✍ ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ്
സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിക്ക് അർഹമായ കുറവിലങ്ങാട് മർത്ത് മറിയം പള്ളി സവിശേഷമായ ഒരു ചരിത്രനിയോഗമാണ് ഏറ്റെടുത്തു നടപ്പിലാക്കിയിരിക്കുന്നത്.
ഏതാണ്ട് പതിനാറാം നൂറ്റാണ്ടുവരെ കുറവിലങ്ങാട് അഭംഗുരം കാത്തുപരിപാലിച്ചുപോന്ന മൂന്നുനോന്പിന്റെ ബാവൂസാകൾ ഈ വർഷം മുതൽ സുറിയാനി ഭാഷയിൽനിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത് അനുഷ്ഠിക്കുകയാണ്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശപ്രകാരം, മർത്ത്മറിയം പള്ളിയുടെ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിലാണ് ബാവൂസ രൂപപ്പെടുത്തിയിരിക്കുന്നത്. റവ. ഡോ. ജോണ് കണ്ണന്താനം, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ, ഫാ. ജോസഫ് പുത്തൂർ, ഡോ. ഫെബിൻ മൂക്കംതടത്തിൽ എന്നിവരാണ് സുറിയാനിയിൽനിന്നുള്ള വിവർത്തനം ചെയ്തിരിക്കുന്നത്. ഇതിലെ കീർത്തനങ്ങൾ രചിച്ചതും പ്രാർഥനകൾ ക്രമീകരിച്ചു ഭാഷ ചിട്ടപ്പെടുത്തിയതും ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് ആണ്.
ബാവൂസാ എന്ന സുറിയാനി വാക്കിന് യാചന, അപേക്ഷ എന്നൊക്കെയാണർഥം. പഴയനിയമത്തിൽ നിനവേ പട്ടണത്തിൽപ്പോയി പ്രസംഗിക്കാൻ ദൈവം നിയോഗിച്ച യോനാ പ്രവാചകനെയും അദ്ദേഹം മത്സ്യത്തിനുള്ളിൽ കിടന്നതിന്റെയും നിനവേനിവാസികൾ യാചനാപൂർവം ചാക്കുടുത്ത്, ചാരംപൂശി പരിഹാരംചെയ്ത് ദൈവത്തിലേക്കു തിരിഞ്ഞതിന്റെയും (യോനാ 1, 3) മൂന്നു ദിനങ്ങളെ അനുസ്മരിക്കുന്ന ഈ നോന്പ് പല പേരുകളിൽ അറിയപ്പെടുന്നു. നിനവേ നോന്പ്, മൂന്നു നോന്പ്, പതിനെട്ടാമിടം, ചെറിയ നോന്പ്, മകരം തിരുനാൾ എന്നിങ്ങനെ. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ഈ നോന്പ് ആചരിക്കപ്പെടുന്നത്. പഴയനിയമത്തിൽ അധിഷ്ഠിതമായ ഏക നോന്പാചരണമാണ് നിനവേ നോന്പെന്നതും ഇതിന്റെ പ്രത്യേകതയാണ്. മിശിഹായുടെ പെസഹാരരഹസ്യങ്ങളെ ധ്യാനിച്ചുകൊണ്ടാടുന്ന വലിയനോന്പിനു 18 ദിവസം മുൻപ് അതിന്റെ ഒരു പ്രവേശികയായി മൂന്നുനോന്പ് നിലനിൽക്കുന്നുവെന്നതും എടുത്തുപറയേണ്ടതാണ്.
എഡി 570-580 കാലഘട്ടത്തിൽ നിനവേ, ബേസ്ഗർമേ, അസോർ തുടങ്ങിയ പേർഷ്യൻ നഗരങ്ങളിലുണ്ടായ പ്ലേഗ് ബാധയിൽനിന്ന് രക്ഷനേടുന്നതിനായി പൗരസ്ത്യ സുറിയാനി സഭയിലെ വിശ്വാസികൾ തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ദൈവാലയത്തിൽ ഒന്നിച്ചുകൂടി ഉപവസിച്ചു പ്രാർഥിച്ച് പകർച്ചവ്യാധിയിൽനിന്ന് രക്ഷനേടിയത് മൂന്നുനോന്പാചരണത്തിന്റെ ചരിത്രപശ്ചാത്തലമാണ്. നന്ദിസൂചകമായി ഇനിയൊരിക്കലും പകർച്ചവ്യാധികൾ തങ്ങളുടെ ദേശങ്ങളിൽ ഉണ്ടാകാതിരിക്കാനായി എല്ലാവർഷവും പള്ളിയിൽ ഒത്തുകൂടി അവർ നോന്പ് അനുഷ്ഠിച്ചിരുന്നുവത്രേ. കാലക്രമത്തിൽ പേർഷ്യൻസഭയുമായി ബന്ധമുണ്ടായിരുന്ന കേരളസഭയിലേക്കും ഈ നോന്പാചരണം കടന്നുവന്നു.
യൂറോപ്യരുടെ ആഗമനത്തിനും ഉദയംപേരൂർ സൂനഹദോസിനും മുൻപേ മൂന്നുനോന്പ് ഇവിടെ ആചരിച്ചിരുന്നതിനു തെളിവുകളുണ്ട്. ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽപൗരസ്ത്യപാരന്പര്യങ്ങളിലെ ഈ നോന്പാചരണത്തിന്റെ പ്രസക്തിയും പൗരാണികതയും കണ്ടറിഞ്ഞ്, അതു തുടരണമെന്നു നിഷ്കർഷിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. (ഉദയംപേരൂർ സൂനഹദോസ് കാനോനകൾ, ഏഴാം മൗത്വാ, ഒന്പതാം കാനോന). പതിനാറാം നൂറ്റാണ്ടുമുതൽ കേരള സഭയ്ക്കുണ്ടായ പാശ്ചാത്യസ്വാധീനത്തിന്റെയും പ്രാദേശികവത്കരണത്തിന്റെയും പേരിൽ നഷ്ടമായ പല പുരാതന തനതുസംസ്കാരങ്ങളുടെയും ചിട്ടകളുടെയുംകൂടെ മൂന്നു നോന്പിന്റെ പ്രഭാവവും തേഞ്ഞുമാഞ്ഞുപോയി.
മൂന്നുനോന്പിന്റെ ആത്മാവ് ബാവൂസാ നമസ്കാരമാണ്. സുറിയാനിഭാഷയിൽ വിരചിതമായ സുദീർഘമായ ഗീതങ്ങളും കീർത്തനങ്ങളുമാണ് ബാവൂസായിൽ ഉപയോഗിച്ചിരുന്നത്. അനുതാപത്തിന്റെ പ്രതീകമായ കറുത്തവസ്ത്രം അണിഞ്ഞുകൊണ്ട് പുരോഹിതരും ശുശ്രൂഷികളും ഗായകസംഘവുമെല്ലാം മൂന്നുനോന്പിൽ ഈ ഭജനക്രമം അനുഷ്ഠിച്ചിരുന്നു.
പൗരസ്ത്യ പാരമ്പര്യത്തിൽ തുടരുന്ന തൃശൂരുള്ള കൽദായസുറിയാനി സഭയും മറ്റും മൂന്നുനോന്പ് സജീവമായി ആചരിക്കുന്നുണ്ട്. കടുത്തുരുത്തി, പുളിങ്കുന്ന്, കുറവിലങ്ങാട് ദേവാലയങ്ങൾ മൂന്നുനോന്പാചരണവുമായി ബന്ധപ്പെട്ടുതന്നെയാണ് പ്രസിദ്ധങ്ങളായിത്തീർന്നിട്ടുള്ളത്. എങ്കിലും ഇവിടെയൊന്നും ബാവൂസായുടെ പൂർണകർമക്രമങ്ങൾ പാലിച്ചുപോന്നിരുന്നില്ല. ബാവൂസാ ദ്നിനവായേയുടെ വീണ്ടെടുപ്പ്, അതിന്റെ ഏതാണ്ട് പൂർണരൂപത്തിലാണ് കുറവിലങ്ങാട് മർത്ത് മറിയം പള്ളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സഭയിൽ നിലവിലുണ്ടായിരുന്ന കൈയെഴുത്ത് പ്രതികൾ ക്രോഡീകരിച്ച്, പൗരസ്ത്യ സുറിയാനി സഭയുടെ മാർ തോമാ ധർമോ മെത്രാപ്പോലീത്താ അച്ചടിച്ച് പ്രസിദ്ധീകരിച്ച ഹുദ്റ (1960) അടിസ്ഥാനമാക്കിയാണ് ഈ തക്സ തയാറാക്കിയിരിക്കുന്നത്.
സാർവത്രിക സഭയുടെ വേദപാരംഗതനായ മാർ അപ്രേം, മാർ ഏബ്രഹാം മൽപാൻ, മാർ ഏലിയ, മാർ ആവാ കാസോലിക്ക, മാർ ശല്ലീത്ത, സോവയിലെ ഭക്തനായ മാർ ഏലിയ, അർബേലിലെ മാർ ഗീവർഗീസ് എന്നിവരുടെ കീർത്തനങ്ങളും പ്രാർഥനകളും വിചിന്തനങ്ങളും ബാവൂസായിൽ ഉൾച്ചേർത്തിരിക്കുന്നു. പുരാതനമായ സുറിയാനി പാരന്പര്യത്തിലെ ബാവൂസായുടെ പ്രാർഥനാഘടന നിലനിർത്തിക്കൊണ്ടുതന്നെ വായനകളും സങ്കീർത്തനങ്ങളും വിജ്ഞാപനങ്ങളും മുട്ടുകുത്തി നിലംചുംബിച്ചുകൊണ്ടുള്ള വിലാപ ശുശ്രൂഷകളും ലോകം മുഴുവനും വേണ്ടിയുള്ള മധ്യസ്ഥപ്രാർഥനകളും ഭക്തിസാന്ദ്രമായ കീർത്തനങ്ങളും അതിന്റെ ചൈതന്യത്തിന് ഒട്ടും ശോഷണം സംഭവിക്കാതെ എന്നാൽ, കാലോചിതമായി യാചനകളും വിചിന്തനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ പ്രാർഥനാശുശ്രൂഷ പുനഃക്രമീകരിച്ചിരിക്കുന്നത്. അതിലെ ഹൃദയംതൊടുന്ന പ്രാർഥനകൾ ഏവരുടെയും മിഴിനിറയ്ക്കും.
“വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ വ്യക്തിപരവും അതേസമയം സാമൂഹികവുമാണ്. സഭയാണ് വിശ്വാസത്തിന്റെ പ്രാഥമിക കർത്തൃത്വം വഹിക്കുന്നത്.” (വിശ്വാസത്തിന്റെ കവാടം ന. 10) നോന്പും ഉപവാസവുമെല്ലാം ആചാരാനുഷ്ഠാനങ്ങളിൽപ്പെടുന്നു. എന്നാൽ, കാലത്തിന്റെ ഗതിയിൽ ആചാരങ്ങൾ ആഘോഷമായും അവയിൽതന്നെ അവയുടെ ആത്മീയത നഷ്ടപ്പെടുത്തിയും പ്രകടനങ്ങളായിപ്പോകുന്നുവെന്നുള്ളതാണ് വസ്തുത. മൂന്നുനോന്പ് ഒരു അനുഷ്ഠാനമാണ്. ആഘോഷങ്ങളേക്കാൾ, ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും ദൈവത്തെ പ്രസാദിപ്പിക്കാൻ മനുഷ്യൻ നടത്തുന്ന ആത്മനവീകരണ യജ്ഞമാണത്.
ആധുനികമനുഷ്യന്റെ അമിതാസ്വസ്ഥകളുടെയും അതിവൈകാരികതയുടെയും ഇടയിൽ ബാവൂസാ ഒരു ശാന്തിനികേതനമായിരിക്കുമെന്നതിനു സംശയമില്ല. സഹിത ഭാവങ്ങൾ അറ്റുപോകുന്ന ഇക്കാലത്ത് ദൈവവിചാരത്തിന്റെയും സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും ഒരുമിച്ചു പ്രാർഥിക്കലിന്റെയും പങ്കുവയ്ക്കലിന്റെയും ഒരുമിച്ചു ഭക്ഷിക്കുന്നതിന്റെയും സ്നേഹഭാവങ്ങൾ ബാവൂസായിൽ വീണ്ടെടുക്കപ്പെടുന്നു എന്നുള്ളത് അതിന്റെ സാമൂഹികപ്രസക്തി വർധിപ്പിക്കുന്നു. മതസൗഹാർദത്തിന്റെയും നാട്ടുസവിശേഷതകളുടെയും ധാരാളം ഘടകങ്ങൾ ഇതിലുണ്ട് എന്നുള്ളതും എടുത്തുപറയേണ്ടതാണ്. നഷ്ടപ്പെട്ട നന്മകളെ വീണ്ടെടുക്കുന്ന വ്യക്തിയും സമൂഹവും നാടിനും ലോകത്തിനു മുഴുവനും നൽകുന്ന ശാന്തിയുടെയും നന്മയുടെയും ഭാവങ്ങൾ എന്നും പ്രസക്തവും പ്രസാദകരവുമാണ്. അതിനാൽ, പൂർണമനസോടും സ്നേഹസഹകരണത്തോടുംകൂടെ നമുക്ക് ഈ ജീവന്റെ ഉറവിൽനിന്ന് ആവോളം പാനംചെയ്യാം.
Source: https://www.deepika.com/


Leave a comment