മൊഴിമാറ്റം ചെയ്ത് വീണ്ടെടുത്ത മൂന്നുനോമ്പിൻ്റെ നമസ്കാര ക്രമമായ ബാവൂസായുടെ മൗത്വാകളിലൂടെ ഒരു യാത്ര
പൗരസ്ത്യ സുറിയാനി സഭ ഏറ്റവും വിലമതിക്കുന്ന സമ്പത്ത് അവളുടെ ആരാധനക്രമം തന്നെയാണ്. ഒരു സഭയുടെ വിശ്വാസവും ദൈവശാസ്ത്രവും മനസ്സിലാക്കാൻ ആ സഭയുടെ ആരാധനക്രമം തന്നെയാണ് ഏറ്റവും നല്ല ഉപാധി. “വിശ്വസിക്കുന്നതാണ് ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്നത്”. പൗരസ്ത്യ സുറിയാനി സഭയുടെ ദൈവശാസ്ത്രം ഏറ്റവും തെളിമയോടെയും സംശുദ്ധമായും വായിച്ചെടുക്കാൻ കഴിയുന്ന സ്ഥലം നമ്മുടെ നമസ്കാര തക്സാകൾ തന്നെയാണ്. ആദിമ നൂറ്റാണ്ടുകളിൽ സഭയിലുണ്ടായിരുന്ന മല്പാന്മാരും ദയറാക്കാരും മെത്രാന്മാരും പഠിപ്പിച്ചതും എഴുതി സമ്പന്നമാക്കിയതുമാണ് നമ്മുടെ ആരാധനക്രമം. അതിൽത്തന്നെ ഏറ്റവും ശ്രേഷ്ഠമായ ഒന്നും, ഏറ്റവും ദൈർഘ്യമേറിയ ക്രമവും (1960ൽ പ്രസിദ്ധീകരിച്ച മാർ തോമാ ദറ്മോയുടെ ഹുദ്റാ, ഒന്നാം വാല്യം പേജ്: 260-468, 1886ൽ പ്രസിദ്ധീകരിച്ച പോൾ ബെഡ്ജാൻ്റെ ഹുദ്റാ, ഒന്നാം വാല്യം പേജ്: 162-240) ബാവൂസായുടെ തക്സാ ആയിരിക്കും.
മാർ തോമാ ദറ്മോയുടെ ഹുദ്റായുടെ പേജ് 260ൽ പറയുന്നത് പ്രകാരം തക്സായുടെ പേര് “തക്സാ ദ്ബാവൂസാ ദ്നിന്വായാ” എന്നാണ്. ഇത് ഒരു UPPER MONASTERY ക്രമമാണ് എന്നും അവിടെ പറയുന്നുണ്ട്.
നസ്രാണി സഭയിൽ ആദിമകാലം മുതൽ നിലവിലുണ്ടായിരുന്നു എങ്കിലും മറ്റു ക്രമങ്ങളുടെ കാര്യത്തിലെന്ന പോലെ ബാവൂസായുടെ ക്രമങ്ങളും നമ്മുടെ സഭയിൽ മലയാളത്തിൽ ലഭ്യമായിരുന്നില്ല, മൂലഭാഷയായ സുറിയാനിയിൽ ആയിരുന്നു നമ്മുടെ പൂർവികർ ഉപയോഗിച്ചത്. പുളിങ്കുന്ന് പള്ളിയിൽ ഉപയോഗത്തിലിരുന്ന മൂന്നുനോമ്പ് നമസ്കാരങ്ങളുടെ ഒരു തക്സായിൽ, അത്തരമൊരു പുരാതന തക്സാ കടുത്തുരുത്തിയിലും ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്. കടുത്തുരുത്തിയിലെ തക്സായെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല എങ്കിലും ആ തക്സായെയും പുളിങ്കുന്ന് പള്ളിയിൽ അന്ന് ഉണ്ടായിരുന്ന പഴയ തക്സായെയും കൽദായ കത്തോലിക്കാ സഭയിലെ പൗലോസ് ബെഡ്ജാൻ കശീശാ ക്രോഡീകരിച്ച ഹുദ്റായെയും അടിസ്ഥാനമാക്കിയാണ് 1927 സെപ്റ്റംബർ 28 ന് കോട്ടയം രൂപതയുടെ മാർ അലക്സാണ്ടർ ചൂളപ്പറമ്പിൽ മെത്രാൻ്റെ അനുമതിയോടെ പുളിങ്കുന്ന് പള്ളിയിൽ നിന്നും പുതിയ തക്സാ അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ലത്തീൻ സഭയിൽ ഇത്ര വിപുലമായ മൂന്നുനോമ്പ് ആചരണം ഇല്ലാത്തതിനാൽ കടുത്തുരുത്തിയിൽ ഉണ്ടായിരുന്ന തക്സായും സുറിയാനി സ്രോതസ്സിൽ നിന്നും തയ്യാറാക്കിയതാകാനേ തരമുള്ളൂ.
പുളിങ്കുന്ന് പള്ളിയിലെ നമസ്കാര പുസ്തകം ശുഷ്കമാണ്. അതിൽ വളരെ കുറച്ച് പ്രാർത്ഥനകൾ മാത്രമേ കാണുവാനുള്ളൂ.
കടുത്തുരുത്തി, പുളിങ്കുന്ന് എന്നീ പള്ളികളിൽ ഉണ്ടായിരുന്നതിനേക്കാൾ വളരെ വിപുലമായി പുരാതന കാലം മുതൽ മൂന്നുനോമ്പ് ആചരിച്ചുപോന്ന കുറവിലങ്ങാട് പള്ളിയിലും സുറിയാനിയിലുള്ള ഒരു തക്സാ ഉണ്ടായിരുന്നു എന്ന് ന്യായമായും അനുമാനിക്കാം, പക്ഷേ നമുക്ക് അതിനുള്ള തെളിവുകൾ ഒന്നും നാളിതുവരെ ലഭ്യമായിട്ടില്ല.
ബാവൂസായുടെ ക്രമങ്ങൾ നമ്മുടെ സഭയിൽ മലയാളത്തിൽ ലഭ്യമായിരുന്നില്ല എന്ന് ആദ്യമേ സൂചിപ്പിച്ചുവല്ലോ. ഏറ്റവും പുരാതന ശ്ലൈഹിക സഭ എന്ന നിലയ്ക്കും മൂന്നുനോമ്പ് ആചരണം ഉത്ഭവിച്ച സഭ എന്ന നിലയ്ക്കും ലോകത്തിലെ ഏറ്റവും വലിയ സുറിയാനി സഭ എന്ന നിലയ്ക്കും ഈ പ്രാർത്ഥനകൾ സംരക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക നമ്മുടെ കർത്തവ്യമാണ്. നമ്മുടെ സഭയിലും മുൻപ് ഉണ്ടായിരുന്നത് പോലെ, പ്രാർത്ഥനകളുടെ ചൈതന്യവും തനിമയും ഒട്ടും ചോരാതെ അവ തിരികെ കൊണ്ടുവരുക എന്നത് അനേകരുടെ ആഗ്രഹമായിരുന്നു. ഇതിനായി ആദ്യം അധ്വാനിച്ചത് തെള്ളിയിൽ മാർ മാണി മല്പാനായിരുന്നു. പൗലോസ് ബഡ്ജാൻ കശീശാ ക്രോഡീകരിച്ച ഹുദ്റാ അടിസ്ഥാനമാക്കി അദ്ദേഹം ഒരു തർജ്ജിമ തയ്യാറാക്കിയിരുന്നു, പക്ഷേ അത് പൂർണ്ണ രൂപത്തിൽ ആയില്ല, അതിനുമുമ്പേ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. പിന്നീട് പലപ്പോഴായി പല ശ്രമങ്ങൾ നടന്നു എങ്കിലും ഒന്നും പൂർണതയിൽ എത്തിയില്ല. ഹെന്ദോ അക്കാദമിയുടെ നേതൃത്വത്തിൽ ഫാ. മാത്യു പുല്ലുകാലായിൽ, ശ്രീ ജോസുകുട്ടി എബ്രഹാം, ഡോ. റിതിൻ വർഗീസ് ചിലമ്പുട്ടുശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ പുളിങ്കുന്ന് പള്ളിയിൽ ഉപയോഗത്തിലിരുന്ന 1927ലെ തക്സാ പൂർണ്ണമായും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു.
