സാൻ ഡാമിയാനോ കുരിശും അതു നൽകുന്ന പാഠങ്ങളും
സാൻ ഡാമിയാനോ കുരിശ് ഇറ്റലിയിലെ അസ്സീസിക്ക് സമീപമുള്ള സാൻ ഡാമിയാനോ എന്ന തകർന്നുകിടന്ന പള്ളിയിൽ തൂങ്ങിയിരുന്ന ഒരു വലിയ കുരിശുരൂപമാണ്. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുമായി ബന്ധപ്പെട്ട ഒരു ദൈവാനുഭവം കൊണ്ടാണ് ഈ കുരിശ് സഭാചരിത്രത്തിൽ അതീവ സ്ഥാനം നേടിയത്. തന്റെ ഇരുപതുകളുടെ ആരംഭത്തിൽ ജീവിതത്തിന്റെ ദിശ അന്വേഷിച്ചുകൊണ്ടിരുന്ന ഫ്രാൻസിസ് ഈ കുരിശിനു മുമ്പിൽ പ്രാർത്ഥിച്ചിരിക്കുമ്പോൾ : “എന്റെ പള്ളിയെ പുനർനിർമ്മിക്കു.” എന്ന ദൈവിക സ്വരം കേട്ടു. ആദ്യം ഫ്രാൻസീസ് ഇതിനെ സാൻ ഡാമിയാനോ പള്ളി പുനർനിർമിക്കാനുള്ള വിളിയായി മനസ്സിലാക്കി. എന്നാൽ പിന്നീട്, വിശ്വാസം, ദാരിദ്ര്യം, സ്നേഹം എന്നിവയിലൂടെ മുഴുവൻ സഭയെയും പുതുക്കാനുള്ള ദൈവവിളിയാണിതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
ഈ നിർണായക ദൈവാനുഭവം കൊണ്ടാണ് സാൻ ഡാമിയാനോ കുരിശിനു ഫ്രാൻസിസ്കൻ പാരമ്പര്യത്തിൽ കേന്ദ്രസ്ഥാനം കിട്ടിയത്. ഫ്രാൻസിസ്കൻമാർക്ക് ഇത് ഒരു വിശുദ്ധചിഹ്നം മാത്രമല്ല, മറിച്ച് ക്രിസ്തുവിന്റെ രക്ഷാശക്തിയിലൂടെ സഭയെ പുതുക്കാനും പുനർനിർമിക്കാനും സ്വന്തം ജീവിതവും താലന്തുകളും സമർപ്പിക്കാനുള്ള ജീവിത ദൗത്യത്തിന്റെ അടയാളമാണ്.
ഈ കുരിശ് നിർമ്മിച്ച കലാകാരന്റെ പേര് ഇന്നും അറിയത്തില്ല. AD 1100 ലാണ് ഇതു നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. ആ കാലഘട്ടത്തിൽ സാധാരണ ജനങ്ങൾക്ക് വിശ്വാസസത്യങ്ങൾ പഠിപ്പിക്കാനും ക്രിസ്തുവിന്റെ രക്ഷാകര രഹസ്യങ്ങളുടെ അർത്ഥം വ്യക്തമാക്കാനും ഉപയോഗിച്ചിരുന്ന ചിത്രകലാശൈലിയിലാണ് ഈ കുരിശു രൂപത്തിൻ്റെയും വർണ്ണന.
ക്രൂശിൻ്റെ മദ്ധ്യത്തിൽ യേശുക്രിസ്തുവിനെ വേദന അനുഭവിക്കുന്നവനും അതേസമയം ജയിക്കുന്നവനും ആയി ചിത്രീകരിച്ചിരിക്കുന്നു. ആണികളാൽ കുത്തപ്പെട്ട കൈകാലുകളും, മുള്ളുകിരീടവും, വലതു വശത്ത് കുന്തത്തിന്റെ മുറിവും ഉണ്ടായിട്ടും കുത്തിയവൻ്റെ നേരെ നിലകൊള്ളുന്ന യേശു. ഇരുണ്ട പശ്ചാത്തലത്തിനുമേൽ ക്രിസ്തുവിൻ്റെ ശരീരം തെളിഞ്ഞുനിൽക്കുന്നത് മരണത്തിനിടയിലും ദൈവജീവൻ പ്രകാശിക്കുന്ന ക്രിസ്തുവിനെ സൂചിപ്പിക്കുന്നു.
യേശു ക്രിസ്തുവിൻ്റെ കുരിശു മരണത്തിനു സാക്ഷികളായി നിലകൊണ്ടവരെ ഈ കുരിശുരൂപം അനാവരണം ചെയ്യുന്നു. ഒരു വശത്ത് പരിശുദ്ധ കന്യകാമറിയവും വിശുദ്ധ യോഹന്നാൻ സുവിശേഷകനും, മറുവശത്ത് മഗ്ദലന മറിയവും യാക്കോബിന്റെ അമ്മയായ മറിയവും ക്രിസ്തുവിൽ വിശ്വസിച്ച ശതാധിപനും കാണപ്പെടുന്നു. താഴെ ഭാഗത്ത് യേശുവിന്റെ വിലാവു കുത്തിതുറന്ന ലോംഗിനുസും വിനാഗിരി നൽകിയ സ്റ്റെഫാത്തോണും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. ദൂതന്മാർ ഈ മഹാരഹസ്യം വിസ്മയത്തോടെ നോക്കുന്നു. ക്രൂശിന്റെ മുകളിൽ മഹിമയോടെ ഉയിർത്തെഴുന്നേൽക്കുന്ന ക്രിസ്തുവിനെയും അവനെ സ്വാഗതം ചെയ്യുന്ന സ്വർഗ്ഗത്തെയും പിതാവായ ദൈവ പിതാവിൻ്റെ കൈയ്യാലുള്ള അനുഗ്രഹത്തെയും കാണാം.
സാൻ ഡാമിയാനോ കുരിശ് നമുക്കു നൽകുന്ന മൂന്നു പാഠങ്ങൾ
1) ദൈവവചനം കേൾക്കുക അതനുസരിച്ചു ജീവിതം ക്രമപ്പെടുത്തുക
ഈ കുരിശിന്റെ മുമ്പിൽ പ്രാർത്ഥിച്ചപ്പോൾ വിശുദ്ധ ഫ്രാൻസിസ് ദൈവത്തിന്റെ ശബ്ദം കേട്ടു: “എന്റെ സഭ പുനർനിർമ്മിക്കുക”. ദൈവം സംസാരിക്കുമ്പോൾ ശ്രദ്ധയോടെ കേൾക്കാനും, അത് മനസ്സിലാക്കാനും, അനുസരിക്കാനും ഈ കുരിശ് നമ്മെ വിളിക്കുന്നു.
2) ക്രൂശിൽ പോലും പ്രത്യാശയുണ്ട് എന്ന സത്യം
സാൻ ഡാമിയാനോ കുരിശിൽ യേശു വേദനയിൽ മാത്രം അല്ല, മഹത്വത്തോടെയും നിൽക്കുന്നു. കഷ്ടതയിലും പരാജയത്തിലും പോലും ദൈവസാന്നിധ്യവും പ്രത്യാശയും ഉണ്ടെന്നതാണ് ഇതിന്റെ സന്ദേശം.
3) സഭയുടെ നവീകരണത്തിന് ഓരോരുത്തരും ഉത്തരവാദികളാണ്
യേശുവിന്റെ വിളി ഫ്രാൻസിസിനോടു മാത്രമല്ല; നമ്മോടും ആണ്. നമ്മുടെ ജീവിതത്തിലൂടെ, സ്നേഹത്തിലൂടെ, ലളിതത്വത്തിലൂടെ സഭയെ പുതുക്കാൻ ഈ കുരിശ് നമ്മെ പ്രേരിപ്പിക്കുന്നു.
സാൻ ഡാമിയാനോ കുരിശ് നമ്മെ പ്രാർത്ഥനയിലേക്കും പരിവർത്തനത്തിലേക്കും ജീവിത ദൗത്യത്തിൻ്റെ ശ്രേഷ്ഠമായ നിർവ്വഹണത്തിനും നമ്മെ ശക്തരാക്കട്ടെ
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment