July 24 | St Charbel Makhlouf | വി. ഷർബെൽ മക്ലൂഫ്

” ക്രിസ്തു നിങ്ങളിൽ ഇല്ലെങ്കിൽ എങ്ങനെ നിങ്ങളുടെ മക്കൾക്ക് നിങ്ങളവനെ കൊടുക്കും? “

“പാപം നിങ്ങൾക്ക് നൽകുന്നത് ഉത്കണ്ഠയും വിഷമവും അസന്തുഷ്ടിയും ശൂന്യതയും മാത്രമാണ് “.

ദിവ്യബലി അർപ്പിക്കാൻ ഉച്ചക്ക് 11 മണിക്കോ 12 മണിക്കോ അനുവാദം തരണമെന്ന് അധികാരികളോട് അപേക്ഷിച്ച ഒരു വിശുദ്ധന്റെ വാക്കുകളാണ് അത്. വിശുദ്ധ കുർബ്ബാനയോടും ദിവ്യകാരുണ്യത്തോടും അതീവഭക്തിയുണ്ടായിരുന്ന വിശുദ്ധ ഷർബെൽ മക്ലൂഫ് എന്തിനാണ് അങ്ങനെ ചോദിച്ചതെന്ന് വെച്ചാൽ, പ്രഭാതം മുതൽ അത്രയും നേരം വരെ വിശുദ്ധ കുർബ്ബാനക്ക് ഒരുക്കപ്രാർത്ഥന നടത്താനും, കുർബ്ബാന കഴിഞ്ഞ് പിന്നങ്ങോട്ടുള്ള സമയം ബലിയെ ഓർത്ത്, ദിവ്യകാരുണ്യമായി ഈശോ തന്നെത്തന്നെ തരുന്നതിനെ ഓർത്ത് നന്ദി പറയുന്നതിനും വേണ്ടിയായിരുന്നു!

പത്തൊമ്പതാം നൂറ്റാണ്ടിൽ ലെബനനിൽ ജീവിച്ചിരുന്ന ഒരു മാരോനൈറ്റ് കത്തോലിക്കാ പുരോഹിതനും സന്യാസിയുമായിരുന്നു വിശുദ്ധ ഷർബെൽ മക്ലൂഫ്. അദ്ദേഹത്തെ കാണിക്കുന്ന ചിത്രങ്ങളിലെല്ലാം , താഴേക്ക് നോക്കുന്ന വിശുദ്ധനെയാണ് കാണാൻ കഴിയുന്നത്. അദ്ദേഹത്തോടൊപ്പം ജീവിച്ചിരുന്നവർക്ക് പോലും വിശുദ്ധന്റെ മുഖം ശരിക്ക് കാണാൻ സാധിച്ചിട്ടില്ലെന്നാണ് കേൾക്കുന്നത്. കാരണം നിൽക്കുമ്പോഴും നടക്കുമ്പോഴുംമെല്ലാം താഴേക്ക് നോക്കുന്ന പോലെയോ അൾത്താരയിൽ നിൽക്കുമ്പോൾ സക്രാരിയിലേക്ക് നോക്കുന്ന പോലെയോ ആണ് വിശുദ്ധന്റെ മുഖം അവർ കണ്ടിട്ടുള്ളത്. സ്വർഗത്തിലേക്ക് കണ്ണുകൾ ഉയർത്താൻ വേണ്ടി മാത്രമാണ് മുകളിലേക്ക് വിശുദ്ധൻ നോക്കിയിരുന്നത്.

ലെബനനിലെ അത്ഭുതസന്യാസി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 26000ൽ അധികം അത്ഭുതങ്ങൾ വിശുദ്ധ ഷർബെൽ വഴി നടന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. വിശുദ്ധ വിൻസെന്റ് ഫെറർനെ പോലെ കത്തോലിക്കാ സഭയിൽ ഏറ്റവും അധികം അത്ഭുതപ്രവൃത്തികൾ ചെയ്തിട്ടുള്ളവരിൽ ഒരാളാണ് ഈ വിശുദ്ധൻ. അതിൽ കൂടുതലും മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മാധ്യസ്ഥം വഴി നടന്നതാണ്.

1828, മെയ് 8 ന് യൂസഫ് ആന്റൺ മക്ലൂഫ് ജനിച്ചു. മാതാപിതാക്കളുടെ ഭക്തി കണ്ട് ശീലിച്ച കുഞ്ഞുയൂസഫ് , ആടുകളെ മേയാൻ വിട്ടിട്ട് പരിശുദ്ധ അമ്മയുടെ ഗ്രോട്ടോക്കരികിൽ ഏകാന്തമായി തീക്ഷ്‌ണതയോടെ പ്രാർത്ഥിക്കുന്ന കാണുമ്പോഴേ ആളുകൾ വിശുദ്ധൻ എന്ന് അവനെ വിളിക്കാൻ തുടങ്ങിയിരുന്നു.

1851ൽ, ഇരുപത്തിമൂന്നാം വയസ്സിൽ, മാരോനൈറ്റ് സഭാസമൂഹത്തിൽ ചേർന്ന് സന്യാസിയായ അദ്ദേഹം, മുപ്പത്തി ഒന്നാം വയസ്സിൽ പുരോഹിതനാവുമ്പോൾ രണ്ടാം നൂറ്റാണ്ടിലെ ഷർബെൽ എന്ന രക്തസാക്ഷിയുടെ പേര് സ്വീകരിച്ചു, നാൽപ്പത്തി ആറാം വയസ്സിൽ ഒരു താപസനുമായി. ജീവിച്ചിരിക്കുമ്പോഴേ അത്ഭുതപ്രവർത്തകനായി കൂടെയുള്ള സന്യാസിമാർ അംഗീകരിച്ചിരുന്നു.

രാത്രി ഏറെനേരം ഷർബെൽ പ്രാർത്ഥിച്ചിരിക്കാറുള്ള ഷർബെൽ വിളക്കിൽ ഒഴിക്കാൻ എണ്ണ ചോദിച്ചപ്പോൾ മറ്റ് സന്യാസികൾ വെറും പച്ചവെള്ളം അദ്ദേഹത്തെ പറ്റിക്കാനായി കൊടുത്തു. കുറച്ചുകഴിഞ്ഞു ഷർബെലിന്റെ മുറിയിൽ നോക്കിയ ആ സന്യാസിമാർ കണ്ടത് ഒരു കുഴപ്പവുമില്ലാതെ വിളക്ക് കത്തികൊണ്ടിരിക്കുന്നതും ഷർബെൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതുമാണ്. അന്ന് രാത്രി മുഴുവനും ഒരു കുഴപ്പവുമില്ലാതെ വിളക്ക് പ്രകാശം നൽകി.

ഏകാന്തതയിൽ താപസജീവിതം നയിക്കാൻ അനുവാദം ലഭിച്ച ഷർബെൽ ജീവിതാവസാനത്തിൽ 23 കൊല്ലത്തോളം അങ്ങനെ ജീവിച്ചു. “വിഭജിക്കപ്പെടാത്ത സ്നേഹത്തോടെ” ഈശോയെയും പരിശുദ്ധ കുർബ്ബാനയെയും സ്നേഹിച്ച അദ്ദേഹം വിശുദ്ധ കുർബ്ബാന ചൊല്ലുന്നതിനിടക്ക് ഈശോയുടെ ശരീരം കയ്യിൽ പിടിച്ചുകൊണ്ടാണ് മഷ്തിഷ്കാഘാതം വന്ന് നിലത്തുവീണത്. അപ്പോഴും ദിവ്യകാരുണ്യം കയ്യിൽ നിന്ന് വീണിരുന്നില്ല.

വീഴുമ്പോൾ ചുണ്ടിലുണ്ടായിരുന്ന കുർബ്ബാനയിലെ പ്രാർത്ഥന, എട്ട് ദിവസം കഴിഞ്ഞു മരിക്കുന്നതിനുള്ളിൽ പലപ്രാവശ്യം അബോധാവസ്ഥയിലും വിശുദ്ധൻ ഉരുവിട്ടുകൊണ്ടിരുന്നു.

“സത്യത്തിന്റെ പിതാവേ, ഇതാ, അങ്ങയുടെ പുത്രൻ നിനക്കുവേണ്ടി അർപ്പിക്കുന്ന പ്രസാദകരമായ ബലി, എനിക്കുവേണ്ടി മരിച്ചവൻ അർപ്പിക്കുന്ന ഈ ബലി, അങ്ങു സ്വീകരിക്കേണമേ…” ഇതായിരുന്നു ആ പ്രാർത്ഥന ഈശോ, മറിയം, യൗസേപ്പിന്റെ നാമവും ആ ചുണ്ടുകളിൽ ഉണ്ടായിരുന്നു.

1898, ഡിസംബർ 24ന് ക്രിസ്മസ് തലേന്ന് വിശുദ്ധ ഷർബെൽ മരിച്ചു. മഞ്ഞും മഴയും നിറഞ്ഞ ദിവസം ആയതുകൊണ്ട് വളരെ കുറച്ചു പുരോഹിതരുടെ സാന്നിധ്യത്തിലാണെന്ന് പറയുന്നു അദ്ദേഹത്തിന്റെ ശരീരം അടക്കിയത്. പക്ഷേ ശരീരം പുറത്തേക്ക് എടുത്തപ്പോൾ കാലാവസ്ഥ പെട്ടെന്ന് ശാന്തമായി. സക്രാരിക്ക് ചുറ്റും, പിന്നെ വിശുദ്ധന്റെ ശരീരത്തിന് ചുറ്റും ഒരു വൈദികൻ പ്രകാശവലയം കണ്ടു.

കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ശരീരം അടക്കിയിരുന്നിടത്തുനിന്ന് വെളിച്ചം പുറത്തു വരാൻ തുടങ്ങി. 45 ദിവസങ്ങളോളം അതുണ്ടായി. അവസാനം അവർ മണ്ണ് മാറ്റി പരിശോധിച്ചപ്പോൾ നനവും ചെളിയുമൊക്കെ ചുറ്റിനും ഉണ്ടെങ്കിലും ശരീരം ഒരു കേടും കൂടാതെ ജീവൻ തുടിക്കുന്നതുപോലെ ഇരിക്കുന്നു!

1899ൽ ആശ്രമത്തിനുള്ളിലെ കല്ലറയിലേക്ക് ശരീരം മാറ്റി. വിയർപ്പും രക്തവും കലർന്ന ദ്രാവകം ജീവനുള്ള ശരീരത്തിൽ നിന്നെന്ന പോലെ അടുത്ത 65 വർഷത്തേക്ക് പുറത്തു വന്നു കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ പല പ്രാവശ്യം കല്ലറയും ശവമഞ്ചവും

മാറ്റേണ്ടി വന്നു. അനേകം ഡോക്ടർമാർ കൊല്ലങ്ങളോളം പരിശോധനകൾ നടത്തി, അമാനുഷികമായ ശക്തിയുടെ സാന്നിധ്യം അവർ സമ്മതിച്ചു. ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായി പതിനായിരങ്ങൾ കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കാൻ തുടങ്ങി. രോഗശാന്തികളും ആത്മീയാനുഗ്രഹങ്ങളും ആയിരക്കണക്കിനുണ്ടായി.

ജീവിച്ചിരുന്നപ്പോഴേ മുസ്ലീങ്ങളോട് വളരെ അനുഭാവപൂർവ്വം പെരുമാറിയിരുന്ന വിശുദ്ധ ഷർബെൽ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒരുമിപ്പിക്കുന്നവൻ എന്ന് വിളിക്കപ്പെടാറുണ്ട്. ആയിരക്കണക്കിന് മുസ്ലീങ്ങളും രോഗശാന്തി കിട്ടുന്നവരിൽ പെടുന്നു. എത്രയോ ആയിരങ്ങളാണ് ഓരോ വർഷവും അദ്ദേഹത്തിന്റെ ഭൗതികവാശിഷ്ടങ്ങൾ ഉള്ള പുണ്യസ്ഥലത്തേക്ക് എത്തുന്നത്.

കുറേ വർഷങ്ങൾക്ക് ശേഷം ശരീരം സാധാരണ രീതിയിൽ അഴുകി എല്ലുകൾ അവശേഷിച്ചു. ഈശോ ഉയിർപ്പിച്ച ലാസർ പിന്നീട് സാധാരണ മരണത്തിന് കീഴടങ്ങി എന്നതുപോലെ ഒരു ദൈവഹിതം അതിന് പിന്നിൽ ഉണ്ടെന്ന് കരുതുന്നു.

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ സമാപനത്തിൽ വിശുദ്ധ പോൾ ആറാമൻ പാപ്പ ഷർബെൽ മക്ലൂഫിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. അതേ പാപ്പ തന്നെ ഷർബലിനെ 1977ൽ വിശുദ്ധ പദവിയിലേക്കുയർത്തി.രണ്ടും നടന്നത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വെച്ചാണ്.

അത്ഭുതസന്യാസി എന്നറിയപ്പെടുന്ന, ദൈവത്തോട് അതീവവിശ്വസ്തനായിരുന്ന, വിശുദ്ധ ഷർബെലിന്റെ മാധ്യസ്ഥം വഴിയായി ആയിരക്കണക്കിന് മാറാരോഗങ്ങൾ മാറിപ്പോയി, ആയിരക്കണക്കിന് ആളുകളുടെ ആത്മാവിനും സൗഖ്യം നൽകി, പിശാചുക്കളെ പുറത്താക്കി. ദാരിദ്യത്തെയും പ്രായശ്ചിത്തപ്രവൃത്തികളെയും അത്യധികം സ്നേഹിച്ച, “എല്ലാ കുടുംബവും തിരുക്കുടുംബം ആണ് ‘” എന്നും അങ്ങനെ ആകണമെന്നും പറഞ്ഞ ആ താപസവര്യന്റെ ജീവിതവും മാതൃകയും, നിത്യജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും.

Feast Day : ജൂലൈ 24

ജിൽസ ജോയ് ✍️

Advertisements
Advertisements

Leave a comment