ഇതിനൊക്കെ ഒരു പൂർണത എന്നപോലെ, സഭയിൽ നിലവിലുണ്ടായിരുന്ന കയ്യെഴുത്ത് പ്രതികൾ ക്രോഡീകരിച്ച്, പൗരസ്ത്യ സുറിയാനി സഭയുടെ മാർ തോമാ ദറ്മോ മെത്രാപ്പോലീത്താ അച്ചടിച്ച് പ്രസിദ്ധീകരിച്ച (1960) ഹുദ്റാ അടിസ്ഥാനമാക്കിയാണ് ഈ തക്സാ തയ്യാറാക്കിയിരിക്കുന്നത്. സുറിയാനി സ്രോതസ്സുകളോട് പരമാവധി വിശ്വസ്തത പുലർത്തി, സുറിയാനി വാക്കുകളും ശൈലികളും അതേപടി നിലനിർത്തിയാണ് ഈ ക്രമം ഇപ്പോൾ സഭയിലെ ഉപയോഗത്തിന് സമർപ്പിക്കുന്നത്. കുറവിലങ്ങാട് പള്ളി ആർച്ച്പ്രീസ്റ്റ് ഫാ. തോമസ് മേനാച്ചേരി അച്ചൻ്റെ നേതൃത്വത്തിലുള്ള വൈദികരുടെയും അല്മായരുടെയും ഒരു ടീമാണ് ഈ തക്സാ തയ്യാറായിരിക്കുന്നത്.
ബാവൂസായുടെ പ്രാർത്ഥനകളുടെ സത്ത് എന്ന് പറയുന്നത് മാർ അപ്രേമിൻ്റെ ഒരു ഊനായാ (പ്രത്യുത്തരപ്രാർത്ഥന)യാണ്.
അത് ഇപ്രകാരമാണ്:
“മാറൻ എസ്രാഹം അലൈൻ
മാറൻ കമ്പെൽ ബാവൂസൻ
മാറൻ എസ്രാ ല്‌അവ്ദയ്ക്ക്”
“കർത്താവേ, ഞങ്ങളോട് കരുണ ഉണ്ടാകണമേ;
കർത്താവേ ഞങ്ങളുടെ ബാവൂസാ (യാചന) കൈക്കൊള്ളണമേ;
കർത്താവേ, നിൻ്റെ ദാസരോട് കരുണ ഉണ്ടാകണമേ” എന്നാണ് ഈ പ്രാർത്ഥനയുടെ അർത്ഥം. പല സ്ഥലങ്ങളിലായി അനേകതവണ ഈ പ്രാർത്ഥന ആവർത്തിക്കുന്നു, ഓരോ തവണയും മുട്ടുകുത്തി സാഷ്ടാംഗ പ്രണാമം ചെയ്യുകയും ചെയ്യുന്നു.
സാഷ്ടാംഗ പ്രണാമങ്ങൾ ബാവൂസായുടെ ക്രമത്തിൽ ഉടനീളം കാണാൻ കഴിയും.
പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തിൻ്റെ പൊതുഘടനകളിൽ നിന്നും വ്യത്യസ്തമാണ് ബാവൂസായുടേത്. ഒരു ഘട്ടത്തിലും വൈദികൻ പരിശുദ്ധ മദ്‌ബഹായെ സമീപിക്കുന്നില്ല. പ്രാർത്ഥനകൾ മുഴുവനായും ജനമധ്യത്തിൽ, വചനവേദിയിലെ ബേമായിൽ ആണ്. ബുധനാഴ്ച മാത്രമാണ് മൗത്വായുടെ അവസാനഭാഗത്ത് മദ്ബഹായുടെ കവാടത്തിങ്കൽ നിന്നുകൊണ്ട് കുറച്ച് പ്രാർത്ഥനകൾ ഉള്ളത്.
യൗനാൻ നിവ്യായുടെ വാക്കുകേട്ട് നിനവേയിലെ രാജാവും ജനങ്ങളും വേർതിരിവില്ലാതെ ചാക്കുടുത്ത് ചാരംപൂശി ഉപവസിച്ച് പ്രാർത്ഥിച്ചു. ഇതിൻ്റെ ആവർത്തനമായി വൈദികൻ വിശ്വാസികളുടെ മധ്യത്തിൽ വചനവേദിയിൽ തന്നെയാണ് പ്രാർത്ഥനകൾ നടത്തുന്നത്. അതുപോലെ തന്നെ പ്രാർഥനകൾക്ക് വൈദികൻ ധരിക്കുന്ന കറുത്ത പുറംകുപ്പായമായ ലെബൂശായും അനുതാപത്തെ സൂചിപ്പിക്കുന്നു.
മാർ അപ്രേം, മാർ ഏലിയാ, മാർ ശല്ലീത്താ, മാർ ആവാ, മാർ അബ്രാഹം തുടങ്ങി പല മല്പാന്മാരും രചിച്ച പ്രാർത്ഥനകളാണ് ബാവൂസായിൽ അധികവും. ഇതിൽത്തന്നെ ഏറ്റവുമധികം പ്രാർത്ഥനകൾ രചിച്ചത് മാർ അപ്രേം മല്പാനാണ്.
ബാവൂസാ പ്രാർത്ഥനകളുടെ പൊതുഘടന.
രാത്രി ലെലിയായോടെ ആരംഭിക്കുന്ന വിധത്തിലാണ് ഓരോ ദിവസത്തെയും പ്രാർത്ഥനകൾ ക്രമപ്പെടുത്തിതിരിക്കുന്നത്. സങ്കീർത്തനങ്ങളും യാചനകളും ഒക്കെയായി പിറ്റേന്ന് റംശാ വരെ ഇത് നീളുന്നു. തുടർന്ന് പരിശുദ്ധ കുർബാന അർപ്പിച്ച ശേഷം ആ ദിവസത്തെ നോമ്പ് അവസാനിപ്പിച്ച് പിറ്റേന്നത്തെ ക്രമങ്ങൾ ആരംഭിക്കുന്നു.
ബാവൂസാ ആദ്യ ദിവസം അത്യന്തം സങ്കടത്തോടും ദൈന്യതയോടും അനുതാപത്തോടും കൂടെ വിലാപസ്വരത്തിൽ ആരംഭിക്കുകയും ബുധനാഴ്ചയാകുമ്പോൾ ദൈവം തങ്ങളുടെ യാചന കൈക്കൊണ്ട് കരുണ കാണിച്ചു എന്ന വിശ്വാസത്തോടെ, സന്തോഷത്തോടും കൃതജ്ഞതയോടും ആത്മവിശ്വാസത്തോടും കൂടിയുള്ള നന്ദിപ്രകടനമായി മാറുകയും ചെയ്യുന്നു.
ഒരു ദിവസത്തെ പ്രാർത്ഥനകൾ രണ്ട് “മൗത്വാ”കളായി തിരിച്ചിരിക്കുന്നു. മൗത്വാ എന്നതിന് സമ്മേളനം, ഇരുന്നുകൊണ്ടുള്ള പ്രാർത്ഥന അഥവാ sitting/ session എന്നാണ് അർത്ഥം. പ്രാർത്ഥനയുടെ ഭാഗം അല്ലെങ്കിൽ പ്രാർത്ഥനായോഗം എന്നും വ്യാഖ്യാനിക്കാം. തിങ്കൾ ഒന്നാം മൗത്വാ, തിങ്കൾ രണ്ടാം മൗത്വാ, ചൊവ്വാ ഒന്നാം മൗത്വാ, ചൊവ്വാ രണ്ടാം മൗത്വാ, ബുധൻ ഒന്നാം മൗത്വാ, ബുധൻ രണ്ടാം മൗത്വാ എന്നിങ്ങനെ ആറ് മൗത്വാകളാണ് ആകെയുള്ളത്. എല്ലാ മൗത്വാകൾക്കും ഏറെക്കുറെ പൊതുവായ ഒരു ഘടനയാണുള്ളത്.
അവ താഴെ പറയുന്ന വിധമാണ്:
- യാമ ശുശ്രൂഷകൾക്ക് പതിവുള്ളതുപോലെ പരസ്പരം സമാധാനം ആശംസിച്ച്, മാലാകാമാരുടെ കീർത്തനം, സ്വർഗ്ഗസ്ഥനായ പിതാവേ… എന്നിവ ചൊല്ലി അതാത് നേരത്തെ മൗത്വാ ആരംഭിക്കുന്നു.
- സ്ലോസാ
സ്ലോസാ എന്ന വാക്കിന് പ്രാർത്ഥന എന്നാണ് അർഥം. ഇത് വൈദികൻ ചൊല്ലുന്ന പ്രാർഥനയാണ്. - ഓനീസാ
ഗീതങ്ങൾക്ക് പൊതുവായി പറയുന്ന സുറിയാനി വാക്കണ് ഓനീസാ. - മസ്മോറാ
സങ്കീർത്തനങ്ങൾ മസ്മോറാ എന്നാണ് വിളിക്കപ്പെടുന്നത്. ബാവൂസാ മസ്മോറാകളാൽ സമ്പന്നമാണ്. അനുതാപസങ്കീർത്തനങ്ങളാണ് കൂടുതലായും ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. - മാർ അപ്രേമിൻ്റെ ഊനായാ
ബാവൂസായുടെ പ്രാർത്ഥനകളുടെ സത്ത് എന്ന് പറയുന്നത് മാർ അപ്രേമിൻ്റെ ഊനായാ (പ്രത്യുത്തരപ്രാർത്ഥന) യാണ്.
അത് ഇപ്രകാരമാണ്:
മാറൻ എസ്രാഹം അലൈൻ
മാറൻ കമ്പെൽ ബാവൂസൻ
മാറൻ എസ്രാ ല്‌അവ്ദയ്ക്ക്
“കർത്താവേ, ഞങ്ങളോട് കരുണ ഉണ്ടാകണമേ;
കർത്താവേ ഞങ്ങളുടെ ബാവൂസാ (യാചന) കൈക്കൊള്ളണമേ;
കർത്താവേ, നിൻ്റെ ദാസരോട് കരുണ ഉണ്ടാകണമേ” എന്നാണ് ഈ പ്രാർത്ഥനയുടെ അർത്ഥം. പല സ്ഥലങ്ങളിലായി അനേകതവണ ഈ പ്രാർത്ഥന ആവർത്തിക്കുന്നു, ഓരോ തവണയും മുട്ടുകുത്തി സാഷ്ടാംഗ പ്രണാമം ചെയ്യുകയും ചെയ്യുന്നു.
- സ്ലോസാ
വൈദികൻ ചൊല്ലുന്ന രണ്ടാമത്തെ പ്രാർത്ഥന ഇവിടെ നൽകിയിരിക്കുന്നു. - തെശ്ബോഹ്ത്താ, മാർ അപ്രേമിൻ്റെ ഊനായാ
തെശ്ബോഹ്ത്താ എന്നാൽ സ്തുതി എന്നർത്ഥം. ഇവ സ്തുതിഗീതങ്ങളാണ്.
