Madhuram Veppu Prayer | Wedding Eve Prayer | മധുരം വെപ്പ് പ്രാർത്ഥന

കുടുംബനാഥൻ / കാർമി:  അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി.

സമൂ: ആമ്മേൻ.

കുടുംബനാഥൻ / കാർമി:  ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും.

സമൂ: ആമ്മേൻ.

കുടുംബനാഥൻ / കാർമി:  സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.

ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ  പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ.

ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കുടുംബനാഥൻ / കാർമി:  ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങ് ഞങ്ങളുടെ കുടുംബങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങളെയും ഓർത്ത് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. കുടുംബജീവിതത്തിന്റെ വിശുദ്ധിക്കും പവിത്രതയ്ക്കും ചേർന്ന വിധത്തിൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. വിവാഹന്തസ്സിലേക്ക് പ്രവേശിക്കുവാൻ പോകുന്ന ഞങ്ങളുടെ ….. (പേര്) അവിടുന്ന് ആശിർവദിച്ച് അനുഗ്രഹിക്കണമേ. എന്നും അങ്ങയുടെ പരിപാലനത്തിൻറെ തണലിൽ ജീവിക്കുവാൻ ഇവനെ / ഇവളെ / ഇവരെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വര എന്നേക്കും.

സമൂ: ആമ്മേൻ

കാ: എന്റെ പുത്രീ, ശ്രദ്ധിച്ചു കേള്‍ക്കുക; നിന്റെ ജനത്തെയും പിതൃഗൃഹത്തെയും നീ മറന്നുകളയുക.

: രാജപുത്രിയുടെ അഴകെല്ലാം ആന്തരികമാകുന്നു; അവളുടെ മേലങ്കി പൊന്നുപൊതിഞ്ഞതാകുന്നു.

കാ: വിലേയറിയ കാഴ്ചകളുമായി രാജാവിനെ അവൾ സന്ദർശിക്കും; തോഴികളായ കന്യകമാർ അവളെ അനുഗമിക്കും.

: അവര്‍ ഉല്ലാസഭരിതരായി രാജകൊട്ടാരത്തില്‍ പ്രവേശിക്കും; എല്ലാ തലമുറകളും അവിടുത്തെ നാമം അനുസ്മരിക്കും.

കാ: നിന്റെ ഭാര്യ നിന്റെ ഭവനത്തില്‍ വിളഞ്ഞുകിടക്കുന്ന മുന്തിരിവള്ളിയാകും.

: നിന്റെ മക്കള്‍ മേശയ്ക്കു ചുറ്റും സൈത്തുമുളകള്‍ പോലെയുമായിരിക്കും.

കാ: കര്‍ത്താവിനെ ഭയപ്പെടുന്നവരെല്ലാം ഇപ്രകാരം അനുഗൃഹീതരാകും.

: ജീവിതത്തിന്റെ ഓരോ ദിവസവും കര്‍ത്താവ് സെഹിയോനില്‍നിന്ന് നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

കാ: പിതാവിനും പുത്രനും പരിശുദ്ധാതമാവിനും സ്തുതി.

: ആദിമുതൽ എന്നേക്കും ആമ്മേൻ.

സർവ്വാധിപനാം കർത്താവേ
നിൻ സ്തുതി ഞങ്ങൾ പാടുന്നു
ഈശോനാഥാ വിനയമൊടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു.

മർത്ത്യനു നിത്യ മഹോന്നതമാം
ഉത്ഥാനം നീയരുളുന്നു.
അക്ഷയമവനുടെയാത്മാവി-
ന്നുത്തമരക്ഷയുമേകുന്നു.

കുടുംബനാഥൻ / കാർമി: എന്റെ കർത്താവേ, അങ്ങ് സത്യമായും ഞങ്ങളുടെ കുടുംബങ്ങളെ നയിക്കുന്നവനും പരിപാലിക്കുന്നവനും ആകുന്നു. ഞങ്ങൾ എപ്പോഴും അങ്ങേക്ക് സ്തുതിയും കൃതജ്ഞതയും ആരാധനയും സമർപ്പിക്കുവാൻ കടപ്പെട്ടവരാകുന്നു; സകലത്തിന്റെയും നാഥാ എന്നേക്കും.

സമൂ: ആമ്മേൻ

ശുശ്രൂ: ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായി പാടിടുവിൻ
എന്നെന്നും ജീവിക്കും
സർവ്വേശ്വരനെ വാഴ്ത്തിടുവിൻ

സമൂഹം: പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
കാരുണ്യം നീ ചൊരിയണമേ

ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കുടുംബനാഥൻ / കാർമി: ഞങ്ങളുടെ കർത്താവായ ദൈവമേ, അങ്ങയുടെ ജീവദായകവും ദൈവികവുമായ കൽപ്നകളുടെ മധുരസ്വരം ശ്രദ്ധിക്കുന്നതിനും ഗ്രഹിക്കുന്നതിനും ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. അതുവഴി, ആത്മശരീരങ്ങൾക്കുപകരിക്കുന്ന സ്നേഹവും ശരണവും രക്ഷയും ഞങ്ങളിൽ ഫലമണിയുന്നതിനും നിരന്തരം ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നതിനും അങ്ങയുടെ കാരുണ്യത്താലും അനുഗ്രഹത്താലും ഞങ്ങളെ സഹായിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ, എന്നേയ്ക്കും.

സമൂ: ആമ്മേൻ

ഹല്ലേലൂയ്യാ ഗീതം

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ

നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പീടുന്നു

രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായി ഞാനതൊഴുക്കീടട്ടെ

ഏറ്റമനുഗ്രഹ പൂരിതനാം കവി
തൻ തൂലികപോലെൻ നാവിപ്പോൾ

താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിന്നും സ്തുതിയുയരട്ടെ.

ആദി മുതൽക്കേയിന്നും നിത്യവു-
മായി ഭവിച്ചീടട്ടെ, ആമ്മേൻ.

ഹല്ലേലൂയ്യ പാടീടുന്നേൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ.

സുവിശേഷ വായന

ശുശ്രൂ: നമുക്ക് ശ്രദ്ധാപൂർവ്വം നിന്ന് പരിശുദ്ധ സുവിശേഷം ശ്രവിക്കാം.

കുടുംബനാഥൻ / കാർമി: വിശുദ്ധ യോഹന്നാൻ അറിയിച്ച നമ്മുടെ കർത്താവീശോമിശിഹായുടെ പരിശുദ്ധ സുവിശേഷം.

സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

1. മൂന്നാം ദിവസം, ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. 2. യേശുവും ശിഷ്യന്‍മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. 3. അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. 4. യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. 5. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. 6. യഹൂദരുടെ ശുദ്ധീകരണകര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. 7. ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. 8. ഇനി പകര്‍ന്നു 9. കലവറക്കാരന്റെ അടുത്തു കൊണ്ടുചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു. 10. അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചുകഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. 11. യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനുപ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അദ്ഭുതം. അവന്റെ ശിഷ്യന്‍മാര്‍ അവനില്‍ വിശ്വസിച്ചു.

(വായനക്ക് ശേഷം)

സമൂ: നമ്മുടെ കർത്താവായ മിശിഹായ്ക്ക് സ്തുതി.

കാറോസൂസ

ശുശ്രൂ: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ നിന്ന്, കർത്താവേ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ എന്ന് പ്രാർത്ഥിക്കാം.

സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: കുടുംബ ജീവിതത്തെ സ്ഥാപിക്കുകയും, സന്താനങ്ങളെ നൽകുകയും, തലമുറകളെ അനുഗ്രഹിക്കുകയും ചെയ്യുന്ന കാരുണ്യവാനായ ദൈവമേ അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: ഞങ്ങളുടെ കുടുംബങ്ങളെ പരിപാലിക്കുകയും, വിശ്വാസത്തിൽ നിലനിർത്തുകയും, സ്നേഹത്തിലും ഐക്യത്തിലും ഒരുമിപ്പിക്കുകയും ചെയ്യുന്ന ദൈവമേ, അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: വിവാഹത്തിനായി ഒരുങ്ങുന്ന ഞങ്ങളുടെ യുവതി യുവാക്കന്മാരെ അനുഗ്രഹിക്കണമെന്നും അങ്ങയുടെ ഹിതമനുസരിച്ച് പങ്കാളികളെ തിരഞ്ഞെടുക്കുവാൻ അവരെ അനുഗ്രഹിക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: വിവാഹത്തിൻറെ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരെ സുരക്ഷിതരായി കാത്തുകൊള്ളണമെന്നും, ഭക്ഷണപദാർത്ഥങ്ങളും മറ്റും ക്രമീകരിക്കുന്നവരെ അനുഗ്രഹിക്കണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: വിവാഹ ദിവസത്തെ തിരുക്കർമ്മങ്ങളും അതിന്റെ എല്ലാ ക്രമീകരണങ്ങളും അനുഗ്രഹപ്രദമാക്കണമെന്നും വിവാഹം ആശീർവദിക്കുന്ന വൈദീകനെയും / പിതാവിനെയും, അതിൻറെ വിജയത്തിനായി അധ്വാനിക്കുന്നവരെയും, തിരുകർമ്മങ്ങളിൽ സംബന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കുകയും പരിപാലിക്കുകയും ചെയ്യണമെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: മിശിഹായുടെ സഭ മുഴുവന്റെയും തലവനായ ഞങ്ങളുടെ പരിശുദ്ധ പിതാവ് മാര്‍ ……. (പേര്) പാപ്പായുടെയും ഞങ്ങളുടെ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ……. (പേര്) മെത്രാപ്പോലീത്തായുടെയും ഞങ്ങളുടെ അതിരൂപതാധ്യക്ഷനായ മാര്‍ ……. (പേര്) മെത്രാപ്പോലീത്തായുടെയും ഞങ്ങളുടെ പിതാവും രൂപതാധ്യക്ഷനുമായ മാര്‍ ……. (പേര്) മെത്രാന്റെയും അവരുടെ സഹ ശുശ്രൂഷകരുടെയും ക്ഷേമത്തിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു.

സമൂ: കർത്താവേ, ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ.

ശുശ്രൂ: നമുക്കെല്ലാവർക്കും നമ്മെയും നാമോരുരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമർപ്പിക്കാം.

സമൂ: ഞങ്ങളുടെ ദൈവമായ കർത്താവേ അങ്ങേക്ക് ഞങ്ങൾ സമർപ്പിക്കുന്നു.

ശുശ്രൂ: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ.

കാർമി. ഞങ്ങളുടെ കർത്താവേ, ഞങ്ങളുടെ ദൈവമേ, ഈ സഹോദരനു / സഹോദരിക്ക് / ഇവർക്ക് വേണ്ടി ഞങ്ങൾ അർപ്പിക്കുന്ന പ്രാർത്ഥന സ്വീകരിക്കേണമേ. അങ്ങ് ഇവൻറെ / ഇവളുടെ / ഇവരുടെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവും ആയിരിക്കണമേ. കുടുംബ ജീവിതത്തിൽ ആനന്ദം കണ്ടെത്തുവാനും, അങ്ങയോടു ചേർന്ന് ജീവിക്കുവാനും, പരസ്പരം വിശ്വസ്തതയിൽ മരണം വരെ നിലനിൽക്കുവാനുള്ള കൃപ ഇവർക്ക് നൽകണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.

സമൂ: ആമ്മേൻ 

മണവാളൻ / മണവാട്ടി: ആദിയിൽ പുരുഷനും സ്ത്രീയുമായി മനുഷ്യനെ സൃഷ്ടിക്കുകയും അവർ ഒന്നായിരിക്കുവാൻ നിശ്ചയിക്കുകയും ചെയ്ത നല്ലവനായ ദൈവമേ, കുടുംബജീവിതത്തിലേക്ക് അവിടുന്ന് എന്നെ തിരഞ്ഞെടുക്കുകയും നിയോഗിക്കുകയും ചെയ്തതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങ് ആഗ്രഹിക്കുന്ന വിധത്തിൽ കുടുംബജീവിതം നയിക്കുവാനും മരണംവരെ വിശ്വസ്തനായി / വിശ്വസ്തയായി ജീവിക്കുവാനും എന്നെ സഹായിക്കണമേ.

എന്റെ ജീവിതത്തിൽ ഇതുവരെയും അങ്ങ് നൽകിയിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും നന്മകൾക്കും ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. പ്രത്യേകിച്ച് എൻറെ മാതാപിതാക്കളെ ഓർത്ത്, സഹോദരി സഹോദരങ്ങളേ ഓർത്ത്, ബന്ധുമിത്രാദികളെ ഓർത്ത്, നല്ല സുഹൃത്തുക്കളെ ഓർത്ത്, ഞാൻ അങ്ങയെ മഹത്വപ്പെടുത്തുന്നു. നാളിതുവരെയും എന്നെ വളർത്തുകയും സത്യവിശ്വാസത്തിൽ നിലനിർത്തുകയും ഇപ്പോൾ ഈ വിവാഹവേദി വരെ എത്തിക്കുകയും ചെയ്ത എൻറെ മാതാപിതാക്കളെയും പ്രിയപ്പെട്ടവരെ എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമേ. അവരിലൂടെ ലഭിച്ച നന്മകൾ എൻറെ ജീവിതത്തിൽ നിലനിർത്താൻ എന്നെ സഹായിക്കണമേ. ജീവിതപങ്കാളിയോടും അവിടുന്ന് നൽകുന്ന മക്കളോടും മരണം വരെയും വിശ്വസ്തനാരിക്കാനുള്ള / വിശ്വസ്തയായിരിക്കാനുള്ള കൃപ അവിടുന്ന് എനിക്ക് നൽകണമേ. എൻറെ കുറവുകളും, ബലഹീനതകളും, എൻറെ പരാജയങ്ങളും ഒന്നും ഞങ്ങളുടെ കുടുംബ ജീവിതത്തിന് തടസ്സമാകാതിരിക്കട്ടെ.

പരിശുദ്ധ അമ്മേ, ദൈവമാതാവേ, അങ്ങ് എനിക്ക് തുണയാകണമേ. തിരുസഭയുടെ പാലകനായ മാർ യൗസേപ്പിതാവേ, എനിക്ക് വേണ്ടി അപേക്ഷിക്കണമേ. എൻറെ പേരിനു കാരണഭൂതനയ വിശുദ്ധ…. എന്നെ സഹായിക്കേണമേ. ഇടവക മധ്യസ്ഥനായ / മധ്യസ്ഥയായ വിശുദ്ധ…. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വര എന്നേക്കും. ആമ്മേൻ.

കാർമി: ആദിയിൽ പുരുഷനും സ്ത്രീയുമായി മനുഷ്യനെ സൃഷ്ടിക്കുകയും അവരൊന്നായിരിക്കുവാൻ നിശ്ചയിക്കുകയും ചെയ്ത പിതാവായ ദൈവത്തിനു സ്തുതിയും, കുടുംബ ജീവിതത്തെ അനുഗ്രഹിക്കുന്ന പുത്രനായ ദൈവത്തിനു ആരാധനയും, തന്റെ കരുണയാൽ കുടുംബങ്ങളെ പരിപാലിക്കുന്ന പരിശുദ്ധാത്മാവായ ദൈവത്തിനു മഹത്വവും ഉണ്ടായിരിക്കട്ടെ. ദൈവം തന്റെ കൃപയാൽ ഇവരുടെ കുടുംബജീവിതത്തെ അനശ്വരമാക്കട്ടെ. മരണംവരെ വിശ്വസ്തരായിരിക്കാനുള്ള കൃപ ദൈവം ഇവർക്ക് പ്രധാനം ചെയ്യട്ടെ.

ഈ സഹോദരനെ / സഹോദരിയെ കുടുംബ ജീവിതത്തിലേക്ക് ആനയിച്ച എല്ലാവരെയും, പ്രത്യേകിച്ച് മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്ധുമിത്രാദികളെയും, സുഹൃത്തുക്കളെയും ദൈവം കരുണാപൂർവ്വം അനുഗ്രഹിക്കട്ടെ. വിവാഹത്തിന്റെ തിരുക്കർമ്മങ്ങളും അതിൻറെ ഒരുക്കങ്ങളും ഫലസമൃദ്ധമായി തീരട്ടെ. നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിൻറെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും, നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ; ഇപ്പോഴും ✝ എപ്പോഴും എന്നേക്കും.

ആമ്മേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment