മറഞ്ഞ ശുശ്രൂഷയും വിശുദ്ധ വിനയവും — നോമ്പു കാലത്തിന്റെ പാഠങ്ങൾ
നോമ്പുകാലം നമ്മെ ആത്മപരിത്യാഗത്തിലേക്കും വിനയത്തിൽ വളരുന്നതിലേക്കും ക്ഷണിക്കുന്നു. ഫ്രാൻസിസിന്റെയും സഹോദരൻ മാസ്സെയോയുടെയും ഈ സംഭവം സ്വയംശൂന്യമായ സ്നേഹം എങ്ങനെ നോമ്പു യാത്രയെ മനോഹരമാക്കുന്നു കാണിച്ചു തരുന്നു
ബ്രദർ മാസ്സെയോ ദൈവം സമൃദ്ധമായി അനുഗ്രഹിച്ച വ്യക്തിയായിരുന്നു. മികച്ച പ്രസംഗകനും എല്ലാവർക്കും പ്രിയങ്കരനുമായിരുന്നു. അഹങ്കാരം അവന്റെ ഹൃദയത്തിൽ കടന്നുവരാതിരിക്കാനായി ഫ്രാൻസിസ് ഒരു അപ്രതീക്ഷിത മാർഗം സ്വീകരിച്ചു. ഒരു ചെറിയ ആശ്രമത്തിൽ സഹോദരന്മാരോടൊപ്പം താമസിക്കുമ്പോൾ ഫ്രാൻസീസ് മാസ്സെയോയ്ക്ക് ഏറ്റവും ലളിതമായ ചുമതലകൾ നൽകി ഉദാഹരണത്തിന് വാതിൽ കാവൽക്കാരൻ, ദാനധർമ്മവിതരണക്കാരൻ, പാചകക്കാരൻ തുടങ്ങിയ ചുമതതലകൾ, കൂടാതെ ആശ്രമത്തിന്റെ ദിനചര്യയുടെ ആവശ്യങ്ങൾ നോക്കുക, മറ്റു സഹോദരന്മാർ ഭക്ഷണം കഴിക്കുമ്പോൾ വചനം പങ്കിടുക ആശ്രമവാതിലിന് പുറത്തു ഭക്ഷണം കഴിക്കുക തുടങ്ങി നിർദേശങ്ങളും ഉണ്ടായിരുന്നു
മാസ്സെയോ ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല, സന്തോഷത്തോടെ തലകുനിച്ച് സമാധാനത്തോടെ എല്ലാം അനുസരിച്ചു.
ദിവസങ്ങൾ കടന്നുപോയി, പ്രാർത്ഥനയിലും ധ്യാനത്തിലും മുഴുകിയിരുന്ന മറ്റു സഹോദരന്മാർ അസ്വസ്ഥരായി. കാരണം തങ്ങൾ ശാന്തമായ പ്രാർത്ഥനയിൽ കഴിയുമ്പോൾ ആശ്രമത്തിന്റെ മുഴുവൻ ഭാരവും മാസ്സെയോ വഹിക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞു. അവരുടെ ഹൃദയങ്ങൾ അനുകമ്പയാൽ നിറഞ്ഞു. അവർ ഒന്നുചേർന്ന് ഫ്രാൻസിസിനോട് ചുമതലകൾ പങ്കിട്ട് കൊടുക്കാൻ അപേക്ഷിച്ചു.
മാസ്സെയോയുടെ വിനയവും സഹോദരന്മാരുടെ സ്നേഹവും കണ്ട ഫ്രാൻസിസ് സന്തോഷത്തോടെ അതിനു സമ്മതിച്ചു. തുടർന്ന് ഫ്രാൻസീസ് വിനയത്തെക്കുറിച്ച് പ്രസംഗിച്ചു: ദൈവത്തിൽ നിന്നുള്ള അനുഗ്രഹങ്ങൾ കൂടുതലാകുമ്പോൾ, വിനയവും അത്രയും കൂടുതലാകണം. വിനയമില്ലാതെ ഒരു ഗുണവും ദൈവത്തിനു പ്രിയമാകുകയില്ല.
ഈ സംഭവം നോമ്പുദിനങ്ങളിൽ നാല് പാഠങ്ങൾ നൽകുന്നു:
1. ഹൃദയം കാത്തുസൂക്ഷിക്കണം.
നമുക്ക് ലഭിക്കുന്ന കഴിവുകളും അംഗീകാരങ്ങളും കൂടുതലാകുമ്പോൾ അഹങ്കാരം ഒഴിവാക്കാൻ ഹൃദയം കാത്തുസൂക്ഷിക്കണം.
2. മറഞ്ഞ ശുശ്രൂഷകൾ ആത്മാവിനെ ശുദ്ധീകരിക്കുന്നു.
നോമ്പുകാലത്ത് ആരും കാണാത്ത ചെറിയ സേവനങ്ങൾ ചെയ്യാൻ നാം വിളിക്കപെട്ടിരുക്കുന്നു.അതു നമ്മുടെ ആത്മാവിനെ ശുദ്ധികരിക്കുന്നു
3. സ്നേഹം ഭാരങ്ങൾ പങ്കിടാൻ പ്രേരിപ്പിക്കുന്നു.
സഹോദരന്മാരുടെ കരുണയും സ്നേഹവും ഒരുമിച്ച് ഉത്തരവാദിത്വം പങ്കിടാൻ പഠിപ്പിക്കുന്നു.
4. വിനയം ഗുണങ്ങളെ മനോഹരമാക്കുന്നു.
വിനയമില്ലാതെ ഏറ്റവും വലിയ പ്രവൃത്തികളും ദൈവസന്നിധിയിൽ മൂല്യമില്ലാതാകുന്നു.
ഈ നോമ്പുകാലത്ത്, ചെറിയതോ വലുതോ ആയ ഏതു ചുമതലയും നന്ദിയോടെ സ്വീകരിച്ച്, വിനയമുള്ള ശുശ്രൂഷ ചെയ്തു നമുക്കു ക്രിസ്തുവിനോട് കുറച്ചുകൂടെ അടുക്കാം
✍ ഫാ. ജയ്സൺ കുന്നേൽ MCBS


Leave a comment