തിങ്കളാഴ്ച ഒന്നാം മൗത്വായിലെ തെശ്ബോഹ്ത്തായുടെ രചയിതാവ് മാർ അബ്രാഹം മല്പാനാണ്. ചൊവ്വാ ഒന്നാം മൗത്വായുടെ രചയിതാവ് മഹാനായ മാർ ആവാ കസോലിക്കായും. ബാക്കി ഉള്ളവയുടെ രചയിതാക്കളെക്കുറിച്ച് വിവരണങ്ങൾ ഹുദ്റായിൽ നൽകിയിട്ടില്ല. ഇതിന് പിന്നാലെ വീണ്ടും മാർ അപ്രേമിൻ്റെ ഊനായാ സാഷ്ടാംഗ പ്രണാമത്തോടെ ആവർത്തിക്കുന്നു. - കാറോസൂസാ, മാർ അപ്രേമിൻ്റെ ഊനായാ
പൗരസ്ത്യ സുറിയാനി ആരാധന ക്രമത്തിൽ പതിവുള്ളതുപോലെ നിരവധി കാറോസൂസാകൾ ഈ നമസ്കാരത്തിലും ഉണ്ട്. ഒന്നാം ദിവസം പഴയനിയമ നിവ്യാമാരുടെ ജീവിതത്തെയും അവരുടെ പ്രാർത്ഥനകളെയും ആസ്പദമാക്കിയും ആലാഹായുടെ ആലാഹത്വത്തെ സ്തുതിച്ചുകൊണ്ടും ഉള്ള കാറോസൂസാകളാണ് മുഖ്യമായും ഉള്ളത്. പിന്നീട് പൊതുവായ യാചനകൾ, ലോകത്തിലുള്ള സകലർക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ, കൃഷിക്കും നല്ല കാലാവസ്ഥയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനകൾ എന്നിങ്ങനെ കാറോസൂസാകളുടെ നീണ്ടനിര തന്നെയുണ്ട്. അവസാന ദിവസം മുഖ്യമായും കരുണയ്ക്ക് വേണ്ടിയുള്ള യാചനകളാണ് ഉള്ളത്.
ഓരോ മൗത്വായിലും കാറോസൂസായുടെ അവസാന ഭാഗത്ത് പ്രാർത്ഥനകളുടെ ശൈലി മാറുന്നു. ഇതിന് ‘ശ്ഹ്ലപ്’എന്ന് പറയുന്നു. യാചനകളിൽ നിന്ന് സ്തുതിപ്പിലേക്ക് പ്രാർത്ഥനയുടെ സ്വഭാവം ഇവിടെ മാറുന്നത് നമുക്ക് കാണാം. കാറോസൂസായുടെ അന്ത്യത്തിൽ മാർ അപ്രേമിൻ്റെ ഊനായാ സാഷ്ടാംഗ പ്രണാമത്തോടെ ആവർത്തിക്കുന്നു. - സ്ലോസാ, ഹ്വാർത്താ, മാർ അപ്രേമിൻ്റെ ഊനായാ
വൈദികൻ ചൊല്ലുന്ന മൂന്നാമത്തെ പ്രാർത്ഥന ഇവിടെ നൽകിയിരിക്കുന്നു. മൂന്നാമത്തെ ഈ സ്ലോസായുടെ രചയിതാക്കൾ ആരൊക്കെയാണ് എന്ന് അവ ഓരോന്നിൻ്റെയും തുടക്കത്തിൽ ഹുദ്റയിൽ നൽകിയിട്ടുണ്ട്. അവ ഇപ്രകാരമാണ്:
തിങ്കൾ ഒന്നാം മൗത്വാ, രണ്ടാം മൗത്വാ – മാർ ഏലിയാ,
ചൊവ്വാ ഒന്നാം മൗത്വാ – മാർ ശല്ലീത്താ,
ചൊവ്വാ രണ്ടാം മൗത്വാ – നിസ്സിബിസിലെ മാർ ഏലിയാ,
ബുധൻ ഒന്നാം മൗത്വാ – മാർ ഏലിയാ,
ബുധൻ രണ്ടാം മൗത്വാ – സോവായിലെ ‘ഭക്തനായ’ മാർ ഏലിയാ.
ഹ്വാർത്താ എന്നാൽ “സഹ-സ്ലോസാ”. സ്ലോസായുടെ കൂടെ ചേർത്ത് ചൊല്ലുന്ന പ്രാർത്ഥനയാണിത്. ചൊവ്വാ ഒന്നാം മൗത്വായിലെ ഹ്വാർത്താ രചിച്ചിരിക്കുന്നത് അർബേലിലെ മാർ ഗീവർഗീസാണ്. ബുധനാഴ്ച രണ്ടാം മൗത്വാ നിസ്സിബിസിലെ മാർ ഏലിയായും. - കെറിയാനാകൾ
കെറിയാനാ എന്നാൽ വായനകൾ എന്നർത്ഥം.
വിശുദ്ധ ഗ്രന്ഥത്തിലെ വിവിധ സംഭവങ്ങളെ അടിസ്ഥാനമാക്കി വിശ്വാസികൾക്ക് നൽകുന്ന ഉപദേശങ്ങളാണ് ഇവ. ഇവയുടെ രചയിതാവ് മാർ അപ്രേം മല്പാനാണ്. പഴയ നിയമത്തിലെ വ്യക്തികളെയും സംഭവങ്ങളെയും വളരെ ലളിതമായി, വിശ്വാസികളായ ഏവർക്കും മനസ്സിലാകുന്ന വിധത്തിൽ വ്യാഖ്യാനിച്ച് നൽകുന്നവയാണ് ഓരോ കെറിയാനായും. ബുധനാഴ്ച ഒന്നാം മൗത്വാ ഒഴികെ ബാക്കി എല്ലാ മൗത്വാകൾക്കും രണ്ട് കെറിയാനാകളാണ് ഉള്ളത്. ബുധനാഴ്ച ഒന്നാം മൗത്വായിൽ അഞ്ച് കെറിയാനാകളും. ഇരുന്നുകൊണ്ടാണ് എല്ലാവരും ഇവ ശ്രവിക്കുന്നത്. വിശുദ്ധ ഗ്രന്ഥം എല്ലാവർക്കും ലഭ്യമല്ലാതിരുന്ന കാലത്ത് വിശ്വാസികൾക്ക് വിശുദ്ധ ഗ്രന്ഥം കഥാരൂപേണ വ്യാഖ്യാനിച്ച് നൽകുകയും, ഓരോ സംഭവങ്ങളുടെയും അവസാനത്തിൽ അവയുടെ സാരാംശം വിശദീകരിച്ച് നൽകുകയും ചെയ്യുക എന്നതായിരുന്നു കെറിയാനാകളുടെ ദൗത്യം.
കെറിയാനാകളുടെ പ്രതിപാദ്യ വിഷയങ്ങൾ താഴെ പറയുന്ന വിധമാണ്:
തിങ്കൾ ഒന്നാം മൗത്വാ, ഒന്നാം കെറിയാനാ: ആഖാൻ, ശെംശോൻ (സാംസൺ)
തിങ്കൾ ഒന്നാം മൗത്വാ, രണ്ടാം കെറിയാനാ: ദാനിയേൽ, ഗെഹസ്സി, നോഹ
തിങ്കൾ രണ്ടാം മൗത്വാ, ഒന്നാം കെറിയാനാ: ഹെസെക്കിയാ, പെറ്ഓൻ (ഫറവോ), ഇസ്രായേൽ – ചെങ്കടൽ സംഭവങ്ങൾ
തിങ്കൾ രണ്ടാം മൗത്വാ, രണ്ടാം കെറിയാനാ: മാർ എസ്തപ്പാനോസ്, ആദാം, മുന്തിരിത്തോട്ടത്തിൻ്റെ ഉപമ, ശാവോലിൻ്റെ മാനസാന്തരം
ചൊവ്വാ ഒന്നും രണ്ടും മൗത്വാകളിലെ ഒന്നും രണ്ടും കെറിയാനാകൾ നിനവേവാസികൾ, യൗനാൻ എന്നിവരെ ചുറ്റിപ്പറ്റിയാണ്.
ബുധനാഴ്ച ഒന്നാം മൗത്വായിൽ അഞ്ച് കെറിയാനാകളുണ്ട്. ഇവയും നിനവേവാസികൾ, യൗനാൻ എന്നിവരെ അടിസ്ഥാനമാക്കിയാണ്.
ബുധനാഴ്ച രണ്ടാം മൗത്വായിൽ രണ്ട് കെറിയാനാകളുണ്ട്. ഒന്നാമത്തേത് യൗനാൻ്റെ വാക്കുകേട്ട് മനസ്സുതിരിഞ്ഞ് രക്ഷപ്രാപിച്ച നിനവേക്കാരുടെ സന്തോഷം വിവരിക്കുന്നു. ബുധനാഴ്ച രണ്ടാം മൗത്വായുടെ രണ്ടാം കെറിയാനാ പഴയനിയമ നിവ്യാമാരുടെ കഥകളിലൂടെ ഉപവാസം, പ്രാർത്ഥന, മനസ്താപം എന്നിവയുടെ പ്രാധാന്യം വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു.
ആദ്യ ദിവസത്തെ കെറിയാനാകൾ ദയനീയമായ യാചനകൾ ആണെങ്കിൽ മൂന്നാം ദിവസം ആകുമ്പോഴേക്കും അത് പ്രത്യാശയുടെയും സന്തോഷത്തിൻ്റെയും പ്രകാശനങ്ങളാകുന്നു. - മദ്റാശാ
മദ്റാശാ എന്നത് പ്രബോധന ഗാനമാണ്. ഒന്നാം കെറിയാനായ്ക്കും രണ്ടാം കെറിയാനായ്ക്കും ഇടയിൽ വിശ്വാസികൾക്ക് ഗാനരൂപത്തിൽ നൽകുന്ന പ്രബോധനങ്ങളാണ് ഇവ. മുട്ടിന്മേൽ നിന്നുകൊണ്ടാണ് ഇത് ആലപിക്കുന്നത്. ബുധനാഴ്ച മാത്രം രണ്ടാം മൗത്വായിൽ ഈ ഭാഗം മദ്ബഹായുടെ കവാടത്തിൽ നിന്നുകൊണ്ടാണ് വൈദികൻ ചൊല്ലുന്നത്. - ബൂർക്കാസാ, മാർ അപ്രേമിൻ്റെ ഊനായാ
ബൂർക്കാസാ എന്നാൽ ആശീർവാദങ്ങൾ.
വിവിധ ജീവിതാന്തസുകളിൽ പെട്ടവർക്കും, പ്രപഞ്ചത്തിലെ ഓരോ കാര്യങ്ങൾക്കും ഉള്ള ആശീർവാദ പ്രാർത്ഥനകളാണ് ഇവ. ഈരണ്ട് പ്രാർത്ഥനകൾ വീതമാണ് ഓരോ ആശീർവാദവും. ആദ്യത്തേതിന് ജനങ്ങൾ മുട്ടുകുത്തി “ഏൻ മാർയാ” (അതേ കർത്താവേ) എന്ന് പ്രത്യുത്തരിച്ച് മുട്ടുകുത്തി സാഷ്ടാംഗ പ്രണാമം ചെയ്യുകയും രണ്ടാമത്തേത് ചൊല്ലി കഴിയുമ്പോൾ ആമേൻ എന്ന് പ്രത്യുത്തരിച്ച് എഴുന്നേറ്റ് നിൽക്കുകയും ചെയ്യുന്നു. ബൂർക്കാസാ മുഴുവനും ഇത് ആവർത്തിക്കുന്നു. അവസാനം മാർ അപ്രേമിൻ്റെ ഊനായാ സാഷ്ടാംഗ പ്രണാമത്തോടെ ആവർത്തിക്കുന്നു. - ഹൂത്താമ്മാ
ഓരോ മൗത്വായുടെയും അന്ത്യത്തിൽ മദ്ബഹായുടെ കവാടത്തിൽ നിന്നുകൊണ്ട് വൈദികൻ തൻ്റെ കൈസ്ലീവാ ഉപയോഗിച്ച് വിശ്വാസികളെ റൂശ്മ ചെയ്യുന്നു. - പരസ്പരം സമാധാനം ആശംസിച്ച് മൗത്വാ അവസാനിക്കുന്നു.
മൂന്നുനോമ്പിൻ്റെ ഏറ്റവും പ്രധാന ദിനം വ്യാഴാഴ്ചയാണ്. അന്നേദിവസം എല്ലാവരും ചേർന്ന്, ദൈവം തങ്ങളുടെ ബാവൂസാ സ്വീകരിച്ചതിനുള്ള നന്ദിപ്രകാശനമായി പരിശുദ്ധ കുർബാന അർപ്പിക്കുന്നു. നന്ദിപ്രകാശനം എന്നർത്ഥമുള്ള “കുമ്പാൽ തയ്ബൂസാ ദ്ബാവൂസാ” എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്.
✍ ഡോ. ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ


Leave a comment