ഓർമ്മകളിൽ തിളങ്ങുന്നു
അമ്മവിരൽ മുറുക്കിപ്പിടിച്ചൊരു
നാലുവയസ്സുകാരി.
തുണിക്കടക്ക് പുറത്തിറങ്ങവേ
വലിച്ചെന്നെയമ്മ വായെന്നും പറഞ്ഞ്
‘ഒരു മിനിറ്റ്’
കുട്ടി വളർന്നു,
പുസ്തകസഞ്ചിയോടോടി
മുട്ടുകുത്തി ഈശോ തൻ ചാരെ.
പറഞ്ഞിരുന്നെന്നോടമ്മ, എന്നും
വീടെത്തും മുൻപ് പള്ളിയണയാൻ
ഈശോയ്ക്കരികിൽ ചെല്ലാൻ,
കൊച്ചുവർത്താനം ചൊല്ലാൻ,
‘ഒരു മിനിറ്റ്’.
പിന്നെയത് പതിവായ്.
കോളേജ് ബസ്സിറങ്ങുമ്പോൾ
കൂട്ടുകാർ കണ്ണുമിഴിച്ചെന്നാലും
ബുദ്ധിമുട്ട് കുറച്ചുണ്ടെന്നാലും
പള്ളിയിലേക്കോടാൻ നേരം
പതിയെ മൊഴിയും അവരോട്
‘ഒരു മിനിറ്റ് ‘.
നല്ലതും ചീത്തയും ഉണ്ടെന്നിലായ്
നേരായ എന്നെയറിയുന്നതൊരാൾ.
ഇഷ്ടമാണെനിക്കേറെ,
അവനോടൊത്തുള്ള നേരം.
അവനെന്റെ പോംവഴിയായ്
നീറുന്ന പ്രശ്നങ്ങളിൽ.
സമാധാനം നിറയുന്ന ആ
‘ഒരു മിനിറ്റ്’.
അവനവിടെ തനിച്ചാകും മണിക്കൂറുകളെത്രയെത്ര,
നമുക്കായവൻ കാത്തിരിക്കും നേരമെത്രയെത്ര,
ആരെങ്കിലുമൊന്നു നിന്നാൽ,
അവനോടൊന്നു മിണ്ടിയാൽ
അവനേറെ സന്തോഷിക്കുമാ
‘ഒരു മിനിറ്റ് ‘.
ഒരിക്കൽ ഞാനും മരിക്കും
എനിക്കതറിയാമെന്നാലും
ഭീതിയശേഷമില്ലയെന്നിൽ
അറിയണോ അതിൻ പൊരുൾ കൂട്ടരേ?
വിധിയാളനായി മുന്നിൽ വരുന്നേരം
ഓർക്കുകില്ലേ എൻ നാഥൻ
ഞാനെന്നും പോയി മുട്ടിൽ നിന്ന ആ
‘ഒരു മിനിറ്റ് ‘
Written by: Anonymous Person
Translated by : Jilsa Joy



Leave a comment