{പുലർവെട്ടം 377}
 
ഹോമോസാപിയൻസ് എന്ന നിലയിൽ അടയാളപ്പെട്ട ഏറ്റവും പഴക്കമുള്ള കാൽച്ചുവടുകൾ മെക്സിക്കൻ താഴ്വരകളിൽ നിന്നാണ് നമുക്കു ലഭിക്കുന്നത്. ചേറിൽ പതിഞ്ഞ കാല്പാദങ്ങളെ പ്രകൃതി എത്ര കരുതലോടെയാണ് കഴിഞ്ഞ ഏഴായിരം വർഷങ്ങൾ സൂക്ഷിച്ചുവച്ചത്. 269 കാൽച്ചുവടുകൾ അവിടെ പതിഞ്ഞുകിടപ്പുണ്ട്. എന്നെങ്കിലുമൊരിക്കൽ അതു കാണാൻ നിങ്ങൾക്ക് അവസരം കിട്ടുന്നുവെങ്കിൽ എന്തൊക്കെ വിചാരങ്ങളുടെ മിന്നൽപ്പിണരുകളിലായിരിക്കും ഉള്ളം പ്രകാശിക്കുന്നത്. കൂടെ വസിക്കുന്നവരുടെ കാല്പാദങ്ങളെ കുറേക്കൂടി ശ്രദ്ധിക്കുവാനായി അതു നിങ്ങളെ പ്രേരിപ്പിക്കും.
കാല്പാദങ്ങളെ പ്രണമിക്കുന്ന രീതി ലോകമെമ്പാടുമുണ്ട്. ബുദ്ധന്റേതെന്ന സങ്കല്പത്തിൽ മൂവായിരത്തോളം കാല്പാടുകൾ ഇന്നു നമസ്കരിക്കപ്പെടുന്നുണ്ട്; പാറമേൽ കൊത്തിയുണ്ടാക്കിയതും താനേ പതിഞ്ഞതെന്ന് വിശ്വസിക്കപ്പെടുന്നവയുമായ കാല്പാടുകൾ. കാലടിയെന്ന് നമുക്കു പരിചയമുള്ള ഗ്രാമത്തിന് ആ പേരു ലഭിച്ചതുപോലും ബുദ്ധസമൂഹങ്ങൾ ഒരു കാലത്ത് അവിടെയുണ്ടായിരുന്നതിന്റെ സൂചനയായി കരുതപ്പെടുന്നു. അതിൽ അസാധാരണമായി ഒന്നും കരുതേണ്ട. മലയാറ്റൂർ മലയുടെ വിശ്വാസം ഓർമിക്കുക.
പാദുകപൂജ എന്നൊരു രീതി ഹൈന്ദവാരാധനയിൽ സജീവമാണ്. രാമായണത്തിൽ വനവാസത്തിനു പോകുന്ന രാമന്റെ മെതിയടികളെ നമസ്കരിച്ചാണ് ഭരതൻ കോസലം ഭരിച്ചത്. ഗയയിലെ ക്ഷേത്രത്തിൽ വിഷ്ണുപാദമാണ് പ്രതിഷ്ഠ. ശയനേശ്വർ, തുക്കാറാം എന്നിവരുടെ അനുസ്മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ വെള്ളിയിൽ തീർത്ത പാദുകങ്ങൾ എഴുന്നള്ളിക്കുന്ന ചടങ്ങുണ്ട്. ഉപവാസം, ഉപനിഷത്ത് തുടങ്ങിയ ഭാരതീയവിചാരങ്ങളിൽ കാൽച്ചുവട്ടിൽ ഇരിക്കുകയും കേൾക്കുകയും ചെയ്യുക എന്ന വ്യക്തമായ സൂചനയുണ്ട്.
പാദപത്മങ്ങൾ എന്നാണ് ഗുരുക്കന്മാരുടെ ചുവടുകളെ നാം വിളിക്കുന്നത്. താമരയുടെ ഇതളിൽ നിന്ന് ഇറ്റുവീഴുന്ന പത്മമധു കണ്ണിന് നല്ല ഔഷധമായി ഗണിക്കപ്പെടുന്നു. മിഴികളിൽ അതു ലേപനം ചെയ്താൽ അകക്കാഴ്ചയും ദൂരക്കാഴ്ചയുമുണ്ടാകും.
സദാ ഗുരുപാദങ്ങളിൽ ഇരിക്കാനാഗ്രഹിച്ച ഒരു സ്ത്രീയെ ഓർമിക്കുക; അതു ലാസറിന്റെ പെങ്ങളായ മറിയമാണ്. വേദപുസ്തകം അവളെ വരച്ചിടുന്നത് അങ്ങനെയാണ്: ‘യേശുവിന്റെ പാദങ്ങളിൽ ഇരിക്കാനാഗ്രഹിച്ച ഒരു സ്ത്രീ’. കാല്പാദങ്ങളിൽ ഇരിക്കുന്നതാണ് ജീവിതത്തിന്റെ നല്ല ഭാഗമെന്ന് നിരന്തരം ഓടിക്കൊണ്ടിരിക്കുന്ന അവളുടെ സഹോദരിയെ യേശു സൗമ്യമായി ഓർമിപ്പിക്കുകയും ചെയ്തു. അത് യേശുവിന്റെ കാല്പാദം തന്നെയാകണമെന്നില്ല. ഏതൊരാളുടെയും കാല്പാദങ്ങളെ ഉറ്റുനോക്കൂ. അത് ജീവിതത്തിന്റെ നല്ല ഭാഗം തന്നെ.
വിണ്ടുകീറിയവർ, തളർന്നുപോയവർ, അലഞ്ഞവർ, വെന്ത നായേപ്പോലെ ഓടിയവർ, പ്രണയത്തിന്റെ കള്ളിമുള്ളുകളിൽ നീലിച്ചുപോയവർ… പാദങ്ങൾക്ക് പറയാൻ എത്ര കഥകളാണുള്ളത്!
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Fr Bobby Jose Kattikadu OFM Cap.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading