ഇസ്രായേലിനു നവജീവന്‍
1 മനുഷ്യപുത്രാ, നീ ഇസ്രായേല്‍ മലകളോടു പ്രവചിക്കുക. ഇസ്രായേല്‍മലകളേ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍;2 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആഹാ! പുരാതന ശൃംഗങ്ങള്‍ നമ്മുടെ അവകാശമായിത്തീര്‍ന്നിരിക്കുന്നു എന്നു നിങ്ങളെപ്പറ്റി ശത്രുക്കള്‍ പറഞ്ഞു.3 അതുകൊണ്ടു നീ പ്രവചിക്കുക, ദൈവമായ കര്‍ത്താവ് അരു ളിച്ചെയ്യുന്നു: നിങ്ങളെ അവര്‍ വിജനമാക്കി; എല്ലാവശത്തുംനിന്ന് ഞെരുക്കി. അങ്ങനെ നിങ്ങള്‍ മറ്റു ജനതകളുടെ കൈവശമായി; അവരുടെ സംസാരത്തിനും നിന്ദയ്ക്കും നിങ്ങള്‍ പാത്രമായിത്തീര്‍ന്നു.4 ഇസ്രായേല്‍മലകളേ, ദൈവമായ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ചുറ്റുമുള്ള ജനതകള്‍ക്കു പരിഹാസവിഷയവും ഇരയുമായിത്തീര്‍ന്ന മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്വരകളോടും തകര്‍ന്ന പ്രദേശങ്ങളോടും നിര്‍ജന നഗരങ്ങളോടും ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.5 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൈവശപ്പെടുത്തി കൊള്ളചെയ്യേണ്ടതിന് തികഞ്ഞ അവജ്ഞയോടും നിറഞ്ഞ ആനന്ദത്തോടുംകൂടെ എന്റെ ദേശം സ്വന്തമാക്കിയ ഏദോമിനും മറ്റുള്ള ജനതകള്‍ക്കുമെതിരായി ജ്വലിക്കുന്ന അസൂയയോടെ ഞാന്‍ പറയുന്നു.6 ഇസ്രായേല്‍ദേശത്തെപ്പറ്റി പ്രവചിക്കുക. മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്വരകളോടും പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ നിന്ദനം നിങ്ങള്‍ സഹിച്ചതുകൊണ്ട് ഇതാ ഞാന്‍ ക്രോധത്തോടും അസൂയയോടുംകൂടെ പറയുന്നു.7 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍തന്നെ നിന്ദനം ഏല്‍ക്കുമെന്ന് ഞാന്‍ ശപഥം ചെയ്യുന്നു.8 ഇസ്രായേല്‍മലകളേ, നിങ്ങള്‍ ശാഖകള്‍ കിളിര്‍പ്പിച്ച് എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഫലം പുറപ്പെടുവിക്കുവിന്‍. അവരുടെ പ്രത്യാഗമനം അടുത്തിരിക്കുന്നു.9 ഇതാ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നു. ഞാന്‍ നിങ്ങളിലേക്കു തിരിയും; നിങ്ങളില്‍ ഉഴവും വിതയുമുണ്ടാകും.10 നിങ്ങളില്‍ വസിക്കുന്ന ജനത്തെ, ഇസ്രായേല്‍ഭവനം മുഴുവനെയും തന്നെ, ഞാന്‍ വര്‍ദ്ധിപ്പിക്കും. പട്ടണങ്ങളില്‍ ജനവാസമുണ്ടാവുകയും നശിച്ചുപോയ സ്ഥലങ്ങള്‍ പുനരുദ്ധരിക്കപ്പെടുകയും ചെയ്യും.11 മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ നിങ്ങളില്‍ വര്‍ദ്ധിപ്പിക്കും. അവര്‍ സന്താനപുഷ്ടിയുള്ളവരായി പെരുകും. പൂര്‍വകാലങ്ങളിലെന്നപോലെ നിങ്ങളില്‍ ആളുകള്‍ വസിക്കുന്നതിനു ഞാന്‍ ഇടയാക്കും. മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ നന്മ ഞാന്‍ നിങ്ങള്‍ക്കു വരുത്തും; ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.12 ഞാന്‍ നിന്നില്‍, മനുഷ്യര്‍, എന്റെ ജനമായ ഇസ്രായേല്‍ തന്നെ, നടക്കുന്നതിന് ഇടയാക്കും. അവര്‍ നിന്നെ കൈവശപ്പെടുത്തുകയും നീ അവര്‍ക്ക് അവകാശമാവുകയും ചെയ്യും. മേലില്‍ നീ അവരെ സന്താന ദുഃഖത്തിലാഴ്ത്തുകയില്ല.13 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുകയും നിന്റെ ജനത്തെ സന്താനദുഃഖത്തിലാഴ്ത്തുകയും ചെയ്യുന്നുവെന്ന് ആളുകള്‍ നിന്നെപ്പറ്റി പറയുന്നു.14 അതുകൊണ്ട് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ മനുഷ്യരെ വിഴുങ്ങുകയും നിന്റെ ജനത്തെ സന്താന ദുഃഖത്തിലാഴ്ത്തുകയും ചെയ്യുകയില്ല.15 ജനതകളുടെ നിന്ദനം കേള്‍ക്കുന്നതിനു നിനക്ക് ഞാന്‍ ഇടവരുത്തുകയില്ല. ഇനി ഒരിക്കലും നീ ജനതകളുടെ പരിഹാസം ഏല്‍ക്കുകയോ, നിന്റെ ജനത്തിന്റെ വീഴ്ചയ്ക്കു കാരണമാവുകയോ ഇല്ല. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.16 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,17 ഇസ്രായേല്‍ഭവനം സ്വദേശത്തു വസിച്ചിരുന്നപ്പോള്‍ അവര്‍ തങ്ങളുടെ ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെ അശുദ്ധമാക്കി. എന്റെ മുമ്പില്‍ അവരുടെ പെരുമാറ്റം സ്ത്രീയുടെ ആര്‍ത്തവമാലിന്യം പോലെയായിരുന്നു.18 അവര്‍ സ്വദേശത്തു ചിന്തിയരക്തവും നാടിനെ അശുദ്ധമാക്കാന്‍ ഉപയോഗിച്ചവിഗ്രഹങ്ങളും മൂലം ഞാന്‍ എന്റെ ക്രോധം അവരുടെമേല്‍ ചൊരിഞ്ഞു.19 ജനതകളുടെയിടയില്‍ ഞാന്‍ അവരെ ചിതറിച്ചു; അവര്‍ പല രാജ്യങ്ങളിലായി ചിതറിപ്പാര്‍ത്തു. അവരുടെ പെരുമാറ്റത്തിനും ചെയ്തികള്‍ക്കും അനുസൃതമായി ഞാന്‍ അവരെ വിധിച്ചു.20 എന്നാല്‍, അവര്‍ ജന തകളുടെയടുക്കല്‍ ചെന്നപ്പോള്‍, അവര്‍ എത്തിയിടത്തെല്ലാം, ഇവരാണ് കര്‍ത്താവിന്റെ ജനം, എന്നിട്ടും അവിടുത്തെ ദേശത്തുനിന്ന് അവര്‍ക്കു പോകേണ്ടിവന്നു എന്ന് ആളുകള്‍ അവരെപ്പറ്റി പറഞ്ഞു. അങ്ങനെ അവര്‍ എന്റെ വിശുദ്ധനാമം അശുദ്ധമാക്കി.21 തങ്ങള്‍ എത്തിയ ജനതകളുടെയിടയില്‍ ഇസ്രായേല്‍ഭവനം അശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെപ്രതി ഞാന്‍ ആകുലനായി.22 ഇസ്രായേല്‍ഭവനത്തോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ഭവനമേ, നിങ്ങളെപ്രതിയല്ല നിങ്ങള്‍ എത്തിച്ചേര്‍ന്ന ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ വിശുദ്ധ നാമത്തെപ്രതിയാണ്, ഞാന്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.23 ജനതകളുടെയിടയില്‍ നിങ്ങള്‍ അശുദ്ധമാക്കിയ എന്റെ ശ്രേഷ്ഠനാമത്തിന്റെ പരിശുദ്ധി ഞാന്‍ തെളിയിക്കും. തങ്ങളുടെ കണ്‍മുമ്പില്‍വച്ച് നിങ്ങളിലൂടെ എന്റെ പരിശുദ്ധി ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് ജനതകള്‍ അറിയും, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.24 ജനതകളുടെയിടയില്‍ നിന്നും സകല ദേശങ്ങളില്‍ നിന്നും ഒരുമിച്ചുകൂട്ടി സ്വദേശത്തേക്കു ഞാന്‍ നിങ്ങളെ കൊണ്ടുവരും.25 ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. സകലവിഗ്രഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും.26 ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.27 എന്റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേ ശിപ്പിക്കും. നിങ്ങളെ എന്റെ കല്പനകള് കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും.28 നിങ്ങളുടെ പിതാക്കന്മാര്ക്ക് ഞാന്‍ കൊടുത്ത ദേശത്ത് നിങ്ങള്‍ വസിക്കും. നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും ആയിരിക്കും.29 എല്ലാ അശുദ്ധിയില്‍നിന്നും നിങ്ങളെ ഞാന്‍ മോചിപ്പിക്കും. ധാന്യങ്ങള്‍ സമൃദ്ധമായി ഉണ്ടാകാന്‍ ഞാന്‍ കല്പിക്കും. നിങ്ങളുടെയിടയില്‍ ഇനിമേല്‍ ഞാന്‍ പട്ടിണി വരുത്തുകയില്ല.30 പട്ടിണിമൂലമുള്ള അപകീര്‍ത്തി ഇനി ഒരിക്കലും നിങ്ങള്‍ ജനതകളുടെയിടയില്‍ സഹിക്കാതിരിക്കേണ്ടതിന് ഞാന്‍ നിങ്ങളുടെ വൃക്ഷങ്ങളുടെ ഫലങ്ങളും വയലുകളിലെ വിളവുകളും സമൃദ്ധമാക്കും.31 അപ്പോള്‍ നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളും ദുഷ്പ്രവൃത്തികളും നിങ്ങള്‍ ഓര്‍ക്കുകയും നിങ്ങളുടെ തെറ്റുകളെയും നിന്ദ്യമായ പ്രവൃത്തികളെയുംകുറിച്ച് നിങ്ങള്‍ക്ക് നിങ്ങളോടു തന്നെ വെറുപ്പു തോന്നുകയും ചെയ്യും.32 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെപ്രതിയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുക. ഇസ്രായേല്വംശമേ, നിന്റെ പ്രവൃത്തികളോര്‍ത്ത് ലജ്ജിച്ച് തലതാഴ്ത്തുക.33 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദുഷ്കൃത്യങ്ങളില്‍നിന്ന് നിങ്ങളെ ഞാന്‍ ശുദ്ധീകരിക്കുന്ന നാളില്‍ നഗരങ്ങളില്‍ ജനം വസിക്കുന്നതിനും നശിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ പുനരുദ്ധരിക്കപ്പെടുന്നതിനും ഞാന്‍ ഇടയാക്കും.34 വഴിപോക്കരുടെ ദൃഷ്ടിയില്, ശൂന്യമായിക്കിടന്നിരുന്ന വിജനപ്രദേശത്ത് കൃഷിയിറക്കും.35 അപ്പോള്‍ അവര്‍ പറയും: ശൂന്യമായിക്കിടന്ന ഈ സ്ഥലമെല്ലാം ഏദന്‍തോട്ടം പോലെയായിരിക്കുന്നു. ശൂന്യവും വിജനവും നശിപ്പിക്കപ്പെട്ടതും ആയ നഗരങ്ങള്‍ ഇപ്പോള്‍ സുശക്തമായിരിക്കുന്നു. അവിടെ ആളുകള്‍ വസിക്കുന്നു.36 നശിപ്പിക്കപ്പെട്ട സ്ഥലങ്ങള്‍ പുനരുദ്ധരിച്ചതും ശൂന്യമായിക്കിടന്നിടത്തെല്ലാം വീണ്ടും കൃഷിയിറക്കിയതും കര്‍ത്താവായ ഞാനാണെന്ന് നിങ്ങളുടെ ചുറ്റും അവശേഷിക്കുന്ന ജനതകള്‍ അന്ന് അറിയും. കര്‍ത്താവായ ഞാന്‍ പറഞ്ഞിരിക്കുന്നു.37 ഞാന്‍ അതു നടപ്പിലാക്കും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആട്ടിന്‍പറ്റത്തെയെന്നപോലെ തങ്ങളുടെ ജനത്തെ വര്‍ദ്ധിപ്പിക്കണമേയെന്ന് ഇസ്രായേല്‍ഭവനം എന്നോട് അപേക്ഷിക്കും.38 ഞാന്‍ അങ്ങനെ ചെയ്യും. വിശുദ്ധമായ ആട്ടിന്‍പറ്റംപോലെ, തിരുനാളുകളില്‍ ജറുസലെമില്‍ കാണുന്ന ആട്ടിന്‍പറ്റംപോലെ, നിര്‍ജ്ജനനഗരങ്ങളെല്ലാം മനുഷ്യരാകുന്ന അജഗണത്തെക്കൊണ്ടു നിറയും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.


Leave a comment