ഡിജിറ്റൽ യുഗത്തിന്റെ വിശുദ്ധൻ

വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനത്തിന് ക്ഷണിച്ചപ്പോൾ കാർലോ അക്യുട്ടിസ് ഒരിക്കൽ നൽകിയ മറുപടി കേട്ടുനിന്നവരെ അത്ഭുതപ്പെടുത്തി,

“മിലാനിൽ തന്നെ ആയിരിക്കാനാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. കാരണം, ഏത് സമയവും എനിക്ക് സന്ദർശിക്കാനും കൂടെ ആയിരിക്കാനും കഴിയുന്ന വിധത്തിൽ ദേവാലയങ്ങളിലെ തിരുസക്രാരിയിൽ ഈശോ വസിക്കുന്നു. അതിനാൽ തന്നെ എനിക്ക് ജെറുസലേമിലേക്ക് പോകേണ്ട ആവശ്യമില്ല. ലോകത്തിലെല്ലായിടത്തും വാഴ്ത്തപ്പെട്ട തിരുവോസ്തിയിൽ ഈശോ ഇന്നും വസിക്കുന്നെങ്കിൽ, യേശു താമസിച്ചിരുന്ന സ്ഥലങ്ങൾ സന്ദർശിക്കാൻ ജെറുസലേമിലേക്ക് തീർത്ഥാടനം നടത്തേണ്ടതിന്റെ ആവശ്യകത എന്താണ്? അതിലുമുപരി യേശു വസിക്കുന്ന തിരുസക്രാരികൾ ഭക്തിപൂർവ്വം സന്ദർശിക്കുകയാണ് നാം ചെയ്യേണ്ടത്”!!….

കാർലോ അക്ക്യുട്ടിസിന്റെ വാഴ്ത്തപ്പെട്ട പദവിപ്രഖ്യാപനത്തിന് ശേഷം ഫ്രാൻസിസ് പാപ്പ ട്വിറ്ററിൽ കുറിച്ചു.

‘The true disciple of Jesus Christ is he who in everything tries to imitate Him and to do God’s Will’.

കാർലോ സന്തോഷം കണ്ടെത്തിയത് ജീവിതത്തിൽ ദൈവത്തിന് പ്രഥമസ്ഥാനം നൽകിക്കൊണ്ടാണ്, സഹോദരങ്ങളെ പ്രത്യേകിച്ച് പാവങ്ങളെ പരിചരിച്ചുകൊണ്ടാണ്. ഇതുതന്നെയാണ് അവൻ മറ്റുള്ളവർക്ക് നൽകുന്ന സന്ദേശവും.

“എന്റെ കുഞ്ഞ് എനിക്ക് സത്യത്തിന്റെ പാത കാണിച്ചു തന്ന കുഞ്ഞുരക്ഷകനാണ്’. കാർലോയുടെ അമ്മയുടെ വാക്കുകൾ.

“സെക്ക്യുലറായ ഒരു കുടുംബത്തിൽ ജനിച്ചു വളർന്നത് കൊണ്ടാവാം, പള്ളിയിൽ പോക്കും പ്രാർത്ഥനയുമൊന്നും എനിക്ക് വലിയ കാര്യമായി തോന്നിയിരുന്നില്ല. മോന്റെ തുടരെതുടരെയുള്ള വിശ്വാസാധിഷ്ഠിത ചോദ്യങ്ങളും അവനിലുള്ള ദൈവത്തിന്റെ സാന്നിധ്യവുമാണ് എന്നിലും ഒരു ദൈവീകാഭിമുഖ്യം വളർത്തിയത്. പരിശുദ്ധ കുർബാനയെ പറ്റി പറയുമ്പോൾ അവൻ അറിയാതെ വാചാലനാകുന്നത് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മകന്റെ അചഞ്ചലവിശ്വാസവും അവനിലുള്ള ദൈവസ്നേഹത്തിന്റെ തീവ്രതയുമാണ് എനിക്കും മാനസാന്തരത്തിനു വഴി തെളിച്ചത്. എന്റെ കണ്ണീരോ പ്രാർത്ഥനയോ ഒന്നുമല്ല, അവനെ വിശുദ്ധ പദവിയിലേക്ക് നയിച്ചത് അവന്റെ തന്നെ വിശുദ്ധിയാണ്. തിരുസ്സഭ കൂട്ടായ്മയിൽ എന്നെയും ചേർത്ത് നിർത്തിയത് കാർലോയാണ്. കമ്പ്യൂട്ടർ ജീനിയസ് ആയിരുന്നെങ്കിലും അല്പസമയം പോലും കാര്യമില്ലാതെ വെറും രസത്തിനായി അവൻ മൊബൈലോ മറ്റൊന്നും ഉപയോഗിക്കാറില്ലായിരുന്നു”..

മകൻ തുടങ്ങിവച്ച, ദിവ്യകാരുണ്യഅത്ഭുതങ്ങളുടെ വെർച്വൽ എക്സ്പോ ഇനിയും എത്താത്തിടത്തൊക്കെ എത്തിക്കാനും അവന്റെ ജീവിതത്തിന് സാക്ഷ്യം നല്കാനും ആണ് ആ അമ്മ ശേഷിച്ച ജീവിതം മാറ്റിവെക്കുന്നത്.

കാർലോയുടെ വേർപാടിന് ശേഷം മക്കളില്ലാതിരുന്ന അവർ അവന്റെ മാധ്യസ്ഥം തേടി പ്രാർത്ഥിച്ചു. നാൽപ്പത്തിനാലാം വയസ്സിൽ ഇരട്ടക്കുട്ടികളെ ദൈവം അവർക്ക് നൽകി. താൻ ഉടനെത്തന്നെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുമെന്നും അധികം വൈകാതെ വിശുദ്ധപദവിയിലേക്ക് ഉയരുമെന്നും കാർലോ ദർശനത്തിൽ അമ്മയോട് പറഞ്ഞിരുന്നു. അവന്റെ രോഗം, മരണം, വാഴ്ത്തപ്പെട്ട പദവി, നാമകരണം ഇതെല്ലാം ദൈവികപദ്ധതി ആണെന്ന് ആ അമ്മക്ക് ഇപ്പോൾ ഉത്തമബോധ്യമുണ്ട്.

ഇറ്റലിയിലെ ആൻട്രിയ അക്യുട്ടിസ് -അന്റോണിയോ സൽസാനോ എന്ന സമ്പന്ന ദമ്പതികൾക്ക് ഏറെ കാത്തിരിപ്പിന് ശേഷമാണ് 1991ൽ കാർലോയെ മകനായി ലഭിച്ചിരുന്നത്. മൂന്നോ നാലോ വയസ്സുള്ളപ്പോൾ തന്നെ വിശ്വാസത്തെ സംബന്ധിച്ച ആഴമുള്ള ചോദ്യങ്ങൾ ചോദിച്ചിരുന്ന കാർലോയോട് മറുപടി പറയാൻ അമ്മക്ക് കഴിയാതിരുന്നപ്പോൾ അവന്റെ പോളണ്ട്കാരിയായ ബേബിസിറ്റർക്ക് ആണ് അതിന് സാധിച്ചത്. ഏഴുവയസ്സുള്ളപ്പോൾ 1998ൽ പോൾ ആറാമൻ പാപ്പയുടെ സെക്രട്ടറി ആയിരുന്ന മോൺ. പാസ്ക്കരേ മാച്ചിയുടെ പ്രത്യേക ശുപാർശയോടെ ആദ്യകുർബ്ബാന സ്വീകരിച്ചത്‌ അവന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. അന്നുമുതൽ വിശുദ്ധ കുർബ്ബാന മുടക്കാറില്ലായിരുന്നു.

ആരെങ്കിലും പ്രശംസിച്ചു പറഞ്ഞാൽ അവൻ അറിയാതെ തന്നെ മിഴികൾ ദൈവത്തിലേക്കുയർത്തും. ഏത് നന്മയും ദൈവത്തിന്റേത് എന്നാണ് അവൻ വിശ്വസിച്ചിരുന്നത് .’Not me but God ‘ എന്ന് പറയും. ഈശോസഭക്കാരുടെ വിദ്യാലയത്തിൽ ആയിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. കാർട്ടൂൺ, സിനിമകൾ, പ്ളേസ്റ്റേഷൻ വീഡിയോ ഗെയിമുകൾ ഒക്കെ മറ്റു കുട്ടികളെപ്പോലെ അവനും ആസ്വദിച്ചിരുന്നു. പാവപ്പെട്ട മനുഷ്യരോട് തമാശ പറഞ്ഞും കുസൃതിചോദ്യങ്ങൾ ചോദിച്ചും ഭക്ഷണം വിളമ്പികൊടുക്കും. മക്കൾ ഉപേക്ഷിച്ചവരെ ആടിപ്പാടി സന്തോഷിപ്പിക്കും.

ഏത് വിധേനയും ദൈവത്തെ പ്രഘോഷിക്കണമെന്നായിരുന്നു അവന്. ടെക്‌നോളജിയെ അതിനായി തിരഞ്ഞെടുത്തെങ്കിലും അത് തന്നെ വിഴുങ്ങാൻ അവൻ സമ്മതിച്ചില്ല. “ലോകം മുഴുവൻ സുവിശേഷം എത്തിക്കാനുള്ള ഏറ്റവും ശക്തമായ വഴി ആണ് ഇന്റർനെറ്റ് “, അവൻ പറഞ്ഞു. അവന്റെ ഓരോ സെക്കന്റും നിത്യതയെ തൊട്ടുകൊണ്ടായിരുന്നു. ഇടവകദേവാലയത്തിലെ നിറസാന്നിധ്യമായിരുന്ന അവൻ ആദ്യം ഇടവകയുടെ ഒരു വെബ്സൈറ്റ് ഉണ്ടാക്കി. പിന്നീട് ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് വെർച്ച്വൽ മ്യൂസിയം ഉണ്ടാക്കിയത് .

വളരെ ഒരുക്കത്തോടെയാണ് ഓരോ പരിശുദ്ധ കുർബ്ബാനക്കും അവൻ പോയത്. പരിശുദ്ധകുർബ്ബാനയുടെ മുൻപിലെത്തി ആരാധിച്ച ശേഷമേ സ്‌കൂളിലേക്കും സ്‌കൂളിൽ നിന്ന് വീട്ടിലേക്കും അവൻ പോകൂ. ഒഴിവുസമയങ്ങളിലും അവിടെത്തന്നെ ആയിരിക്കും. സ്നേഹിക്കുന്നത് പോലും സ്വയംസ്‌നേഹത്തെക്കാളുപരി ദൈവമഹത്വത്തിനായിരിക്കണം, അതായിരുന്നു അവന്റെ നിലപാട്.

പരിശുദ്ധ കുർബ്ബാന കഴിഞ്ഞാൽ അവന് ഏറ്റവും പ്രിയപ്പെട്ടത് ജപമാല ചൊല്ലുന്നതായിരുന്നു. ജപമാല ചൊല്ലി ഒരുങ്ങിയാണ് ദിവ്യബലിക്ക് പോയിരുന്നത്. അൾത്താര ശുശ്രൂഷ വളരെ സന്തോഷമുള്ള കാര്യമായിരുന്നു. യാത്രക്കിടയിൽ ദേവാലയം കണ്ടാൽ സന്ദർശിച്ചു ഈശോക്ക് ഹലോ പറയും. കുരിശ് ചുംബിക്കും. ദൈവത്തെ സ്നേഹിക്കുന്ന ഓരോ ആത്മാവിന്റെയും നിസ്സാരസ്നേഹ പ്രവൃത്തികൾക്ക് പോലും ആത്മാക്കളെ നേടാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്ന അവൻ ശുദ്ധീകരണാത്മാക്കൾക്കായി പ്രത്യേകം പ്രാർത്ഥിച്ചിരുന്നു.

ഫുട്‌ബോൾ കളിക്കുന്നതോ ഒഴിവുസമയങ്ങൾ കൂട്ടുകാരോടൊപ്പം ചിലവഴിക്കുന്നതോ ഒന്നും അവന്റെ വിശുദ്ധിക്ക് തടസ്സമായില്ല. കുടുക്ക പൊട്ടിക്കുന്ന കാശ് ദേവാലയത്തിലേക്ക് പോകും വഴി കാണുന്ന യാചകർക്കാണ്. റോഡരികിൽ കാണുന്ന ഇമ്മാനുവേലിനും അവനുമായി രണ്ടു ചോറുപൊതികളാണ് അവൻ സ്ഥിരം കൊണ്ടുപോയിരുന്നത്. ഹൃദ്യമായ വാക്കുകൾ മാത്രമാണ് സംസാരിച്ചിരുന്നത്. ‘ഈശോ എന്റെ ആനന്ദം’ എന്ന് ഇടക്കിടെ പറയും. എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരാകാനാണ്. അതിനുള്ള അവസരമാണ് ഈ ജീവിതം.

അവന്റെ പതിനൊന്നാം വയസ്സിലും ചെറിയ കുട്ടികൾക്ക് അവൻ വിശ്വാസപരിശീലനം നൽകിയിരുന്നു. ചെറുപാപങ്ങൾ പോലും പരിത്യജിക്കാൻ കൂട്ടുകാരെ നിർബന്ധിച്ചു. അവന്റെ വിശ്വാസം അനേകരെ സ്വാധീനിച്ചു. അവൻ ഒരു വിശുദ്ധനാണെന്ന് മരിക്കുന്നതിന് മുൻപേ അവനെ അറിയുന്നവർക്കറിയാമായിരുന്നു.

യാത്രകൾക്കിടയിൽ തുടരെത്തുടരെയുള്ള പനിയാണ് അക്യൂട്ട് റിമാനോസൈറ്റിസ് ലുക്കീമിയയെക്കുറിച്ചു വെളിപ്പെടുത്തിയത്. അറിഞ്ഞപ്പോഴും അവൻ പതറിയില്ല. മരിയൻ തീർത്ഥാടന കേന്ദ്രങ്ങളെക്കുറിച്ചും മാതാവിന്റെ സന്ദേശങ്ങളെക്കുറിച്ചും ഡോക്യുമെന്റേഷൻ ചെയ്യാനും വെബ്സൈറ്റിലാക്കാനും മരിക്കുന്നതിന് ഒരു മാസം മുൻപ് അപ്ലോഡ് ചെയ്യാനും അവനു കഴിഞ്ഞു. രണ്ടരവർഷക്കാലം കൊണ്ട് അവൻ രൂപപ്പെടുത്തിയ ദിവ്യകാരുണ്യഅത്ഭുതങ്ങളുടെ വെർച്വൽ മ്യൂസിയ പ്രദർശനം 5 ഭൂഖണ്ഡങ്ങളിലായി നൂറുകണക്കിന് സർവകലാശാലകളിലും ആയിരകണക്കിന് ഇടവകകയിലും ഇക്കാലയളവിനുള്ളിൽ നടത്തപ്പെട്ടു.

ഒക്ടോബർ 12 നു ആ സ്നേഹദീപം സ്വർഗത്തിലേക്ക് അവനുണ്ടാക്കിയ ഹൈവേയിലൂടെ കയറിപ്പോയി. അവനാഗ്രഹിച്ച പോലെ അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ബസിലിക്കയിൽ സംസ്കാരകർമ്മം നടന്നു.

കാർലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്താൻ കാരണമായ ഒരു പ്രധാന സംഭവം, 2013ൽ നടന്ന ഒരു ബ്രസീലിയൻ ബാലന്റെ രോഗസൗഖ്യമാണ്. പാൻക്രിയാസിന്റെ ഘടനയിൽ ജന്മനാ ഉണ്ടായിരുന്ന വൈകല്യമായിരുന്നു അവന്റെ അപൂർവ്വരോഗത്തിന് കാരണം. കാർലോയുടെ അമ്മ ആ അത്ഭുതത്തെ പറ്റി ഇങ്ങനെ പറഞ്ഞു, “കാർലോയുടെ ഭക്തനായ ഒരു വൈദികനൊപ്പം ആ ബാലന്റെ കുടുംബം മൂന്ന് ദിവസം കാർലോയുടെ നൊവേന ചൊല്ലി പ്രാർത്ഥിച്ചു. മൂന്നാം ദിവസം കുട്ടി വിശക്കുന്നെന്ന് പറയുകയും ഭക്ഷണം ആവശ്യപെടുകയും ചെയ്തു. പിന്നീട് കുട്ടി പൂർണ്ണമായി സുഖപ്പെട്ടു എന്ന് ഡോക്ടർമാർ കണ്ടെത്തി”.

2020 ഒക്ടോബർ 10 ന് അവനെ തിരുസഭ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തുന്ന ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 3000 ജനങ്ങൾ പങ്കുകൊണ്ടു. അവന്റെ മാതാപിതാക്കളും ഫ്രാൻസെസ്കോ, മിഷേൽ എന്ന അവന്റെ ഇരട്ടസഹോദരർ അടക്കം. തിരുക്കർമ്മമധ്യേ അൾത്താരയിൽ പോളോ ടീഷർട്ട് ഇട്ടു പുഞ്ചിരിക്കുന്ന അവന്റെ ചിത്രം അനാച്ഛാദനം ചെയ്യപ്പെട്ടു.

സ്ഥിരീകരിക്കപ്പെട്ട മറ്റൊരു അത്ഭുതമായിരുന്നു, 2022ൽ ഫ്ലോറൻസിൽ പഠിക്കുന്ന സമയത്ത് സൈക്കിൾ അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോടടുത്ത കോസ്റ്റാറിക്കയിൽ നിന്നുള്ള വലേരിയ വാൽവെർഡെ എന്ന ഇരുപത്തൊന്നുവയസ്സുകാരിക്ക് കാർലോയുടെ മധ്യസ്ഥതയാൽ സുഖമായത്.

സെപ്റ്റംബർ 7, 2025. മില്ലെനിയൽ കാലത്തെ ആദ്യവിശുദ്ധൻ, കൗമാരക്കാരനായ കാർലോ അക്യുട്ടിസിനെയും യുവാവായ പിയർ ജോർജിയോ ഫ്രസ്സാറ്റിയേയും ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയരുന്ന ആനന്ദസുരഭിലനിമിഷങ്ങൾക്ക് ആഗോളസഭ സാക്ഷ്യം വഹിച്ചു. മില്ലെനിയൽ തലമുറയിൽപ്പെട്ടവരും കുട്ടികളുള്ള ദമ്പതികളും ഉള്‍പ്പെടെ എണ്‍പതിനായിരത്തോളംപേര്‍ വിശുദ്ധ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു

“ഈശോയെ സ്നേഹിക്കുക , ഈശോ നമ്മെ ഒരുപാട് സ്നേഹിക്കുന്നു . ചങ്കിൽ ഈശോ എപ്പോഴും ഉണ്ടാവണം”…എന്ന് ‘സൈബർ അപ്പസ്തോലൻ ഓഫ് ദ യൂക്കരിസ്റ്റ്’…’ദൈവത്തിന്റെ ഇൻഫ്ലുവൻസർ’!

വിശുദ്ധരായി ജീവിക്കുക എന്നത് ജീവിതത്തിൽ നേടിയെടുക്കാൻ സാധിക്കാത്ത കഠിനമായ ലക്ഷ്യമൊന്നും അല്ലെന്ന് എല്ലാവരെയും, പ്രത്യേകിച്ച് യുവജനങ്ങളെ ബോധ്യപ്പെടുത്തുന്ന മാതൃകാവിളിയായിരുന്നു കാർലോയുടേത്.

“ഞാൻ സന്തോഷത്തോടെയാണ് മരിക്കുന്നത് ; കാരണം ദൈവത്തിന് പ്രീതികരമല്ലാത്തവ ചെയ്യാൻ ഞാൻ എന്റെ ജീവിതത്തിലെ ഒരു നിമിഷം പോലും പാഴാക്കിയിട്ടില്ല’…!! അവനെ പോലെ നമുക്കും മരിക്കുന്നതിന് മുൻപ് ഇങ്ങനെ പറയാൻ കഴിഞ്ഞെങ്കിൽ എത്ര നല്ലതായിരുന്നു. ദൈവകരങ്ങളിൽ എന്നെന്നേക്കുമായി ഉണർന്നെഴുന്നേൽക്കാൻ സന്തോഷപൂർവ്വം മരണം വരിച്ച ഒരു കുഞ്ഞുവിശുദ്ധന്റെ വാക്കുകൾ നമുക്ക് വിശുദ്ധിയുടെ പാതയിൽ വഴിവിളക്കാവട്ടെ.

ജിൽസ ജോയ് ✍️


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment