“നമുക്കൊരു വീട് വച്ചാലോ?” ദീപക്കിന്റെ തോളിൽ കൈയിട്ട് ദീപ ചോദിച്ചു.
അന്ന് വൈകുന്നേരം ചെയ്യാനുള്ള പരിപാടികൾ തയ്യാറാക്കുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ. രാവിലെ മുതൽ വൈകുന്നേരം വരെ ഹോട്ടലിൽ സപ്ലൈ ജോലി. ഹോട്ടലിൽനിന്ന് ഇറങ്ങിക്കഴിയുമ്പോൾ ആശുപത്രിയിൽ കിടക്കുന്ന ഭവാനിയമ്മയ്ക്ക് അത്താഴം കഴിക്കുന്നതു വരെ കൂട്ടിരിപ്പ്.

“നീ രാത്രി ഒൻപതിന് വരില്ലേ?”

“വരാതെ പിന്നെ! ഞാൻ പറഞ്ഞത് അങ്ങ് കേട്ടോ?”

“കേട്ടു! അതിന്റെ ഞെട്ടൽ മാറാത്തതുകൊണ്ട് ചോദിക്കട്ടെ, ദീപ മോൾ എന്താണ് ഉദ്ദേശിക്കുന്നത്?” ദീപക് ബുക്ക് അടച്ചുകൊണ്ട് ചോദിച്ചു.

“അതിന് ഇത്ര ഞെട്ടാൻ എന്താണുള്ളത് ദീപക് മോനെ. നമ്മളുടെ വീട് പഴയതായില്ലേ?” ഒരു കസേര വലിച്ചിട്ടിരുന്നുകൊണ്ട് ദീപ പറഞ്ഞു.

“അതാര് പറഞ്ഞു?”

“ഇന്നലെ സ്‌കൂളിൽ വന്നപ്പോൾ അരുൺ പറയുവാ… ‘അമ്മേ, നമ്മൾ എന്തിനാണ് ഈ കുടിലിൽ താമസിക്കുന്നത്?’”

“അങ്ങ് എന്ത് മറുപടി പറഞ്ഞു?”

“ഞാൻ നമ്മുടെ നിയമപുസ്തകം എടുത്തു വായിച്ചു കേൾപ്പിച്ചു.”

“അപ്പോൾ ആ പ്ലസ് വൺകാരൻ എന്നാ പറഞ്ഞു?”

“ഈ പുസ്തകവും തീയിലിടും… ബാക്കി ഞാൻ പറയണ്ടല്ലോ!”

“നീ പോയി പുസ്തകം എടുത്തോണ്ട് വാ!”

ദീപ പുസ്തകം എടുക്കാൻ പോയപ്പോൾ ദീപക് അരുവിത്തുറ കോളേജിലെ പഴയ രംഗം പെട്ടെന്ന് ഓർത്തു. ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോൾ വരാന്തയിൽ ഒരു ഇന്റർവെല്ലിന് ദീപയെ കണ്ടുമുട്ടിയ ദിവസം. എതിരെ വന്ന അവളോട് അവൻ പേര് ചോദിച്ചു.
“എന്താ പേര്?”

“വൈ?” അവൾ പെട്ടെന്ന് തിരിച്ചു ചോദിച്ചു.

“വൈ എന്നു ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ. ഈ ഭൂമിയിൽ താൻ പരിചയപ്പെട്ടിരിക്കേണ്ട മൂന്ന് പേരിൽ ഒരാളാണ് ഞാൻ.”

“ബാക്കി രണ്ടുപേർ ആരാ?”

“അങ്ങയുടെ അപ്പനും അമ്മയും.”

“എന്തിനാണ് അങ്ങ് എന്ന് വിളിക്കുന്നത്?”

“ഞാൻ അങ്ങയെ ബഹുമാനിക്കുന്നു. അങ്ങ് എന്നെയും ബഹുമാനിക്കുന്നു. ജീവിതം അത്രയും ലളിതമല്ലേ?”

അതൊരു തുടക്കമായിരുന്നു. ദീപയും ദീപക്കും സംസാരിച്ച് സംസാരിച്ച് ഒരുമിച്ച് ജീവിക്കാൻ തുടങ്ങി.

“ഈ ഡിഗ്രി പൂർത്തിയാക്കി ഒരു ജോലിയും കിട്ടി ജീവിക്കുന്നതിനേക്കാൾ എനിക്കിഷ്ടം എന്തെങ്കിലും ജോലി എടുത്ത് നിന്നെ പോറ്റുന്നതാണ്.”

“അത് ഈ നിമിഷത്തിൽ തോന്നുന്ന പ്രലോഭനമാണോ?”
അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ആവരുത്. നമ്മൾ വിവാഹം കഴിക്കുന്നതിന് മുൻപ് ജീവിതത്തിൽ ഒരുമിച്ച് ചെയ്യാനുള്ള കാര്യങ്ങൾ ഒരു നിയമമാക്കി എഴുതണം. തർക്കങ്ങൾ ഉണ്ടാകുമ്പോൾ ആ നിയമം പിന്തുടരണം.”

“എന്നാൽ ആ നിയമത്തിന് പേര് ഞാൻ പറയട്ടെ.”
“ദീപനം: അർത്ഥം നമ്മൾ ഒരുമിച്ച്.”

“അത് പൊളിച്ചു! ആട്ടെ, എന്തൊക്കെയാണ് നിയമങ്ങൾ?”

“ചിലത് ഞാൻ പറയും: ഭൂമിയുടെ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് എതിരായിരിക്കണം നമ്മുടെ ജീവിതം!”

“ആ സിദ്ധാന്തം എനിക്ക് മനസ്സിലായില്ല,” ദീപ വാ പൊളിച്ചു.

“അതായത് വലിയ വീട് പാടില്ല, വണ്ടി പാടില്ല, കുഞ്ഞുങ്ങളെ സ്‌കൂളിൽ വിടാൻ പാടില്ല.”

“ബാക്കി ഞാൻ പറയാം; ഡ്രസ് കൂടുതൽ പാടില്ല, കാശ് കൂടുതൽ പാടില്ല, ഭക്ഷണം കൂടുതൽ പാടില്ല. പാട്ട് മാത്രം പാടാൻ പറ്റും, അല്ലേ?”

“വളരെ സത്യം.”

“അങ്ങനെയെങ്കിൽ നമ്മൾ എടുക്കുന്ന ഡിഗ്രി പോലും ഒരു ആഡംബരം അല്ലേ?”

“വളരെ സത്യം ദീപ! നമ്മൾ നാളെത്തന്നെ ജീവിതം ആരംഭിക്കുന്നു.”

പതിനേഴ് വർഷം മുൻപ് എഴുതിയ ‘ദീപനം’ നിയമവുമായി ദീപ കടന്നുവന്നു.

“ഇതിൽ എന്ത് എഴുതി എന്നതിന് ഞാൻ വായിക്കാതെ തന്നെ അറിയാമല്ലോ!” ദീപ ബുക്ക് തുറക്കാതെ തന്നെ പറഞ്ഞു.

“അതിൽ അരുണിനെ സ്‌കൂളിൽ വിടാതെ പ്രകൃതി തന്നെ പഠിപ്പിക്കട്ടെ എന്നാണല്ലോ നമ്മൾ തീരുമാനിച്ചത്. പക്ഷേ, നിന്റെ നിർബന്ധപ്രകാരം അവനെ അൺഎയ്ഡഡ് സ്‌കൂളിൽ ചേർത്തു.”

“ദീപക് മോനെ, ഇപ്പോൾ അങ്ങ് ഉപയോഗിച്ച ‘നിന്റെ’ എന്ന വാക്ക് കഴിഞ്ഞ 17 വർഷം നമ്മൾ പറഞ്ഞിട്ടില്ല. നിർബന്ധിച്ചത് ഞാനാണെങ്കിലും തീരുമാനം നമ്മുടേതായിരുന്നു. കാരണം, അവന് നല്ല വിദ്യാഭ്യാസം കിട്ടേണ്ടത് അവന്റെ ആവശ്യമല്ലേ?”

“ഐ ആം സോറി! ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. പക്ഷേ, ഇപ്പോൾ അവന് ആഗ്രഹങ്ങൾ തോന്നിത്തുടങ്ങി. നമ്മളുടെ നിയമത്തിൽ എഴുതിയതുപോലെ പതിനെട്ടാം വയസ്സിൽ അവനെ ഇറക്കിവിടാൻ പറ്റുമെന്ന് തോന്നുന്നില്ല.”

“പിന്നെ?”

“നമ്മൾ ഒരുമിച്ച് നിയമം തിരുത്തണം.”

“അടിപൊളി! പുതിയ വീട് എന്ന് നിയമം തിരുത്തിയാലോ?”

“അതല്ല, നമ്മളെ കത്തിക്കണം എന്നു പറഞ്ഞ ആ മൊതലിനെ പതിനാറാം വയസ്സിൽ തന്നെ ഇറക്കിവിടുക.”

“വളരെ നല്ല കാര്യം! അവൻ ഒറ്റയൊരുത്തനാണ് നമ്മളെ വഴിതെറ്റിക്കുന്നത്,” ദീപ കൈയടിച്ചുകൊണ്ട് പറഞ്ഞു.

“അതിന് മുൻപ് അവൻ പറയുന്നത് കേൾക്കണ്ടേ?”
ദീപക് സംശയം ചോദിച്ചു.

“കേൾക്കണം… ഇന്ന് വൈകുന്നേരം നമുക്ക് അവനെ കേൾക്കാം.
നീയൊന്നു വാ… നമുക്ക് അല്പം നടക്കാം.”

നടത്തം പത്തു മിനിറ്റ് കഴിഞ്ഞിട്ടും ദീപക് ഒന്നും മിണ്ടിയില്ല.

“ഇതെന്തു പറയാനാണ് എന്നെ വിളിച്ചത്?”

“അല്ല ദീപ മോളെ… നമ്മുടെ ജീവിതം ഒരു പരാജയമാണോ?”

“ഇതെന്താ ഇപ്പം ഇങ്ങനെ തോന്നാൻ?”

“നിനക്ക് വലിയ വീട് വേണമെന്ന് തോന്നുന്നുണ്ടോ?”

“ഒരിക്കലും ഇല്ല. എനിക്കറിയാം ദീപക് മോൻ എന്താണ് പറയാൻ പോകുന്നത് എന്ന്. നമ്മൾ എഴുതിയ നിയമം മാറ്റിയാൽ നമ്മൾ നമ്മളെത്തന്നെ പരാജയപ്പെടുത്തും, അല്ലേ?”

“അതേ… നമ്മൾ ഇങ്ങനെ ജീവിക്കുന്നത് ആരോരുമില്ലാത്തവർക്ക് അഭയമാകാനല്ലേ. ഇന്ന് നമ്മൾ ഒരു ഭവാനിയമ്മയെ സഹായിക്കുന്നു, നാളെ വേറെ ഒരാളെ. നമ്മുടെ സൗകര്യങ്ങൾ കൂടുന്തോറും നമ്മളുടെ സഹായിക്കാനുള്ള ആഗ്രഹവും തീരും.”

“പക്ഷേ മോൻ?”

“നമ്മൾ ദാരിദ്ര്യം തിരഞ്ഞെടുത്തവരാണ്, അവനിൽ അടിച്ചേൽപ്പിച്ചതാണ്. അതുകൊണ്ട് അവന്റെ കലാപം ശരിയാണ്.”

“പോംവഴിയായി നമ്മൾ നിയമം മാറ്റിയെഴുതിയാലോ? വല്ല ബോർഡിങ്ങിലും നിർത്തിയാലോ?”

“ഇല്ല! അവനെ കാഴ്ചകൾ കാണിക്കുക എന്ന ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറാൻ പറ്റില്ല. രണ്ടു വർഷം കൂടി അവൻ നമ്മളുടെ കൂടെ നിൽക്കട്ടെ, പിന്നെ അവന്റെ ഇഷ്ടം.”

ദീപക് പറഞ്ഞു കഴിഞ്ഞപ്പോൾ ദീപ കൈപിടിച്ചു. അവർ തിരികെ നടന്നു.

അന്ന് വൈകുന്നേരം ദീപ ഭവാനിയമ്മയ്ക്ക് കൂട്ടിരിക്കാൻ പോയതിന് ശേഷമാണ് അരുൺ ജിമ്മിൽനിന്ന് മടങ്ങിയെത്തിയത്. അപ്പോൾ ദീപക് ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.
“അരുൺ കുട്ടാ… കുളിച്ചിട്ട് വാ! എനിക്ക് നിന്നോട് അല്പം സംസാരിക്കാനുണ്ട്.”

അരുൺ അത് കേട്ടതായി ഭാവിക്കാതെ വാഷ് ബേസിനിൽ മുഖം കഴുകി തുപ്പി. ദീപക് അവന്റെ മുഖത്തേക്ക് നോക്കി വീണ്ടും ചോദിച്ചു:

“അരുൺ കുട്ടാ! നിന്റെ മോഡൽ എക്സാം എങ്ങനെ പോകുന്നു?”

അവിടെയും ഉത്തരം പറയാതെ അരുൺ തന്റെ മുഖം കഴുകൽ തുടർന്നു. മൗനം എന്ന മഹാ ആയുധത്തിലൂടെ തന്റെ പ്രിയപുത്രൻ നടത്തുന്ന ശീതയുദ്ധം ആദ്യമായി ദീപക് മനസ്സിലാക്കി.

“എന്തെങ്കിലും പറയാനുണ്ടെങ്കിൽ മുഖത്തേക്ക് നോക്കി പറ കുട്ടാ!”

“ഇല്ലെങ്കിൽ എന്തു ചെയ്യും?” അരുൺ ആദ്യമായി വായ് തുറന്നതും ദീപക് കസേരയിൽനിന്ന് എഴുന്നേറ്റ് അവന്റെ മുഖത്തടിച്ചതും ഒരേ സമയത്ത് നടന്നു.

“ഓ… വെരി നൈസ്! അങ്ങനെ ആദ്യമായി എന്റെ അപ്പൻ ഒരാണാണെന്ന് തെളിയിച്ചു. എനിക്ക് അതിൽ സംശയമുണ്ടായിരുന്നു.”

“എന്തായിരുന്നു ആ സംശയം?”

“മോനെ… കുട്ടാ… അങ്ങ് എന്നൊക്കെ പറഞ്ഞ് നിങ്ങൾ നടത്തുന്ന ഈ ആദർശ ഷോ ഒന്ന് അവസാനിപ്പിക്കാൻ വേണ്ടിയാണ് ഞാൻ മിണ്ടാതിരുന്നത്. ഏത് ആദർശവും പൊട്ടിത്തകരാൻ ഇത്രയും സമയം മതി,” അരുൺ പുച്ഛത്തോടെ പറഞ്ഞു.

“മോനെ! അപ്പനെ ഇത്രമാത്രം വെറുക്കാൻ ഞാൻ എന്തു ചെയ്തു?”

“എന്തു ചെയ്തു എന്നു ഞാൻ പറയണോ? ആദർശം മണ്ണാങ്കട്ട എന്ന് പറഞ്ഞ് എന്നെ ഒരിടത്തും വിട്ടില്ല. എന്റെ ഫ്രണ്ട്സ് അടിച്ചുപൊളിക്കുന്നു, ഞാൻ ഇവിടെ നരകിച്ചു തീർക്കുന്നു.”

“നിന്നെ കൂട്ടാതെ ഏത് തീരുമാനമാണ് ഇവിടെ നടപ്പിലാക്കിയത്?”

“ദേ… ഇനിയും നിയമം എന്ന പുസ്തകവും പറഞ്ഞ് എന്നോട് മിണ്ടരുത്. ആ നിയമമാണ് എന്നെ നശിപ്പിച്ചത്. ഒരു അനാഥനായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു!”

“നീ പറ… മോനെ… പറയാനുള്ളത് മുഴുവൻ പറ! പക്ഷേ ഒരു കാര്യമുണ്ട്, മോൻ ഈ രീതിയിൽ സംസാരിച്ചാൽ പരാജയം ഉറപ്പായിട്ടും സംഭവിക്കും. പെരുമാറ്റം ശരിയായില്ലെങ്കിൽ പിന്നെന്താ കാര്യം?”

“എന്നെ ബോർഡിങ് സ്കൂളിൽ ചേർക്കൂ! ഇവിടം എനിക്ക് മടുത്തു.”

“പതിനെട്ടു വയസ്സു വരെ നീ ഞങ്ങളുടെ കൂടെ എന്ന് ഞങ്ങൾ തീരുമാനിച്ചു. പക്ഷേ, നീ നിർബന്ധിച്ചാൽ…”

“നിർബന്ധിച്ചാൽ?”

“ആ തീരുമാനം മാറാൻ പോകുന്നില്ല. കാരണം, മോന് ഇനിയും കുറെ കാര്യങ്ങൾ പഠിക്കാനുണ്ട്.”

“ഞാൻ ചാകും!”

“അത് കുട്ടന്റെ ഇഷ്ടം!”
അരുൺ ദേഷ്യത്തോടെ കുളിക്കാൻ മുറിയിലേക്ക് പോയപ്പോൾ ദീപക് ഡൈനിങ് ടേബിളിൽ അവനുവേണ്ടി കാത്തിരുന്നു. ഈ ശീതയുദ്ധം തുടരുമെന്ന് അയാൾക്കറിയാമായിരുന്നു.

✍ ജിൻസൺ ജോസഫ് മുകളേൽ CMF

Fediverse reactions
August 2026
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading