപ്പം ചിലവഴിക്കുന്നതോ ഒന്നും വിശുദ്ധിക്ക് തടസ്സമായില്ല. എല്ലാവരോടും അനുകമ്പയുള്ള പ്രകൃതം. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരാകാനാണ്. അതിനുള്ള അവസരമാണ് ഈ ജീവിതം.

ദൈവത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഓരോ ആത്മാവിന്റെയും നിസ്സാര സ്നേഹപ്രവൃത്തികൾക്ക് പോലും ആത്മാക്കളെ നേടാനുള്ള കഴിവുണ്ടെന്ന ബോധ്യം അവർക്കുണ്ടായിരുന്നു. .

ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ വെർച്ച്വൽ മ്യൂസിയം കാർലോ അക്യുട്ടിസ് ഉണ്ടാക്കിയത്. യാത്രകൾക്കിടയിൽ തുടരെത്തുടരെയുള്ള പനി അക്യൂട്ട് റിമാനോസൈറ്റിസ് ലുക്കീമിയയെക്കുറിച്ചു വെളിപ്പെടുത്തി. അപ്പോഴും അവൻ പതറിയില്ല. മരിയൻ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചും മാതാവിന്റെ സന്ദേശങ്ങളെക്കുറിച്ചും ഡോക്യുമെന്റേഷൻ ചെയ്യാനും വെബ്സൈറ്റിലാക്കാനും മരിക്കുന്നതിന് ഒരു മാസം മുൻപ് അപ്പ്‌ലോഡ് ചെയ്യാനും അവനു കഴിഞ്ഞു. രണ്ടരവർഷക്കാലം കൊണ്ട് അവൻ രൂപപ്പെടുത്തിയ ദിവ്യകാരുണ്യഅത്ഭുതങ്ങളുടെ വെർച്വൽ മ്യൂസിയ പ്രദർശനം 5 ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് സർവകലാശാലകളിലും ആയിരകണക്കിന് ഇടവകകയിലും ഇക്കാലയളവിനുള്ളിൽ നടത്തപ്പെട്ടു.

M3 തരത്തിൽ പെട്ട ലുക്കീമിയക്ക്‌ തീവ്രവേദന ആണെന്നറിയാവുന്ന ഡോക്ടർ, അവന്റെ അവസാനനാളുകളിൽ ‘ ഈ വേദന മോന് സഹിക്കാൻ പറ്റുന്നുണ്ടോ?’ എന്ന് ചോദിച്ചപ്പോൾ ‘ എന്നെക്കാൾ കൂടുതൽ സഹിക്കുന്ന ആളുകളുമുണ്ട് ‘ എന്നായിരുന്നു കാർലോയുടെ പുഞ്ചിരിയോടെയുള്ള മറുപടി. താൻ കടന്നുപോയ കഷ്ടതകളിൽ അല്ല അവന്റെ ദൃഷ്ടി പതിഞ്ഞിരുന്നത്, തന്നെ സൃഷ്ടിച്ചു സ്നേഹിക്കുന്ന ദൈവത്തിൽ മാത്രം. ദൈവം സ്നേഹത്തെ പ്രതിയാണ് സഹനങ്ങളും സങ്കടങ്ങളും തരുന്നതെന്നും ഈ കുരിശുകളെ സന്തോഷപൂർവം സഹിക്കാൻ കൂദാശകളിലൂടെ അവിടുന്ന് അനുഗ്രഹങ്ങൾ ചൊരിയുന്നുവെന്നും കാർലോ അക്യുട്ടിസ് വിശ്വസിച്ചു.

യൂണിവേഴ്സിറ്റി ബിരുദം ലഭിക്കുന്നതിന് മുൻപായി, പിയർ ജോർജിയോക്ക് പോളിയോമൈലൈറ്റിസ് എന്ന നാഡീകോശങ്ങളെ ഗുരുതരമായി ബാധിച്ച് പക്ഷാഘാതത്തിന് കാരണമാകുന്ന, ഒരിനം സന്ധിവാതം പിടിപെട്ടു. അവൻ പരിചരിച്ചിരുന്ന ഒരു രോഗിയിൽ നിന്ന് പകർന്നതാണെന്നാണ് ഡോക്ടർ പറഞ്ഞത്. അതിന്റെ വിഷമതകൾ വീട്ടുകാരോട് പറയാതെ അവൻ ഉള്ളിലൊതുക്കി. ‘വീടിന് ഒരുപകാരവുമില്ലാത്ത മകൻ’ എന്ന് നെടുവീർപ്പിട്ടുകൊണ്ടിരുന്ന മാതാപിതാക്കളായിരുന്നു അവന്. മകനിലുള്ള വിശുദ്ധി എന്ന നിധിയെക്കുറിച്ച് മരിക്കും വരെ അവർ വേണ്ടവിധം അറിഞ്ഞില്ല. അത്ര സ്വാഭാവികതയോടെയാണ് അവൻ പെരുമാറിയിരുന്നത്.

തിരുശേഷിപ്പായി അവന്റെ ശരീരം തൊടാൻ ജനക്കൂട്ടം പ്രവഹിക്കുന്നത് കണ്ട് അവന്റെ വീട്ടുകാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. പരിധിയില്ലാതെ അവൻ സഹായിച്ച പാവങ്ങളും രോഗികളുമൊക്കെയായിരുന്നു അതിൽ ഭൂരിഭാഗം പേരും, അവനെ അവസാനമായി ഒന്ന് കാണാൻ അവർ ദുഖത്തോടെ ഓടിയെത്തി.

വേദനകൾ തിരുസഭക്കും മാർപ്പാപ്പക്കുമായി കാർലോ അക്യുട്ടിസ് സമർപ്പിച്ചു. ‘ഞങ്ങളുടെ വാർഡിലൂടെ പെട്ടെന്ന് വന്നു കടന്നുപോയ ഒരു ധ്രുവനക്ഷത്രം ‘ എന്നാണ് അവനെ അവസാന ഒരാഴ്ചക്കാലം ശുശ്രൂഷിച്ച ഡോക്ടർമാർ പറഞ്ഞത്, സഹനങ്ങളോടുള്ള അവന്റെ പ്രതികരണ രീതിയും പ്രത്യാശയും കണ്ട് അവർ അമ്പരന്നു. ഫാദർ സാൻഡ്രോവിലയാണ് കാർലോക്ക് പരിശുദ്ധ കുർബാനയും രോഗീലേപനവും നൽകിയത്. “വിളറിയതെങ്കിലും ശാന്തമായ ആ മുഖം എന്നെ അത്ഭുതപ്പെടുത്തി.കാരണം ഗുരുതരമായ രോഗം ബാധിച്ച ഈ കൗമാരക്കാരനിൽ നിന്ന് അത് തികച്ചും പ്രതീക്ഷിക്കാനാവാത്തതായിരുന്നു”. അവന് പരിശുദ്ധ കുർബ്ബാന വളരെ അത്യാവശ്യമായിരുന്നത് പോലെ ആയിരുന്നു അവന്റെ ആവേശം. ബുദ്ധിമുട്ടിയാണെങ്കിലും ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ അവൻ കാണിച്ച ഭക്തിയും തീക്ഷ്ണതയും തീവ്രമായിരുന്നു. ഈശോയും അവനും തമ്മിലുള്ള ആഴമായ ഒരു ബന്ധത്തിന്റെ പച്ചയായ അനുഭവം ഞാൻ കണ്ടു”, എന്നദ്ദേഹം പറഞ്ഞു.

കാർലോയുടെ പ്രവചനം പോലെ തന്നെ, ആശുപത്രിയിലായിരിക്കുമ്പോൾ തലച്ചോറിലുണ്ടായ രക്തസ്രാവം പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചു. അവന്റെ ജീവിതം ഹ്രസ്വമായിരിക്കും എന്ന് അവന് മുൻകൂട്ടി അറിവുണ്ടായിരുന്നു.

“എന്റെ കുഞ്ഞ് എനിക്ക് സത്യത്തിന്റെ പാത കാണിച്ചു തന്ന കുഞ്ഞുരക്ഷകനാണ് “, കാർലോ അക്യുട്ടിസിന്റെ അമ്മ അന്റോണിയ പറഞ്ഞു. ആദ്യത്തെ ‘millennial saint’ ആയി കാർലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേറുമ്പോൾ അതിന് സാക്ഷ്യം വഹിക്കാനുണ്ടാകുക എന്ന അപൂർവ്വഭാഗ്യമാണ് അവന്റെ മാതാപിതാക്കൾക്ക് ലഭിച്ചിരിക്കുന്നത്. പിയർ ജോർജിയോയുടെ മാതാപിതാക്കളും മകന്റെ മരണശേഷം യേശുവിനെ രക്ഷകനായി സ്വീകരിച്ചു വിശ്വാസത്തിലേക്ക് വന്നിരുന്നു.

“നമ്മുടെ ജീവിതം ക്രിസ്തീയമാകണമെങ്കിൽ, അത് ത്യാഗോജ്ജ്വലവും നിരന്തരബലിയുമാകണം. നിത്യാനന്ദത്തോട് തട്ടിച്ചുനോക്കുമ്പോൾ ഈ കുറച്ചു വർഷത്തെ കഷ്ടപ്പാടുകൾ സഹിക്കാൻ അത്ര ബുദ്ധിമുട്ടുള്ളതല്ല”…

‘Man of the ‘Beatitudes’ എന്ന് അദ്ദേഹത്തിന്റെ കട്ട ഫാനായിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വിളിച്ച പിയർ ജോർജിയോ ഫ്രസ്സാറ്റി!!

“I’m happy to die , because i never waste a minute in my life by doing anything that is not pleasing God” ദൈവത്തെ പ്രസാദിപ്പിക്കുന്നവ മാത്രം ചെയ്ത് ജീവിച്ചു എന്നുറപ്പുള്ള

‘Cyber Apostle of the Eucharist’ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ്. ഇവർ അൾത്താരവണക്കത്തിലേക്കുയരുക യാണ്‌.

വിശുദ്ധരായി ജീവിക്കുക എന്നത് ജീവിതത്തിൽ നേടിയെടുക്കാൻ സാധിക്കാത്ത കഠിനമായ ലക്ഷ്യമൊന്നും അല്ലെന്ന് എല്ലാവരെയും, പ്രത്യേകിച്ച് യുവജനങ്ങളെ ബോധ്യപ്പെടുത്തുന്ന മാതൃകാവിളിയായിരുന്നു കാർലോയുടേതും പിയർ ജോർജിയോ ഫ്രസ്സാറ്റിയുടേതും. അവരെ ലെയോ പതിനാലാമൻ പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ഈ സുദിനത്തിൽ തിരുസഭ മാതാവിനോപ്പം നമുക്കും സന്തോഷിക്കാം…ലോകത്തിന് മാതൃകയായി ഇനിയും ഈ യുവത്വങ്ങൾ ജനകോടികളെ പ്രചോദിപ്പിക്കട്ടെ.. വിശുദ്ധിയിലേക്ക് നയിക്കട്ടെ…

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment