ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 29

വലിയ നോമ്പ് ആരംഭിക്കുമ്പോൾ വിശ്വാസികൾ പ്രാർത്ഥനയിലേക്കും ഉപവാസത്തിലേക്കും ദാനധർമ്മങ്ങളിലക്കും കൂടുതൽ ആഴത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നു. വിശുദ്ധരുടെ ജീവിതം അതിനു നമ്മുടെ മുമ്പിൽ മനോഹരമായ മാതൃകയായി നൽകുന്നു. ഫ്രാൻസീസ് അസീസി നോമ്പിലെ നാൽപതു ദിവസങ്ങൾ എങ്ങനെ ചെലവഴിച്ചു എന്നു 14-ാം നൂറ്റാണ്ടിലെ “Fioretti di San Francesco” എന്ന ഗ്രന്ഥത്തിൽ അഥവാ “The Little Flowers of St. Francis” രേഖപ്പെടുത്തിയിരിക്കുന്നു

ഒരു വർഷം, വലിയ നോമ്പ് അടുത്തപ്പോൾ, വിശുദ്ധ ഫ്രാൻസിസ് ലോകത്തിൽ നിന്ന് പൂർണ്ണമായും അകന്ന് ദൈവസാന്നിധ്യത്തിൽ കഴിയണമെന്ന് ആഗ്രഹിച്ചു. വിഭൂതിബുധനാഴ്ച രാത്രി പെരൂജിയ തടാകത്തിലെ ഒരു മനുഷ്യവാസമില്ലാത്ത ചെറിയ ദ്വീപിലേക്ക് തന്നെ വള്ളത്തിൽ കൊണ്ടുപോകണമെന്ന് ഒരു ശിഷ്യനോട് ഫ്രാൻസീസ് അപേക്ഷിച്ചു. ആരും അറിയാതിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഫ്രാൻസീസ് കൈവശം കരുതിയിരുന്നത് രണ്ട് ചെറിയ അപ്പങ്ങൾ മാത്രമായിരുന്നു

ദ്വീപിൽ എത്തിയ ശേഷം ഫ്രാൻസിസ് ശിഷ്യനോട് പെസഹാ വ്യാഴാഴ്ച വരെ തിരികെ വരരുതെന്നും ഈ കാര്യം ആരോടും പറയരുതെന്നും അപേക്ഷിച്ചു. പിന്നീട് മരങ്ങളും കുറ്റിച്ചെടികളും ചേർന്ന് ചെറിയ കുടിലിനെപ്പോലെ രൂപപ്പെടുത്തിയ ഒരു സ്ഥലത്ത് ഫ്രാൻസീസ് അഭയം തേടി. അവിടെ അദ്ദേഹം പ്രാർത്ഥനയിലും സ്വർഗീയ കാര്യങ്ങളെക്കുറിച്ചുള്ള ധ്യാനത്തിലുമായിരുന്നു.

നാല്പത് ദിവസം ഫ്രാൻസിസ് അവിടെ ഏകാന്തമായി കഴിഞ്ഞു. ഈ കാലയളവിൽ ഒരു അപ്പത്തിന്റെ പകുതി മാത്രമാണ് അദ്ദേഹം ഭക്ഷിച്ചിരുന്നുള്ളു. വിശുദ്ധ വ്യാഴാഴ്ച ശിഷ്യൻ തിരിച്ചെത്തിയപ്പോൾ രണ്ട് അപ്പങ്ങളിൽ ഒന്ന് മുഴുവനും മറ്റൊന്നിന്റെ പകുതിയും ശേഷിച്ചിരുന്നതായി കണ്ടു. ക്രിസ്തു മരുഭൂമിയിൽ നാല്പത് ദിവസം ഉപവസിച്ചതിനോടുള്ള ആദരസൂചകമായിട്ടാണ് ഫ്രാൻസിസ് ഇങ്ങനെ കഠിന ഉപവാസം തെരത്തെടുത്തത്. അഹങ്കാരം വരാതിരിക്കാനായി അല്പം ഭക്ഷണം കഴിച്ചതായാണ് വിശ്വാസം. ഉപവാസത്തിലും എളിമ സംരക്ഷിച്ചവനായിരുന്നു ഫ്രാൻസിസ്.

ഫ്രാൻസീസ് അസീസി ഉപവസിച്ച ആ സ്ഥലം കൃപയുടെ ഇടമായി മാറി. ഈ ദ്വീപിൽ ദൈവം വിശുദ്ധ ഫ്രാൻസിസിന്റെ മദ്ധ്യസ്ഥതയാൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. അതിനാൽ ആളുകൾ അവിടെ വന്നു വീടുകൾ പണിയാൻ തുടങ്ങി. കുറഞ്ഞ സമയത്തിനുള്ളിൽ അവിടെ ഒരു വലിയ ഗ്രാമം രൂപപ്പെട്ടു. ഫ്രാൻസിസ്‌ക്കൻ സഹോദരന്മാർക്കായും അവിടെ ഒരു ഭവനം നിർമ്മിച്ചു. അത് ഇന്നും “ദ്വീപിന്റെ വീട്”( House of the Island ) എന്നറിയപ്പെടുന്നു. ഇന്നും അവിടുത്തെ ജനങ്ങൾ വിശുദ്ധ ഫ്രാൻസിസ് വലിയ നോമ്പ് ആചരിച്ച സ്ഥലത്തോട് വലിയ ആദരവും ഭക്തിയും കാത്തുസൂക്ഷിക്കുന്നു

എല്ലാവർക്കും ഒരു ദ്വീപിലേക്ക് പോയി തപസ്സും ഉപവാസവും അനുഷ്ഠിക്കാൻ കഴിഞ്ഞേക്കില്ല എന്നാലും നമ്മൾ ഓരോരുത്തരും ഹൃദയത്തിലെ മരുഭൂമിയിലേക്ക് പ്രവേശിക്കേണ്ടവരാണ്. വലിയ നോമ്പ് നമ്മെ ശബ്ദങ്ങളിൽ നിന്ന് അകറ്റി ദൈവവുമായി കൂടുതൽ അടുക്കാൻ വിളിക്കുന്നു. ലാളിത്യത്തോടെയും വിഭജിക്കപ്പെടാത്ത ഹൃദയത്തോടെയും കർത്താവിനെ സ്നേഹിക്കാൻ ഈ പരിശുദ്ധ കാലം നമ്മെ ക്ഷണിക്കുന്നു.

✍ ഫാ. ജയ്സൺ കുന്നേൽ MCBS


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment