പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, ആമേൻ.
ദിവ്യകാരുണ്യ വിമോചന യാത്രയുടെ ഇരുപത്തിയൊൻപതാമത്തെ ദിവസത്തിലേക്ക് പ്രാർത്ഥനാപൂർവ്വം പ്രിയപ്പെട്ടവരെ, നിങ്ങളെ ഞാൻ സ്വാഗതം ചെയ്യുകയാണ്.
ഇരുപത്തിയൊൻപത് ദിവസങ്ങൾ നിസ്സാരമല്ല. നമ്മൾ നടന്നുതീർത്ത ദൂരം വളരെ വലിയ ദൂരമാണ്.
ഇനി ഈ യാത്രയുടെ ഒടുവിലേക്ക് എത്താൻ വളരെ കുറച്ച് സമയമേയുള്ളൂ. അതുകൊണ്ട് സന്തോഷമായിട്ടിരിക്കുക, കൂടുതൽ പ്രാർത്ഥിക്കുക.
ഇന്നത്തെ നമ്മുടെ ചിന്തയ്ക്കായിട്ട് എടുക്കുന്നത് വളരെ പ്രത്യേകതകളുള്ള ഒരു ടെക്സ്റ്റാണ്. അത് ഒരുപാട് ദിവ്യകാരുണ്യ മർമ്മങ്ങൾ നിറഞ്ഞിരിക്കുന്ന ഒരു ടെക്സ്റ്റാണ്.
ലൂക്കായുടെ സുവിശേഷം 24-ലെ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ ആ സംഭവം.
ലൂക്കാ 24:13:
”ആ ദിവസം തന്നെ അവരിൽ രണ്ടുപേർ ജെറുസലേമിൽ നിന്ന് ഏകദേശം 60 സ്താദിയോൻ അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു.”
ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു. ജെറുസലേമിൽ നിന്ന് 11 കിലോമീറ്റർ ദൂരെയുള്ള ഒരു ഗ്രാമമാണ് എമ്മാവൂസ്. ഈ എമ്മാവൂസിലേക്കുള്ള വഴി ആ ജ്യോഗ്രഫി പഠിച്ചിട്ടുള്ളവർ പറഞ്ഞു ഞാൻ വായിച്ചിട്ടുള്ളത് ഇങ്ങനെയാണ്: അത് ഭയങ്കര മോശപ്പെട്ട ഒരു റോഡാണ്. വളരെ ക്ലേശകരമായ ഒരു യാത്രയാണത്. ആ യാത്ര ഒരു ദിവസം മുഴുവൻ ഒരുപക്ഷേ നടന്നാലാണ് ഈ വൈകുന്നേരം ഒക്കെ ആകുമ്പോഴാണ് എമ്മാവൂസിലേക്ക് എത്തുന്നത്.
അപ്പൊ അവരിൽ രണ്ടുപേർ ഈ 60 സ്താദിയോൻ, അതായത് 11 കിലോമീറ്റർ ദൂരെയുള്ള ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അവർ സംസാരിച്ചുകൊണ്ടിരുന്നു. അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ട് പോകുമ്പോൾ യേശുവും അവരുടെ കൂടെ യാത്ര ചെയ്തു.
എനിക്ക് ഈ സംഭവത്തിൽ നിന്ന് ദിവ്യകാരുണ്യത്തോട് ബന്ധപ്പെടുത്തി നമ്മൾ അറിയാനുള്ള ആദ്യത്തെ ചിന്ത: ഉത്ഥിതനായ ക്രിസ്തു നമ്മുടെ കൂടെ നടക്കുന്നുണ്ട്. Risen Lord is walking with us. നമ്മുടെ കൂടെ യേശു നടക്കുന്നുണ്ട്. അതായത് യേശു ദിവ്യകാരുണ്യമായത് തന്നെ നമ്മുടെ കൂടെ ജീവിക്കാനാണ്.
പക്ഷേ പലപ്പോഴും നമ്മൾ സംസാരിക്കുകയും—അവിടെ പറഞ്ഞിരിക്കുന്ന വാക്കുകൾ വളരെ ഇൻട്രസ്റ്റിങ് ആണ്—അവർ സംസാരിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ അവർ യേശുവാണ് കൂടെ നടക്കുന്നത് എന്ന് അവർ അറിഞ്ഞില്ല.
സംസാരിക്കുന്നു, തർക്കിക്കുന്നു. നമ്മൾ ഇങ്ങനെ ഒത്തിരി ക്രിസ്തുവിനോട് ബന്ധമില്ലാത്ത സംസാരങ്ങളും ക്രിസ്തുവിന് എതിരായ വാദഗതികളും വാദങ്ങളും ക്രിസ്തുവിന്റെ ഹൃദയത്തിന് അനുകൂലമല്ലാത്ത, ചേർന്നുനിൽക്കാത്ത വാദങ്ങളും ഒക്കെ നമ്മളെ ഈ കൂടെ നടക്കുന്ന കർത്താവിനെ തിരിച്ചറിയുന്നതിൽ നിന്ന് പുറകോട്ടു പിടിക്കുന്നുണ്ട്.
സത്യം പറഞ്ഞാൽ കർത്താവ് എപ്പോഴും നമ്മുടെ കൂടെയുണ്ട്.
ദാവീദ് പറഞ്ഞതുപോലെ 16-ാം സങ്കീർത്തനത്തിൽ, “കർത്താവ് എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. അവിടുന്ന് എന്റെ വലതുഭാഗത്തുള്ളതു കൊണ്ട് ഞാൻ കുലുങ്ങുകയില്ല.”
അപ്പൊ യേശു എപ്പോഴും നമ്മുടെ കൺമുമ്പിൽ ഉണ്ട്. അവിടുന്ന് നമ്മുടെ കൂടെ യാത്ര ചെയ്യുന്നുണ്ട്.
അത് തിരിച്ചറിയുന്നില്ല എന്നുള്ളതാണ് ആദ്യത്തെ നമ്മുടെയും അവരുടെയും പരാജയം.
ഇനി, അവനെ തിരിച്ചറിയാൻ കഴിയാത്തവിധം അവരുടെ കണ്ണുകൾ മൂടപ്പെട്ടിരുന്നു. അവൻ അവരോട് ചോദിച്ചു: “നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്?” അവർ മ്ലാനവദനരായി നിന്നു.
അവരിൽ ക്ലെയോപ്പാസ് എന്ന് പേരായവൻ അവനോട് ചോദിച്ചു (ഞാൻ ഈ കഥാപാത്രങ്ങൾ ആരാണ് എന്ന ചർച്ചയിലേക്ക് പിന്നീട് വരാം), അതിൽ ക്ലെയോപ്പാസ് എന്ന് പേരായവൻ അവനോട് ചോദിച്ചു: “ഈ ദിവസങ്ങളിൽ ജെറുസലേമിൽ നടന്ന സംഭവം ഒന്നും അറിയാത്ത അപരിചിതനാണോ നീ?”
അവൻ ചോദിച്ചു: “ഏതു കാര്യങ്ങൾ?”
അവർ പറഞ്ഞു: “നസ്രായനായ യേശുവിനെക്കുറിച്ച് തന്നെ.
അവൻ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ വാക്കിലും പ്രവർത്തിയിലും ശക്തനായ പ്രവാചകനായിരുന്നു.”
ഞാൻ ഇനിയീ പറയുന്ന വാക്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക. ഒരു നല്ല ക്രിസ്റ്റോളജിക്കൽ തീസിസ് തയ്യാറാക്കാൻ വേണ്ട എല്ലാ ഇൻഫർമേഷനും ഇതിനകത്തുണ്ട്. എന്ന് പറഞ്ഞാൽ ക്രിസ്തുശാസ്ത്രം വളരെ സമഗ്രമായി ഇവർ പറയുകയാണ്.
ക്രിസ്തുവിനെക്കുറിച്ചുള്ള എല്ലാ അറിവും ഇതിനകത്തുണ്ട്.
അവൻ വാക്കിലും പ്രവർത്തിയിലും ശക്തനായ പ്രവാചകനാണ്, അവൻ കുരിശിൽ മരിച്ചു, ഇസ്രായേലിനെ മോചിപ്പിക്കാനുള്ള ഇവനാണ് എന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, ഇതൊക്കെ സംഭവിച്ചിട്ട് മൂന്നാം ദിവസമാണ്, അവനെ കല്ലറയിൽ കണ്ടില്ല… എന്ന് പറഞ്ഞാൽ ഈശോ ആരാണ്, ഈശോയ്ക്ക് എന്തു സംഭവിച്ചു, ഈശോയുടെ മരണം, ഉത്ഥാനം എല്ലാം അവർക്ക് കൃത്യമായിട്ട് അറിയാം—ഇൻഫർമേഷൻ!
പക്ഷേ അപകടം എന്താ?
യേശുവിനെക്കുറിച്ച് എല്ലാം അറിയാം, പക്ഷേ കൂടെ നടക്കുന്നത് യേശുവാണെന്ന് മാത്രം അറിയുന്നില്ല.
ഇതാണ് നമ്മുടെ വലിയൊരു അപകടം. അതായത് എല്ലാം അറിയാം. കാറ്റക്കിസം നന്നായി പഠിച്ചിട്ടുണ്ട്, മതത്തിന്റെ എല്ലാ കാര്യങ്ങളും അറിയാം, പക്ഷേ ദൈവസാന്നിധ്യം ഇല്ല. എൻകൗണ്ടർ ഇല്ല. ദൈവാനുഭവം ഇല്ല. കൂടെ കർത്താവാണ് നടക്കുന്നതെന്ന് നമുക്ക് മനസ്സിലാകുന്നില്ല.
അപ്പോൾ, വാക്യം 25:
അപ്പോൾ അവൻ അവരോട് പറഞ്ഞു: “ഭോഷന്മാരെ, പ്രവാചകന്മാർ പറഞ്ഞിട്ടുള്ളത് വിശ്വസിക്കാൻ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരെ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ?”
വളരെ ഇമ്പോർട്ടന്റായ വാക്യം:
”മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും തന്നെക്കുറിച്ച് വിശുദ്ധ ലിഖിതങ്ങളിൽ എഴുതിയിരുന്നതെല്ലാം അവൻ അവർക്ക് വിശദീകരിച്ചു കൊടുത്തു.”
എന്ന് പറഞ്ഞാൽ, ഇവിടെയാണ് കുർബാനയുടെ ആദ്യത്തെ ഭാഗം: വചനശുശ്രൂഷ.
യേശു പരിശുദ്ധ കുർബാനയുടെ വചനശുശ്രൂഷ നടത്തി.
എന്താണ് വചനശുശ്രൂഷയിൽ?
മോശ തുടങ്ങി പ്രവാചകന്മാരും എല്ലാവരും വിശുദ്ധ ലിഖിതങ്ങളിൽ തന്നെക്കുറിച്ച് പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും അവൻ അവർക്ക് വിശദീകരിച്ചു കൊടുത്തു.
ഇവർ ഇതിനെക്കുറിച്ച് പിന്നീട് പറയും.
വൈകുന്നേരം ആകുമ്പോൾ പറയും: “വഴിയിൽ വെച്ച് അവൻ വിശുദ്ധ ലിഖിതം വിശദീകരിച്ച് നമ്മളോട് സംസാരിച്ചപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചില്ലേ?”
പ്രിയപ്പെട്ടവരെ, ഒരു അല്പസമയം നിങ്ങളുടെ ശ്രദ്ധ ഞാൻ ഈ പറയാൻ പോകുന്ന കാര്യങ്ങളിലേക്ക് നിങ്ങൾ കൊണ്ടുവരണം.
നമ്മൾ ഈ പരിശുദ്ധ കുർബാനയിൽ യഥാർത്ഥത്തിൽ യേശുവിനെ നമുക്ക് കണ്ടുമുട്ടാൻ കഴിയണമെങ്കിൽ നമുക്ക് ഈ ഒരു തലം നമ്മളിൽ പൂർത്തിയാവണം.
എന്താണ് ആ തലം? നമ്മുടെ ഹൃദയം വചനം കൊണ്ട് ജ്വലിക്കണം.
ദൈവവചനം അറിയാത്ത ഒരാൾക്ക് വിശുദ്ധ കുർബാന ഒരിക്കലും അനുഭവമായിട്ട് മാറില്ല.
കാരണം അയാൾക്ക് എന്താണ് പ്രാർത്ഥിക്കുന്നത്, എന്താണ് പാടുന്നത്, എന്താണ് ആരാധിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. നമ്മുടെ ഉള്ള് നമ്മൾ കുർബാനയിൽ പങ്കെടുക്കുമ്പോൾ ജ്വലിക്കണമെങ്കിൽ നമുക്ക് ശരിക്കും ദൈവവചനം കൊണ്ട് നമ്മുടെ ഹൃദയം ആദ്യം ജ്വലിച്ചിരിക്കണം.
അതുകൊണ്ട് വിശുദ്ധ കുർബാനയിലെ വചനശുശ്രൂഷ വളരെ പ്രധാനപ്പെട്ടതാണ്.
നമ്മൾ പലരും ബൈബിൾ വായനയും പ്രസംഗവും ഒക്കെ കഴിഞ്ഞ് പള്ളിയിൽ വരുന്നവരുണ്ട്. പിന്നെ ബൈബിൾ വായന ശ്രദ്ധിക്കാത്തവരുണ്ട്. പ്രസംഗം മിക്കവാറും ഒക്കെ തന്നെ നമ്മൾ ഉറങ്ങുന്ന ഒരു സമയമാണ്. അപ്പൊ അത് എന്താണെന്നറിയാമോ, നമുക്ക് അത് ശ്രദ്ധിക്കാതെ നമുക്ക് ഒരിക്കലും പരിശുദ്ധ കുർബാന ഒരു അനുഭവമായിട്ട് മാറത്തില്ല.
കുർബാനയ്ക്കിടയ്ക്ക് കർത്താവ് തന്റെ വചനം നമ്മളോട് സംസാരിക്കുമ്പോഴാണ് നമ്മുടെ ഹൃദയം ജ്വലിക്കുന്നതും അവനെ കാണാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടുന്നതും.
അതുകൊണ്ടാണ് ഈശോ ഈ ദിവ്യകാരുണ്യ ശുശ്രൂഷ നടത്തുന്നതിന്റെ ഇടയിൽ വചനം വിശദീകരിച്ചു കൊടുത്തത്.
അവർ എത്തേണ്ടിയിരുന്ന ഗ്രാമത്തോട് അടുത്തു. അവനാകട്ടെ യാത്ര തുടരുകയാണെന്ന് ഭാവിച്ചു.
അവർ അവനെ നിർബന്ധിച്ചുകൊണ്ട് പറഞ്ഞു: “ഞങ്ങളോട് കൂടെ താമസിക്കുക, നേരം വൈകുന്നു, പകൽ അസ്തമിക്കാറായി.”
Mane nobiscum Domine—അങ്ങനെയാണെന്ന് തോന്നുന്നു. “നാഥാ, ഞങ്ങളോട് കൂടെ വസിക്കുക.”
ഇതിനെക്കുറിച്ച് പറയുന്നത് സഭയുടെ പ്രാർത്ഥനയാണിത്. “കർത്താവേ, ഞങ്ങളെ വിട്ടുപോകരുതേ, ഞങ്ങളുടെ കൂടെ വസിക്കണേ.”
എന്ന് ആ സഭയുടെ യാചനയുടെ ഉത്തരമാണ് ഈശോ തന്നെത്തന്നെ ദിവ്യകാരുണ്യമായിട്ട് മുറിച്ചു തരുന്നത്.
“Stay with us” എന്ന് അവര് പ്രാർത്ഥിക്കുകയാണ്.
അവൻ അവരുടെ കൂടെ താമസിക്കാൻ കയറി. അവരോടൊപ്പം ഭക്ഷണത്തിന് ഇരുന്നപ്പോൾ അവൻ അപ്പമെടുത്ത്, ആശീർവദിച്ച്, മുറിച്ച്, അവർക്ക് കൊടുത്തു.
ഇത് ‘Eucharistic Words’ എന്നാണ് പറയുന്നത്.
വിശുദ്ധ കുർബാനയുടെ വചനങ്ങളാണിത്. എന്തൊക്കെയാണത്? Took, Blessed, Broke, and Gave. നാലു വാക്കുകളാണ്:
He took the bread,
He blessed the bread,
He broke the bread,
And He gave it to them.
ഇതാണ് യൂക്കരിസ്റ്റിക് വേർഡ്സ്. ദിവ്യകാരുണ്യ വാക്കുകളാണത്.
അതുകൊണ്ടാണ് നമ്മൾ ഈ ഭാഗം വിശുദ്ധ കുർബാനയുടെ ഭാഗമാണെന്ന് പറയുന്നത്. അവൻ അപ്പമെടുത്ത് ആശീർവദിച്ച് മുറിച്ച് കൊടുത്തു.
അപ്പോൾ അവരുടെ കണ്ണുകൾ തുറക്കപ്പെട്ടു, അവർ അവനെ തിരിച്ചറിഞ്ഞു.
നമ്മൾ ഈ ഭാഗം വിശദീകരിക്കുന്ന സമയത്ത് അവനെ അവർ അവിടെ കാണുമ്പോൾ, അപ്പം മുറിച്ചപ്പോൾ അവനെ കാണുമ്പോൾ നമ്മൾ ഓർക്കണം: ഇത്രയും നേരം അവൻ കൂടെ ഉണ്ടായിരുന്നതാണ്.
കാഴ്ചയിൽ അവർ അവനെ തിരിച്ചറിഞ്ഞില്ല,
സ്വരം കൊണ്ട് അവർ അവനെ തിരിച്ചറിഞ്ഞില്ല,
കൂടെ നടന്നപ്പോൾ അവർ അവനെ തിരിച്ചറിഞ്ഞില്ല,
മണിക്കൂറുകൾ അവന്റെ കൂടെ ഇടപഴകിയപ്പോൾ അവർ അവനെ തിരിച്ചറിഞ്ഞില്ല,
പക്ഷേ അവരവനെ തിരിച്ചറിഞ്ഞത് അപ്പം മുറിച്ചപ്പോൾ മാത്രമാണ്.
അപ്പം മുറിക്കുക എന്ന് പറഞ്ഞാൽ ലൂക്കായുടെ സുവിശേഷത്തിലും അപ്പസ്തോല പ്രവർത്തനത്തിലും വിശുദ്ധ കുർബാനയെ സൂചിപ്പിക്കുന്ന വാക്കാണ്.
ഉദാഹരണത്തിന് അപ്പസ്തോല പ്രവർത്തനം 2:42 ഞാൻ വായിക്കാം:
”അവർ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കൽ, പ്രാർത്ഥന…”
അപ്പം മുറിക്കൽ—Breaking of the bread എന്ന് പറഞ്ഞാൽ കുർബാന എന്നാണ് ആദിമ സഭയിൽ അതിന്റെ അർത്ഥം.
ഇനി 2:46:
”അവർ ഏകമനസ്സോടെ താല്പര്യപൂർവ്വം അനുദിനം ദൈവാലയത്തിൽ ഒന്നിച്ചു കൂടുകയും ഭവനംതോറും അപ്പം മുറിക്കുകയും…”
കണ്ടോ, Breaking the bread. അപ്പം മുറിക്കുക എന്ന് പറഞ്ഞാൽ വിശുദ്ധ കുർബാന.
ഇനി അപ്പസ്തോല പ്രവർത്തനത്തിന്റെ ഇരുപതാം അധ്യായത്തിൽ ഏഴാമത്തെ വാക്യത്തിലും നമുക്കിത് കാണാൻ പറ്റും:
അപ്പസ്തോല പ്രവർത്തനം 20:7: “ആഴ്ചയുടെ ആദ്യദിവസം അപ്പം മുറിക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി.”
കുർബാന എന്നർത്ഥം. വിശുദ്ധ കുർബാനയ്ക്ക് ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ കുർബാനയ്ക്ക് ഒരുമിച്ചു കൂടി എന്ന്.
അപ്പം മുറിച്ചപ്പോൾ അവർ അവനെ തിരിച്ചറിഞ്ഞു എന്ന് പറഞ്ഞാൽ, അതിന്റെ അർത്ഥം കുർബാനയിൽ അവർ അവനെ തിരിച്ചറിഞ്ഞു. ഞാൻ നേരത്തെ പറഞ്ഞില്ലേ, കാഴ്ചയിൽ തിരിച്ചറിഞ്ഞില്ല, സ്വരം കേട്ട് തിരിച്ചറിഞ്ഞില്ല, മണിക്കൂറുകൾ ഇടപഴകിയപ്പോൾ തിരിച്ചറിഞ്ഞില്ല, ഒരുമിച്ച് നടന്നപ്പോൾ തിരിച്ചറിഞ്ഞില്ല, പക്ഷേ കുർബാനയിൽ അവർ അവനെ തിരിച്ചറിഞ്ഞു.
നമ്മൾ യേശുക്രിസ്തുവിനെ യഥാർത്ഥത്തിൽ ഇന്ന് തിരിച്ചറിയുന്നത് ഈ അപ്പം മുറിക്കലിലാണ്, ഈ വിശുദ്ധ കുർബാനയിലാണ്.
ഇനി ഇവിടെ സംഭവിക്കുന്നത് എന്താണെന്നറിയാമോ?
അപ്പോൾ അവൻ അവരുടെ മുമ്പിൽ നിന്ന് അപ്രത്യക്ഷനായി.
അത് ഭയങ്കര ആഴമുള്ള ഒരു സംഭവമാണത്. അപ്പോൾ അവൻ അവരുടെ മുമ്പിൽ നിന്ന് അപ്രത്യക്ഷനായി.
അതായത് അവന്റെ ഫിസിക്കൽ അപ്പിയറൻസ് (Physical appearance) സാക്രമെന്റൽ അപ്പിയറൻസിന് (Sacramental appearance) വഴിമാറി.
അതായത് ഇപ്പോൾ ഈശോ രണ്ടു വിധത്തിൽ ഇവിടെ പ്രസന്റ് ആണ് ഈ എപ്പിസോഡിൽ.
എങ്ങനെയാണ്?
അപ്പം മുറിച്ചപ്പോൾ അവൻ ആ മുറിക്കപ്പെട്ട അപ്പത്തിൽ പ്രസന്റ് ആണ്, സന്നിഹിതനാണ്. അതുപോലെ അവൻ ശാരീരികമായിട്ട് അവരുടെ മുമ്പിലും സന്നിഹിതനാണ്.
കർത്താവ് ആ ശാരീരികമായി അവരുടെ മുമ്പിൽ നിന്ന് അപ്രത്യക്ഷനായി.
എന്തുകൊണ്ടാണെന്ന് അറിയാമോ?
ഇനി ഈ നിമിഷം മുതൽ യേശു സഭയിൽ പ്രത്യക്ഷനാകുന്നത് ശരീരത്തിലല്ല, ഈ കൂദാശയിലാണ്, ദിവ്യകാരുണ്യത്തിലാണ്.
അതാണ് ഈ ഭാഗത്തിന്റെ അർത്ഥം: His visible presence gives way to His sacramental presence.
അതായത് നമ്മൾ യേശുവിനെ ഇന്ന് കാണുന്നത് നേരിട്ട് ശരീരത്തിൽ—ഇപ്പൊ നിങ്ങൾ എന്നെ കാണുന്നതുപോലെയല്ല നമ്മൾ യേശുവിനെ കാണുന്നത്—മറിച്ച് യേശുവിനെ കാണുന്നത് പരിശുദ്ധ കുർബാന എന്ന ദിവ്യകാരുണ്യ അപ്പത്തിലാണ് നമ്മൾ യേശുവിനെ കാണുന്നത്.
ഇനി എന്താണ് വിശുദ്ധ കുർബാന അവരിൽ വരുത്തിയ മാറ്റങ്ങൾ?
എമ്മാവൂസിലെ ഈ ദിവ്യകാരുണ്യ എൻകൗണ്ടർ ഉണ്ടാവുന്നതിനു മുമ്പ് അവർക്ക് ദുഃഖം ഉണ്ടായിരുന്നു, ആശയക്കുഴപ്പം (confusion) ഉണ്ടായിരുന്നു, ഐസൊലേഷൻ (ഒറ്റപ്പെടൽ) ഉണ്ടായിരുന്നു, അതുപോലെ തന്നെ അവർ ജെറുസലേമിൽ നിന്ന് എതിരെ നടന്നു പോവുകയായിരുന്നു, അവർ ലക്ഷ്യത്തിൽ നിന്ന് വഴിമാറി നടക്കുകയായിരുന്നു.
കുർബാന അർപ്പണത്തിന് ശേഷം അവർക്ക് എന്തുണ്ടായി?
സന്തോഷം ഉണ്ടായി, അവരുടെ വിശ്വാസം വർദ്ധിച്ചു, അവര് അവരുടെ കൂട്ടായ്മയിലേക്ക് ജെറുസലേമിലേക്ക് തിരിച്ചുപോയി, അവർ അവരുടെ ദൈവരാജ്യ ശുശ്രൂഷയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു.
അതായത് ഓരോ കുർബാനയും നമ്മളെ യഥാർത്ഥത്തിൽ നയിക്കുന്നത് നമ്മുടെ ദുഃഖങ്ങൾ സന്തോഷമായി മാറുകയും നമ്മൾ നമ്മുടെ യഥാർത്ഥ ഉത്തരവാദിത്വങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ഒരു അനുഭവമാണ്.
ഇനി അവസാനമായിട്ട് ഒരു കാര്യം കൂടെ സൂചിപ്പിച്ചിട്ട് ഞാൻ ഈ ഭാഗം അവസാനിപ്പിക്കാം.
ആരായിരുന്നു ഈ കഥാപാത്രങ്ങൾ? എന്താണ് ഈ കഥാപാത്രങ്ങൾക്ക് നമ്മളോട് പറയാനുള്ളത്?
അതിൽ ഒരാളുടെ പേര് ക്ലെയോപ്പാസ് എന്ന് പറയുന്നുണ്ട്.
നാലാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു സഭാ പാരമ്പര്യം പറയുന്നത് ക്ലെയോപ്പാസ് യൗസേപ്പിതാവിന്റെ ഏറ്റവും ഇളയ അനിയനായിരുന്നു എന്നാണ്. സെന്റ് ജോസഫിന്റെ ഇളയ ബ്രദർ ആയിരുന്നു എന്നാണ്.
എന്ന് പറഞ്ഞാൽ യഥാർത്ഥത്തിൽ ഈശോയുടെ കൂടെ നടക്കുന്നത് ഈശോയുടെ അപ്പന്റെ അനിയനാണ്—കൂടെ നടക്കുന്നത് ക്ലെയോപ്പാസ്.
ഇനി മറ്റേയാൾ ആരാണ്, രണ്ടാമത്തെ ആള്? ക്ലെയോപ്പാസിന്റെ ഭാര്യ മറിയമാണ്.
അത് യോഹന്നാന്റെ സുവിശേഷം 19-ൽ കുരിശിന്റെ ചുവട്ടിൽ നിന്ന സ്ത്രീകളുടെ ആ പേര് വിവരം പറയുമ്പോൾ ‘ക്ലോപ്പാസിന്റെ ഭാര്യ മറിയം’ എന്ന് അവിടെ പറയുന്നുണ്ട്. അപ്പൊ ക്ലെയോപ്പാസും അദ്ദേഹത്തിന്റെ ഭാര്യ മറിയവുമാണ്. എന്ന് പറഞ്ഞാൽ ഈശോയുടെ അടുത്ത ബന്ധുക്കളാണ് ഈ പോകുന്നത്. യേശു അവരുടെ കൂടെയാണ് യാത്ര ചെയ്യുന്നത്. അവരുടെ വീടാണ് എമ്മാവൂസിൽ.
അവരുടെ വീട്ടിലേക്കാണ് അവര് യേശുവിനെ ആളറിയാതെ ക്ഷണിക്കുന്നത്, അവിടെ വെച്ചാണ് ഇത് നടക്കുന്നത്.
എന്താണ് ഇത് ക്ലെയോപ്പാസും ഭാര്യയും—ഒരു ഭാര്യയും ഭർത്താവുമാണ്.
മനോഹരമായ ഒരു സൂചനയുണ്ട് ഇതിന്. അതായത് പഴയനിയമത്തിൽ ഉൽപത്തി പുസ്തകത്തിൽ ആദം-ഹവ്വ എന്നീ ഭാര്യഭർത്താക്കന്മാർ ഏദൻ തോട്ടത്തിലൂടെ നടക്കുമ്പോൾ ദൈവം അവരുടെ കൂടെ നടക്കുമായിരുന്നു. പാപത്തിലൂടെ അവർക്ക് അതാണ് നഷ്ടപ്പെട്ടത്.
ഇപ്പോൾ യേശു പാപത്തിന് പരിഹാരം ചെയ്തു കഴിയുമ്പോൾ വീണ്ടും ഒരു ദമ്പതികളുടെ കൂടെ യേശു നടക്കുകയാണ്.
കർത്താവ് അങ്ങനെ നടക്കുമ്പോൾ പഴയനിയമത്തിൽ ഉൽപത്തി പുസ്തകത്തിൽ ഒരു പഴം പറിച്ച് തിന്നപ്പോൾ അവരുടെ കണ്ണ് തുറക്കപ്പെട്ടു—നഗ്നതയിലേക്കും നാണക്കേടിലേക്കും അപമാനത്തിലേക്കും പാപത്തിലേക്കും കണ്ണ് തുറക്കപ്പെട്ടു. എന്നാൽ ഇവിടെ പുതിയ നിയമത്തിൽ ദൈവം ഈ ദമ്പതികളുടെ കൂടെ നടക്കുമ്പോൾ അവിടുന്ന് കൊടുക്കുന്ന ഭക്ഷണം അവര് കഴിക്കുമ്പോൾ അവരുടെ കണ്ണ് തുറക്കപ്പെട്ടു—ആഹ്ലാദത്തിലേക്കും സന്തോഷത്തിലേക്കും അഭിമാനത്തിലേക്കും വിശ്വാസത്തിലേക്കും കൂട്ടായ്മയിലേക്കും മിഷനിലേക്കും അവരുടെ കണ്ണ് തുറക്കപ്പെട്ടു, അവർ ജെറുസലേമിലേക്ക് തിരിച്ചു പോവുകയും ചെയ്തു.
അതായത് ഈ എമ്മാവൂസ് സംഭവം, ദിവ്യകാരുണ്യം നമ്മളെ ആദം ഏദൻ തോട്ടത്തിൽ നഷ്ടപ്പെടുത്തിയ മുഴുവൻ അനുഗ്രഹങ്ങളും നമുക്ക് തിരിച്ചു തരുന്ന ഒരു പറുദീസാ അനുഭവമാണ് യഥാർത്ഥത്തിൽ ദിവ്യകാരുണ്യത്തിലൂടെ നമുക്ക് ലഭിക്കുന്നത്.
അതുകൊണ്ട് ഈ മലങ്കര സഭയിൽ മാമ്മോദീസ കൊടുക്കുമ്പോൾ കുഞ്ഞിന് ദിവ്യകാരുണ്യം കൊടുക്കുമ്പോൾ, മാമ്മോദീസ സ്വീകരിച്ച കുഞ്ഞിന് കുർബാന കൊടുക്കുമ്പോൾ പറയും: “പറുദീസയിൽ വെച്ച് ആദം രുചി നോക്കാഞ്ഞ ജീവന്റെ ഫലം കുഞ്ഞേ നിന്റെ നാവിൽ വെക്കപ്പെടുന്നു.”
അതായത് പറുദീസയിൽ വെച്ച് ആദത്തിന് നഷ്ടപ്പെട്ടത് നമുക്ക് തിരിച്ചു കിട്ടുന്ന ഒരു സമയമാണ് ദിവ്യകാരുണ്യം.
അതുകൊണ്ട് നമുക്ക് ഈ ദിവ്യകാരുണ്യത്തിൽ വചനശുശ്രൂഷയുണ്ട്, അതുപോലെ അപ്പം മുറിക്കൽ ശുശ്രൂഷയുണ്ട്.
നമുക്ക് ആ ദിവ്യകാരുണ്യത്തിൽ പ്രിയപ്പെട്ടവരെ ശരിക്കും വലിയൊരു ആത്മീയ അനുഭവം, നമുക്ക് കർത്താവ് കൂടെ നടക്കുന്ന അനുഭവം സ്വന്തമാക്കുന്നതിന് നമുക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
ഞാൻ അല്പസമയം നിങ്ങള് പരിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ചിന്തകൾ ചിന്തിക്കുന്നതിനും ധ്യാനിക്കുന്നതിനും കൂടി ഇതിന് ഈ കൂട്ടത്തിൽ ഒരു സമയം കണ്ടെത്തണം എന്ന് നമ്മൾ ആഗ്രഹിക്കുന്നുണ്ട്.
നമുക്ക് ഇന്ന് നമ്മളിൽ നിന്ന് എടുത്തു മാറ്റണമെന്ന് ആഗ്രഹിക്കേണ്ട തിന്മ കോപമാണ്, കോപം.
Arrogance, കോപം, violence, കോപം.
നമ്മൾ പരിശീലിക്കേണ്ടത് gentleness—ശാന്തത, മാന്യത, അന്തസ്സ് ഇതൊക്കെ നമുക്ക് നമ്മുടെ ലൈഫിൽ ഉണ്ടാവാനായിട്ട് ആഗ്രഹിക്കാം.
നമുക്ക് പെട്ടെന്ന് പ്രതികരിക്കാൻ തോന്നുന്ന സന്ദർഭങ്ങളിലൊക്കെ നമുക്ക് ഒരല്പം ശാന്തതയോടെ, അവധാനതയോടെ ഒന്ന് സംസാരിക്കണമെന്നൊക്കെ ഒന്ന് ആലോചിച്ചിട്ട് സംസാരിക്കാനുള്ള ഒരു അവധാനത നമുക്ക് ഉണ്ടാവാനായിട്ട് പ്രാർത്ഥിക്കാം.
നമുക്ക് ശരിക്കും എന്താ പറയാ, എടുക്കാൻ പറ്റുന്ന ഒരു ടാസ്ക് ഇതാണ്: നമ്മൾ വളരെ പെട്ടെന്ന്, ഒരു ആലോചനയുമില്ലാതെ പ്രതികരിച്ചിട്ടുള്ള സന്ദർഭങ്ങൾ കുറെയൊക്കെ ഒന്ന് ഓർത്താൽ കിട്ടും. ഒത്തിരി കിട്ടും.
അതൊക്കെ ഒന്ന് ഓർത്തിട്ട് കർത്താവിനോട് ഒന്ന് ഇരുന്ന് മാപ്പ് ചോദിക്കാം: “ആ സമയത്ത് ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു, എന്നോട് ക്ഷമിക്കണം. ഞാൻ അങ്ങനെ പ്രതികരിക്കേണ്ടായിരുന്നു, ഒന്നും മിണ്ടാതിരുന്നാൽ മതിയായിരുന്നു.” നമുക്ക് ഇഷ്ടംപോലെ കിട്ടും.
ഒരു ദിവസം വൈകുന്നേരം ഉറങ്ങുന്നതിനു മുമ്പ് ഒരുപാട് സന്ദർഭങ്ങൾ നമ്മൾ അങ്ങനെ പ്രതികരിക്കേണ്ടായിരുന്നു, അങ്ങനെ പറയേണ്ടായിരുന്നു എന്ന് പിന്നീട് നമുക്ക് തോന്നിയ എത്രയോ സന്ദർഭങ്ങൾ… അതൊക്കെ ഒന്ന് ഓർത്തിട്ട്, വൺ ടു ത്രീ ഫോർ ഒന്ന് ഓർത്തിട്ട്, ഒന്ന് ഈശോയോട് ഒന്ന് സോറി പറഞ്ഞ്, “കർത്താവേ അത് ആവർത്തിക്കാതിരിക്കാൻ ഒരു കൃപ തരണേ” അങ്ങനെയൊന്ന് പ്രാർത്ഥിച്ചാൽ കുറച്ചൊരു അങ്ങനെ ഒരു കൃപ നമുക്ക് ആ മേഖലയിൽ കിട്ടുകയും ചെയ്യും.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. നമുക്ക് സന്തോഷത്തോടെ ഈ യാത്ര തുടരാം. വീണ്ടും അടുത്ത ദിവസം നിങ്ങളെ കാണുന്നതുവരെയും ദൈവം നിങ്ങളെ കൃപയിൽ കാത്തുസൂക്ഷിക്കട്ടെ, ആമേൻ.
പ്രാർത്ഥന
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.
ദിവ്യകാരുണ്യത്തിൽ ഞങ്ങളോടുള്ള സ്നേഹത്തെ പ്രതി എഴുന്നള്ളിയിരിക്കുന്ന ഞങ്ങളുടെ കർത്താവേ, ദൈവമേ, ഈ പ്രാർത്ഥനാ കൂട്ടായ്മയിൽ ആത്മീയമായി ഞങ്ങളോട് ചേർന്ന് പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി ഇപ്പോൾ ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു.
ദുഃഖത്തിലും ആകുലതയിലും ആശയക്കുഴപ്പത്തിലും സംസാരിച്ചും തർക്കിച്ചും യാത്ര ചെയ്ത ശിഷ്യന്മാരെ, എമ്മാവൂസിലേക്ക് പോയവരെ, കർത്താവേ പരിശുദ്ധ കുർബാനയിലൂടെയാണ് അങ്ങ് അവർക്ക് ആശ്വാസം കൊടുത്തത്, സമാധാനം കൊടുത്തത്, ജീവിതത്തെക്കുറിച്ചുള്ള ആ ലക്ഷ്യബോധം കൊടുത്ത് ജെറുസലേമിലേക്ക് മടക്കിയയച്ചത്, അവരുടെ കുടുംബത്തിൽ സന്തോഷം പ്രദാനം ചെയ്തത്.
കർത്താവേ അത് തന്നെയാണ് ഞങ്ങളുടെ ജീവിതത്തിനും ആവശ്യം. കർത്താവേ ഞങ്ങളുടെ ജീവിതത്തിന്റെ പലവിധമായ ഞങ്ങൾക്ക് പരിഹരിക്കാൻ പറ്റാതെ ഞങ്ങൾ തോറ്റ്, പരാജയപ്പെട്ട്, വിഷമിച്ച്, ഭാരപ്പെട്ടു നിൽക്കുന്ന അവസ്ഥകളിൽ കർത്താവേ നിന്റെ പരിശുദ്ധ ശരീരത്തിൽ നിന്നും പരിശുദ്ധ രക്തത്തിൽ നിന്നും ദിവ്യകാരുണ്യ കൂദാശയിൽ നിന്ന് ഞങ്ങളെ അങ്ങ് ബലപ്പെടുത്തണം, ഞങ്ങളെ ശക്തിപ്പെടുത്തണം. ഞങ്ങൾക്ക് ആവശ്യമുള്ള കൃപകൾ കർത്താവേ അങ്ങ് തരണമേ എന്ന് പ്രാർത്ഥിക്കുന്നു.
കർത്താവേ താങ്ങി നിർത്തുന്ന നിന്റെ സ്നേഹം വിശുദ്ധ കുർബാനയിൽ നിന്ന് അനുഭവിക്കാൻ ഞങ്ങളെ വചനത്താൽ ശക്തിപ്പെടുത്തണമേ.
ഓരോ തവണ വചനം വായിക്കുമ്പോഴും ഞങ്ങളുടെ ഹൃദയം ജ്വലിക്കാൻ ഇടയാവണമേ, കണ്ണ് തുറക്കണമേ. കർത്താവേ പരിശുദ്ധ കുർബാനയിൽ അങ്ങയെ കാണാൻ, അങ്ങയെ നേരിട്ട് കാണാൻ, അങ്ങ് കൺമുമ്പിൽ നിൽക്കുന്ന അനുഭവത്തിൽ അങ്ങയെ ആരാധിക്കാൻ ഞങ്ങളുടെ ഹൃദയങ്ങളെല്ലാം തുറന്നു തരണമെന്ന് പ്രാർത്ഥിക്കുന്നു.
ഈ പ്രാർത്ഥനയിൽ എന്നോടൊപ്പം ചേരുന്ന കുടുംബങ്ങളിൽ എന്തെങ്കിലും കണ്ണീരോ തകർച്ചയോ രോഗമോ ഇപ്പോൾ അവരെ അലട്ടുന്നുണ്ടെങ്കിൽ ഇന്ന് ദൈവം അത്ഭുതം പ്രവർത്തിക്കണമേ.
ഇന്ന് ഒരു വാതിൽ നല്ല ദൈവം തുറക്കണമേ.
ഇന്നൊരു സന്തോഷവാർത്ത കേൾക്കാൻ അവരെ സഹായിക്കണമേ.
ഇന്ന് വലിയൊരു അത്ഭുതം അവരുടെ കുടുംബത്തിൽ നടക്കണമേ.
കർത്താവിന്റെ കരം അവരിൽ ഇടപെടണമേ.
കർത്താവേ നിന്റെ ആ രക്ഷിക്കുന്ന, സ്നേഹിക്കുന്ന, പൊതിയുന്ന സാന്നിധ്യം കൊണ്ട് ദൈവം അവരെ കർത്താവേ ആശ്വാസം കാണാൻ ഇടയാക്കണം എന്ന് പ്രാർത്ഥിക്കുന്നു.
എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ ആഹ്ലാദത്തോടെ മടങ്ങിയതുപോലെ, ഞങ്ങൾ ഇന്ന് ഈ ആരാധനയിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങൾക്ക് വലിയൊരു ആശ്വാസത്തിന്റെ വാതിൽ തുറക്കപ്പെടണം എന്ന് പ്രാർത്ഥിക്കുന്നു.
നമുക്ക് ഈശോയുടെ ആശീർവാദം സ്വീകരിക്കാം.
കാരുണ്യവാനായ കർത്താവ് നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങൾ താമസിക്കുന്ന ദേശത്തെയും നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തെയും നിങ്ങളുമായി ഇടപഴകുന്ന വ്യക്തികളെയും അനുഗ്രഹിച്ച് ആശീർവദിക്കട്ടെ.
ഭാരത്തിലും രോഗത്തിലും തകർച്ചയിലും ആശ്വാസം നഷ്ടപ്പെട്ട ഹൃദയങ്ങളെയും മനസ്സുകളെയും കർത്താവ് സന്തോഷത്തിലേക്കും ആഹ്ലാദത്തിലേക്കും അനുഗ്രഹത്തിലേക്കും അഭിഷേകത്തിലേക്കും വഴിനടത്തട്ടെ.
ദൈവം നിങ്ങൾക്കായി അത്ഭുതങ്ങളുടെ വാതിലുകൾ തുറന്നു തരട്ടെ.
നീ കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, ചിന്തിച്ചിട്ടില്ലാത്ത വഴികൾ ദൈവം നിനക്ക് വേണ്ടി തുറക്കട്ടെ.
നിന്റെ കൂടാരത്തിന്റെ അതിരുകളെ കർത്താവ് വിസ്തൃതമാക്കട്ടെ.
ഇരുവശത്തേക്കും അതിരുഭേദിച്ച് വ്യാപിക്കാൻ ദൈവം നിനക്ക് ഇടയാക്കട്ടെ.
നിന്നെ ഇന്ന് വേദനിപ്പിക്കുന്ന ഏതു കാര്യവും നിനക്ക് സന്തോഷമായി മാറാൻ ദൈവം നിന്റെ ജീവിതത്തിൽ ഇടപെടട്ടെ.
ഈശോ മിശിഹായുടെ തിരുശരീരത്തിന്റെ യോഗ്യതകളാൽ തന്നെ, ആമേൻ.
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.


Leave a Reply