ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 25

കുരിശിലേറ്റപ്പെട്ട ഈശോയുടെ സത്യസേവകനായിരുന്നു വിശുദ്ധ ഫ്രാൻസിസ്. വിശുദ്ധൻ വർഷങ്ങളോളം നടത്തിയ പ്രാർത്ഥനയും ഉപവാസവും കണ്ണീരും കാരണം അദ്ദേഹത്തിന്റെ കാഴ്ച വളരെ മങ്ങിയിരുന്നു. ഒരു ദിവസം ദൈവകാര്യങ്ങളെക്കുറിച്ച് സഹോദരൻ ബെർനാർഡുമായി സംസാരിക്കണമെന്ന് ഫ്രാൻസിസ് ആഗ്രഹിച്ചു. ബെർനാർഡ് സാധാരണയായി താമസിക്കുന്ന സ്ഥലത്തെത്തിയപ്പോൾ, അദ്ദേഹം കാട്ടിൽ ഒറ്റയ്ക്ക് പ്രാർത്ഥിക്കുകയാണെന്ന് ഫ്രാൻസീസ് മനസ്സിലാക്കി

ഫ്രാൻസിസ് കാട്ടിലേക്ക് പോയി സ്നേഹത്തോടെ ബെർനാർഡിനെ വിളിച്ചു: “സഹോദരൻ ബെർനാർഡ്, വന്ന് എന്നോട് സംസാരിക്കൂ.” എന്നാൽ ബെർനാർഡ് മറുപടി നൽകിയില്ല. അദ്ദേഹം ആഴത്തിലുള്ള ധ്യാനത്തിൽ ലയിച്ചിരുന്നതിനാൽ ഫ്രാൻസിസിന്റെ ശബ്ദം കേട്ടില്ല. ഫ്രാൻസിസ് രണ്ടാമതും മൂന്നാമതും വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ഫ്രാൻസിസ് ദുഃഖിതനായി; എന്തുകൊണ്ടാണ് ബെർനാർഡ് തന്നെ അവഗണിച്ചതെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു.

കുറച്ച് ദൂരം നടന്ന ശേഷം ഫ്രാൻസിസ് തന്റെ കൂട്ടാളിയോട് കാത്തിരിക്കാനായി പറഞ്ഞു. അദ്ദേഹം ഒറ്റയ്ക്ക് ഒരു ശാന്തമായ സ്ഥലത്ത് മുട്ടുകുത്തി പ്രാർത്ഥിച്ചു. സഹോദരൻ ബെർനാർഡ് മറുപടി നൽകാത്തതിന്റെ കാരണം ദൈവം വെളിപ്പെടുത്തണമെന്നായിരുന്നു ഫ്രാൻസീസിൻ്റെ പ്രാർത്ഥന. അപ്പോൾ ഫ്രാൻസീസിൻ്റെ ഹൃദയത്തിൽ ഒരു ദൈവശബ്ദം മുഴങ്ങി: “നീ എന്തിന് വ്യാകുലപ്പെടുന്നു? നീ വിളിച്ചപ്പോൾ ബെർനാർഡ് എന്റെ കൂടെയായിരുന്നു. മനുഷ്യൻ സൃഷ്ടിക്കായി ദൈവത്തെ വിട്ടുപോകുന്നത് ശരിയാണോ? അവൻ എന്നോട് ഐക്യത്തിലായിരുന്നതിനാൽ നിന്റെ ശബ്ദം കേട്ടില്ല.” ഇത് കേട്ട് തന്റെ തെറ്റ് മനസ്സിലാക്കിയ ഫ്രാൻസീസ് വിനയത്തോടെ സഹോദരൻ ബെർനാർഡിന്റെ അടുത്തേക്ക് മടങ്ങിപ്പോയി. ഫ്രാൻസിസിനെ കണ്ടപ്പോൾ ബെർനാർഡ് ഓടിവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ വീണു. ഫ്രാൻസിസ് അവനോട് എഴുന്നേൽക്കാൻ പറഞ്ഞു; തന്റെ ഹൃദയത്തിൽ ഉണ്ടായിരുന്ന തെറ്റായ ചിന്തയും ദൈവം നൽകിയ തിരുത്തലും വിനയത്തോടെ ഫ്രാൻസീസ് അനോട് പറഞ്ഞു.

പിന്നീട് ഫ്രാൻസിസ് ബെർനാർഡിനോട്: “വിശുദ്ധ അനുസരണത്തിന്റെ നാമത്തിൽ ഞാൻ പറയുന്നതു നീ ചെയ്യണം” എന്നു കലപിച്ചു. ഫ്രാൻസിസ് തന്നോട് കഠിനമായ എന്തെങ്കിലും ആവശ്യപ്പെടുമോ എന്ന് ഭയപ്പെട്ടിരുന്നെങ്കിലും, പിന്നീടു ഫ്രാൻസിസും തനിക്കു അനുസരിക്കുമെന്ന വാഗ്ദാനം നൽകിയാൽ താൻ തയ്യാറാണെന്ന് ബെർനാർഡ് പറഞ്ഞു. ഫ്രാൻസിസ് അതിന് സമ്മതിച്ചു. അപ്പോൾ ഫ്രാൻസിസ് നിലത്തു കിടന്ന് തന്റെ കഴുത്തിന് മീതെയും നാവിനു മീതെയും ബെർനാർഡ് കാൽ വെക്കണമെന്ന് ആവശ്യപ്പെട്ടു. തന്റെ ദുരിഭിമാനത്തെയും തെറ്റായ ചിന്തയെയും ശിക്ഷിക്കാനായിരുന്നു ഇത്. ദുഃഖത്തോടെയാണങ്കിലും അനുസരണത്തിന്റെ പേരിൽ ബെർനാർഡ് അപ്രകാരം ചെയ്തു.

പിന്നീട്, ഫ്രാൻസിസ് നൽകിയ അനുസരണവാഗ്ദാനം ഉപയോഗിച്ച്, ബെർനാർഡ് ഫ്രാൻസിസിനോട് തനിക്കുള്ള എല്ലാ കുറവുകളും കടുപ്പത്തോടെ തിരുത്താൻ ആവശ്യപ്പെട്ടു. ഇത് ഫ്രാൻസിസിനെ അതിശയിപ്പിച്ചു; കാരണം അദ്ദേഹം ബെർനാർഡിനെ അത്യന്തം വിശുദ്ധനായി ആദരിച്ചു. അതിനുശേഷം, ഇത്തരമൊരു തിരുത്തൽ നടത്തേണ്ടിവരുമോ എന്ന ഭയത്തിൽ ഫ്രാൻസിസ് ബെർനാർഡിനൊപ്പം അധികം സമയം ചെലവഴിക്കുന്നത് ഒഴിവാക്കി.

ഈ സംഭവം വിശുദ്ധ ഫ്രാൻസിസിന്റെയും സഹോദരൻ ബെർനാർഡിന്റെയും ആഴത്തിലുള്ള വിനയം, പരസ്പര സ്നേഹം, ബഹുമാനം എന്നിവയെ വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള വിശുദ്ധമായ മാതൃകകളാണ് ഫ്രാൻസിസ്‌കൻ ആത്മീയതെയും ജീവിതശൈലികളെയും ഇന്നും കാലിക പ്രസക്തമാക്കുന്നത്.

✍ ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment