പരിശീലനം ലഭിച്ച നായ ഒരു സക്രാരിക്കു മുന്നിൽ ജീവൻ കണ്ടെത്തുന്നു.
1995 ഒക്ടോബറിലെ അമേരിക്കൻ സന്ദർശനത്തിന്റെ അവസാന ദിവസം വൈകുന്നേരം, ജോൺ പോൾ രണ്ടാമൻ ബാൾട്ടിമോറിലെ സെന്റ് മേരീസ് സെമിനാരിയിൽ സെമിനാരി വിദ്യാർത്ഥികളെ അഭിവാദ്യം ചെയ്യാൻ നിശ്ചയിച്ചിരുന്നു. കാംഡൻ യാർഡിലെ ഓറിയോൾ പാർക്കിൽ ഒരു കുർബാന, ഡൗണ്ടൗൺ തെരുവുകളിലൂടെ ഒരു പരേഡ്, രാജ്യത്തെ ആദ്യത്തെ കത്തീഡ്രലായ അസംപ്ഷൻ ബസിലിക്കയിലേക്കുള്ള സന്ദർശനം, കത്തോലിക്കാ ചാരിറ്റീസ് നടത്തുന്ന ഒരു പ്രാദേശിക സൂപ്പ് കിച്ചണിൽ ഉച്ചഭക്ഷണം, നോർത്ത് ബാൾട്ടിമോറിലെ മേരി ഔർ ക്വീൻ കത്തീഡ്രലിൽ ഒരു പ്രാർത്ഥനാ ശുശ്രൂഷ; ഒടുവിൽ സെന്റ് മേരീസ് സെമിനാരിയിൽ ഒരു ചെറിയ സ്റ്റോപ്പ് എന്നിവയോടെ ആരംഭിച്ച ഒരു പൂർണ്ണമായ ദിവസമായിരുന്നു അത്.
സമയക്രമം കർശനമായിരുന്നതിനാൽ സെമിനാരി വിദ്യാർത്ഥികൾ പുറത്ത് പടികളിൽ നിൽക്കുമ്പോൾ അവരെ അഭിവാദ്യം ചെയ്യുക എന്നതായിരുന്നു പദ്ധതി. എന്നാൽ പോപ്പ് അവരുടെ ഇടയിലൂടെ നടന്ന് കെട്ടിടത്തിലേക്ക് കടന്നു. എന്നാൽ ആദ്യം വിശുദ്ധ കുർബാന സന്ദർശിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി.
അദ്ദേഹത്തിന്റെ ആഗ്രഹം അറിയിച്ചപ്പോൾ, സുരക്ഷ പ്രവർത്തനങ്ങൾ സജീവമായി. പോപ്പ് പ്രാർത്ഥിക്കുന്ന ചാപ്പലിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവർ കെട്ടിടം മുഴുവൻ തൂത്തുവാരി. സുരക്ഷക്ക് വെല്ലുവിളി ആയി, സമീപത്തുള്ള ആരെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്താൻ ഉയർന്ന പരിശീലനം ലഭിച്ച നായ്ക്കളെ ഉപയോഗിച്ചു.
ഭൂകമ്പങ്ങൾക്കും മറ്റ് ദുരന്തങ്ങൾക്കും ശേഷം തകർന്ന കെട്ടിടങ്ങളിൽ അതിജീവിച്ചവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കൾ ആയിരുന്നു അവ. വളരെ ബുദ്ധിയുള്ളവരും ഉത്സാഹികളുമായ ഈ നായ്ക്കളെ വേഗത്തിൽ ഹാളുകൾ, ഓഫീസുകൾ, ക്ലാസ് മുറികൾ എന്നിവയിലൂടെ കടത്തിവിട്ടു; തുടർന്ന് ചാപ്പലിലേക്ക് അയച്ചു. അവ ഇടനാഴിയിലൂടെ മുകളിലേക്കും താഴേക്കും പോയി, പീഠങ്ങൾ കടന്ന് ഒടുവിൽ വിശുദ്ധ കുർബാന സൂക്ഷിച്ചിരിക്കുന്ന സൈഡ് ചാപ്പലിലേക്ക് പ്രവേശിച്ചു.
സക്രാരിക്കരികിൽ എത്തിയപ്പോൾ, നായ്ക്കൾ മണം പിടിച്ചു, മുരണ്ടു, സക്രാരിയിലേക്കു സൂക്ഷിച്ചു നോക്കി, അവിടെ നിന്ന് പോകാൻ വിസമ്മതിച്ചു; അവരുടെ ശ്രദ്ധ സക്രാരിയിൽ തന്നെയായിരുന്നു. അവിടെ ആരെയെങ്കിലും അവ കണ്ടെത്തിയെന്ന് അവയെ കൈകാര്യം ചെയ്തിരുന്നവർക്കു ബോധ്യപ്പെട്ടു.
നായ്ക്കൾ കണ്ടെത്തിയത് സത്യമാണെന്നു എല്ലാ കത്തോലിക്കർക്കും അറിയാവുന്ന കാര്യമാണ് – സക്രാരിയിൽ ഒരു യഥാർത്ഥ ജീവനുള്ള വ്യക്തിയെ അവ കണ്ടെത്തി!
അപ്പവും വീഞ്ഞും യേശുക്രിസ്തുവിന്റെ ശരീരമായും രക്തമായും പരിവർത്തനം ചെയ്യപ്പെടുന്നു എന്നുള്ള അറിവ് കത്തോലിക്കവിശ്വാസത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. ഓരോ വിശുദ്ധ കുർബാനയും യഥാർത്ഥത്തിൽ ഒരു അത്ഭുതമാണ്. ഓരോ തവണയും ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നമുക്ക് ഈ യാഥാർത്ഥ്യം തിരിച്ചറിയാം. ആ നായ്ക്കളെപ്പോലെ ദിവ്യകാരുണ്യത്തിലെ നമ്മുടെ കർത്താവിനെ ഭക്തിപൂർവ്വം ആരാധിക്കാം .


Leave a comment