ചഞ്ചലമായ ഹൃദയങ്ങളും നിത്യഭവനവും
“കർത്താവേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചു, നിന്നിൽ വിശ്രമിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയങ്ങൾ അസ്വസ്ഥമായിരിക്കും.”
വിശുദ്ധ ആഗസ്‌തീനോസിൻ്റെ ഈ വാക്കുകൾ ഓരോ മനുഷ്യാത്മാവിന്റെയും ഏറ്റവും അടങ്ങാത്ത ആഗ്രഹം വെളിപ്പെടുത്തുന്നു. അതായത് ദൈവവുമായുള്ള നിത്യസംസർഗ്ഗത്തിനായുള്ള ആഗ്രഹം. ഒരു ഭൗതീക വിജയത്തിനോ ബന്ധത്തിനോ സ്വത്തിനോ ഹൃദയത്തെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിയില്ല, കാരണം അത് അതിലും വലിയ ഒന്നിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്: ദൈവവുമായുള്ള ഐക്യത്തിനുവേണ്ടി.
നമ്മുടെ അസ്വസ്ഥത ഒരു ശാപമല്ല നമ്മുടെ യഥാർത്ഥ ഭവനത്തിലേക്കു യാത്ര ചെയ്യുന്നതിനുള്ള ദിവ്യമായ ക്ഷണമാണ്. മറ്റൊരർതത്തിൽ
നമ്മൾ തീർത്ഥാടകരാണെന്നതിന്റെ അടയാളമാണത്.
ഈ ജീവിതത്തിൽ നമ്മൾ പലപ്പോഴും ക്ഷണികമായ സന്തോഷങ്ങളെയും താൽക്കാലിക സുഖങ്ങളെയും പിന്തുടരാറുണ്ട് പക്ഷേ അവയുടെ പകിട്ട് വേഗം മങ്ങുന്നു. അതിനു ശേഷം ഉള്ളിൽ ഒരു വേദന അവശേഷിപ്പിക്കുന്നു.
ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന് മാത്രമേ മനുഷ്യഹൃദയത്തിന്റെ ശൂന്യത നികത്താൻ കഴിയൂ എന്ന് ഈ ആന്തരിക ദാഹം നമ്മെ ഓർമ്മിപ്പിക്കുന്നു. നിത്യത എന്നത് മരണാനന്തരം നമുക്കു ലഭിക്കുന്ന ഒരു വിദൂര വാഗ്ദാനമല്ല; നമ്മുടെ ഹൃദയങ്ങളെ എപ്പോഴും ദൈവസാന്നിധ്യത്തിലേക്ക് തുറക്കുമ്പോൾ അത് ആരംഭിക്കുന്നു
നിത്യതയെക്കുറിച്ചുള്ള ചിന്തയോടെ ജീവിക്കുക എന്നാൽ ലക്ഷ്യബോധത്തോടെ ജീവിക്കുക എന്നാണ്. കൂടുതൽ ആഴത്തിൽ സ്നേഹിക്കുക, പൂർണ്ണ മനസ്സോടെ ക്ഷമിക്കുക, എല്ലാറ്റിനുമുപരി വിശുദ്ധി വളരുക ഇതൊക്കെ അതിനുള്ള വഴികളണ്. നമ്മെ സ്നേഹിച്ചവന്റെ മുഖം കാണുമ്പോൾ നമ്മുടെ ഹൃദയങ്ങൾ ആനന്ദിക്കുകയും ഒടുവിൽ ദൈവവിക വിശ്രമത്തിലേക്കു പ്രവേശിക്കുകയും ചെയ്യും. അതുവരെ, ഓരോ ഹൃദയമിടിപ്പും ഈ നിത്യസത്യത്തെ പ്രതിധ്വനിപ്പിക്കട്ടെ: “നാം ദൈവത്തിനുവേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവരാണ്. അവനിൽ വിലയം പ്രാപിക്കുന്നതുവരെ ഞാൻ അസ്വസ്ഥനായിക്കും”.
ഫാ. ജയ്സൺ കുന്നേൽ mcbs


Leave a comment